
ലോകകപ്പ് ടീമിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ തീര്‍ത്തും നിരാശനാണ് ഞാന്‍. എങ്കിലും മുന്നോട്ടുപോകേണ്ടതുണ്ട്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതൊരു വലിയ തിരിച്ചടിയാണ്'.
12 വര്‍ഷം മുമ്പ് 2011 ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടതിനു പിന്നാലെ രോഹിത് ശര്‍മ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. 2007-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ആ 24-കാരന് സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പിലെ സ്ഥാനം വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. പ്രതിഭാധനനായ കളിക്കാരന്‍ എന്നതായിരുന്നു അണ്ടര്‍ 19 കാലം തൊട്ട് പിന്നീട് ഇന്ത്യന്‍ ടീമിലെത്തുന്ന കാലം വരെ രോഹിത്തിനെ കുറിച്ച് ക്രിക്കറ്റ് ലോകം പറഞ്ഞിരുന്നത്. എന്നാല്‍ ടീമിലെത്തി വര്‍ഷങ്ങളോളം തന്റെ പ്രതിഭയോട് നീതി പുലര്‍ത്താന്‍ സാധിക്കാത്ത താരമെന്ന പഴിയായിരുന്നു അയാളെ കാത്തിരുന്നത്. ഒരുപക്ഷേ അതുതന്നെയായിരുന്നു 2011-ല്‍ 28 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യ ലോകകിരീടം ചൂടിയപ്പോള്‍ ആ ടീമിന്റെ ഭാഗമാകാനുള്ള ഭാഗ്യം രോഹിത്തിന് നിഷേധിച്ചത്.
12 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയുടെ കണ്ണീര് വീഴുമ്പോള്‍ ആരാധകരെ ഏറ്റവും വേദനിപ്പിച്ച കാഴ്ചകളിലൊന്ന് രോഹിത്തിന്റെ നിരാശ നിറഞ്ഞ മുഖമായിരുന്നു. എന്നാല്‍ അങ്ങനെ നിരാശനായി കണ്ണുനിറഞ്ഞ് മടങ്ങേണ്ടയാളാണോ രോഹിത്. അല്ല, ഇതിനു മുമ്പ് ഏതൊരു ഐസിസി ടൂര്‍ണമെന്റുകളിലും കളിച്ചതിനേക്കാള്‍ മികവിലാണ് സ്വന്തം നാട്ടില്‍ ഇത്തവണ ഇന്ത്യ ഫൈനല്‍ വരെയെത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് പുലര്‍ത്തിയ ഇന്ത്യ ടൂര്‍ണമെന്റിലുടനീളം രോഹിത്തിനു കീഴില്‍ തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. പക്ഷേ, അഹമ്മദാബാദിലെ നവംബര്‍ 19 ഞായറാഴ്ച ഇന്ത്യയുടേതായിരുന്നില്ല. വലിയ ടൂര്‍ണമെന്റുകള്‍ കളിക്കുന്ന ഏതൊരു ടീമിനും ഇത്തരത്തില്‍ ഒരു മോശം ദിവസമുണ്ടാകും. ഇന്ത്യയുടെ കാര്യത്തില്‍ അത് നിര്‍ണായകമായ ഫൈനലിലായിപ്പോയി. എതിരാളികളുടെ ഓരോ നീക്കവും കൃത്യമായി വിലയിരുത്തി അതിനെ മറികടക്കാനുള്ള ഗെയിംപ്ലാന്‍ തയ്യാറാക്കുന്ന ഓസ്‌ട്രേലിയയുടെ മികവ് കുറച്ചുകാണുകയല്ല. ഇത്തരത്തില്‍ എതിരാളികളുടെ ഗെയിംപ്ലാനെല്ലാം നിമിഷനേരം കൊണ്ട് പൊളിച്ച് കയ്യില്‍കൊടുത്തായിരുന്നു ആധികാരികമായുള്ള ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

അഹമ്മദാബാദില്‍ പക്ഷേ ടോസ് മുതല്‍ കാര്യങ്ങള്‍ ഓസീസിന് അനുകൂലമായിരുന്നു. പിച്ച് എങ്ങനെ പെരുമാറുമെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടായിരുന്നതിനാല്‍ ടോസ് നേടിയ ശേഷം ഫീല്‍ഡ് ചെയ്യാന്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഓരോ ഇന്ത്യന്‍ ബാറ്ററുടെയും ദൗര്‍ബല്യം കൃത്യമായി വിലയിരുത്തിയുള്ള ബൗളിങ്ങും ഫീല്‍ഡ് സെറ്റിങ്ങുമായിരുന്നു ഓസീസിന്റേത്. അക്കാര്യത്തില്‍ ഓസീസിനെ വെല്ലാന്‍ പോന്നവര്‍ ആരാണുള്ളത്? ബാറ്റര്‍മാര്‍ക്ക് അടിച്ചുകളിക്കാന്‍ പാകത്തിനുള്ളതായിരുന്നില്ല പിച്ച്. എങ്കിലും തുടക്ക ഓവറുകളിലെ പതര്‍ച്ച ഒഴിച്ചുനിര്‍ത്തിയാല്‍ രോഹിത്ത് തന്റെ സ്വതസിദ്ധമായ ഷോട്ടുകള്‍ തന്നെ കളിച്ചു. ഈ ലോകകപ്പിലെ ഓരോ മത്സരങ്ങളിലും പവര്‍പ്ലേയില്‍ ഇന്ത്യയുടെ സ്‌ഫോടനാത്മകമായ തുടക്കങ്ങള്‍ക്ക് പിന്നിലെ ചാലകശക്തി രോഹിത്തായിരുന്നു. ന്യൂബോള്‍ ബൗളര്‍മാര്‍ക്കെതിരേ തുടക്കത്തില്‍ തന്നെ ആക്രമണമഴിച്ചുവിടുന്ന രോഹിത്താണ് പവര്‍പ്ലേകളില്‍ ഇന്ത്യന്‍ സ്‌കോര്‍ 80-ന് അപ്പുറത്തേക്ക് എത്തിക്കാറ്. ലോകകപ്പിന് മുമ്പുതന്നെ ഈ ഗെയിംപ്ലാന്‍ രോഹിത് സ്വയം സ്വീകരിച്ചതാണ്. ഇത്തവണ ലോകകപ്പില്‍ ഇന്ത്യ 300 കടന്നപ്പോഴെല്ലാം അതിനു പിന്നില്‍ രോഹിത്തിന്റെ കടന്നാക്രമണമുണ്ടായിരുന്നു. രോഹിത് ഒരുക്കി നല്‍കുന്ന ഈ തുടക്കം സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് നിലയുറപ്പിക്കാനും തുടര്‍ന്നെത്തുന്ന വിരാട് കോലിക്ക് നിലയുറപ്പിച്ച ശേഷം തന്റെ സ്വതസിദ്ധമായ കളി പുറത്തെടുക്കാനുമുള്ള അവസരമൊരുക്കി. ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഒഴികെ ഇന്ത്യന്‍ മധ്യനിരയും വാലറ്റവും കാര്യമായി പരീക്ഷിക്കപ്പെടാതിരുന്നതിനു പിന്നിലും ക്യാപ്റ്റന്റെ ഈ ബാറ്റിങ് സമീപനമായിരുന്നു.
ഒരിക്കല്‍ പോലും റെക്കോഡുകള്‍ക്ക് വേണ്ടിയോ നാഴികക്കല്ലുകള്‍ക്ക് വേണ്ടിയോ രോഹിത് തന്റെ ശൈലി മാറ്റിയില്ല. കാരണം ടീമിന്റെ കിരീട ധാരണം എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. 2011-ല്‍ തനിക്ക് നഷ്ടമായ ലോക കിരീടത്തിനായി തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളിലാണ് രോഹിത് തകര്‍ത്തുകളിച്ചത്. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും സംയുക്തമായി ആതിഥ്യം വഹിച്ച 2015 ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 330 റണ്‍സുമായി ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിരുന്നു രോഹിത്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളുമടക്കമായിരുന്നു ഈ നേട്ടം. പക്ഷേ ഇന്ത്യയുടെ മുന്നേറ്റം സെമിയില്‍ ഓസ്‌ട്രേലിയക്കെതിരായ 95 റണ്‍സ് തോല്‍വിയോടെ അവസാനിച്ചു.

എന്നാല്‍ 2019 ഇംഗ്ലണ്ട് ലോകകപ്പില്‍ കണ്ടത് സംഹാരത്തിന്റെ പ്രതിരൂപമായ രോഹിത്തിനെയായിരുന്നു. ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ചുറികളെന്ന റെക്കോഡടക്കം ഒമ്പത് മത്സരങ്ങളില്‍ നിന്നായി 81.00 ശരാശരിയില്‍ 648 റണ്‍സെടുത്ത രോഹിത് ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി. പക്ഷേ അവിടെയും സെമിയില്‍ ന്യൂസീലന്‍ഡിന് മുന്നില്‍ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ പൊലിഞ്ഞു. ഇത്തവണ പക്ഷേ തന്റെ ബാറ്റിങ് സമീപനത്തില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നാണ് രോഹിത് ലോകകപ്പിനെ നേരിട്ടത്. ഉയര്‍ന്ന സ്‌കോറുകള്‍ പിന്തുടര്‍ന്ന് ജയിക്കുക താരതമ്യേന എളുപ്പമായ ഇന്ത്യയിലെ പിച്ചുകളില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ വെടിക്കെട്ട് തുടക്കം തന്നെ വേണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അവിടെയാണ് എതിര്‍ ടീമിന്റെ സ്‌ട്രൈക്ക് ബൗളര്‍മാരെയടക്കം ആക്രമിച്ച് അവരുടെ നിലതെറ്റിക്കുന്ന രോഹിത് ശൈലിയുടെ പിറവി. 2011 ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായത് വീരേന്ദര്‍ സെവാഗ് നല്‍കിയിരുന്ന ഇത്തരം വെടിക്കെട്ട് തുടക്കങ്ങളായിരുന്നു. ആ ലോകകപ്പിൽ നേരിടുന്ന ആദ്യ പന്ത് ബൗണ്ടറി കടത്തുക എന്നത് സെവാഗിന് ഒരു ഹരമായിരുന്നു. ഭയാശങ്കകളില്ലാതെ സെവാഗിനെ പോലെ ബാറ്റ് വീശുന്ന ഒരാളെ ഇന്ത്യയ്ക്ക് അത്യാവശ്യമായിരുന്നു. അവിടെയാണ് ആദ്യം നിലയുറപ്പിച്ച് പതിയെ ഇന്നിങ്‌സ് പടുത്തുയര്‍ത്തി അവസാനം തകര്‍ത്തടിക്കുന്ന തന്റെ സ്വതസിദ്ധമായ ശൈലി രോഹിത് സ്വയം മാറ്റിവെച്ചത്. എല്ലാം ടീമിനുവേണ്ടി.

ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്കെതിരേ എതിര്‍ ടീമുകള്‍ പയറ്റാറുള്ളതാണ് ഓവര്‍ ദ വിക്കറ്റില്‍ ഇടംകൈയന്‍ ബൗളര്‍മാരെക്കൊണ്ട് ലെഗ്-മിഡില്‍ സ്റ്റമ്പ് ലൈനില്‍ പന്തെറിയിക്കുക എന്നത്. മുമ്പത്തെ പല മത്സരങ്ങിലും രോഹിത്തും കോലിയുമെല്ലാം വീഴാറുള്ളത് ഇത്തരം പന്തുകളിലായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഈ ദൗര്‍ബല്യം എതിര്‍ ടീം മുതലെടുക്കുമെന്ന കാര്യം മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് ഇത്തവണ രോഹിത് ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ ഹെയ്‌സല്‍വുഡിന് മുന്നില്‍ വീണെങ്കിലും അഫ്ഗാനെതിരായ രണ്ടാം മത്സരം മുതല്‍ ബൗളിങ് നിരകളെ കടന്നാക്രമിക്കുന്ന രോഹിത് വേര്‍ഷന്‍ 2.0-വിന് തുടക്കമായി. അഫ്ഗാന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്ത് അന്ന് വെറും 84 പന്തില്‍ നിന്ന് 131 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ രോഹിത്തിന്റെ ഏഴാം സെഞ്ചുറി കൂടിയായിരുന്നു ഇത്. 48 വര്‍ഷം നീണ്ട ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോഡ് സച്ചിനെ മറികടന്ന് രോഹിത് സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ അടുത്ത മത്സരത്തില്‍ പാകിസ്താനെതിരേ ഗില്ലും കോലിയും നിലയുറപ്പിക്കാന്‍ പാടുപെട്ടപ്പോള്‍ ഷഹീന്‍ അഫ്രീദിയേയും ഹാരിസ് റൗഫിനെയും ഹസന്‍ അലിയേയുമെല്ലാം അടിച്ചുപറത്തി രോഹിത് നേടിയത് 63 പന്തില്‍ നിന്ന് 86 റണ്‍സ്. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് അനാസായ ജയമൊരുക്കിയതും രോഹിത്തിന്റെ ഈ ഇന്നിങ്‌സ് തന്നെ. ബംഗ്ലാദേശിനെതിരായ മത്സരത്തിലും അദ്ദേഹം മോശമാക്കിയില്ല. 40 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത രോഹിത് നല്‍കിയ തുടക്കം മുലെടുത്തായിരുന്നു ഗില്ലും കോലിയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ ഇന്നിങ്‌സ് കളിച്ചത്.
ഏറെ നിര്‍ണായകമായ ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലും 40 പന്തില്‍ നിന്ന് 46 റണ്‍സുമായി രോഹിത് മികച്ച തുടക്കമേകി. ഇംഗ്ലണ്ടിനെതിരേ ഗില്ലും കോലിയും ശ്രേയസ് അയ്യരുമെല്ലാം പതറിയപ്പോള്‍ നിര്‍ണായകമായത് 101 പന്തില്‍ നിന്ന് 87 റണ്‍സെടുത്ത രോഹിത്തിന്റെ ഇന്നിങ്‌സായിരുന്നു. ബൗളിങ് നിരയുടെ മികവില്‍ ഇംഗ്ലണ്ടിനെ വെറും 129 റണ്‍സില്‍ എറിഞ്ഞിട്ട് 100 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത് സാഹചര്യത്തിനനുസരിച്ചുള്ള രോഹിത്തിന്റെ ബാറ്റിങ്ങായിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നെതര്‍ലന്‍ഡ്‌സിനെതിരെയും കിവീസിനെതിരായ സെമിയിലും ഇന്ത്യയുടെ വമ്പന്‍ സ്‌കോറുകള്‍ക്ക് പിന്നിലും തുടക്കത്തില്‍ രോഹിത് പകര്‍ന്നുനല്‍കിയ ഇന്ധനമായിരുന്നു. ഫൈനലിലും ആ തുടക്കം നല്‍കാന്‍ അയാള്‍ക്കായെങ്കിലും പിന്നീട് വന്നവരില്‍ കോലിക്കൊഴികേ മറ്റാര്‍ക്കും തന്നെ ഒഴുക്കോടെ ബാറ്റ് വീശാനായില്ല. ഒരു പക്ഷേ മാക്‌സ്‌വെല്ലിനെ ഒരു സിക്‌സിനും ഫോറിനും ശിക്ഷിച്ച ശേഷം പിടിച്ചുനിന്ന് കളിക്കാന്‍ രോഹിത് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ മത്സരത്തിന്റെ ഫലം പോലും മറ്റൊന്നായേനേ എന്ന് വിശ്വസിക്കുന്നവരുണ്ട്.

ഈ ലോകകപ്പില്‍ രോഹിത് എന്ന ബാറ്ററെ പോലെ തന്നെ രോഹിത് എന്ന ക്യാപ്റ്റനെയും മറക്കാന്‍ നമുക്കാവില്ല. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരിക്കേ വിവാദ തീരുമാനങ്ങള്‍ക്ക് പിന്നാലെ വിരാട് കോലിയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തിലേക്കെത്തുകയായിരുന്നു. ടീമിനെ തന്നെ ഉലച്ചുകളയാമായിരുന്ന ഒരു സംഭവമായിരുന്നു അത്. എന്നാല്‍ അത്തരം പ്രശ്‌നങ്ങളൊന്നും ഡ്രസ്സിങ് റൂമിന് പുറത്തേക്ക് വളരാതിരിക്കാന്‍ രോഹിത്തിലെ ക്യാപ്റ്റന്‍ ശ്രദ്ധിച്ചു. ഇത്തവണ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായ വിരാട് കോലി മൂന്ന് വര്‍ഷത്തോളം ഫോം നഷ്ടത്തില്‍പ്പെട്ട് ടീമില്‍ നിന്നുപോലും പുറത്തായേക്കാമെന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി കൂടെ നില്‍ക്കാന്‍ രോഹിത്തിനായി. അല്ലായിരുന്നെങ്കിലും കോലിക്ക് ഇത്തരമൊരു തിരിച്ചുവരവ് സാധ്യമായേക്കുമോ എന്ന് പോലും സംശയമാണ്.
ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പിലടക്കം ടീമില്‍ നടപ്പാക്കിയ പരീക്ഷണങ്ങളില്‍ ഏറെ പഴികേട്ടയാളാണ് രോഹിത്തും കോച്ച് രാഹുല്‍ ദ്രാവിഡും. എന്നാല്‍ ലോകകപ്പ് മുന്നില്‍ കണ്ട് കൃത്യമായ പ്ലെയിങ് ഇലവനെ കണ്ടെത്താനുള്ള നീക്കമായിരുന്നു അതെല്ലാം. കഴിഞ്ഞ ലോകകപ്പില്‍ ശിഖര്‍ ധവാന്റെ പരിക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയായ സാഹചര്യം രോഹിത്തിന് മുന്നിലുണ്ടായിരുന്നു. ഇത്തവണ ടീമിന് ബാലന്‍സ് നല്‍കിയിരുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ടൂര്‍ണമെന്റിനിടെ പരിക്കേറ്റത് ടീമിന് തിരിച്ചടിയാകേണ്ടതായിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന് പകരം ശാര്‍ദുല്‍ താക്കൂറിനെ മറ്റൊരു ഓള്‍റൗണ്ടറായി കൊണ്ടുവരുന്നതിന് പകരം മുഹമ്മദ് ഷമി എന്ന ബൗളറെയും സൂര്യകുമാര്‍ യാദവ് എന്ന ബാറ്ററെയും ഉള്‍പ്പെടുത്താനായിരുന്നു ടീമിന്റെ തീരുമാനം. രോഹിത് കൂടി ഉള്‍പ്പെട്ട ഈ തീരുമാനം ലോകകപ്പിലെ ഇന്ത്യയുടെ മുന്നേറ്റത്തിന് ഇരട്ടി ഊര്‍ജമാണ് നല്‍കിയത്. നാലു മത്സരങ്ങള്‍ക്ക് പിന്നാലെ ടീമിലെത്തിയ ഷമി 24 വിക്കറ്റുകളുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തി. പക്ഷേ പിഴവുകളെല്ലാം ഫൈനല്‍ എന്ന ഒരേയൊരു മത്സരത്തിലേക്ക് ചുരുങ്ങിയപ്പോള്‍ അവിടെ ഫലം ഇന്ത്യയ്‌ക്കെതിരായി.

20 വയസുള്ളപ്പോള്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ അവസരം ലഭിച്ചയാളാണ് രോഹിത്. 2007 ജൂണ്‍ 23-ന് അയര്‍ലന്‍ഡിനെതിരേ ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ക്രിക്കറ്റ് ക്ലബ്ബ് മൈതാനത്ത് നിന്നാരംഭിച്ച ആ കരിയര്‍ 16 വര്‍ഷം പിന്നിടുമ്പോള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റര്‍മാരുടെ ഗണത്തിലാണ് രോഹിത്. മൂന്ന് ഇരട്ട സെഞ്ചുറികളടക്കം മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടങ്ങള്‍ക്കുടമ. 2013 നവംബര്‍ രണ്ടിന് ബെംഗളൂരുവില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു രോഹിത്തിന്റെ കരിയറിലെ ആദ്യ ഏകദിന ഇരട്ടസെഞ്ചുറി (209). തൊട്ടടുത്ത വര്‍ഷം നവംബര്‍ 13-ന് ശ്രീലങ്കയ്‌ക്കെതിരേ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 264 റണ്‍സെന്ന ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും രോഹിത് സ്വന്തമാക്കി. 2017 ഡിസംബര്‍ 13-ന് മൊഹാലിയില്‍ വീണ്ടും ലങ്കയ്ക്കെതിരേ ആ ബാറ്റില്‍ നിന്ന് മറ്റൊരു ഇരട്ട സെഞ്ചുറി കൂടി പിറന്നു. നാഗ്പുരിലെ ഒരു നിര്‍ധന കുടുംബത്തിലെ ആ ഒറ്റമുറി ജീവിതത്തില്‍ നിന്ന് സ്വന്തം കഴിവുകൊണ്ടുമാത്രം ഉയര്‍ന്നുവന്ന രോഹിത് ഇതിലേറെ ഇനി എന്താണ് ഇന്ത്യന്‍ ക്രിക്കറ്റിനായി ചെയ്യേണ്ടത്.
Content Highlights: Rohit Sharma tried everything but it wasn't supposed to be
Published: 20 Nov 2023, 05:22 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented