അഹമ്മദാബാദ്: സ്ഥിരതയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രത്യേകത. സണ്‍റൈസേഴ്‌സിനെ പക്ഷേ, ആ ഗണത്തില്‍പ്പെടുത്താനാവില്ല. ചിലപ്പോള്‍ കത്തും. അതും അത്യുജ്ജ്വലമായിട്ട്. ചിലപ്പോള്‍ അതിന്റെ നിഴല്‍ പോലുമാവില്ല. കൊല്‍ക്കത്ത ഒന്നാം ക്വാളിഫയറിലും അതിന്റെ സ്ഥൈര്യവും ധൈര്യവും കെടാതെ കാത്തുസൂക്ഷിച്ചു. അതിനു മുന്നില്‍ ഹൈദരാബാദ് അമ്പേ നിറംകെട്ടു. ഫലത്തില്‍ 17-ാം ഐ.പി.എല്‍. സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊല്‍ക്കത്ത. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ ടോസ് നേടിബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 159 റണ്‍സിന് പുറത്തായി. 13.4 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു -164/2.
കളിയെ ഹൈദരാബാദിന്റെ വരുതിയില്‍നിന്ന് കൊല്‍ക്കത്തയുടെ ഉള്ളംകൈയിലെത്തിച്ചതിന്റെ ക്രെഡിറ്റ് മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. തന്റെ ആദ്യ രണ്ടോവറില്‍ത്തന്നെ സ്റ്റാര്‍ക്ക് സണ്‍ റൈസേഴ്‌സിന്റെ മനോവീര്യം തകര്‍ത്തു. ആദ്യ ഓവറില്‍ ട്രാവിസ് ഹെഡിനെയും രണ്ടാം ഓവറില്‍ നിതീഷ് റെഡ്ഢിയെയും മടക്കി പവര്‍പ്ലേയില്‍ത്തന്നെ കൊല്‍ക്കത്തയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി.
160 വിജയലക്ഷ്യം കൊല്‍ക്കത്തയ്ക്ക് അനായാസമായിരുന്നു. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സെറിഞ്ഞ രണ്ടാം ഓവറില്‍ത്തന്നെ കൊല്‍ക്കത്തയുടെ പ്രഹരമുണ്ടായി. റഹ്‌മാനുള്ള ഗുര്‍ബാസും സുനില്‍ നരെയ്‌നും ചേര്‍ന്ന് 20 റണ്‍സാണ് കമിന്‍സിന്റെ ഓവറില്‍ നേടിയത്. മൂന്നോവറില്‍ ടീം 44 റണ്‍സെടുത്തു. നാലാം ഓവറില്‍ ഗുര്‍ബാസ് (12 പന്തില്‍ 23) മടങ്ങിയെങ്കിലും കൊല്‍ക്കത്തയെ ബാധിച്ചില്ല. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 63 റണ്‍സാണ് നേടിയത്.
കമിന്‍സ് എറിഞ്ഞ ഓവറില്‍ സുനില്‍ നരെയ്‌നും (16 പന്തില്‍ 21) പുറത്തായി. ടീം സ്‌കോര്‍ 67-ല്‍ നില്‍ക്കേയായിരുന്നു ഇത്. തുടര്‍ന്ന് വെങ്കടേഷ് അയ്യരും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു. ശ്രേയസ് 24 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍, വെങ്കടേഷ് 28 പന്തില്‍ 51 റണ്‍സ് നേടി. ടീമിനെ ജയിപ്പിച്ചാണ് ഇരുവരും ക്രീസ് വിട്ടത്. ഇരുവരുടെയും ഇന്നിങ്‌സില്‍ നാലുവീതം സിക്‌സും അഞ്ചുവീതം ബൗണ്ടറിയുമാണുള്ളത്.
പവര്‍പ്ലേയ്ക്ക് ശേഷം ഒരോവറില്‍ പോലും 11-ല്‍ കുറഞ്ഞ റണ്‍സ് വന്നില്ല. 14-ാം ഓവര്‍ എറിയാനെത്തിയ ട്രാവിസ് ഹെഡിനെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 6,4,6,6 എന്ന രീതിയില്‍ അടിച്ചകറ്റി. ഇതോടെ കൊല്‍ക്കത്ത രാജകീയമായിത്തന്നെ ഫൈനലിലേക്ക്. ഇതിനിടെ അയ്യര്‍ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി.
നേരത്തേ ഹൈദരാബാദ് നിരയില്‍ നിശ്ചിത 20 ഓവര്‍ തികയ്ക്കുക പോലും ചെയ്യാതെ പത്തുപേരും മടങ്ങി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് 19.3 ഓവറില്‍ 159-ന് പുറത്ത്. മൂന്ന് വിക്കറ്റ് നേടി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരാബാദിനെ തകര്‍ത്തത്. രാഹുല്‍ ത്രിപാഠി 35 പന്തില്‍ 55 റണ്‍സ് നേടി. ഹെന്റിച്ച് ക്ലാസനും (32), ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും (30) ചേര്‍ന്നാണ് ടീം സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
ഓപ്പണര്‍മാരായി വന്നവര്‍ ആദ്യ രണ്ടോവറില്‍ മടങ്ങിയത് ടീമിനെ ഉലച്ചു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ ട്രാവിസ് ഹെഡും (0) വൈഭവ് അറോറയുടെ രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മയും (3) പുറത്തായി. അഞ്ചാം ഓവറില്‍ നിതീഷ് റെഡ്ഢിയെയും (9) ഷഹബാസ് അഹ്‌മദിനെയും (0) അടുത്തടുത്ത പന്തുകളില്‍ മടക്കി സ്റ്റാര്‍ക്ക് ഹൈദരാബാദിനെ വീണ്ടും ഞെട്ടിച്ചു. ഇതോടെ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമാവാനും (12 കളിയില്‍ ഒന്‍പത് വിക്കറ്റ്) സ്റ്റാര്‍ക്കിന് കഴിഞ്ഞു. 10 വിക്കറ്റുകളോടെ ഭുവനേശ്വര്‍ കുമാറാണ് ഒന്നാമത്.
39 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഹൈദരാബാദിന് പിന്നീടൊരു ബാറ്റിങ് 'സ്‌ഫോടനം' സാധ്യമായില്ല. പവര്‍പ്ലേയില്‍ സണ്‍റൈസേഴ്‌സ് നേടിയത് 45 റണ്‍സ്. ഒരുവശത്ത് രാഹുല്‍ ത്രിപാഠി ക്ലാസ് ഇന്നിങ്‌സുമായി നിറഞ്ഞുനിന്നത് മാത്രമാണ് ഏക ആശ്വാസം. ഒരു സിക്‌സും ഏഴ് ഫോറുമാണ് ത്രിപാഠിയുടെ ബാറ്റില്‍ പിറന്നത്. ഐ.പി.എലിലെ ത്രിപാഠിയുടെ 12-ാമത്തെ അര്‍ധ സെഞ്ചുറി.
14-ാം ഓവറില്‍ സുനില്‍ നരെയ്‌ന്റെ വരവ് കളി കൊല്‍ക്കത്തയ്ക്ക് കൂടുതല്‍ അനുകൂലമാക്കി. ഓവറിലെ രണ്ടാം പന്തില്‍ ത്രിപാഠി റണ്ണൗട്ടായി. പന്ത് നേരിട്ട അബ്ദുല്‍ സമദ് സിംഗിളിനായി ഓടിയെങ്കിലും പന്ത് കൈവശം കിട്ടിയ റസല്‍ ഉടന്‍തന്നെ വിക്കറ്റ് കീപ്പര്‍ ഗുര്‍ബാസിന് എറിഞ്ഞുനല്‍കി. ഗുര്‍ബാസ് ഒരു പിഴവും വരുത്താതെ സ്റ്റമ്പ് ചെയ്തു. മൂന്നാം പന്തില്‍ സന്‍വിര്‍ സിങ് (0) ബൗള്‍ഡുമായി.
തൊട്ടടുത്ത ഹര്‍ഷിത് റാണയുടെ ഓവറില്‍ സമദും (16) ചക്രവര്‍ത്തിയുടെ ഓവറില്‍ ഭുവനേശ്വര്‍ കുമാറും (0) പുറത്തായതോടെ ഹൈദരാബാദ് 126-ല്‍ ഒന്‍പത് എന്ന നിലയില്‍ തകര്‍ന്നു. പത്താം വിക്കറ്റില്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും വിയാസ്‌കന്തും ചേര്‍ന്നാണ് പിന്നീട് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 21 പന്തില്‍ 33 റണ്‍സ് നേടി. റസലിന്റെ അവസാന ഓവറിലെ മൂന്നാം പന്തില്‍ കമിന്‍സ് (24 പന്തില്‍ 30) പുറത്താവുകയായിരുന്നു.
ഇതിനിടെ അഞ്ചാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനും ത്രിപാഠിയും ചേര്‍ന്ന് 36 പന്തില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഇതോടെയാണ് തുടക്കത്തിലെ തകര്‍ച്ചയില്‍നിന്ന് ടീം ഒരുവിധം കരകയറിയത്. 11-ാം ഓവറില്‍ ക്ലാസനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 21 പന്തില്‍ 32 റണ്‍സാണ് ക്ലാസന്റെ സമ്പാദ്യം.
Content Highlights: ipl 2024 kolkata knight riders vs sunrisers hyderabad
Published: 21 May 2024, 10:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented