ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ നാലു റണ്‍സിന്റെ തോല്‍വി വഴങ്ങിയതിനു പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെതിരേ വിമര്‍ശനം ശക്തം. ഗില്ലിന്റെ മണ്ടന്‍ തീരുമാനങ്ങളാണ് ജയം നഷ്ടമാകാന്‍ കാരണമായതെന്നാണ് പരക്കെയുള്ള വിമര്‍ശനം. പ്രത്യേകിച്ചും ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ ഗില്‍ പൂര്‍ണ പരാജയമായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

To advertise here,

മത്സരത്തില്‍ മൂന്ന് ഓവറുകള്‍ മാത്രമെറിഞ്ഞ മലയാളി താരം സന്ദീപ് വാര്യര്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പൃഥ്വി ഷാ, ജെയ്ക് ഫ്രേസര്‍ മക്ഗ്രുക്ക്, ഷായ് ഹോപ്പ് എന്നിവരുടെ വിക്കറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് താരത്തിന് ഒരു ഓവര്‍ കൂടി നല്‍കാന്‍ ഗില്‍ തയ്യാറായില്ല. പഞ്ചാബ് കിങ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നാലു വിക്കറ്റുമായി തിളങ്ങിയ സായ് കിഷോര്‍ ഡല്‍ഹിക്കെതിരേ ടീമിലുണ്ടായിരുന്നെങ്കിലും ഒരു ഓവര്‍ മാത്രമാണ് ലഭിച്ചത്. അതും ഋഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സും ക്രീസില്‍ നില്‍ക്കേ 19-ാം ഓവര്‍. മത്സരത്തിലെ ആദ്യ ഓവര്‍ എറിയാനെത്തുന്ന ഒരു ബൗളര്‍ക്ക് അതും സ്പിന്‍ ബൗളര്‍ക്ക് നിര്‍ണായകമായ 19-ാം ഓവര്‍ നല്‍കാനുണ്ടായ ഗില്ലിന്റെ യുക്തിയെ തന്നെ പലരും ചോദ്യം ചെയ്യുന്നു. പിച്ച് എത്തരത്തില്‍ പെരുമാറുന്നുവെന്ന് മനസിലാക്കാന്‍ പോലും നേരത്തേ ഒരു ഓവര്‍ നല്‍കാതെയായിരുന്നു സായ് കിഷോറിനെ കൊണ്ടുവന്നത്. സ്പിന്നര്‍മാര്‍ക്ക് ഭേദപ്പെട്ട പിന്തുണ പിച്ചില്‍ നിന്നുണ്ടായിരുന്നിട്ടും താരത്തിന് നേരത്തേ ഒരു ഓവര്‍ നല്‍കിയില്ല. ഫലമോ ആ ഓവറില്‍ പിറന്നത് 22 റണ്‍സ്.

അതുവരെ നന്നായി പന്തെറിഞ്ഞിരുന്ന സന്ദീപിന് അപ്പോഴും ഒരു ഓവര്‍ ബാക്കിയുണ്ടായിരുന്നു. ഡെത്ത് ഓവറുകളില്‍ സാമാന്യം നന്നായി പന്തെറിയുന്ന താരമാണ് മോഹിത് ശര്‍മ. എന്നാല്‍ 18-ാം ഓവറില്‍ 14 റണ്‍സ് വഴങ്ങിയ മോഹിത്തിന് 20-ാം ഓവര്‍ നല്‍കാനെടുത്ത ഗില്ലിന്റെ തീരുമാനം പൂര്‍ണമായും പാളി. നല്ല ഫോമിലായിരുന്ന ഋഷഭ് പന്ത് മോഹിത്തിന്റെ അവസാന ഓവറില്‍ നാല് പടുകൂറ്റന്‍ സിക്‌സറുകളും ഒരു ഫോറുമടക്കം അടിച്ചുകൂട്ടിയത് 31 റണ്‍സ്. മത്സരം നാലു റണ്‍സിന് തോറ്റപ്പോഴാണ് ആ അവസാന ഓവറിന്റെ വില ഗുജറാത്തിന് ബോധ്യപ്പെട്ടത്. ഇതോടെ നാല് ഓവറില്‍ 73 റണ്‍സ് വഴങ്ങിയ മോഹിത്തിന് ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിങ്ങെന്ന നാണക്കേടും പേറേണ്ടിവന്നു.

പന്തിന്റെ തകര്‍പ്പന്‍ ബാറ്റിങ് (43 പന്തില്‍ 88) ഡല്‍ഹിയെ നാലിന് 224 റണ്‍സിലെത്തിച്ചു. മറുപടിയായി ഗുജറാത്തിന്റെ പോരാട്ടം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സില്‍ അവസാനിച്ചു.