
ഗ്ലെന്‍ മാക്സ്വെല്ലിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സായിരുന്നില്ല വാംഖഡേയിലേത്. അത് നാല് വര്‍ഷം മുന്‍പായിരുന്നു. പോരാട്ടം പക്ഷേ, പിച്ചിലല്ല, മനസിലായിരുന്നുവെന്ന് മാത്രം. അന്ന് ക്രീസില്‍ കൂട്ടായി നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്നത് പാറ്റ് കമ്മിന്‍സല്ല, വിനി രാമനാണ്. ചെന്നൈക്കാരിയായ ജീവിത പങ്കാളി.
നാലു വര്‍ഷം മുന്‍പത്തെ ആ ഇന്നിങ്സിന്റെ റീപ്ലേയില്ലെങ്കില് അഫ്ഗാനെതിരേ ഒറ്റക്കാലില്‍ ഒറ്റയ്ക്കൊരു ഉന്മാദിയെപ്പോലെ മാക്സ്വെല് ഇതള്വിരിയിച്ച അത്ഭുതത്തിന്റെ പൊരുള്‍ പിടിതരില്ല. പരിക്കില്‍ പിന്‍വാങ്ങാതെ, സിംഗിള്‍സും ഡബിളുമെടുക്കാതെ ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ ഇയാള്‍ക്ക് ഭ്രാന്താണോ എന്ന് സംശയിച്ചവര്‍ക്ക് മറുപടി കൊടുക്കാനുമാവില്ല. ഇതല്ല, ഇതിനേക്കാള്‍ മാരകമായ ഉന്മാദത്തിലൂടെ കടന്നുപോയൊരു ഭൂതകാലമുണ്ടായിരുന്നു ഇയാള്‍ക്കെന്ന് അറിഞ്ഞെങ്കില്‍ മാത്രമേ, ഈ ഇന്നിങ്സിനെ കപിലിന്റെ ട്രെന്റ് ബ്രിഡ്ജ് ഇന്നിങ്സിന്റെ മുകളില്‍ പ്രതിഷ്ഠിക്കാനാവൂ.

2019ലായിരുന്നു അത്. ശ്രീലങ്കയ്ക്കെതിരായ ടിട്വന്റി പരമ്പരയ്ക്കിടയിലെപ്പോഴോ ആണ് വിഷാദത്തിന്റെ വിത്ത് മനസിന്റ ഇരുട്ടില്‍ വീണ് മുള പൊട്ടിത്തുടങ്ങിയത്. ആദ്യ മത്സരത്തില്‍ 28 പന്തില്‍ 62 റണ്‍സെടുത്തെങ്കിലും കളിയില്‍ വേണ്ടവണ്ണം മനസുറയ്ക്കുന്നില്ലെന്ന് മാക്സ്വെല്ലിന് തോന്നിത്തുടങ്ങി. കളികഴിഞ്ഞ രാത്രികളില്‍ അശുഭചിന്തകളുടെ വേലിയേറ്റത്തില്‍ വീര്‍പ്പുമുട്ടി. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉരുണ്ടുകൂടി. ഇരുട്ടില്‍ വിഷാദം വലവിരിച്ചു. മനസ് കൈവിട്ടുതുടങ്ങിയെന്ന് തോന്നിയപ്പോള്‍ മാക്സ്വെല് നാട്ടിലേയ്ക്ക് തിരിച്ചുപറന്നു. ഒക്ടോബറിലെ ആ രാത്രി വിനിക്ക് മുന്നില്‍ ആശങ്കകളുടെ കെട്ടഴിച്ചു. സൈക്യാട്രിസ്റ്റല്ല, ഫാര്‍മസിസ്റ്റാണ് ചെന്നൈ വംശജയായ വിനി. പക്ഷേ, ജീവിതപങ്കാളിയുടെ ആവലാതിക്ക് വിനി ആദ്യത്തെ കുറിപ്പടിയെഴുതി. ആ രാത്രി തന്നെ മാക്സ്വെല്ലിനെ ചേര്‍ത്തുനിര്‍ത്തി അവര്‍ പറഞ്ഞു: ഈ ചിന്തകള്‍ ഇങ്ങനെ മനസില്‍ തനിച്ച് കൊണ്ടുനടക്കേണ്ട. ആരെങ്കിലുമായി വേഗം പങ്കുവെക്കൂ. കരിയറിനെക്കുറിച്ച് ഓര്‍ക്കേണ്ട ഒരു ബ്രേക്കെടുക്കൂ. അതായിരുന്നു ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ആ ഇന്നിങ്സിലെ ആദ്യത്തെ പന്ത്. ചുമലിൽ നിന്ന് ഒരു ഭാരം ഒഴിഞ്ഞതുപോലെ എന്നായിരുന്നു ആ രാത്രിയെക്കുറിച്ച് പിന്നീട് മാക്സ്വെൽ പറഞ്ഞത്.
മാക്സ്വെല് കോച്ച് ജസ്റ്റിന് ലാംഗറേയും മാനേജര്‍ ബെന്‍ ഒലിവറെയും സൈക്കോളജിസ്റ്റ് മൈക്കല്‍ ലോയ്ഡിനെയും വിളിച്ച് ആ തീരുമാനം പറഞ്ഞു. എന്റെ മനസിന് നല്ല സുഖമില്ല. മനസിനും ശരീരത്തിനും വിശ്രമം വേണം. ഒരു ബ്രേക്കെടുക്കുന്നു.' ആരും എതിര് പറഞ്ഞില്ല. എനിക്കറിയാമായിരുന്നു അഡ്ലെയ്ഡില് വെടിക്കെട്ട് ഉതിര്‍ക്കുമ്പോഴും ഫീല്‍ഡില്‍ പറന്നു കളിക്കുമ്പോഴും അയാള്‍ സന്തോഷിച്ചിരുന്നില്ലെന്ന്. അയാളുടെ മുഖത്ത് ചിരി ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. ആ മുഖംമൂടിയായിരുന്നു ഇതുവരെ അയാളുടെ ആയുധം. സ്വന്തം പ്രശ്നം തിരിച്ചറിയാനും അതിന് യോജിച്ച തീരുമാനം കൈക്കൊളളാനും കഴിഞ്ഞതാണ് ഗ്ലെന്നിന്റെ ഏറ്റവും വലിയ വിജയമെന്ന് ടീം മന:ശാസ്ത്രജ്ഞന് ഡോ. മൈക്കല്‍ ലോയ്ഡ് വിലയിരുത്തി. ഗ്ലെന്നിനെ തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ജനറല്‍ മാനേജര്‍ ബെന്‍ ഒലിവറും വാക്കുകൊടുത്തു.
ഓസീസ് ടീമിനെ മാത്രമല്ല, ലോകത്തെയാകെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു അത്. ഈ പ്രഖ്യാപനം നടത്തുമ്പോള്‍ മുപ്പത്തിയൊന്ന് വയസായിരുന്നു മാക്സ്വെല്ലിന്. കരിയര്‍ വാലറ്റത്തേയ്ക്ക് നീങ്ങുന്ന കാലം. ലങ്കന്‍ പര്യടനം നടക്കുന്നു. പാകിസ്താന് പരമ്പര കാത്തിരിക്കുന്നു. പോരാത്തതിന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുന്ന സമയവും. എന്നിട്ടും ആ കരിയറിന് തന്നെ തിരശ്ശീല വീണേക്കാവുന്ന, വിഷാദരോഗിയെന്ന മായാമുദ്ര പതിഞ്ഞുപോയേക്കാവുന്ന ആ തീരുമാനം മാക്സ്വെല് ചങ്കൂറ്റത്തോടെ തന്നെ കൈക്കൊണ്ടു.

ഞാന്‍ മാനസികമായും ശാരീരികമായും ആകെ ശിഥിലമായിരിക്കുകയാണ്. എട്ട് മാസമായി വിശ്രമമറിഞ്ഞിട്ട്. നിരന്തര യാത്രയിലാണ്. നാലോ അഞ്ചോ വര്‍ഷമായി ഇത് തുടരുകയാണ്. ഈ ശീലം മനസിന്റെ താളമാകെ തെറ്റിച്ചിരിക്കുകയാണ്. പങ്കാളി വിനിയാണ് ഒരു ബ്രേക്കെടുക്കാനും ചികിത്സ തേടാനും ഉപദേശിച്ചത്'-മാക്സ്വെല് അന്ന് തുറന്നു പറഞ്ഞു.
ഞെട്ടലോടെ മാത്രമല്ല മാക്സ്വെല്ലിന്റെ തീരുമാനത്തെയും തുറന്നുപറച്ചിലിനെയും ലോകം സ്വീകരിച്ചത്. എനിക്ക് ഇതുപോലൊരു ചങ്കൂറ്റമുണ്ടായിരുന്നെങ്കില് എന്നാണ് അന്നത്തെ ഇന്ത്യന്‍ നായകന് വിരാട് കോലി പറഞ്ഞത്. എല്ലാ കളിക്കാര്‍ക്കും ഇങ്ങനെ തുറന്നു പറയാനും ചങ്കൂറ്റത്തോടെ ഇങ്ങനെയൊരു തീരുമാനം കൈക്കൊളളാനും കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് കോലി അന്ന് പ്രതികരിച്ചത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഞാനും ഇതുപോലൊരു മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയത്. അന്ന് ലോകാവസാനമായെന്ന ചിന്തയിലായിരുന്നു ഞാന്‍. എന്നാല്‍, മനസിന്റെ ചാഞ്ചല്യം തുറന്നുപറയാനുള്ള ഒരവസ്ഥയിലായിരുന്നില്ല അന്ന് ഞാന്‍. എന്തു ചെയ്യണം. ആരോട് പറയണം എന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ മാക്സ്വെല്ലിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും ഇതിനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കില്‍. നമ്മള് മനുഷ്യരല്ലേ. കരിയറില്‍ ഇതുപോലൊരു ഘട്ടം എല്ലാവര്ക്കും അഭിമുഖീകരിക്കേണ്ടിവരും. അതില്‍ നിന്ന് കരകയറാന്‍ നമ്മള് ഒരാരുത്തരും ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. കളിയില്‍ നിന്ന് മാറിനില്‍ക്കേണ്ടത് ആവശ്യമായി വന്നേക്കും. ഇന്‍ഡോറില്‍ ബംഗ്ലാദേശിനെ നേരിടാനിരിക്കെ നെഞ്ചില്‍ തൊട്ട് ഇത് പറയുമ്പോള്‍ ഫോമില്ലായ്മയില്‍ വലഞ്ഞ, നിരന്തരമായ ആക്രമണം നേരിട്ട കാലം കോലിയുടെ മനസില്‍ തിരയടിച്ചിരിക്കാം. കോലി മാത്രമല്ല, മനസിലെ കലുഷിതമായ കടലുകടക്കാന്‍ പാടുപെട്ട രോഹിത് ശര്‍മയും ട്രസ്ക്കോത്തിക്കും ഫ്ളിന്റോഫും ഹര്ഭജന് സിങ്ങും ജൊനാഥന് ട്രോട്ടും സാറ ടെയ്ലറും റൊണാള്‍ഡോയും ബഫണും ഇനിയേസ്റ്റയും സെറീന വില്ല്യംസും നവോമി ഒസാക്കയും മൈക്കല്‍ ഫെല്പ്സുമെല്ലാം അന്ന് മാക്സ്വെല്ലായിരുന്നെങ്കില് എന്ന് ചിന്തിച്ചിരിക്കണം. ആ ചങ്കൂറ്റത്തെ നമിച്ചിരിക്കാം.

എട്ട് മാസമേ വേണ്ടിവന്നുള്ളൂ മാക്സ്വെല്ലിന്. ക്രിക്കറ്റും ഫോണും സോഷ്യല്‍ മീഡിയയുമെല്ലാം വാതിലടച്ച് പുറത്തിരുത്തിയ നാളുകള്‍. വിഷാദത്തിന്റെ ഇരുട്ടുനീങ്ങിയ ഒരുദിവസം ആദ്യമെടുത്ത ഫോണ്‍ മോയിസിസ് ഹെൻറിക്കസിന്റേതാണ്. മാക്സ്വെല്ലിന് മുന്‍പേ കടുത്ത വിഷാദത്തിന്റെ ഇരുട്ടിലേക്ക് കാലിടറി വീണ് പിച്ചില്‍ നിന്ന് ഒഴിഞ്ഞുമാറി നടന്ന പോര്‍ച്ചുഗല്‍ വംശജനായ ഓസീസ് ഓള്‍റൗണ്ടര്‍. എന്റെ അവസ്ഥ ശരിക്കും മനസിലാവുന്ന ഒരാള്‍ ഹെൻറിക്കസായിരുന്നു. എനിക്ക് എല്ലാം തുറന്നു പറയാവുന്ന ഒരാള്‍. ഞാന്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരാള്‍. ഏറെക്കാലത്തിനുശേഷം എനിക്ക് എന്റെ പുഞ്ചിരി തിരിച്ചുതന്നത് അയാളാണ്-തിരിച്ചുവരവിനൊടുവില്‍ മാക്സ്വെല് പറഞ്ഞു.

മുഖത്തെ പുഞ്ചിരി മാത്രമല്ല, ബാറ്റിങ്ങിലെ വെടിക്കെട്ടും തിരിച്ചുവന്നു. കോവിഡ്കാലത്തായിരുന്നു തിരിച്ചുവരവ്. ആദ്യം ബിഗ്ബാഷില്‍ പിന്നെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍. ബാറ്റ് കൊണ്ട് മിന്നി പരമ്പയിലെ താരവുമായി. തുടര്‍ന്ന് നടന്ന ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലും ടിട്വന്റി ലോകകപ്പിലും തിളങ്ങി. അതിനിടെ ജീവിതത്തിലെ ഏറ്റവും വിഷമസന്ധിയില്‍ കൂടെ നിന്ന വിനിയെ അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ജീവിതസഖിയുമാക്കി. ഏകദിന ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അവര്‍ക്കൊരു മകന് പിറന്നത്. ലോഗന് മാവറിക് മാക്സ്വെല്. അച്ഛന് ഡബിളടിച്ച് ചരിത്രം സൃഷ്ടിക്കുമ്പോള്‍ രണ്ടുമാസം തികഞ്ഞിട്ടില്ല മാവറിക്കിന്. എന്തു കൊണ്ട് മാവറിക് എന്ന വിചിത്രനാമമെന്ന് മാക്സ്വെല് പറഞ്ഞിട്ടില്ല. പക്ഷേ, അഫ്ഗാനെതിരായ ഒറ്റയാള്‍ ബാറ്റിങ് അത്ഭുതം കണ്ടവര്‍ക്ക് ചോദിക്കാതിരിക്കാനാവില്ല, മാക്സ്വെല്ലിന്റെ മകന് മാവറിക്ക് എന്നല്ലാതെ മറ്റെന്ത് പേര് ചേരും. നല്ല ഒന്നാന്തരം മാവറിക്ക്, അല്ലെങ്കിൽ തന്റേടിയോ താന്തോന്നിയോ ചങ്കൂറ്റക്കാരനോ ഒക്കെ തന്നെയാണ് മാക്സ്വെല്. അല്ലെങ്കിൽ ഇതുപോലൊരു തിരിച്ചുവരവ് എങ്ങനെ സാധ്യമാവും.
ധരംശാലയില്‍ ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തിനുശേഷം അഹമ്മദാബാദിലെ ഗോള്‍ഫ് ക്ലബില്‍ വച്ച് പരിക്കേറ്റിരുന്നു മാക്സ്വെല്ലിന്. രാത്രി ഗോള്‍ഫ് കാര്‍ട്ടില്‍ നിന്ന് താഴേവീണ് തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. ഒരു വര്‍ഷത്തിനിടെ ഏല്ക്കുന്ന രണ്ടാമത്തെ പരിക്ക്. ഓസ്ട്രേലിയയിലെ കര്‍ക്കശമായ കണ്‍ക്കഷന്‍ നിയമമനുസരിച്ച് വിശ്രമം നിര്‍ബന്ധമാണ്. അങ്ങനെ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ നിന്ന് മാക്സ്വെല് പുറത്ത്. പരിക്ക് ഭേദമായില്ലെങ്കില്‍ അടുത്ത മത്സരവും നഷ്ടപ്പെട്ടേക്കാം. പക്ഷേ, മൂന്നാംനാള്‍ മാക്സ്വെല് തിരിച്ചുവന്നു. ആ തിരിച്ചുവരാണ് നമ്മള് വാംഖഡേയില്‍ അഫ്ഗാനിസ്താനെതിരേ കണ്ടത്. അതാണ് ആ ഇന്നിങ്സിനെ ക്രിക്കറ്റ് ചരിത്രത്തിലെ നൂറുകണക്കിന് ഇന്നിങ്സുകളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നതും.
Content Highlights: best innings of Glenn Maxwell against mental illness and icc world cup match against afanistan
Published: 08 Nov 2023, 03:04 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented