
ക്രിക്കറ്റില്‍ മികച്ച ബാറ്റര്‍മാര്‍ക്കൊപ്പം ലോകോത്തര സ്പിന്നര്‍മാര്‍ക്കും പേരുകേട്ട നാടാണ് ഇന്ത്യ. സുഭാഷ് ഗുപ്‌തെ, ബിഷന്‍ സിങ് ബേദി, ബി. ചന്ദ്രശേഖര്‍, വിനൂ മങ്കാദ്, ഇ. പ്രസന്ന, ദിലീപ് ദോഷി, എസ്. വെങ്കട്ടരാഘവന്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് തുടങ്ങി ഇന്ന് ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ് എന്നിവരിലെത്തി നില്‍ക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പരമ്പര. ലക്ഷണമൊത്ത ഫാസ്റ്റ് ബൗളര്‍മാരുടെ കുറവ് ഇന്ത്യയ്ക്ക് എക്കാലത്തും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അതല്ല സ്ഥിതി. കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ്, സഹീര്‍ ഖാന്‍, അജിത്ത് അഗാര്‍ക്കര്‍, ആശിഷ് നെഹ്‌റ എന്നിവരുടെ പിന്‍ഗാമികളായി ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയുമെല്ലാമുണ്ട്. ഇക്കൂട്ടത്തില്‍ തന്നെ വേഗംകൊണ്ട് എതിരാളികളെ ഞെട്ടിച്ചവര്‍ ചുരുക്കം. അവിടെയാണ് 2021 ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തുടര്‍ച്ചയായി 150 കി.മീ മുകളില്‍ വേഗത്തില്‍ പന്തെറിഞ്ഞുകൊണ്ട് ഉമ്രാന്‍ മാലിക്കെന്ന ജമ്മു കശ്മീരുകാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് എക്‌സ്പ്രസ് വേഗത്തിലെത്തിയത്. ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - പഞ്ചാബ് കിങ്‌സ് മത്സരത്തിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചകളില്‍ നിറയുന്നത് മറ്റൊരു അതിവേഗക്കാരനാണ്. സൂപ്പര്‍ ജയന്റ്‌സിന്റെ ഡല്‍ഹി താരം മായങ്ക് യാദവ്.
ഐപിഎല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനെതിരേ കഴിഞ്ഞ ദിവസം മായങ്ക് എറിഞ്ഞ ഒരു പന്തിന്റെ വേഗം 155.8 കി.മീ ആയിരുന്നു. സീസണില്‍ ഇതുവരെയുള്ള മത്സരങ്ങളിലെ ഏറ്റവും വേഗമേറിയ പന്തെന്ന റെക്കോഡും അതിനായിരുന്നു. ലഖ്‌നൗ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അനായാസം മുന്നേറുകയായിരുന്ന പഞ്ചാബ് ഇന്നിങ്‌സിന്റെ നടുവൊടിച്ചതും മായങ്ക് എറിഞ്ഞ നാല് ഓവറുകള്‍ തന്നെ. വെറും 27 റണ്‍സ് മാത്രം വഴങ്ങി പഞ്ചാബിന്റെ മൂന്ന് വിക്കറ്റുകളും എറിഞ്ഞിട്ടു ഈ 21-കാരന്‍. പഞ്ചാബ് ഓപ്പണര്‍മാരായ ധവാനും ജോണി ബെയര്‍സ്‌റ്റോയും തകര്‍ത്തടിച്ച് മുന്നേറുന്നതിനിടെ 10-ാം ഓവറിലാണ് ക്യാപ്റ്റന്‍ നിക്കോളാസ് പുരന്‍, മായങ്കിനെ പന്തേല്‍പ്പിക്കുന്നത്. 147 കി.മീ വേഗത്തിലെത്തിയ താരത്തിന്റെ ആദ്യ പന്തില്‍ തന്നെ ബെയര്‍സ്റ്റോ ഞെട്ടി. പിന്നാലെ രണ്ടാം ഓവറിലെ ആദ്യ പന്താണ് 155.8 കി.മീ വേഗം തൊട്ടത്. ഷോണ്‍ ടെയ്റ്റ് (157.71 കി.മീ), ലോക്കി ഫെര്‍ഗൂസന്‍ (157.3), ഉമ്രാന്‍ മാലിക്ക് (157), ആന്റിച്ച് നോര്‍ക്യ (156.2) എന്നിവര്‍ക്ക് പിന്നാലെ ഐപിഎല്‍ ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വേഗമേറിയ പന്തുകൂടിയായിരുന്നു ഇത്.
എറിഞ്ഞ 24 പന്തുകളില്‍ ഒമ്പതും 150 കി.മീ മുകളിലായിരുന്നു. മായങ്കിന്റെ ഈ സ്‌പെല്ലിലാണ് പഞ്ചാബ് കളി കൈവിട്ടത്. ഇന്ത്യന്‍ അക്തറെന്നായിരുന്നു ഈ പ്രകടനം കണ്ട് താരത്തെ കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത്.
2022-ലെ താരലേലത്തിലാണ് മായങ്കിലെ ലഖ്‌നൗ സ്വന്തമാക്കുന്നത്. അതും അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക്. ഡല്‍ഹിക്കായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ താരത്തെ വിജയ് ഹസാരെ ട്രോഫിക്കിടെ മുന്‍ ഇന്ത്യന്‍ താരമായ വിജയ് ദഹിയയാണ് ലഖ്‌നൗ ടീമിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പക്ഷേ പരിക്ക് കാരണം ആ സീസണില്‍ താരത്തിന് കളിക്കാനായില്ല. ലഖ്‌നൗ പകരം അര്‍പിത് ഗുലേറിയയെ ടീമിലെടുത്തു.
കഴിഞ്ഞ വര്‍ഷം മുഹ്‌സിന്‍ ഖാന് പരിക്കേറ്റതോടെ മായങ്കിന് ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പായിരുന്നു. പക്ഷേ തുടയിലെ പേശികള്‍ക്കേറ്റ പരിക്കോടെ കഴിഞ്ഞ സീസണും മായങ്കിന് നഷ്ടമായി. ഈ സീസണ്‍ തുടങ്ങുമ്പോള്‍ തന്നെ ലഖ്‌നൗവിന് പേസ് ബൗളിങ് വിഭാഗത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന് കളിക്കാന്‍ സാധിക്കാത്തതായിരുന്നു കാരണം. എന്നാല്‍ അതൊന്നും ടീമിനെ ബാധിക്കില്ലെന്നും തങ്ങള്‍ക്ക് അത്യാവശ്യം മികച്ച പേസര്‍മാര്‍ ഉണ്ടെന്നുമായിരുന്നു കോച്ച് ജസ്റ്റിന്‍ ലാംഗറിന്റെ പ്രതികരണം. അന്ന് അദ്ദേഹം എടുത്തുപറഞ്ഞ പേരുകളിലൊന്ന് മായങ്കിന്റേതായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ദിയോദര്‍ ട്രോഫിയില്‍ നോര്‍ത്ത് സോണിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത് മായങ്കിന് നേട്ടമായി. 12 വിക്കറ്റുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനായിരുന്നു അദ്ദേഹം. താരത്തെ കളിപ്പിക്കാന്‍ ലഖ്‌നൗവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല. പന്തിന്റെ വേഗം മാത്രമല്ല, ലൈനിലും ലെങ്തിലും പുലര്‍ത്തുന്ന കൃത്യതയും കൂടിയാണ് താരത്തെ അപകടകാരിയാക്കുന്നത്. ഓവറില്‍ രണ്ട് ബൗണ്‍സറുകളെന്ന പുതിയ നിയമത്തിന്റെ ആനുകൂല്യം കൂടിയാകുന്നതോടെ മായങ്കിനെ പോലൊരു പേസറിന് അത് പൂര്‍ണമായും മുതലെടുക്കാനും സാധിക്കുന്നു. പേസിനൊപ്പമുള്ള അപ്രതീക്ഷികമായ ബൗണ്‍സാണ് മായങ്കിന്റെ പന്തുകളില്‍ ബാറ്ററുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നത്. പഞ്ചാബിനെതിരേ താരം പയറ്റിയ പ്രധാന തന്ത്രവും ഇതുതന്നെയായിരുന്നു.
Content Highlights: mayank yadav young lucknow super giants pacer with fastest ball of ipl 2024
Published: 31 Mar 2024, 12:18 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented