
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ സഞ്ജു സാംസണെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയുടെ ലെയ്‌സൺ ഓഫീസറായിരുന്നു സിബി ഗോപാലകൃഷ്ണൻ. 2024-ൽ യുഎസിലും വെസ്റ്റിൻഡീസിലുമായി നടന്ന ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയെങ്കിലും സഞ്ജു ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ഒരു വർഷത്തിനിപ്പുറം സഞ്ജുവിന്റെ കരുത്തിലാണ് ഇന്ത്യ ലോകകപ്പിൽ മുത്തമിട്ടത്. അന്നത്തെ അവഗണനേയും ഇന്നത്തെ തിരിച്ചുവരവിനേയും കുറിച്ചാണ് സിബിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. അന്ന് മെഡൽ സ്വീകരിച്ച ശേഷം സഞ്ജുവിനൊപ്പം എടുത്ത ഒരു സെൽഫിയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
സാധാരണക്കാർക്കൊപ്പം ചേർന്നുനിൽക്കുന്ന, പുസ്തകം വായിക്കുന്ന, തമാശ പറയുന്ന ഏറെ ലാളിത്യമുള്ള വ്യക്തിയാണ് സഞ്ജുവെന്ന് സിബി കുറിച്ചു. ഓരോ ടീം മീറ്റിങ് കഴിഞ്ഞു വരുമ്പോഴും സഞ്ജുവിന്റെ മുഖത്തെ നിരാശ കാണുമ്പോൾ ടീമിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തനിക്ക് മനസിലാകുമെന്നും ഒരു ദിവസം 'ചേട്ടാ ഇന്നത്തെ കളി ഞാൻ കളിക്കേണ്ടതായിരുന്നു' എന്ന് സഞ്ജു തന്നോട് പറഞ്ഞുവെന്നും സിബി കുറിച്ചു. സൗഹൃദങ്ങൾക്ക് വലിയ മൂല്യം നൽകുന്ന സഞ്ജുവിന്റെ അടുത്ത സുഹൃത്ത് ഇപ്പോഴും 13-ാം വയസിലെ ബാല്യകാല സുഹൃത്താണ്. ഇന്ത്യൻ ടീമിലെ മറ്റ് കളിക്കാർ അവരുടെ സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകുമ്പോൾ ബാർബഡോസിലെ ബീച്ചിൽ അവിടുത്ത പയ്യൻമാരോടൊപ്പം ബീച്ച് വോളിബോൾ കളിക്കുന്ന സഞ്ജുവിനെ താൻ കണ്ടിട്ടുണ്ടെന്നും സിബി കുറിച്ചു.
സിബി ഗോപാലകൃഷ്ണന്റെ കുറിപ്പ്
കഴിഞ്ഞ ട്വന്റി 20 ലോക കപ്പിന്റെ അവസാന ദിനം..
ക്രിക്കറ്റ് ആരാധകർ മുഴുവൻ ഇന്ത്യ ജയിച്ച ആവേശത്തിൽ ആയിരുന്നുവെങ്കിലും അടുത്ത ദിവസം പ്രവചിച്ചിരുന്ന ചുഴലിക്കാറ്റിന് മുൻപായി എത്രയും പെട്ടെന്ന് നാട്ടിൽ എത്താനുള്ള ആവേശത്തിൽ ആയിരുന്നു ഇന്ത്യൻ ടീം അംഗങ്ങൾ. ഒരുമിച്ചുണ്ടായിരുന്ന നാളുകൾക്കുള്ളിൽ തന്നെ സഞ്ജു വിനോടൊപ്പം പുറത്തു പോയി ആഹാരം കഴിക്കുക എന്നൊരു ശീലം പതിവായി രുന്നു. ബാർബഡോസിൽ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തീരത്തെ ഹിൽട്ടൺ ഹോട്ടലിന്റെ ഏഴാം നിലയിൽ അഭിമുഖമായിട്ടുള്ള മുറികളിൽ ആയിരുന്നു ഞങ്ങൾ താമസം. ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ സഞ്ജു വാതിൽപാളികൾ പകുതി തുറന്നിട്ട ശേഷം എന്നോട് പറഞ്ഞു ' ചേട്ടാ ഇന്നത്ത കളി ഞാൻ കളിക്കേണ്ടതായിരുന്നു '.
ടീം മീറ്റിംഗ് നടക്കുമ്പോ സപ്പോർട്ടിങ് സ്റ്റാഫിന്റെ സാന്നിധ്യം ഉണ്ടാകാറില്ല. മീറ്റിംഗ് കഴിഞ്ഞു പുറത്തേക്ക് വരുന്ന കളിക്കാരുടെ മുഖഭാവത്തിൽ നിന്ന് തന്നെ ആരൊക്കെ അവസാന പതിനൊന്നു പേരിൽ ഉണ്ടാവും എന്ന് ഊഹിക്കാൻ സാധിക്കുമായിരുന്നു. ഓരോ പ്രാവശ്യം ടീം മീറ്റിംഗ് കഴിഞ്ഞു ടീമംഗങ്ങൾ പുറത്തേക്കു വരുമ്പോഴും ഞാൻ ആദ്യം നോക്കുന്നത് സഞ്ജുവിന്റെ മുഖത്തേയ്ക്ക് ആയിരിക്കും.. പൊതുവെ ഒരു വിഷാദ ഭാവമുള്ള സഞ്ജുവിന്റെ മുഖം കുറച്ചു കൂടുതൽ കനപ്പെട്ടിരിക്കും. തല കുനിച്ചു ബസിൽ കയറി ആരോടും സംസാരിക്കാതിരിക്കുന്ന സഞ്ജുവിന്റെ മുഖത്തേയ്ക്ക് നോക്കാൻ തന്നെ എനിക്ക് വിഷമമാകും. പൊതുവെ ധാരാളം കഥകൾ പറയുന്ന,പഴയ സംഭവങ്ങൾ, തമാശകൾ ഒക്കെ മാല പോലെ ചികഞ്ഞെടുത്ത് കോർത്തിണക്കി പറയുമായിരുന്ന സഞ്ജുവിന്റെ മുഖത്ത് നോക്കുന്നത് പോലും ആ സമയം പ്രയാസമുള്ള കാര്യമായിരുന്നു. ഇന്ന് സഞ്ജു കളിക്കുമോയെന്ന് മെസ്സേജ് മുഖേനയുള്ള നിരവധി ആൾക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നുവെങ്കിലും ആ ടീമിൽ സഞ്ജു കഴിഞ്ഞാൽ, സഞ്ജു കളിക്കുമോ എന്നതിൽ ഏറ്റവും കൂടുതൽ ആകാംക്ഷ എനിക്കായിരുന്നു.
പൊതുവെ കളിക്കാരോട്, അതും ടൂർണമെന്റ് സമയത്ത് ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കുക എന്നതാണ് പ്രൊഫെഷണൽ മര്യാദ. ഒരു കളിക്കാരന്റെ ഏറ്റവും മികച്ച പെർഫോമൻസ് കിട്ടാനുള്ള ഭൗതിക സാഹചര്യങ്ങൾക് ഒരുക്കുക എന്നുള്ളതാണ് ഒരു ലെയ്‌സൻ ഓഫീസറുടെ ചുമതല .അത് കൊണ്ട് നമ്മുടെ നിസാരമായ ഒരു ചോദ്യം പോലും അവരിൽ അസ്വസ്ഥത ജനിപ്പിപ്പിക്കുന്നതാകരുത് എന്നതിൽ ഞാൻ നിഷ്‌ക്കർഷത പുലർത്തിയിരുന്നു. പൊതുവെ ഏത് സ്ഥലത്തു ചെന്നാലും റെന്റ് കാർ എടുത്തു സ്വയം ഓടിച്ചു പോകുന്ന സഞ്ജുവിന് ആ നാട്ടിലെ ഏറ്റവും നല്ല റെസ്റ്റാന്റുകൾ എല്ലാം തന്നെ നല്ല പരിചയം ആയിരിക്കും. അപ്രകാരം നാളെ ഒരു അടിപൊളി സ്ഥലത്തു ബ്രേക്ഫാസ്റ്റിനായി പോകാം എന്ന് പറഞ്ഞു പിരിയുന്നു. അടുത്ത ദിവസം കണ്ടപ്പോൾ മടിയോടെ ഞാൻ ചോദിച്ചു 'ഞാൻ ഒരു കാര്യം ചോദിക്കട്ടെ'.. എന്ന്. ആ സമയം സഞ്ജുവിൽ നിന്നുണ്ടായ പ്രസ്താവന എന്നെ ആശ്ചര്യപ്പെടുത്തി. 'ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ചോദിക്കാത്തതു കൊണ്ടാണ് ഞാൻ ചേട്ടനെ ഇങ്ങനെ കൊണ്ട് നടക്കുന്നത് എന്ന് 'പൊട്ടിച്ചിരിയോടെയുള്ള മറുപടി. 'ഇന്നലെ എന്നോട് പറഞ്ഞ കാര്യം ചുമ്മാതെ പറഞ്ഞതാണോ എന്ന് മാത്രമാണ് എനിക്ക് ചോദിക്കാൻ ഉള്ളത് ' എന്നതാണ് എനിക്ക് ചോദിക്കാനുള്ളതെന്ന് ഞാനറിയിച്ചു. 'വെറുതെയല്ല കാര്യമായിട്ട് ആയിരുന്നു. ഇനി ചോദ്യം ഇല്ലല്ലോ' എന്ന് സഞ്ജുവും. ഇനിയൊന്നും ചോദിക്കരുത് എന്നാണ് അതിന്റെ അർഥം എന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെ ആ സംഭാഷണം അവിടെ അവസാനിച്ചു.
അന്ന് മുതൽ ഇപ്പോൾ വരെ ഞാൻ കാത്തിരിക്കുന്ന ഒരു നിമിഷമുണ്ട്. സഞ്ജുവിന്റെ ചുമലിലേറി ഇന്ത്യലോക കപ്പ് നേടുന്ന ഒരു ദിവസം.. അത് സഞ്ജു ഒരു മികച്ച ക്രിക്കറ്റർ ആയത് കൊണ്ട് മാത്രം അല്ല . ഞാൻ കണ്ടു പരിചയപ്പെട്ട സെലിബ്രിറ്റികളിൽ ഏറ്റവും മികച്ച ഒരു മനുഷ്യനെന്ന് നിസംശയം പറയാവുന്ന ഒരാളെന്ന നിലയിലാണ് ഞാൻ ആ ആഗ്രഹത്തെ താലോലിക്കുന്നത്. ഇന്ത്യൻ ടീമിലെ ഏറെക്കുറെ മിക്ക പേരുടെ റൂമിലും ഞാൻ കടന്നു ചെന്നിട്ടുണ്ട്. സഞ്ജുവിന്റെ റൂമിൽ മാത്രം കണ്ട ഒരു പ്രത്യേകതയുണ്ട്.
പുസ്തകങ്ങൾ...പുസ്തകങ്ങൾ വായിക്കുന്നതിനായി ടൂർണമെന്റ് വേളകളിൽ പോലും സമയം കണ്ടെത്തുന്ന ഒരു കളിക്കാരനാണ് സഞ്ജുവാണെന്ന് നിസംശയം പറയാം . ചരിത്രം ഭൂമിശാസ്ത്രം , മതം , ദൈവം, ശാസ്ത്ര ചിന്തകൾ തുടങ്ങിയ വിഷയങ്ങളിൽ അതീവ കൗതുകം സഞ്ജു പുലർത്തുന്നു. തന്റെ പരിസരത്തെ അസാധാരണമായി നിരീക്ഷിക്കുന്ന സഞ്ജുവിനെ വ്യത്യസ്തൻ ആക്കുന്ന ഘടകം അതിൽ മാത്രമൊതുങ്ങുന്നില്ല. മനുഷ്യനെ മനുഷ്യരായി കണ്ട് വലിപ്പ ചെറുപ്പം ഇല്ലാതെ തന്റെ ഒപ്പമുള്ള മറ്റുള്ളവരെ കാണാനുള്ള സമഭാവന പുലർത്തുന്ന ഒരു അസാധാരണ മനുഷ്യൻ കൂടിയാണെന്നതാണ്. സഞ്ജു സൗഹൃദങ്ങൾക്ക് വലിയ മൂല്യമാണ് നൽകുന്നത്. ന്റെ പതിമൂന്നാം വയസ്സിലെ ബാല്യകാല സുഹൃത്താണ് ഇന്നും എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് സഞ്ജു പറയുന്നു. എല്ലാ ദിനങ്ങളിലും പ്രാർഥിച്ചിട്ടു മാത്രം ഭക്ഷണം കഴിക്കുന്ന , തന്റെ മാതാപിതാക്കളുടെ ത്യാഗമാണ് ഇന്നത്തെ എന്നിലെ എല്ലാസൗഭാഗ്യങ്ങളും എന്ന് ഉറച്ചു വിശ്വസിക്കുന്ന, ഏറ്റവും സ്വകാര്യമായ അവസരങ്ങളിൽ ഞങ്ങൾ വിഴിഞ്ഞത്തു നിന്നുള്ള ഒരു സാധാരണ കുടുംബമാണെന്ന് പറയുന്ന ഒരു സഞ്ജുവുണ്ട്.
ഇന്ത്യൻ ടീമിലെ മറ്റു കളിക്കാർ അവരുടെ സുഹൃത്തക്കളോടൊപ്പം പുറത്തു പോകുമ്പോൾ, ബാർബഡോസിലെ ബീച്ചിൽ അവിടത്തെ പയ്യന്മാരോടൊപ്പം ബീച്ച് വോളിബോൾ കളിക്കുന്ന സഞ്ജുവിനെ ഞാൻ കണ്ടിട്ടുണ്ട് . തന്നെ സഹായിച്ച ഒരാളെ പോലും മറക്കാത്ത എന്നാൽ ദ്രോഹിച്ചവരോട് വിട്ടു വീഴ്ച ചെയ്യാൻ മടിയില്ലാത്ത സജ്ഞു...
ചെറുപ്പത്തിൽ പ്രാക്ടീസിനു പോകുമ്പോൾ ഓട്ടോയിൽ ലിഫ്റ്റ് കൊടുത്തവരെ, അമ്മയെ കാണാൻ വേണ്ടി ഒറ്റ ദിവസത്തേയ്ക്ക് ഫ്‌ളൈറ്റ് ചാർട്ടർ ചെയ്തു വരുമ്പോഴും മറക്കാത്ത സഞ്ജു...
ഒരു ഗ്രൗണ്ടിൽ പോയാൽ ഏറ്റവും കൂടുതൽ സമയം നെറ്റ് ബൗളേഴ്സിന്റെ കൂടെ സമയം ചെലവഴിക്കുന്ന സഞ്ജു.… തന്റെ കൂടെയുള്ളവർക്ക് തനിക്ക് കിട്ടുന്ന എല്ലാ സൗകര്യങ്ങളും കിട്ടുന്നു എന്ന് ഉറപ്പു വരുത്തുന്ന സഞ്ജു..… ഗ്രൗണ്ടിൽ മാത്രം കളിക്കുന്ന കളങ്ങൾക്ക് പുറത്തു ഞാനൊരു സാധാരണക്കാരൻ ആണെന്ന് പറയുന്ന, നിക്ക് ചുറ്റുമുള്ള മനുഷ്യരോടെല്ലാം ഒരേപോലെ പെരുമാറണം എന്ന് ആഗ്രഹിക്കുന്ന സഞ്ജു. നിരന്തരമായ അവഗണകളെയും അവസരനിഷേധങ്ങളെയും അതിജീവിച്ച മനുഷ്യസ്‌നേഹിയായ ഒരു സഞ്ജുവുണ്ട്.
ഈ ലോകകപ്പ് ഇന്ത്യയ്ക്ക് ലഭിച്ചാൽ, തന്റെ ഭർത്താവിനേക്കാൾ എളിമയോടെ മറ്റുള്ളവരോട് പെരുമാറണം എന്ന് ആഗ്രഹിക്കുന്ന സഞ്ജുവിന്റെ ജീവിത പങ്കാളിയെക്കാളും തന്റെ മകന്റെ കഴിവിലുള്ള വിശ്വാസം കൊണ്ട് ജീവിതത്തിന്റെ ഒരു കാലഘട്ടം മുഴുവൻ മകന്റെ വളർച്ചയ്ക്കു വേണ്ടി മാറ്റി വെച്ച മാതാപിതാക്കളും സഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളും കഴിഞ്ഞാൽ ഈ ലോകത്ത് ഏറ്റവും സന്തോഷവാനായ വ്യക്തി ഞാൻ ആയിരിക്കട്ടെ… ഇതുപോലെ ഒരു ലോകകപ്പ് മത്സരത്തിൽ നേരിട്ട അവഗണനയുടെ ദുഃഖം മുഴുവൻ കണ്ട ഒരാളിന്... എന്റെ ഹൃദയ ഭാഷണം.
Content Highlights: 2024 t20 world cup indian teams liaison officer sibi gopalakrishnans facebook post about sanju samson
Published: 10 Mar 2026, 02:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented