ചെന്നൈ: സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വേയെ കീഴടക്കി ഇന്ത്യ. 72 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 257 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വേയ്ക്ക് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. തോൽവിയോടെ സിംബാബ്‌വേ ലോകകപ്പിൽ നിന്ന് പുറത്തായി.
ദക്ഷിണാഫ്രിക്ക സെമിയിലുമെത്തി. ബാറ്റെടുത്തവരെല്ലാം കത്തിക്കയറിയതോടെയാണ് സിംബാബ്‌വേയ്ക്ക് മുന്നിൽ ഇന്ത്യ കൂറ്റൻ സ്കോറുയർത്തിയത്. ടീമിൽ തിരിച്ചെത്തിയ സഞ്ജുവിന് പുറമേ അഭിഷേക് ശർമയും തിലക് വർമയും ഫോമിലേക്കെത്തി. ഇനി ഇന്ത്യ-വിൻഡീസ് മത്സരത്തിൽ ജയിക്കുന്നവർക്ക് സെമിയിലെത്താം.
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വേ പതിയെ ആണ് തുടങ്ങിയത്. പവർപ്ലേയിൽ വേഗത്തിൽ സ്‌കോറുയർത്താൻ ടീമിനായില്ല. ആറോവറിൽ 44 റൺസ് മാത്രമാണ് ടീമിന് നേടാനായത്. ഏഴാം ഓവറിൽ ഓപ്പണർ ടാഡിവാനഷെ മറുമാനി 20 റൺസെടുത്ത് പുറത്തായി. പിന്നാലെ ബ്രയാൻ ബെന്നറ്റ് ട്രാക്ക് മാറ്റി. അക്ഷർ പട്ടേൽ എറിഞ്ഞ ഒൻപതാം ഓവറിൽ 19 റൺസാണ് അടിച്ചെടുത്തത്. വൺഡൗണായിറങ്ങിയ ഡിയോൺ മയേഴ്‌സ് 6 റൺസെടുത്ത് മടങ്ങി. പത്തോവറിൽ 73-2 എന്ന നിലയിലായിരുന്നു സിംബാബ്‌വേ.
മൂന്നാം വിക്കറ്റിൽ ബെന്നറ്റും സിക്കന്ദർ റാസയും ചേർന്ന് തകർത്തടിക്കാൻ തുടങ്ങിയതോടെ സിംബാബ്‌വേ സ്‌കോറുയർന്നു. 13-ാം ഓവറിൽ ബെന്നറ്റിന്റെ ഫിഫ്റ്റിയുമെത്തി. ശിവം ദുബെയെറിഞ്ഞ 15-ാം ഓവറിൽ 26 റൺസാണ് ഇരുവരും അടിച്ചെടുത്തത്. 16 ഓവർ അവസാനിക്കുമ്പോൾ 144-2 എന്ന നിലയിലായിരുന്നു ടീം. പിന്നാലെ സിക്കന്ദർ റാസയെ (31) അർഷ്ദീപ് മടക്കി. മൂന്നാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.
പിന്നാലെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മത്സരം പിടിമുറുക്കി. റയാൻ ബുർൾ(0), ടോണി മുന്യോങ്ക(11)എന്നിവർ നിരാശപ്പെടുത്തി. ബ്രയാൻ ബെന്നറ്റ് 59 പന്തിൽ നിന്ന് 97 റൺസുമായി പുറത്താവാതെ നിന്നു. ഇന്ത്യക്കായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസാണെടുത്തത്. ശ്രദ്ധയോടെയാണ് സിംബാബ്‌വേ ബൗളർമാരെ അഭിഷേകും സഞ്ജുവും നേരിട്ടത്. അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ ഇരുവരും സ്‌കോറുയർത്തി. പവർപ്ലേയിൽ മിന്നിച്ച് തുടങ്ങിയതോടെ മൂന്നോവറിൽ ടീം 46 റൺസിലെത്തി. എന്നാൽ നാലാം ഓവറിൽ മലയാളി താരം പുറത്തായി. 15 പന്തിൽ നിന്ന് 24 റൺസെടുത്താണ് സഞ്ജുവിന്റെ മടക്കം.
പിന്നാലെയിറങ്ങിയ ഇഷാൻ കിഷനുമായി ചേർന്ന് അഭിഷേക് ഇന്ത്യൻ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചു. ആറോവർ അവസാനിക്കുമ്പോൾ 80-1 എന്ന നിലയിലായിരുന്നു ഇന്ത്യ. അഭിഷേക് ശർമ ഫോമിലേക്കുയർന്നതോടെ സിംബാബ്‌വേ ബൗളർമാർ വിയർത്തു. കൂട്ടിന് ഇഷാൻ കിഷനും പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുമായി ഇരുവരും നിലയുറപ്പിച്ചതോടെ ടീം 9.1 ഓവറിൽ നൂറുറൺസെടുത്തു.
11-ാം ഓവറിൽ അഭിഷേക് അർധസെഞ്ചുറി തികച്ചു. 26 പന്തിൽ നിന്നാണ് ഫിഫ്റ്റി. പിന്നാലെ ആ ഓവറിൽ ഫോറും സിക്‌സറുമടിച്ച ഇഷാൻ നാലാം പന്തിൽ പുറത്തായി. 24 പന്തിൽ നിന്ന് 38 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ സൂര്യകുമാറും മികച്ചുനിന്നു. ബൗണ്ടറികളുമായി മൈതാനത്ത് ഇന്ത്യൻ നായകൻ നിറഞ്ഞുനിന്നതോടെ ടീം 13-ാം ഓവറിൽ 150 ലെത്തി. എന്നാൽ അഭിഷേകിനെയും സൂര്യകുമാറിനെയും പുറത്താക്കി സിംബാബ്‌വേ തിരിച്ചടിച്ചു.
അഭിഷേക് 30 പന്തിൽ നിന്ന് 55 റൺസെടുത്താണ് മടങ്ങിയത്. സൂര്യയാകട്ടെ 13 പന്തിൽ നിന്ന് 33 റൺസെടുത്തു. 15 ഓവർ അവസാനിക്കുമ്പോൾ 176-4 എന്ന നിലയിലായിരുന്നു ഇന്ത്യ. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച തിലക് വർമയും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ 200 കടത്തി. ഇരുവരും സിംബാബ്‌വേ ബൗളർമാരെ നിലംതൊടീച്ചില്ല. മൈതാനത്ത് സിക്സറുകൾ പറപറന്നു.
17-ാം ഓവറിൽ 14 റൺസും 18-ാം ഓവറിൽ 19 റൺസുമാണ് ഹാർദിക്കും തിലകും അടിച്ചെടുത്തത്. 19-ാം ഓവറിൽ തിലക് കത്തിക്കയറിയതോടെ 21 റൺസെടുത്തു. അവസാനഓവറിൽ അർധസെഞ്ചുറി തികച്ച ഹാർദിക് ടീമിനെ 256 ലെത്തിച്ചു. 23 പന്തിൽ നിന്ന് താരം 50 റൺസെടുത്തു. തിലക് വർമ 16 പന്തിൽ നിന്ന് 44 റൺസെടുത്ത് പുറത്താവാതെ നിന്നു.
Content Highlights: india zimbabwe super 8 match
Published: 26 Feb 2026, 10:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented