ചെന്നൈ: ജയിച്ചാല്‍ സന്തോഷിക്കും. പരാജയപ്പെട്ടാല്‍ എത്ര പോസിറ്റീവായി സമീപിച്ചാലും അതിന്റെ ദുഃഖം മുഖത്ത് പ്രതിഫലിക്കും. മനുഷ്യനില്‍ മാറ്റമില്ലാതെ തുടരുന്ന വൈകാരികാവസ്ഥയാണത്. കായിക മത്സരങ്ങളില്‍ അത് കൂടുതല്‍ അനുഭവേദ്യമാകും. മത്സരത്തിന്റെ അന്തിമഫലമെന്നത് ഒരു കൂട്ടര്‍ക്ക് സന്തോഷവും മറ്റൊരു കൂട്ടര്‍ക്ക് ദുഃഖവും നല്‍കുന്നതാണ്. അതുണ്ടാക്കുന്ന വൈകാരിക ഭേദങ്ങളെ ക്യാമറക്കാഴ്ചകളിലൂടെ കൃത്യമായി മനസ്സിലാക്കാം. 

To advertise here,

കഴിഞ്ഞദിവസം നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയര്‍ മത്സരത്തിനൊടുവിലെ ക്യാമറക്കാഴ്ചകള്‍ അത്തരത്തിലൊന്നാണ്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ഒരുവശത്ത് സണ്‍റൈസേഴ്‌സ് താരങ്ങളുടെ സന്തോഷപ്രകടനങ്ങളും മറുവശത്ത് രാജസ്ഥാന്‍ താരങ്ങളുടെ നിരാശയുമാണ് കാണിക്കുന്നത്. 

41 സെക്കന്‍ഡുകളുള്ള വീഡിയോയില്‍ ക്യാപ്റ്റന്‍മാരായ സഞ്ജു സാംസണെയും പാറ്റ് കമിന്‍സിനെയും കാണിക്കുന്നുണ്ട്. പരസ്പര വിപരീതമായി ഗണിക്കപ്പെടുന്ന വികാരഭാവമാണ് ഇരുവരിലും കാണാനാവുക. കമിന്‍സ് തന്റെ ടീമംഗങ്ങളെ കെട്ടിപ്പിടിച്ച് സന്തോഷിക്കുമ്പോള്‍ സഞ്ജു നിരാശയോടെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതാണ് വീഡിയോയിലുള്ളത്. 

ഐ.പി.എല്‍. ക്വാളിഫയര്‍ രണ്ടില്‍ കഴിഞ്ഞ ദിവസം രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. 36 റണ്‍സിനായിരുന്നു സണ്‍റൈസേഴ്‌സിന്റെ ജയം. ബാറ്റിങ്ങില്‍ അര്‍ധ സെഞ്ചുറിയുമായി ഹെന്റിച്ച് ക്ലാസനും ബൗളിങ്ങില്‍ ഷഹബാസ് അഹ്‌മദും അഭിഷേക് ശര്‍മയും തിളങ്ങിയതാണ് സണ്‍റൈസേഴ്‌സ് ജയത്തിന് കാരണമായത്.