തിരുവനന്തപുരം: ലോകകപ്പ് ജയത്തിനുശേഷം ഇന്ത്യൻ താരം സഞ്ജു സാംസൺ നാടിന്റെ സ്നേഹവലയത്തിലേക്ക് മടങ്ങിയെത്തി. വിജയം നാട്ടുകാർക്ക് സമർപ്പിക്കുന്നുവെന്നായിരുന്നു വിമാനത്താവളത്തിൽ സഞ്ജുവിന്റെ പ്രതികരണം. അച്ഛനും അമ്മയ്ക്കും ഒപ്പം കുറച്ചുസമയം ചെലവഴിക്കാനാണ് ഉടൻ നാട്ടിലെത്തിയതെന്നും സഞ്ജു വ്യക്തമാക്കി.

To advertise here,

‘‘ആരാധകരോട് നന്ദിപറയാൻ വാക്കുകളില്ല. ടീമിലുള്ളപ്പോഴും മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നപ്പോഴും നാട്ടുകാരാണ് കൂടെനിന്നത്. ആരാധകരുടെ സന്ദേശങ്ങളും റീൽസും ഒക്കെ ചാരുലത കാണിച്ചുതരാറുണ്ട്. ആളുകളുടെ സ്‌നേഹം കാണുമ്പോൾ ചിലപ്പോഴൊക്കെ കണ്ണുനിറയും. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ തിരുവനന്തപുരത്ത് പ്രതീക്ഷിച്ചപോലെ കളിക്കാനാകാത്തതിന്റെ വിഷമത്തിലാണ് ലോകകപ്പിനായി പോയത്. ഇപ്പോൾ വലിയ സന്തോഷമുണ്ട്. ഈ വിജയത്തെ ഉത്തരവാദിത്വമായി കാണുന്നു’’ -സഞ്ജു പറഞ്ഞു.

എത്തിയത് ചാർട്ടേഡ് വിമാനത്തിൽ

ലോകകപ്പ് വിജയത്തിന്റെ തൊട്ടടുത്തദിവസം അപ്രതീക്ഷിതമായാണ് സഞ്ജു നാട്ടിലെത്തിയത്. ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളെയോ അധികൃതരെയോ അറിയിക്കാതെയാണ് സഞ്ജുവും ഭാര്യ ചാരുലതയും തിങ്കളാഴ്ച വൈകീട്ട് ഹാലോ എയർലൈനിന്റെ ചാർട്ടേഡ് വിമാനത്തിൽ അഹമ്മാദാബാദിൽനിന്ന് തിരുവനന്തപുരത്ത് വന്നിറങ്ങിയത്.

അതുകൊണ്ടുതന്നെ വിമാനത്താവളത്തിൽ ആരാധകരുടെ ബാഹുല്യം ഉണ്ടായിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എ.എ. റഹിം എം.പി.യും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വിഴിഞ്ഞത്തെ വീട്ടിലെത്തിയ താരത്തിന് നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയിരുന്നു. സംസ്ഥാനസർക്കാർ ഔദ്യോഗികമായി സ്വീകരണം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

സച്ചിനെ വിളിച്ചു, ശൈലി മാറ്റി

മനസ്സ് ഒന്നു പാളിപ്പോയപ്പോൾ ആരെ വിളിക്കുമെന്ന് ആശങ്കതോന്നി. അപ്പോഴാണ് സച്ചിൻസാറിന്റെ പേര് മനസ്സിൽവന്നത്. ആദ്യം വിളിച്ചപ്പോൾ 25 മിനിറ്റോളം അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിന്റെ കരിയറിലെ പലകാര്യങ്ങളും പങ്കുവെച്ചു. എല്ലാ കാര്യങ്ങളിലും ഉപദേശം നൽകി. ലോകകപ്പ് ഫൈനലിന്റെ തലേന്നും അദ്ദേഹം വിളിച്ചിരുന്നു. സന്ദേശങ്ങളും അയക്കാറുണ്ടായിരുന്നു.

തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് ശൈലിയിൽ മാറ്റംവരുത്തി. കുറെ കളികളിൽ വലിച്ചടിച്ചുനോക്കിയെങ്കിലും വിജയിച്ചില്ല. വേറെ വഴിയില്ലാത്തതുകൊണ്ടാണ് രീതി മാറ്റിയത്. വീഴ്ചകളിൽനിന്ന് പഠിക്കണം. ലോകകപ്പിന് വേറെ ഗെയിംപ്ലാൻ തയ്യാറാക്കി. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ ലോകകപ്പ് വിജയത്തിന്റെ ആഘോഷം നടത്താൻ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഉടൻ മടങ്ങേണ്ടിവരുമെന്നും സഞ്ജു പറഞ്ഞു.

വിജയത്തിലും നാടിന്റെ സ്നേഹം: ആവേശം പകർന്ന് സഞ്ജുവെത്തി

തലസ്ഥാനത്തിന്റെ സ്വന്തം ലോക്കൽ ബോയ് സഞ്ജു സാംസൺ ‘നാഷണൽ ഹീറോ’യായി ജന്മനാട്ടിൽ തിരിച്ചെത്തി. രാജ്യത്തിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച് തിരിച്ചെത്തിയ സഞ്ജുവിന് ആവേശകരമായ സ്വീകരണമാണ് വിമാനത്താവളത്തിൽ ലഭിച്ചത്. മുൻകൂട്ടി അറിയിക്കാതെ എത്തിയെങ്കിലും തിങ്കളാഴ്ച വൈകീട്ട് സർക്കാർ പ്രതിനിധികളും വിവരമറിഞ്ഞെത്തിയ ആരാധകരും ആർപ്പുവിളികളോടെയാണ് സഞ്ജുവിനെയും ഭാര്യ ചാരുലതയെയും വരവേറ്റത്. തന്റെ നാട്ടുകാരുടെ പിന്തുണയ്ക്കു നന്ദിപറഞ്ഞാണ് സഞ്ജു വിമാനത്താവളത്തിൽവെച്ച്‌ മാധ്യമപ്രവർത്തകരോടു സംസാരിച്ചത്.

ജനുവരിയിൽ സ്വന്തം നാട്ടിൽ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിനിറങ്ങിയപ്പോൾ, പ്രതീക്ഷിച്ച പ്രകടനം നടത്താൻ സഞ്ജുവിനായില്ല. സഞ്ജുവിന് ആർപ്പുവിളികളുമായി രാജ്യത്തിന്റെ ജഴ്‌സിയുമണിഞ്ഞ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയവർ അന്ന് സഞ്ജുവിന്റെ പ്രകടനത്തിൽ നിരാശരായാണു മടങ്ങിയത്. ലോകകപ്പ് വിജയശേഷം നാട്ടിലെത്തിയ സഞ്ജുവും ആ നിരാശ മറച്ചുവെച്ചില്ല. എന്നാൽ, ഒരു മാസത്തിനിപ്പുറം രാജ്യത്തെ ലോക ചാമ്പ്യൻമാരാക്കിയതോടെ എല്ലാ നിരാശയും മറന്ന് തലസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികൾ സഞ്ജുവിനായി ആർത്തുവിളിച്ചു. ലോകകപ്പ് വിജയം ഞായറാഴ്ച രാത്രിയിൽ അവർ ഒരു വമ്പൻ ആഘോഷമാക്കി മാറ്റി. സഞ്ജുവിന്റെ കട്ടൗട്ടുകളും ചിത്രങ്ങളും സ്ഥാപിച്ചായിരുന്നു കഴിഞ്ഞദിവസം ലോകകപ്പ് ഫൈനൽ പ്രദർശനമൊരുക്കിയത്.

സാമൂഹികമാധ്യമങ്ങളിലും സഞ്ജുവിന്റെ പ്രകടനവും ഇന്ത്യയുടെ വിജയവും തിരുവനന്തപുരത്തുകാർ ആഘോഷിച്ചു. ഇതിനിടയിലാണ് സഞ്ജു നാട്ടിലേക്ക്‌ എത്തിയത്. എല്ലാക്കാലത്തും നാട്ടുകാരുടെ സ്നേഹം തനിക്ക് കരുത്തായെന്ന് സഞ്ജു തിങ്കളാഴ്ചയും പറഞ്ഞു. വരുംദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സഞ്ജുവിനു സ്വീകരണം നൽകാൻ ഒരുങ്ങുകയാണ്.