25 വര്‍ഷം മുന്‍പൊരു ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് മത്സരം. കെനിയയിലെ ജിംഖാന ക്ലബ് ഗ്രൗണ്ടാണ് വേദി. ആദ്യം ബാറ്റുചെയ്ത സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. ഇത്തവണത്തെ സെമിയില്‍ ഓസ്ട്രേലിയക്കെതിരേ നേടിയ അതേ ടോട്ടല്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും കൂട്ടരും രണ്ടുപന്തുകള്‍ അവശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ന്യൂസീലന്‍ഡിന് കിരീടം. 

To advertise here,

കാല്‍ നൂറ്റാണ്ടിനിപ്പുറത്ത് വീണ്ടും ആ രണ്ട് ടീമുകള്‍ ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരിനിറങ്ങിയപ്പോള്‍ കിരീടം ഇന്ത്യക്ക്. അന്നേറ്റ തോല്‍വിക്ക് മധുരപ്രതികാരം എന്ന വാദം സാങ്കേതികമായി ശരിയാവില്ല. എന്തെന്നാല്‍ രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങള്‍. അന്ന് കളിച്ചവരൊന്നും ഇന്ന് രണ്ട് ടീമിലുമില്ല. പക്ഷേ, കാലം മറുപടി നല്‍കി എന്ന അര്‍ഥത്തില്‍ ശരിയായിരിക്കാം. അന്ന് ഫ്‌ളെമിങ്ങും സംഘവും വീഴ്ത്തിയ കണ്ണീരിന്, ഇന്ന് രോഹിത്തും കൂട്ടരും ചേര്‍ന്ന് ദുബായില്‍ പരിഹാരം ചെയ്തിരിക്കുന്നു... 

ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ അത്ര വലിയ പേരും പെരുമയും ഒന്നും ഇല്ലാതെയാണ് സാധാരണ ഗതിയില്‍ ന്യൂസീലന്‍ഡിന്റെ എന്‍ട്രി. പക്ഷേ, പലപ്പോഴും അവര്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി സെമി ഫൈനലുകളിലോ ഫൈനലുകളിലോ വന്നിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. സെമിയില്‍ കാലിടറുന്ന നിര്‍ഭാഗ്യവാന്മാരായിട്ട് ദക്ഷിണാഫ്രിക്കയെ പലപ്പോഴും വിലയിരുത്താറുണ്ട്. ഇത്തവണയും അതങ്ങനെയായിരുന്നു (ടി20 ലോകകപ്പില്‍ ഫൈനലിലെത്തുകയും ഇന്ത്യയോട് പരാജയപ്പെടുകയും ചെയ്തത് വിസ്മരിക്കുന്നില്ല). എന്നാല്‍ ന്യൂസീലന്‍ഡിനെ അടുത്ത കാലത്തായി ഫൈനല്‍ നിര്‍ഭാഗ്യം പിടിമുറിക്കിയിട്ടുണ്ടെന്ന് പറയാതെ വയ്യ. 

2000-ലെ വിജയം

ഇരുപത്തഞ്ച് വര്‍ഷത്തിനിടെ അഞ്ച് ഐ.സി.സി. ഏകദിന ടൂര്‍ണമെന്റുകളില്‍ ഫൈനലിലെത്തിയ ന്യൂസീലന്‍ഡിന് നാലിലും പരാജയപ്പെടാനായിരുന്നു വിധി. 2015, 2019 ലോകകപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 2000-ലാണ് ന്യൂസീലന്‍ഡ് ആദ്യമായി ഐ.സി.സി. ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. മുകളില്‍ പറഞ്ഞതുപോലെ, അന്ന് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ തോല്‍പ്പിച്ചാണ് ഫ്‌ളെമിങ്ങും കൂട്ടരും ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയത്. ക്രിസ് കെയിന്‍സിന്റെ സെഞ്ചുറിയാണ് (102*) അന്ന് ന്യൂസീലന്‍ഡിനെ തുണച്ചത്. ഇന്ത്യക്കായി ഗാംഗുലി സെഞ്ചുറി (117) നേടിയിരുന്നെങ്കിലും ജയിക്കാന്‍ ഉപകരിച്ചില്ല. സച്ചിന്‍ തെണ്ടുല്‍ക്കര്‍ അര്‍ധ സെഞ്ചുറിയും നേടിയിരുന്നു. 

ഓസ്ട്രേലിയയോട് കാലിടറി

2009 ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസീലന്‍ഡ് വീണ്ടും ഫൈനലിലെത്തി. ഓസ്ട്രേലിയയായിരുന്നു അന്ന് എതിരാളി. ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡിനെ 200-ന് ഒന്‍പത് എന്ന നിലയില്‍ എറിഞ്ഞിട്ടു. 40 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്ടിലായിരുന്നു ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ്, ഷെയ്ന്‍ വാട്സന്റെ സെഞ്ചുറിയുടെയും (105*) കാമറോണ്‍ വൈറ്റിന്റെ അര്‍ധ സെഞ്ചുറിയുടെയും (62) മികവില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ന്യൂസീലന്‍ഡിനായി അന്ന് നഥാന്‍ ഹോറിറ്റ്സ് മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു. 

വീണ്ടും ഓസ്ട്രേലിയ വില്ലനായി

2015-ല്‍ ന്യൂസീലന്‍ഡ് ആദ്യമായി ഏകദിന ലോകകപ്പ് ഫൈനലിലെത്തി. അപ്പോഴും ഓസ്ട്രേലിയ തന്നെയായിരുന്നു മറുപുറത്ത്. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയ ജയിച്ചു. ആദ്യം ബാറ്റുചെയ്ത കിവികള്‍ 183 റണ്‍സിന് പുറത്തായി. 83 പന്തില്‍ 82 റണ്‍സ് നേടിയ ഗ്രാന്റ് എലിയട്ട് മാത്രമാണ് ന്യൂസീലന്‍ഡ് നിരയില്‍ പിടിച്ചുനിന്നത്. ഓസ്ട്രേലിയക്കായി ജെയിംസ് ഫോക്ക്നറും മിച്ചല്‍ ജോണ്‍സണും മൂന്നുവീതം വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ, 33.2 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി കിരീടത്തില്‍ മുത്തമിട്ടു. മൈക്കിള്‍ ക്ലാര്‍ക്കും (74) സ്റ്റീവ് സ്മിത്തും (56*) ആണ് ഓസ്ട്രേലിയക്ക് ജയം സമ്മാനിച്ചത്. 

കിരീടം കളഞ്ഞ ഫോറുകൾ

നിര്‍ഭാഗ്യം പിന്നെയും ന്യൂസീലന്‍ഡിനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. 2019 ലോകകപ്പ് ഫൈനല്‍. കഴിഞ്ഞ തവണ മെല്‍ബണിലേറ്റ കിരീടനഷ്ടം ലോഡ്സില്‍ തിരിച്ചുപിടിക്കാനുള്ള മോഹവുമായാണ് കിവികളെത്തിയത്. ആതിഥേയരായ ഇംഗ്ലണ്ടായിരുന്നു അന്ന് മറുവശത്ത്. തുടര്‍ച്ചയായ രണ്ട് ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞത് കിവികളില്‍ ആഹ്ലാദം അലതല്ലി. 

പരാജയപ്പെട്ട മറ്റു ഫൈനലുകളിലേതെന്നപോലെ ഇത്തവണയും ന്യൂസീലന്‍ഡുതന്നെ ആദ്യം ബാറ്റുചെയ്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സായിരുന്നു സമ്പാദ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്സിന്റെ (84) ബലത്തില്‍ അതേ ടോട്ടല്‍ തന്നെ പടുത്തു. ഫൈനലിന്റെ ആവേശം മുഴുവന്‍ സമ്മേളിച്ച മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. അവിടെയും രക്ഷയില്ല, രണ്ട് ടീമും 15 വീതം റണ്‍സെടുത്തു. അനന്തരം ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമെന്ന ആനുകൂല്യത്തോടെ ഇംഗ്ലണ്ട് കിരീടം ചൂടി. ഈ തീരുമാനം പിന്നീട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ആദ്യം ബാറ്റുചെയ്തപ്പോഴൊക്കെ ബാക്കിയായത് കണ്ണീർ

ഏറ്റവുമൊടുവില്‍ ദുബായില്‍ നടന്ന 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ന്യൂസീലന്‍ഡിന് കണ്ണീരുതന്നെ ഫലം. സെമിയില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെത്തിയ ന്യൂസീലന്‍ഡ് ഫൈനലില്‍ ഇന്ത്യയുടെ മുന്നില്‍ കാലിടറി. ഇതോടെ ഇരുപത്തഞ്ച് സംവത്സരക്കാലത്തിനിടെ അഞ്ച് ഫൈനല്‍ കളിക്കുകയും അതില്‍ നാലെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തവരായി ന്യൂസീലന്‍ഡ് മാറി. 

ടോസ് നേടി ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ അഞ്ച് ഫൈനലിനും ഒരു പ്രത്യേകതയുണ്ട്. നാലിലും ന്യൂസീലന്‍ഡായിരുന്നു ആദ്യം ബാറ്റുചെയ്തത്. ഇന്ത്യക്കെതിരേ ജയിച്ച 2000 ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടാമതായിരുന്നു ബാറ്റുചെയ്തത്. ബാക്കി നാലിലും ആദ്യം ബാറ്റുചെയ്യുകയായിരുന്നു. ദുബൈയില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറില്‍ ലക്ഷ്യം മറികടന്നു.