ദുബായ്: ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍. സെമിയില്‍ ഓസ്ട്രേലിയയെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഓസീസ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ന്യൂസീലന്‍ഡ് - ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ട്രോഫി ഫൈനലാണിത്.
ചേസ് മാസ്റ്റര്‍ വിരാട് കോലി ഒരിക്കല്‍ കൂടി മത്സരങ്ങള്‍ പിന്തുടര്ന്ന് ജയിക്കുന്നതിലെ തന്റെ വൈദഗ്ധ്യം വെളിവാക്കിയ മത്സരത്തില്‍ ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളും നിര്‍ണായകമായി. 98 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 84 റണ്‍സെടുത്ത കോലിയാണ് ടീം ഇന്ത്യയുടെ ടോപ് സ്കോറര്‍.
265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് അഞ്ചാം ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ (8) നഷ്ടമായിരുന്നു. താരത്തെ ബെന്‍ ഡ്വാര്‍ഷ്യൂസ് ബൗള്‍ഡാക്കുകയായിരുന്നു. അതേസമയം ഒരറ്റത്ത് രോഹിത് അടിച്ചുകളിച്ചു. രണ്ടു തവണ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട രോഹിത്തിനെ പക്ഷേ എട്ടാം ഓവറില്‍ കൂപ്പര്‍ കൊന്നോലി വിക്കറ്റിനു മുന്നില്‍ കുടുക്കി. 29 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്.
തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലി - ശ്രേയസ് അയ്യര്‍ സഖ്യം നിലയുറപ്പിച്ച് മുന്നേറിയതോടെ ഇന്ത്യ കളി കൈയിലാക്കി. ഇരുവരും ചേര്‍ന്നെടുത്ത 91 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി. ഇതിനിടെ അര്‍ധ സെഞ്ചുറിയിലേക്ക് മുന്നേറുകയായിരുന്ന അയ്യരെ മടക്കി ആദം സാംപ ഈ കൂട്ടുകെട്ട് പൊളിച്ചു. 62 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 45 റണ്‍സെടുത്താണ് അയ്യര്‍ മടങ്ങിയത്.
അയ്യര്‍ പുറത്തായ ശേഷം അഞ്ചാമന് അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് കോലി ഇന്നിങ്സ് മുന്നോട്ടുനയിച്ചു. സ്കോര്‍ 178-ല്‍ നില്‍ക്കേ അക്ഷറിനെ നഥാന്‍ എല്ലിസ് പുറത്താക്കി. 30 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത അക്ഷര്‍, നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 44 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്.
തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ കെ.എല്‍ രാഹുലിനെ കൂട്ടുപിടിച്ച് 47 റണ്‍സ് ചേര്‍ത്ത കോലി ടീം സ്കോര്‍ 200 കടത്തി. 43-ാം ഓവറില്‍ സെഞ്ചുറിയിലേക്ക് 16 റണ്‍സകലെ കോലി മടങ്ങിയ ശേഷം രാഹുലും ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. രാഹുല്‍ 34 പന്തില്‍ നിന്ന് 42 റണ്‍സോടെ പുറത്താകാതെ നിന്നു. 24 പന്തുകള്‍ നേരിട്ട ഹാര്‍ദിക് മൂന്ന് സിക്സും ഒരു ഫോറുമടക്കം 28 റണ്‍സെടുത്തു. ഓസീസിനായി നഥാന്‍ എല്ലിന് രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിക്കറ്റ് കീപ്പര്‍ അലക്സ് കാരി ട്രാവിസ് ഹെഡ് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
രണ്ടാം വിക്കറ്റില്‍ സ്മിത്തിനൊപ്പം ഹെഡും മാര്‍നസ് ലബുഷെയ്നിനും അലക്സ് കാരിക്കുമൊപ്പം സ്മിത്തും പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകള്‍ ഓസീസ് ഇന്നിങ്സിന് കരുത്തായി. 96 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 73 റണ്‍സെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറര്‍. 57 പന്തുകള്‍ നേരിട്ട കാരി ഒരു സിക്സും എട്ട് ഫോറുമടക്കം 61 റണ്‍സെടുത്ത് റണ്ണൗട്ടായി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ കൂപ്പര്‍ കൊന്നോലിയെ (0) നഷ്ടമായി. പിന്നാലെ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്ക് സ്ഥിരം തലവേദനയാകാറുള്ള ട്രാവിസ് ഹെഡിനെ വരുണ്‍ ചക്രവര്‍ത്തി ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. 33 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സ്മിത്ത് - ലബുഷെയ്ന് സഖ്യം 56 റണ്‍സ് ചേര്‍ത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. പിന്നാലെ ലബുഷെയ്നെ വിക്കറ്റിനു മുന്നില്‍ കുടുക്കി രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 36 പന്തില്‍ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 29 റണ്‍സെടുത്താണ് താരം പുറത്തായത്. വൈകാതെ 12 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ഇംഗ്ലിസിനെയും ജഡേജ മടക്കി.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ അലക്സ് കാരിയെ കൂട്ടുപിടിച്ച് സ്മിത്ത് 54 റണ്‍സ് ചേര്‍ത്തു. കാരിയാകട്ടെ സ്കോറിങ് റേറ്റ് താഴാതെ ബാറ്റുവീശി. ഇതിനിടെ 37-ാം ഓവറില്‍ സ്മിത്തിനെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ന്നെത്തിയ വമ്പനടിക്കാരന്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ (7) നിലയുറപ്പിക്കും മുമ്പേ അക്ഷര്‍ പട്ടേല്‍ മടക്കി. പിന്നീട് ക്രീസിലെത്തിയ ബെന്‍ ഡ്വാര്‍ഷ്യൂസിനെ കൂട്ടുപിടിച്ച് കാരി ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 46-ാം ഓവറില്‍ ഡ്വാര്‍ഷ്യൂസിനെ (29 പന്തില്‍ 19) വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. പിന്നാലെ 48-ാം ഓവറില്‍ കാരി റണ്ണൗട്ടായി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlights: Australia, after winning the toss, lost early wickets against India in the Champions Trophy semi-fin
Published: 04 Mar 2025, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented