
ക്രിക്കറ്റ് മാത്രം സ്വപ്‌നം കണ്ടുവളര്‍ന്നവന്‍, ആ സ്വപ്‌നത്തിനായി കുടുംബത്തെവിട്ട് പതിനഞ്ചാം വയസ്സിൽ കൊല്‍ക്കത്തയ്ക്ക് വണ്ടി കയറി. ആ മഹാനഗരത്തില്‍ കിടക്കാനൊരിടം പോലുമില്ലാതെ ക്ലബുകള്‍ക്ക് വേണ്ടി പന്തെറിഞ്ഞവന്‍.... ആദ്യം ആഭ്യന്തര ക്രിക്കറ്റിലും പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിലും വിക്കറ്റുകള്‍ വാരിക്കൂട്ടി വരവറയിച്ച നാളുകള്‍... ലോകകപ്പുകളില്‍ മിന്നുന്ന പ്രകടനവുമായി കളം നിറഞ്ഞവന്‍... വ്യക്തപരമായ പ്രശ്‌നങ്ങളുടെ പേരില്‍ വിഷാദത്തിലാണ്ടുപോയവന്‍... ഒത്തുകളിക്കാരനെന്നും രാജ്യദ്രോഹിയെന്നും വിളികേട്ടവന്‍... വിമര്‍ശനങ്ങളുടെ മുള്‍പ്പാത താണ്ടിയവന്‍... മൂന്ന് വട്ടം മരണത്തെ പുല്‍കാന്‍ കൊതിച്ചവന്‍... പേസ് ഹീറോയെന്നും സൂപ്പര്‍ ഷമിയെന്നും ആരാധകര്‍ പേരുചൊല്ലി വിളിച്ചപ്പോഴും സ്വതസിദ്ധമായ പുഞ്ചിരി തൂകി നിന്നവന്‍. മുഹമ്മദ് ഷമി. അവന്റെ ചിറകിലേറിയാണ് 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമിയിലേക്കും അവിടെനിന്ന് ഫൈനലിലേക്കും കുതിച്ചത്. അവനെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഫൈനലിലെ തോൽവിയുടെ കരിനിഴൽ ഷമിയുടെ സ്വപ്നതുല്ല്യമായ പ്രകടനത്തിന്റെ മാറ്റ് തെല്ലും കുറയ്ക്കുന്നില്ല.ഇത് ഹെഡ്ഡിന്റെയും ഓസ്ട്രേലിയയുടെയും കോലിയുടെയും മാത്രമല്ല, ഷമിയുടെ കൂടി ലോകകപ്പാണ്.
ക്രിക്കറ്റെന്ന സ്വപ്‌നം കൈയെത്തിപ്പിടിക്കാന്‍ മൊറാദാബാദില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് ട്രെയിനില്‍ കയറിയ ലജ്ജാശീലനായ കൗമാരക്കാരന്‍ ഇന്നിപ്പോള്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന്റെ കുന്തമുനയാണ്. ഒരു കാലത്ത് 100 രൂപ കൊണ്ട് ദിവസം തള്ളിനീക്കിയിരുന്ന ആ മനുഷ്യന് ഇന്ന് കൊല്‍ക്കത്ത നഗരത്തിലെ ആഡംബരങ്ങളിലാണ് ജീവിക്കുന്നത്. പേരും പ്രശസ്തിയും വന്നു ചേര്‍ന്നിട്ടും ക്രിക്കറ്റിന്റെ ഗ്ലാമര്‍ ലോകത്ത് തികച്ചും വ്യത്യസ്തനാണ് ഷമി. കൊല്‍ക്കത്തയിലെ തന്റെ പഴയ ക്ലബിനെയും പഴയ ടീമംഗങ്ങളെയും സന്ദര്‍ശിക്കാന്‍ മടി കാണിക്കാത്ത സൗമ്യനായ വ്യക്തി. മൃദുവായി മാത്രം സംസാരിക്കുന്ന, അമിതാഹ്‌ളാദങ്ങള്‍ ഒരിക്കലും പുറത്തുകാണിക്കാത്ത ഷമി. പിന്നിട്ട സങ്കടക്കടലുകള്‍ തന്നെയാകും ഷമിയുടെ ഊര്‍ജ്ജം. ആ ഊര്‍ജ്ജം ആവാഹിച്ചാണ് ഷമി ലോകകപ്പില്‍ കൊടുങ്കാറ്റായത്. ലോകകപ്പിലെ ഏഴ് കളികളില്‍ നിന്നായി 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ന്യൂസീലന്‍ഡിനെതിരേ 57 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ലോകകപ്പില്‍ 50 വിക്കറ്റുകളെന്ന നാഴികക്കല്ലും ഷമി പിന്നിട്ടു.
സഹസ്പുരില്‍നിന്ന് കൊല്‍ക്കത്തയിലേക്ക്
ഉത്തര്‍പ്രദേശിലെ മൊറാദാബാദിന് സമീപമുള്ള സഹസ്പുരിലെ ചെളി നിറഞ്ഞ പാടങ്ങളില്‍ നിന്നാണ് ഷമി യാത്ര ആരംഭിച്ചത്. പഞ്ചസാര മില്ലുകള്‍ക്ക് പ്രശസ്തമായിരുന്ന സഹസ്പുരിലെ കര്‍ഷകനായ തൗസീഫ് അലിയുടെ അഞ്ച് മക്കളില്‍ ഒരാളായിരുന്നു ഷമി. കൗമാരകാലത്ത് ക്രിക്കറ്റ് കളിച്ചിരുന്ന തൗസീഫ് അലിയും ഒരു ഫാസ്റ്റ് ബൗളറായിരുന്നു. ഷമിയുടെ മൂന്ന് സഹോദരന്മാരും ക്രിക്കറ്റ് കളിച്ചിരുന്നു. ഷമിയുടെ കഴിവുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന തൗസീഫ് അത് വളര്‍ത്തിയെടുക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. ഹസ്പുരില്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നത് അവനെ എവിടെയും എത്തിക്കില്ലെന്ന ധാരണയും അദ്ദേഹത്തിന് കൃത്യമായുണ്ടായിരുന്നു. അതോടെ പതിനഞ്ചാം വയസില്‍ വീട്ടില്‍നിന്ന് 22 കിലോ മീറ്റര്‍ അകലെ, മൊറാദാബാദിലെ ക്രിക്കറ്റ് പരിശീലകനായ ബദ്റുദ്ദീന്‍ സിദ്ദിഖിന്റെ അടുത്തേക്ക് പിതാവ് ഷമിയെ കൊണ്ടുപോയി.
ക്രിക്കറ്റ് കണ്‍ട്രിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പില്‍ക്കാലത്ത് ബദ്റുദ്ദീന്‍ ആ ദിവസങ്ങള്‍ ഓര്‍മിക്കുന്നുണ്ട്; 'നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന പതിനഞ്ചുകാരനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ അവനൊരു അസാധാരണ ബാലനാണെന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ട് ഞാനവനെ പരിശീലിപ്പിക്കാന്‍ തീരുമാനിച്ചു. ക്ലബ് ക്രിക്കറ്റ് നിലവിലില്ലാതിരുന്നതിനാല്‍ ഉത്തര്‍പ്രദേശ് ട്രയല്‍സിനായി ആദ്യവര്‍ഷം ഞാനവനെ സജ്ജമാക്കി. കഠിനാധ്വാനിയും സമയനിഷ്ഠ പാലിക്കുന്നവനും സഹകരണമനോഭാവം പുലര്‍ത്തുന്നവനുമായിരുന്നു അവന്‍. പരിശീലനത്തില്‍ നിന്ന് ഒരു ദിവസം പോലും അവന്‍ അവധി എടുത്തിരുന്നില്ല. അണ്ടര്‍ 19 ട്രയല്‍സില്‍ നന്നായി ബോള്‍ ചെയ്‌തെങ്കിലും രാഷ്ട്രീയ ഇടപെടല്‍മൂലം അവന് സെലക്ഷന്‍ ലഭിച്ചില്ല. അടുത്ത വര്‍ഷം ശ്രമിക്കാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അവന്റെ ഒരു വര്‍ഷം നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതുകൊണ്ട് അവനെ കൊല്‍ക്കത്തയ്ക്ക് അയക്കാന്‍ അവന്റെ മാതാപിതാക്കളോട് ഞാന്‍ ആവശ്യപ്പെട്ടു.'
മാതാപിതാക്കളെ വിട്ട് ഒട്ടും പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് മാറാന്‍ ഒരു 15 വയസുകാരന്‍ തീരുമാനിച്ചത് അവന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്നായിരുന്നു. പക്ഷേ, ആ തീരുമാനമാണ് ഷമിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. കൊല്‍ക്കത്തയിലെത്തിയ അവന്റെ തുടക്കകാലം പ്രയാസം നിറഞ്ഞതായിരുന്നു. പുതുമുഖങ്ങള്‍ക്ക് മോഹന്‍ ബഗാന്‍, കാളിഘട്ട് പോലെയുള്ള വലിയ ക്ലബ്ബുകളില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. അതുകൊണ്ട് അധികം അറിയപ്പെടാത്ത ഡല്‍ഹൗസി അത്ലറ്റിക് ക്ലബ്ബിനായാണ് ഷമി കളിച്ചു തുടങ്ങിയത്. ഈ ക്ലബ്ബിനായി കളിക്കുന്ന കാലത്താണ്, ടൗണ്‍ ക്ലബിന്റെ ജനറല്‍ സെക്രട്ടറിയും ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായ ദേബബ്രത ദാസിന്റെ ശ്രദ്ധയില്‍ ഷമി പെടുന്നത്. കടുത്ത ക്രിക്കറ്റ് പ്രേമിയായ ദേബബ്രത ദാസിനെ കണ്ടുമുട്ടിയ ആ ആ സായാഹ്നമായിരുന്നു ഷമിയുടെ കരിയറിലെ വഴിത്തിരിവ്.
''കൊല്‍ക്കത്തയിലെ രാജസ്ഥാന്‍ ഗ്രൗണ്ടില്‍വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടത്. അവന്റെ കഴിവുകള്‍ കണ്ട് ഞാന്‍ ഞെട്ടി. ശരാശരി ഉയരം മാത്രമുള്ള ഒരു ബൗളര്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്യുന്നു; സുഗമമായ റണ്‍-അപ്പ്, സുഗമമായ ആക്ഷന്‍, സ്ട്രെയിറ്റ് സീം. ഡല്‍ഹൗസി ക്ലബ്ബിന്റെ സീസണിലെ അവസാന മത്സരമായിരുന്നു. അതോടെ അവരുമായുള്ള ബന്ധം ഏതാണ്ട് അവസാനിച്ചിരുന്നു. ഞാന്‍ അവനെ എന്റെ ടീമിലേക്ക് ക്ഷണിച്ചു. ഒരു സീസണിലേക്ക് 75,000 രൂപയും ഭക്ഷണത്തിന് പ്രതിദിനം 100 രൂപയുമായിരുന്നു കരാര്‍. പക്ഷേ, ഒരു പ്രശ്നമുണ്ടായിരുന്നു. ഷമിക്ക് നഗരത്തില്‍ താമസിക്കാന്‍ സ്ഥലമില്ലായിരുന്നു. ഞാന്‍ എവിടെ താമസിക്കും? എന്ന അവന്റെ ചോദ്യത്തിന് എനിക്കൊപ്പം താമസിക്കും എന്നതായിരുന്നു എന്റെ മറുപടി.' അക്കാലത്തെക്കുറിച്ച് ദേബബ്രത ദാസും പില്‍ക്കാലത്ത് ഓര്‍മിച്ചു.

കൊല്‍ക്കത്ത വളര്‍ത്തിയ ബൗളര്‍
കൊല്‍ക്കത്തയില്‍ ടൗണ്‍ ക്ലബിനായാണ് ഷമി ഫസ്റ്റ് ഡിവിഷന്‍ ലീഗ് കളിക്കാന്‍ തുടങ്ങിയത്. ആ സീസണില്‍ ടൗണ്‍ ക്ലബ് നന്നായി കളിക്കുകയും പ്രത്യേകിച്ച്, ഷമി വളരെ പെട്ടന്ന് ശ്രദ്ധേയനാവുകയും ചെയ്തു. ഷമിക്ക് ബിരിയാണി വളരെ ഇഷ്ടമായിരുന്നുവെന്നും ഞങ്ങള്‍ക്ക് വിക്കറ്റ് ആവശ്യമുള്ളപ്പോഴെല്ലാം 'ഏക് വിക്കറ്റ്, ഏക പ്ലേറ്റ് ബിരിയാണി' (ഓരോ വിക്കറ്റിനും ഒരു പ്ലേറ്റ് ബിരിയാണി) എന്ന് വിളിച്ചുപറയാറുണ്ടായിരുന്നുമെന്നുമാണ് ദാസ് അക്കാലത്തെക്കുറിച്ച് പറഞ്ഞത്. ആ സീസണിലെ അണ്ടര്‍ 22 ടീമില്‍ ഷമിയെ എടുക്കണമെന്ന് ദാസ് ബംഗാള്‍ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, വലിയ ക്ലബ്ബുകളിലൊന്നും കളിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ അവനെ തിരഞ്ഞെടുത്തില്ല. തുടര്‍ന്ന് അന്നത്തെ സെലക്ടര്‍മാരില്‍ ഒരാളായിരുന്ന സംബാരൻ ബാനര്‍ജിയോട് ഷമിയുടെ ബൗളിങ് കാണാന്‍ ദാസ് ആവശ്യപ്പെട്ടു. ഷമിയുടെ ബൗളിങ് അദ്ദേഹത്തില്‍ മതിപ്പുളവാക്കി. അതോടെ ആ വര്‍ഷം വിജയ് ഹസാരെ ട്രോഫിക്കുള്ള ബംഗാള്‍ ടീമിലേക്ക് ഷമി തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത സീസണില്‍ ഷമി മോഹന്‍ ബഗാനിലേക്ക് മാറി. ഒരു ദിവസം ഈഡന്‍ ഗാര്‍ഡന്‍സ് നെറ്റ്‌സില്‍ ഗാംഗുലിക്ക് പന്തെറിയാന്‍ ഷമിക്ക് അവസരം ലഭിച്ചു. ഷമിയുടെ കഴിവ് തിരിച്ചറിഞ്ഞ ഗാംഗുലിയും അവനെ പ്രത്യേകം ശ്രദ്ധിക്കാന്‍ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടു. ആ ദിവസത്തിന് ശേഷം ഷമിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പിന്നാലെ 2010-11 സീസണിലെ ബംഗാള്‍ രഞ്ജി ട്രോഫി ടീമില്‍ ഷമി അംഗമായി.
2010 ഒക്ടോബറില്‍ സീനിയര്‍ ടീമിനായി അരങ്ങേറിയ ഷമി ആദ്യ ട്വന്റി20 മത്സരത്തില്‍ ബംഗാളിനായി നാല് വിക്കറ്റ് വീഴ്ത്തി. തൊട്ടടുത്ത മാസം, അസമിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറി. ആ മത്സരത്തില്‍ മൂന്ന് വിക്കറ്റുകളാണ് ഷമി നേടിയത്. 2012 ഫെബ്രുവരിയില്‍ ഈസ്റ്റ് സോണിന്റെ ആദ്യത്തെ ദുലീപ് ട്രോഫി കിരീടം നേട്ടത്തിലും ഷമിക്ക് വലിയ പങ്കുണ്ടായിരുന്നു. പിന്നാലെ ഇന്ത്യ എ ടീമിനൊപ്പം വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനത്തിന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ പത്താമനായി ബാറ്റ് ചെയ്ത അദ്ദേഹം ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം 73 റണ്‍സിന്റെ കൂട്ടുകെട്ടില്‍ പങ്കാളിയായി. ആ വര്‍ഷം തന്നെ ഇന്ത്യ എയുടെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ നിലനിര്‍ത്തിയ രണ്ട് ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. 2011-ല്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി. 2012-13 രഞ്ജി ട്രോഫി സീസണില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ഷമി 11 വിക്കറ്റ് വീഴ്ത്തി. സീസണില്‍ അഞ്ച് രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നായി 28 വിക്കറ്റുകളും നേടി. 2013-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചശേഷം ഷമി തന്റെ സംസ്ഥാന ടീമിന് വേണ്ടി വല്ലപ്പോഴും മാത്രമാണ് കളിച്ചത്. 2018/19 സീസണിന് ശേഷം ഷമി ബംഗാളിനായി കളിച്ചിട്ടില്ല.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഷമിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വഴി തുറന്നത്. പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് ഷമി തിരഞ്ഞെടുക്കപ്പെട്ടു. 2013 ജനുവരി ആറിന് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ലയില്‍ പാകിസ്താനെതിരായ മൂന്നാം ഏകദിനത്തില്‍ ഷമി അരങ്ങേറ്റം കുറിച്ചു. ഒക്ടോബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലും ഷമി അംഗമായിരുന്നു. നവംബര്‍ 6-ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഷമി തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇന്നിങ്സില്‍ കീരന്‍ പവലിലെ പുറത്താക്കി അദ്ദേഹം തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി. അരങ്ങേറ്റ ടെസ്റ്റില്‍ അദ്ദേഹം ഒമ്പത് വിക്കറ്റ് വീഴ്ത്തി. 2014-ല്‍ ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ 11 വിക്കറ്റുകളാണ് ഷമി നേടിയത്. ആവര്‍ഷം ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ തന്റെ 29-ാം ഇന്നിങ്‌സില്‍ ഷമി 50 ഏകദിന വിക്കറ്റുകള്‍ തികച്ചു. ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര അടിയറ വെച്ചശേഷം ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നതില്‍ നിര്‍ണയക പങ്ക് വഹിച്ചവരിലൊരാള്‍ ഷമിയായിരുന്നു. പരമ്പരയിലാകെ എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി ഡെത്ത് ഓവറുകളില്‍ മികച്ച രീതിയിലാണ് ബൗള്‍ ചെയ്തത്. പിന്നാലെ ക്രിക്കറ്റ് പണ്ഡിതര്‍ ഇന്ത്യന്‍ ബൗളിംഗിന്റെ ഭാവിവാഗ്ദാനം എന്നാണ് ഷമിയെ വിശേഷിപ്പിച്ചത്.

രണ്ട് ലോകകപ്പുകള്‍, ഷമിയെന്ന താരം
2014-ലെ മികച്ച പ്രകടനങ്ങള്‍ ആ വര്‍ഷത്തെ ഐ.സി.സി. ലോക ഇലവനില്‍ മുഹമ്മദ് ഷമിക്ക് ഇടംനേടിക്കൊടുത്തു. ഇതോടെ 2015 ലോകകപ്പ് ടീമില്‍ അദ്ദേഹം സ്ഥാനമുറപ്പിച്ചു. ലോകകപ്പില്‍ പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഒന്‍പത് ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഷമിയുടെ പ്രകടനം നിര്‍ണായകമായി. വെസ്റ്റ് ഇന്‍ഡീസിനെതിരേ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി അദ്ദേഹം മാന്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. അയര്‍ലന്‍ഡിനെതിരേ ഒന്‍പത് ഓവറില്‍ 41 വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. സിംബാബ്വെയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രണ്ട് മെയ്ഡനുകള്‍ ഉള്‍പ്പെടെ 48 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരേ രണ്ട് വിക്കറ്റ് നേടിയെങ്കിലും സെമിയില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ നിറംമങ്ങി. ഇന്ത്യ തോറ്റ മത്സരത്തില്‍ അദ്ദേഹം 10 ഓവറില്‍ വിക്കറ്റൊന്നും എടുക്കാതെ 68 റണ്‍സ് വിട്ടുകൊടുത്തു. ആ ലോകകപ്പില്‍ ആകെ 17 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത നാലാമത്തെ താരവുമായി. ഇടത് കാല്‍മുട്ടിലെ വേദന സഹിച്ചാണ് താന്‍ പന്തെറിഞ്ഞതെന്ന് ടൂര്‍ണമെന്റിന് ശേഷം ഷമി വെളിപ്പെടുത്തി. പിന്നീട് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി.
പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2017-ലെ ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലേക്കാണ് ഷമി തിരിച്ചെത്തുന്നത്. എന്നാല്‍, ടൂര്‍ണമെന്റിലെ ഒരു മത്സരത്തിലും താരം ഇടം പിടിച്ചില്ല. 2019 ജനുവരിയില്‍ ന്യൂസീലന്‍ഡ് പര്യടനത്തിനിടെ, മാര്‍ട്ടിന്‍ ഗപ്റ്റിലിനെ ബൗള്‍ ചെയ്ത് ഷമി തന്റെ നൂറാം ഏകദിന വിക്കറ്റ് നേടി. തന്റെ 56-ാം മത്സരത്തില്‍ ഈ നാഴികക്കല്ല് പിന്നിട്ട അദ്ദേഹം ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ താരമായി. പരമ്പരയിലെ നാല് മത്സരങ്ങളില്‍ കളിച്ച ഷമി ഒമ്പത് വിക്കറ്റ് വീഴ്ത്തി പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് 2019 ക്രിക്കറ്റ് ലോകകപ്പ് ടീമില്‍ ഇടം നേടുന്നതിന് അദ്ദേഹത്തെ സഹായിച്ചു. ടീമില്‍ ഇടം നേടിയ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. 2019 ജൂണ്‍ 22-ന്, അഫ്ഗാനെതിരായ മത്സരത്തില്‍, ഷമി ഹാട്രിക് നേടി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍, ഏകദിനത്തിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ആ ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹം 14 വിക്കറ്റ് വീഴ്ത്തി.
2020-ല്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരമ്പരയുടെ ഭാഗമായിരുന്നു ഷമി. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും സ്ഥിരതയോടെ യോര്‍ക്കറുകള്‍ എറിയാനും വിക്കറ്റുകള്‍ വീഴ്ത്താനുമുള്ള ഷമിയുടെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടു. മറ്റ് രണ്ട് ഫോര്‍മാറ്റുകളിലേത് പോലെ ടി 20 ക്രിക്കറ്റില്‍ മികച്ച പ്രകടനം അല്ലായിരുന്നിട്ടും തുടര്‍ച്ചയായ മൂന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2021 ടി20 ലോകകപ്പില്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. പ്രധാന ടീമിലെ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. 2022-ലെ ടി 20 ലോകകപ്പില്‍ സ്റ്റാന്‍ഡ് ബൈ താരമായിരുന്നുവെങ്കിലും ജസ്പ്രീത് ബുംറ പരിക്കേറ്റ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായതിനെത്തുടര്‍ന്ന് പകരക്കാരനായി തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളാല്‍ ടീം വിട്ട് മുംബൈയിലേക്ക് മടങ്ങേണ്ടിവന്ന ബുംറയ്ക്ക് പകരമായി നേപ്പാളിനെതിരെയാണ് അദ്ദേഹം ഈ പരമ്പരയില്‍ തന്റെ ആദ്യ മത്സരം കളിച്ചത്. ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ഓസ്ട്രേലിയയുടെ ഇന്ത്യാ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

വിഷാദം തളര്‍ത്തിയ നാളുകള്‍, തിരിച്ചുവരവ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്നതിനിടെ 2012-ലാണ് ഷമി ഹസിന്‍ ജഹാനയെ കണ്ടുമുട്ടുന്നത്. ആ സീസണില്‍ നൈറ്റ് റൈഡേഴ്സിന്റെ ചിയര്‍ ലീഡറായിരുന്ന ഹസിന്‍ ജഹാന. ഹസിന്‍ ജഹാനയെ കണ്ട നിമിഷത്തില്‍ തന്നെ പ്രണയത്തിലായി. ഷമിയാണ് സംസാരിക്കാന്‍ മുന്‍കൈയെടുത്തതും പ്രണയം തുറന്നുപറഞ്ഞതും. 2014 ജൂണ്‍ ആറിന് ഇരുവരും വിവാഹിതരായി. വിഹാഹത്തിന് പിന്നാലെ ഹസിന്‍ ജഹാന മോഡലിങ് ഉപേക്ഷിക്കുകയും ഐ.പി.എല്ലില്‍ ചിയര്‍ ഗേളായുള്ള ജോലി അവസാനിപ്പിക്കുകയും ചെയ്തു. 2015-ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. മറ്റ് സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചത്. 2018-ല്‍ ആയപ്പോഴേക്കും ഷമിക്കെതിരേ ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള പരാതിയുമായി ഭാര്യ രംഗത്തുവന്നു.
ഒത്തുകളി ആരോപണവും താരത്തിനെതിരെ ഹസിന്‍ ജഹാന ഉയര്‍ത്തി. പാകിസ്താനി വനിതയില്‍ പണം കൈപ്പറ്റി ഷമി ഒത്തുകളിച്ചു എന്ന ആരോപണമാണ് ഭാര്യ തന്നെ അദ്ദേഹത്തിനെതിരേ ഉയര്‍ത്തിയത്. ഇതോടെ വിഷയത്തില്‍ ബി.സി.സി.ഐ. ഇടപെടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആരോപണങ്ങള്‍ക്ക് പിന്നാലെ ബി.സി.സി.ഐയ്യുമായുള്ള കരാറില്‍നിന്ന് ഷമി താല്‍ക്കാലികമായി പുറത്താക്കപ്പെട്ടു. ഒത്തുകളി ആരോപണങ്ങളും കരാര്‍ റദ്ദാക്കലുമെല്ലാം ഷമിയെ അമ്പേ തളര്‍ത്തി. സമൂഹമാധ്യമങ്ങള്‍ ഷമിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി വിചാരണ ആരംഭിച്ചു, ഷമിയ്‌ക്കെതിരേ ആരോപണശരങ്ങളുയര്‍ന്നു. ആദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍വരെ ശ്രമങ്ങള്‍ നടന്നു. 'എന്റെ രാജ്യത്തെ ഞാന്‍ ചതിക്കുമോ, അതിലും നല്ലത് മരണമല്ലേ' എന്നാണ് ഷമി അന്ന് പ്രതികരിച്ചത്. ജീവനൊടുക്കുന്നതിനെപ്പറ്റി മൂന്ന് തവണയാണ് താരം ചിന്തിച്ചത്. ആ സമയത്തെല്ലാം കുടുംബമാണ് അദ്ദേഹത്തിന് ഒപ്പം നിന്നത്. മാനസിക സംഘര്‍ഷങ്ങള്‍ അദ്ദേഹത്തെ ഉലച്ചു. അദ്ദേഹം വിഷാദത്തിലാണ്ടുപോയി. ഒടുവില്‍ ആശ്വാസമെന്നപോലെ കോഴ വിവാദത്തില്‍ ഷമി തെറ്റുകാരനല്ലെന്ന് തെളിഞ്ഞു.

2018-ലെ ഐ.പി.എല്‍. സീസണിലൂടെ ജീവിതത്തിലേക്കും കളിക്കളത്തിലേക്കും തിരികെയെത്താനുള്ള ശ്രമത്തിലായിരുന്നു താരം. പക്ഷേ, വിധി അവിടെയും വില്ലനായി. മത്സരത്തിന് രണ്ടാഴ്ച മുമ്പ് ഷമി സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷമിയ്ക്ക് ആ സീസണ്‍ തന്നെ നഷ്ടപ്പെട്ടു. ഇതിനിടെയാണ് ഹസില്‍ ജഹാനയുമായുള്ള വിവാഹമോചനം നടക്കുന്നത്. അവര്‍ക്ക് 1.3 ലക്ഷം രൂപ പ്രതിമാസം നല്‍കാന്‍ കൊല്‍ക്കത്ത കോടതി ഉത്തരവിട്ടു. അവിടെനിന്ന് പോരാളിയെപ്പോലെ ഷമി തിരിച്ചുവന്നു. തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ മികച്ചപ്രകടനം. പക്ഷേ, സെമി ഫൈനലില്‍ ന്യൂസീലൻഡിനെതിരായ ടീമില്‍നിന്ന് ഷമി പുറത്തായി. ആ കളി ബഞ്ചിലിരുന്നാണ് ഷമി കണ്ടത്. ഈ ലോകകപ്പിലും ആദ്യ മത്സരങ്ങളില്‍ പുറത്തിരിക്കാനായിരുന്നു വിധി. പക്ഷ, ഹർദിക് പാണ്ഡ്യയുടെ പരിക്കിന്റെ രൂപത്തില്‍ വിധി ഇത്തവണ ഷമിക്ക് അവസരം തുറന്നു നല്‍കി. കിട്ടിയ അവസരം വിനിയോഗിച്ച ഷമിയാകട്ടെ മധുരപ്രതികാരം വീട്ടുകയും ചെയ്തു.
ആദ്യം ബഞ്ചില്‍, പിന്നാലെ ടീമിന്റെ നട്ടെല്ല്
ഈ ലോകകപ്പില്‍ ഇന്ത്യ കളിച്ച ആദ്യ നാല് മത്സരങ്ങളില്‍ മുഹമ്മദ് ഷമിയുണ്ടായിരുന്നില്ല. ലോകകപ്പിനു തൊട്ടുമുമ്പ് ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഷമി കളിച്ചിരുന്നു. മൊഹാലിയിലെ മത്സരത്തില്‍ 51 റണ്‍സിന് അഞ്ചു വിക്കറ്റും നേടി. പക്ഷേ, ലോകകപ്പില്‍ ജസ്പ്രീത് ബുംറ-മുഹമ്മദ് സിറാജ് സഖ്യത്തില്‍ ടീം വിശ്വാസമര്‍പ്പിച്ചതോടെ ഷമിക്ക് ഇലവനില്‍ ഇടമില്ലാതായി. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ശാര്‍ദ്ദൂല്‍ ഠാക്കൂറുമൊക്കെ കളിച്ചപ്പോള്‍ ഷമിക്ക് കരയ്ക്കിരിക്കാനായിരുന്നു യോഗം. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റു പുറത്തായ സാഹചര്യത്തിലാണ് ന്യൂസീലന്‍ഡിനെതിരേ കളിക്കാന്‍ അവസരം കിട്ടിയത്. അഞ്ച് വിക്കറ്റുമായി ഷമി തിളങ്ങുകയും ചെയ്തു. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ നാലുവിക്കറ്റ് വീഴ്ത്തി സ്ഥാനം ഉറപ്പിച്ചു. ശ്രീലങ്കയ്‌ക്കെതിരേ വീണ്ടും അഞ്ച് വിക്കറ്റ് നേട്ടം. 18 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഈ ലോകകപ്പിലെ മികച്ച ബൗളിങ് പ്രകടനം കൂടിയായത്. തുടര്‍ച്ചയായ മൂന്നാം കളിയിലും മുഹമ്മദ് ഷമി കൊടുങ്കാറ്റായപ്പോള്‍ നിലംപൊത്തിയത് ശ്രീലങ്ക മാത്രമല്ല വിക്കറ്റ് വേട്ടയിലെ റെക്കോഡ് കൂടിയായിരുന്നു. ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന നേട്ടം. 44 വിക്കറ്റുകള്‍ നേടിയിരുന്ന സഹീര്‍ഖാനും ജവഗല്‍ ശ്രീനാഥും കൈവശം വെച്ചിരുന്നു റെക്കോഡാണ് ഷമി മറികടന്നത്. കേവലം 14 കളിയില്‍നിന്നാണ് ഷമിയുടെ നേട്ടം.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റുകളാണ് ഷമി പിഴുതത്. നെതര്‍ലന്‍സിനെതിരായ മത്സരത്തില്‍ പക്ഷേ ഷമി നിരാശപ്പെടുത്തി ആറ് ഓവര്‍ എറിഞ്ഞ ഷമി 41 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് ഒന്നും വീഴ്ത്താന്‍ സാധിച്ചില്ല. പക്ഷേ, ന്യൂസീലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ ഷമി കൊടുങ്കാറ്റായി. ഒരു മത്സരത്തിലൂടെ നാല് റെക്കോഡുകളാണ് ഷമി എറിഞ്ഞിട്ടത്. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഷമി 9.5 ഓവറില്‍ 57 റണ്‍സ് വിട്ടു നല്‍കി ഏഴുവിക്കറ്റാണ് വീഴ്ത്തിയത്. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും ഷമി സ്വന്തമാക്കി. 2011-ല്‍ സഹീര്‍ഖാന്‍ നേടിയ 21 വിക്കറ്റിന്റെ റെക്കോഡ് ഷമി മറികടന്നു. ലോകകപ്പില്‍ അതിവേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ എന്ന നേട്ടവും ഷമി സ്വന്തമാക്കി. ഫൈനലില്‍ ഒരു വിക്കറ്റായിരുന്നു ഷമിയുടെ നേട്ടം. ഇതോടെ ഈ ലോകകപ്പിലെ ഏഴ് കളികളില്‍ നിന്നായി ഷമിയുടെ വിക്കറ്റ് നേട്ടം 24 ആയി. 2023 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ ബോളര്‍.
Content Highlights: Story of Mohammed Shami
Published: 20 Nov 2023, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented