ചെന്നൈ: ഐപിഎല്‍ 17-ാം സീസണിലെ ഫൈനലിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഈ സീസണിലെ ഐപിഎല്‍, ഡബ്ല്യുപിഎല്‍ ഫൈനലുകളിലെ അദ്ഭുതകരമായ സാമ്യങ്ങൾ. കഴിഞ്ഞ ദിവസം ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിന് ഈ വര്‍ഷം മാര്‍ച്ച് 17-ന് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഡബ്ല്യുപിഎല്‍ ഫൈനലുമായി അമ്പരപ്പിക്കുന്ന സാമ്യങ്ങളാണുള്ളത്.
ഐപിഎല്‍ ഫൈനലിലും ഡബ്ല്യുപിഎല്‍ ഫൈനലിലും ടോസ് നേടിയ ക്യാപ്റ്റന്‍മാര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ കൊല്‍ക്കത്ത 18.3 ഓവറില്‍ 113 റണ്‍സിന് പുറത്താക്കി. സമാനമായി, ഡബ്ല്യുപിഎല്‍ ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ ബെംഗളൂരുവും 18.3 ഓവറില്‍ 113 റണ്‍സിനുതന്നെ പുറത്താക്കുകയായിരുന്നു. കിരീടം നേടിയ ഇരു ടീമുകളും ജയിച്ചതും എട്ട് വിക്കറ്റിന്.
ഐപിഎല്ലില്‍ ജേതാക്കളായ കൊല്‍ക്കത്തയെ നയിച്ചത് ഇന്ത്യക്കാരനായ ശ്രേയസ് അയ്യരാണെങ്കില്‍ ഡബ്ല്യുപിഎല്‍ ജേതാക്കളായ ആര്‍സിബിയെ നയിച്ചത് ഇന്ത്യക്കാരിയായ സ്മൃതി മന്ദാനയായിരുന്നു. ഐപിഎല്‍ ഫൈനലില്‍ റണ്ണറപ്പായ ഹൈദരാബാദിനെ നയിച്ചത് ഓസ്‌ട്രേലിയക്കാരനായ പാറ്റ് കമ്മിന്‍സ്. ഡബ്ല്യുപിഎല്‍ ഫൈനലില്‍ റണ്ണറപ്പായ ഡല്‍ഹിയെ നയിച്ചതോ ഓസ്‌ട്രേലിയക്കാരി മെഗ് ലാന്നിങ്ങും.
ഫൈനല്‍ തോറ്റ ഇരു ഓസീസ് ക്യാപ്റ്റന്‍മാരും തൊട്ടുമുമ്പു നടന്ന പ്രധാന ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം നേടിയവരാണ്. കമ്മിന്‍സിന്റെ ഓസീസ് ടീം 2023 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കിരീടമണിഞ്ഞത്. ലാന്നിങ് നയിച്ച ഓസീസ് ടീം 2022 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു.
Content Highlights: incredible similarities between ipl wpl finals
Published: 27 May 2024, 02:15 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented