
സാബര്‍മതി തീരത്തിരുന്ന് ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പോസ് ചെയ്യുന്ന തിരക്കിലായിരുന്നു തിങ്കളാഴ്ച ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്... അയാള്‍ അവര്‍ക്കായി പലരീതിയില്‍ ചിരിച്ചു... ഉള്ളുതുറന്ന്... ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലുകളില്‍ ജയിക്കുകയെന്ന ഓസ്‌ട്രേലിയന്‍ പാരമ്പര്യംകാത്ത ക്യാപ്റ്റന്‍... ഒരുലക്ഷം പേരെ വെറും പതിനൊന്നുപേര്‍ നിശ്ശബ്ദരാക്കുക... ചരിത്രത്തില്‍ ഈ ലോകകപ്പ് ഫൈനല്‍ അറിയപ്പെടുന്നത് ഈ വരികളിലായിരിക്കും. അതിന് എത്രത്തോളം ആനന്ദിക്കാമോ അത്രത്തോളം ആനന്ദത്തിലായിരുന്നു ഓസ്‌ട്രേലിയന്‍ ടീം. ആതിഥേയരായ ഇന്ത്യയെ ആറുവിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ ആറാം തവണ ലോകകപ്പ് നേടിയത്.
ഞായറാഴ്ച രാത്രിയില്‍ ഒരുലക്ഷം പേരുണ്ടായിട്ടും ഓസ്‌ട്രേലിയ കളിച്ചത് ഒഴിഞ്ഞഗാലറികളുടെ നടുവിലെന്നുതോന്നിച്ചു. നിരാശയുടെ നിശ്ശബ്ദത... സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്ഡ് ബാറ്റുയര്‍ത്തുമ്പോള്‍ കൈയടിക്കാന്‍ ഏതാനും ഓസ്‌ട്രേലിയക്കാര്‍ മാത്രം. ലോകകപ്പ് കൈകളിലേക്ക് കിട്ടിയിട്ടും മൈതാനത്തെ അവരുടെ ആഘോഷങ്ങള്‍ അധികനേരം നീണ്ടില്ല. ട്രോഫിയുമായി മൈതാനം വലംവെക്കാന്‍ ഓസീസ് ടീം പേടിച്ചിരുന്നെന്നുതോന്നി. ടീം ബസില്‍ ഹോട്ടലിനുമുന്നിലെത്തിയപ്പോള്‍ ലോകകപ്പ് ഗ്ലെന്‍ മാക്‌സ്വെലിന്റെ കൈകളിലെത്തിയിരുന്നു. അയാള്‍ അതുമായി ഹോട്ടലിനുള്ളിലേക്ക് പോകുമ്പോള്‍ എല്ലാം ജയിച്ചവന്റെ ചിരിയുണ്ടായിരുന്നു. ഹോട്ടലിനുള്ളിലായിരുന്നു അവരുടെ ആനന്ദനൃത്തം.

ലോകകപ്പ് ചരിത്രത്തിലെ മികച്ച ഓസ്‌ട്രേലിയന്‍ ടീമുകളുടെ അടുത്തെങ്ങും എത്താത്ത ടീമാണ് പാറ്റ് കമ്മിന്‍സും സംഘവും. അലന്‍ബോര്‍ഡര്‍, സ്റ്റീവ് വോ, മാര്‍ക്ക് വോ, ഷെയിന്‍ വോണ്‍, റിക്കി പോണ്ടിങ്, ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍... ഇവരുടെ മികവില്ലാതിരുന്നിട്ടും ഫൈനല്‍ ജയിക്കേണ്ടതെങ്ങനെയെന്ന് അവര്‍ക്കറിയാമായിരുന്നു. 2015-ല്‍ ലോകകപ്പ് നേടിയ ഒരുപിടി കളിക്കാരുടെ സംഘം അതിലുണ്ടായിരുന്നു. മത്സരത്തലേന്നും അന്നുരാവിലെയും മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയും വീഡിയോകോളുകളിലൂടെയും അവരെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു.
ലോകകപ്പില്‍ കളിച്ച പതിവുശൈലിതന്നെ മതിയെന്നായിരുന്നു ഇന്ത്യയുടെ തീരുമാനമെങ്കില്‍ ഓസീസ് ഫൈനലിനായി കൃത്യമായ പദ്ധതിയുണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് രോഹിതിനും വിരാടിനും എതിരേ. ഇന്ത്യ ബാറ്റുചെയ്യുമ്പോള്‍ ആദ്യ ഓവറുകളില്‍ പതിവില്ലാത്തരീതിയില്‍ ഡീപ് മിഡ് വിക്കറ്റിലും ഫൈന്‍ തേഡ്മാനിലും ഫീല്‍ഡറെത്തി. രോഹിതും വിരാടും അടിക്കാന്‍തുടങ്ങിയ സമയം ആ ഫീല്‍ഡര്‍മാര്‍തന്നെ ബൗണ്ടറികടക്കുമെന്നുതോന്നിച്ച നാലോ അഞ്ചോ പന്തുകള്‍ തടഞ്ഞിട്ടിരുന്നു. കളിയിലാകെ എട്ടോ ഒമ്പതോ ഫോറുകള്‍ മികച്ച ഫീല്‍ഡിങ്ങിലൂടെ ഒസീസ് സംഘം സിംഗിളുകളോ ഡബിളുകളോ ആക്കിച്ചുരുക്കി. ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് മത്സരശേഷം രോഹിതും ദ്രാവിഡും പറഞ്ഞ വാക്കുകള്‍: ''ചുരുങ്ങിയത് 30-40 റണ്‍സിന്റെ കുറവുണ്ടായിരുന്നു.''

വേഗംകുറഞ്ഞ പിച്ചില്‍ സ്ലോബോളുകളും ഓഫ് കട്ടറുകളുംകൊണ്ട് അവര്‍തീര്‍ത്ത കെണിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വീണു. വിരാട് കോലി അടുത്തൊരു സെഞ്ചുറിയിലേക്ക് പോകുമെന്ന് തോന്നിച്ചപ്പോഴാണ് വിക്കറ്റ് വീണത്. വിരാടും രാഹുലുമായുള്ള കൂട്ടുകെട്ട് തകര്‍ന്നതോടെ ഇന്ത്യക്ക് അവസാന ഓവറുകളിലെ സ്‌കോറിങ്വേഗമയുര്‍ത്തല്‍ എന്നത് അസാധ്യമായി. രണ്ടാമത് ബാറ്റുചെയ്തപ്പോള്‍ ഇന്ത്യ കളിച്ചതിനേക്കാള്‍ അല്‍പംകൂടി വേഗത്തില്‍ പന്ത് ബാറ്റിലേക്ക് വരുന്നുണ്ടായിരുന്നു. 10 ഓവറില്‍ മൂന്നുവിക്കറ്റുകള്‍ വീണശേഷം തൊട്ടടുത്ത അഞ്ചോ എട്ടോ ഓവറുകളില്‍ രണ്ടുവിക്കറ്റുകളെങ്കിലും വീഴ്ത്തിയിരുന്നെങ്കില്‍ മത്സരം ഒരുപക്ഷേ, ഇന്ത്യയുടെ കൈയിലെത്തിയേനെ.
Content Highlights: Australia enjoyed the silence in the stadium
Published: 21 Nov 2023, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented