മുംബൈ: നഗരത്തിലെ ഏറ്റവും പ്രധാന സേവനങ്ങളിലൊന്നായ ടിഫിൻ ഡെലിവറി സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 4 വരെ ആറ് ദിവസത്തേക്ക് ടിഫിൻ ഡെലിവറി പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി മുംബൈ ഡബ്ബാവാല അസോസിയേഷൻ അറിയിച്ചു. എല്ലാവർഷവും പതിവുള്ളതാണ് ഈ ഇടവേള. ഡബ്ബാവാല ശൃംഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങാനും മതപരമായ ചടങ്ങുകളിലും പരമ്പരാഗത ഉത്സവങ്ങളിലും പങ്കെടുക്കാനും ഈ അവധിക്കാലം അവസരം നൽകുന്നു. ഈ കാലയളവിൽ, മുംബൈയിലെയും അതിന്റെ പ്രാന്തപ്രദേശങ്ങളിലെയും ടിഫിൻ ഡെലിവറി സേവനങ്ങൾ പൂർണ്ണമായും നിർത്തിവെക്കും.

To advertise here,

ഈ തീരുമാനം ഒരു ദീർഘകാല പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് സുഭാഷ് തലേക്കർ പറഞ്ഞു, "മുംബൈയിലെ ഡബ്ബാവാലകൾ 135 വർഷത്തിലേറെയായി നഗരത്തിന് സേവനം നൽകുന്നു. ഞങ്ങൾ പുണെ ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നുള്ളവരാണ്, എല്ലാ വർഷവും ഞങ്ങളുടെ ദേവതകളെ ആരാധിക്കാൻ ഈ സമയം എടുക്കുന്നു," അദ്ദേഹം പറഞ്ഞു.

മിക്ക ഡബ്ബാവാലകളും മാവൽ, മുൾഷി, അംബേഗാവ്, ജുന്നാർ, ഖേഡ്, അകോള, സംഗനേർ തുടങ്ങിയ ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരാണ്. ഇടവേളയിൽ, അവർ ഗ്രാമീണമേളകളിലും പൂജകളിലും കാർഷിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു, അവരുടെ വേരുകളുമായി ശക്തമായ ബന്ധം നിലനിർത്തുന്നു.

സേവനം താത്കാലികമായി നിർത്തിവെക്കുന്നത് വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിനായി ഡബ്ബാവാല സേവനത്തെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഓഫീസ് ജീവനക്കാരെ ബാധിക്കും. ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരികയോ പുറത്ത് നിന്ന് ഓർഡർ ചെയ്യുകയോ പോലുള്ള ബദൽ ഭക്ഷണ ക്രമീകരണങ്ങൾ നടത്തണമെന്ന് അസോസിയേഷൻ നിർദേശിച്ചിട്ടുണ്ട്. വർഷം മുഴുവനും ഡബ്ബാവാലകൾ നൽകിവരുന്ന സേവനത്തെ പ്രത്യകമായി സൂചിപ്പിച്ച്, ഈ ചെറിയ അവധിക്കാലത്തോട് സഹകരിക്കണമെന്ന് സംഘടന പറഞ്ഞു. കാര്യക്ഷമതയ്ക്കും കൃത്യതയ്ക്കും ലോകമെമ്പാടും അറിയപ്പെടുന്ന മുംബൈ ഡബ്ബാവാലകൾ പ്രവർത്തനങ്ങളിൽ അപൂർവ്വമായി മാത്രമാണ് അവധിയെടുക്കുന്നത്.