ബെംഗളൂരു: ഐപിഎല്ലില്‍ നിന്ന് ഇടവേളയെടുക്കുന്നതായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. തിങ്കളാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് മാക്‌സ്‌വെല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബെംഗളൂരു പരാജയപ്പെട്ട മത്സരത്തില്‍ താരം ആദ്യ പതിനൊന്നില്‍ ഇടം പിടിച്ചിരുന്നില്ല. ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന മാക്‌സവെല്ലിന് നേരെ നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസിനോട് തനിക്ക് പകരം മറ്റൊരാളെ പരീക്ഷിക്കണമെന്ന് പറഞ്ഞതായി മാക്‌സ്‌വെല്‍ അറിയിച്ചു. മാനസികമായും ശാരീരികമായും നല്ല ആരോഗ്യത്തിലല്ലെന്നും അതുകൊണ്ടാണ് ഇടവേളയെടുക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. എത്ര മത്സരങ്ങളില്‍ പുറത്തിരിക്കുമെന്നതിനെക്കുറിച്ച് താരം വ്യക്തത വരുത്തിയിട്ടില്ല.
വ്യക്തിപരമായി ഇത് വളരെ എളുപ്പത്തിലുള്ള ഒരു തീരുമാനമാണ്. അവസാനമത്സരത്തിന് ശേഷം ഫാഫ് ഡുപ്ലെസിസിന്റേയും പരിശീലകരുടേയും അടുത്ത് പോയി മറ്റൊരാളെ പരീക്ഷിക്കാനുള്ള സമയമായെന്ന് പറഞ്ഞു. എന്റെ ശരീരത്തിന് മാനസികമായും ശാരീരികമായും ഇടവേള നല്‍കാനുള്ള നല്ല സമയമാണിതെന്ന് ഞാന്‍ കരുതുന്നു. ടൂര്‍ണമെന്റിനിടയില്‍ എന്നെ ആവശ്യമായി വന്നാല്‍ മാനസികവും ശാരീരികവുമായ നല്ല ആരോഗ്യത്തോടെ തിരിച്ചുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു. - മാക്‌സ്‌വെല്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് പവര്‍പ്ലേയ്ക്ക് ശേഷമാണ് ദൗര്‍ബല്യമുള്ളത്. കഴിഞ്ഞ കുറേ സീസണിലായി അതെന്റെ കരുത്തുറ്റ മേഖലയായിരുന്നു. ബാറ്റ് കൊണ്ട് ഇപ്പോള്‍ വേണ്ടത്ര സംഭാവന നല്‍കുന്നില്ല. മത്സരഫലവും പോയന്റ് ടേബിളും പരിശോധിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അവസരം നല്‍കാനുള്ള ശരിയായ സമയമാണെന്ന് കരുതുന്നു.-മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു.
ഇതിന് മുമ്പും താരം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ഐപിഎല്ലില്‍ താരത്തിന്റെ മോശം പ്രകടനത്തെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്‌കറടക്കം നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇടവേളയെടുക്കാനുള്ള തീരുമാനം.
Content Highlights: Glenn Maxwell Takes Indefinite Break From IPL 2024
Published: 16 Apr 2024, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented