മുംബൈ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐപിഎൽ ഫ്രാഞ്ചൈസിയായി മുംബൈ ഇന്ത്യൻസ്. സ്‌പോർട്ടിക്കോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2.1 ബില്യൺ ഡോളറാണ് (ഏകദേശം 20,008.8 കോടി രൂപ) മുംബൈ ഇന്ത്യൻസിന്റെ മൂല്യം. ലീഗിലെ എല്ലാ ടീമുകളുടെയും കുറഞ്ഞ മൂല്യം ഇപ്പോൾ 1.5 ബില്യൺ ഡോളറിലധികം (ഏകദേശം 14,292 കോടി രൂപ) വരും. വടക്കേ അമേരിക്കൻ കായിക മേഖലയിലെ പ്രമുഖ ടീമുകളായ ഡിട്രോയിറ്റ് ടൈഗേഴ്‌സ്, വാൻകൂവർ കനാക്‌സ് എന്നിവയേക്കാൾ ഉയർന്ന മൂല്യമാണ് മുംബൈ ഇന്ത്യൻസിന് ലഭിച്ചിരിക്കുന്നത്.

To advertise here,

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. 1.85 ബില്യൺ ഡോളറാണ് (ഏകദേശം 17,626.8 കോടി രൂപ) ആർസിബിയുടെ മൂല്യം. 1.75 ബില്യൺ ഡോളർ (ഏകദേശം 16,674 കോടി രൂപ) മൂല്യവുമായി ചെന്നൈ സൂപ്പർ കിങ്‌സ് മൂന്നാം സ്ഥാനത്തുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 1.73 ബില്യൺ ഡോളർ (ഏകദേശം 16,483.44 കോടി രൂപ), ഡൽഹി ക്യാപിറ്റൽസ് 1.7 ബില്യൺ ഡോളർ (ഏകദേശം 16,197.6 കോടി രൂപ), രാജസ്ഥാൻ റോയൽസ് 1.65 ബില്യൺ ഡോളർ (ഏകദേശം 15,721.2 കോടി രൂപ), സൺറൈസേഴ്‌സ് ഹൈദരാബാദ് 1.62 ബില്യൺ ഡോളർ (ഏകദേശം 15,435.36 കോടി രൂപ), ഗുജറാത്ത് ടൈറ്റൻസ് 1.58 ബില്യൺ ഡോളർ (ഏകദേശം 15,054.24 കോടി രൂപ), പഞ്ചാബ് കിങ്‌സ് 1.53 ബില്യൺ ഡോളർ (ഏകദേശം 14,577.84 കോടി രൂപ) എന്നിങ്ങനെയാണ് ഐപിഎല്ലിലെ മറ്റ് ടീമുകളുടെ മൂല്യം.

2008-ൽ ഐപിഎൽ ആരംഭിച്ചത് മുതലുള്ള ടീമുകളുടെ മൂല്യവർധന ഏകദേശം 1,800 ശതമാനമാണ്. എൻഎഫ്എൽ (800%), എൻബിഎ (1,700%-ൽ താഴെ) തുടങ്ങിയ പ്രമുഖ ആഗോള കായിക ലീഗുകളേക്കാൾ വേഗത്തിലാണ് ഐപിഎൽ ഫ്രാഞ്ചൈസികളുടെ മൂല്യം ഉയർന്നത്.

ബിസിസിഐയുടെ സെൻട്രൽ റെവന്യൂ പൂളിൽനിന്നാണ് ഫ്രാഞ്ചൈസികൾക്ക് പ്രധാനമായും വരുമാനം ലഭിക്കുന്നത്. പ്രക്ഷേപണ വിതരണാവകാശവും ഡിജിറ്റൽ അവകാശങ്ങളുമാണ് ഇതിൽ പ്രധാനം. ബിസിസിഐ നിർമാണച്ചെലവുകൾക്ക് ശേഷം മീഡിയ റൈറ്റ്‌സ് തുകയുടെ പകുതി കൈവശം വയ്ക്കുകയും, ബാക്കി തുകയുടെ 90% 10 ടീമുകൾക്കായി തുല്യമായി വീതിച്ചു നൽകുകയും ചെയ്യുന്നു. ബാക്കി 10% ടീമുകളുടെ പ്രകടനവുമായി ബന്ധപ്പെടുത്തിയാണ് നൽകുന്നത്. ഇതുവഴി പ്രതിവർഷം ഓരോ ടീമിനും ബിസിസിഐയിൽനിന്ന് 50-55 മില്യൺ ഡോളർ (ഏകദേശം 476.4 - 523 കോടി രൂപ) ലഭിക്കുന്നുണ്ട്.