തനിക്ക് നേരെ ഉയർന്നുവരുന്ന ഷോട്ട് ബോളുകളെ ലോകത്ത് മറ്റാർക്കും സാധിക്കാത്തത്ര അനായാസതയോടെ അതിർത്തികടത്തുന്നൊരു വൈഭവമുണ്ടയാൾക്ക്. അവിടെ കളിക്കുന്ന മണ്ണും പന്തിന്റെ വേഗതയും കണക്കുക്കൂട്ടലുകളുമെല്ലാം അപ്രസക്തമാണ്. പന്ത് ഉയർന്നു പൊന്തിയാൽ അയാൾ അതിർത്തികടത്തിയിരിക്കും. എപ്പോഴാണ് ഈ മായാജാലം സ്വായത്തമാക്കിയതെന്നറിയില്ല. അതെപ്പോഴായാലും അയാൾ ഇങ്ങനെ കളിച്ചുതുടങ്ങുന്നതിനും എത്രയോ മുന്നേ ഉയർന്നുവന്ന പ്രതിസന്ധികൾക്ക് മുന്നിൽ നിരാശയോടെ, എല്ലാം നഷ്ടപ്പെട്ടവന്റെ ദൈന്യതയോടെ നിൽക്കേണ്ടി വന്ന ഒരു 23-കാരനെ അറിയാം. ഷോട്ട്‌ബോൾ കളിക്കുന്ന ലാഘവത്തോടെയല്ല കരുത്തോടെ അടങ്ങാത്ത നിശ്ചയദാർഢ്യത്തോടെ പ്രതിസന്ധികളെ അപ്പാടെ അതിർത്തികടത്തിയിട്ടുണ്ട് ആ പയ്യൻ. ഇന്ന് അയാൾ ഇന്ത്യയ്ക്ക് ലോകകിരീടവും ചാമ്പ്യൻസ് ട്രോഫിയും സമ്മാനിച്ച നായകനാണ്. ഒരു ഏകദിന ടൂർണമെന്റ് കിരീടത്തിനായുള്ള ഇന്ത്യയുടെ 12-വർഷത്തെ കാത്തിരിപ്പിന് കൂടിയാണ് വിരാമമാകുന്നത്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന നായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ശർമയുടെ പേരും ആലേഖനം ചെയ്യപ്പെടുന്നു.
വെല്ലുവിളികൾക്കും വിമർശനങ്ങൾക്കും ഇടയിലൂടെയാണ് രോഹിത് ശർമ ആ പതിനൊന്ന് പേരെയും കൂട്ടി ദുബായിൽ ചാമ്പ്യൻസ് ട്രോഫി കളിക്കാനെത്തിയത്. ഓസീസിനെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് ശേഷം കനത്ത വിമർശനമാണ് രോഹിത് ഏറ്റുവാങ്ങിയത്. ടീമിന്റെ നായകസ്ഥാനത്തെ സംബന്ധിച്ച് പരിശീലകന്‍ ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചര്‍ച്ച നടത്തിയിരുന്നു. ഭാവി പദ്ധതി വെളിപ്പെടുത്തണമെന്ന് രോഹിത്തിനെ അറിയിക്കുകയും ചെയ്തു. ടീമില്‍ നിന്ന് വിരമിക്കണോ എന്നത് താരത്തിന്റെ മാത്രം തീരുമാനമാണെങ്കിലും ഒരു സ്ഥിരം നായകന്‍ ആവശ്യമാണെന്ന കാര്യം രോഹിത്തിനോട് സൂചിപ്പിച്ചതായുമാണ് റിപ്പോര്‍ട്ടുകൾ. അതിനിർണായകമായിരുന്നു രോഹിത്തിന് ഈ ടൂർണമെന്റ്.
അതിനിടെ രോഹിത് ശര്‍മക്കെതിരേ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് വിവാദപരാമര്‍ശം നടത്തിയതും ചർച്ചയായി. രോഹിത്ത് അമിതവണ്ണമുള്ളയാളാണെന്നും മികച്ച ക്യാപ്റ്റനൊന്നുമല്ലെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഷമയുടെ വിമര്‍ശനം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസീലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സിന് പുറത്തായതിന് പിന്നാലെയായിരുന്നു അവരുടെ പരാമര്‍ശം.
'ഒരു കായികതാരം എന്ന നിലയില്‍ രോഹിത് ശര്‍മ്മയ്ക്ക് വണ്ണം കൂടുതലാണ്. ശരീരഭാരം കുറയ്ക്കണം. തീർച്ചയായും ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മതിപ്പുളവാക്കാത്ത ക്യാപ്റ്റൻ' - ഷമ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.
പിന്നാലെ വിഷയത്തില്‍ വലിയ ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നടന്നത്. ഷമ മുഹമ്മദിനെ പിന്തുണച്ചും എതിര്‍ത്തും പലരും കമന്റുമായി എത്തി. ഷമയുടെ പ്രതികരണത്തിനെതിരേ കോണ്‍ഗ്രസും രംഗത്തെത്തി. ഷമയോട് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് നീക്കംചെയ്യാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു. ഷമ മുഹമ്മദിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും അവഹേളനപരവുമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും തുറന്നടിച്ചു.
പക്ഷേ അപ്പോഴേക്കും അയാൾ ചാമ്പ്യൻസ് ട്രോഫിയിൽ ചരിത്രം കുറിച്ചിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ സ്വന്തം ടീമിനെ ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളുടെയും ഫൈനലില്‍ എത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമായത്. രോഹിത്തിനു കീഴില്‍ ഇന്ത്യ 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും 2023 ഏകദിന ലോകകപ്പിന്റെയും 2024 ടി20 ലോകകപ്പിന്റെയും ഫൈനല്‍ കളിച്ചിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയതോടെയാണ് രോഹിത് അപൂര്‍വ റെക്കോഡിന് ഉടമയായത്.
പിന്നാലെ ഫൈനലുമെത്തി. എല്ലാ വിമർശനങ്ങൾക്കും ഫൈനലിലെ ഒരൊറ്റ ഇന്നിങ്സുകൊണ്ട് രോഹിത് മറുപടി നൽകി. ടൂർണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരിൽ പഴികേട്ട രോഹിത് ശർമയുടെ ഇന്നിങ്സാണ് ഫൈനലിൽ ഇന്ത്യക്ക് തുണയും ധൈര്യവുമായത്. തുടക്കം മുതൽ മനോധൈര്യത്തോടെ നേരിട്ട രോഹിത്ത് 83 പന്തുകൾ നേരിട്ട് 76 റൺസ് നേടി. ഒടുക്കം മത്സരത്തിലെ താരവും രോഹിത് തന്നെ. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ലക്ഷ്യം മറികടന്നു.
2007-ൽ ടി20 ലോകകപ്പിന്റെ പ്രഥമ ടൂർണമെന്റിൽ തന്നെ ഇന്ത്യയ്ക്ക് കിരീടം നേടിത്തന്ന നായകന്റെ പേര് മഹേന്ദ്ര സിങ് ധോനി എന്നാണ്. 2011-ൽ ഏകദിന ലോകകപ്പും ധോനിയ്ക്ക് കീഴിൽ നേടി.1983-ൽ ആദ്യമായി ഇന്ത്യ ഏകദിനലോകകപ്പ് സ്വന്തമാക്കുമ്പോൾ കപിൽ ദേവാണ് നായകൻ. ചരിത്രത്തിൽ അടയാളപ്പെടുത്തിയ കപിലിന്റെ ചെകുത്താന്മാരുടെ ഉദയം. കപ്പിത്താനായി മഹേന്ദ്രസിങ് ധോനി എന്ന റാഞ്ചിക്കാരൻ അവരോധിക്കപ്പെട്ടതുമുതലാണ് ഇന്ത്യ പുതുചരിത്രമെഴുതാൻ തുടങ്ങുന്നത്. 2007-ൽ ടി20 യിലും 2011-ൽ ഏകദിന ഫോർമാറ്റിലും ഇന്ത്യ വിശ്വവിജയികളായി. 2013-ൽ ധോനിയും സംഘവും ചാമ്പ്യൻസ് ട്രോഫിയിലും മുത്തമിട്ടു.
ഇന്ന് ചാമ്പ്യൻസ് ട്രോഫിയുമായി മടങ്ങുമ്പോൾ ഒരു പക്ഷേ 2007 ലെ കിരീടനേട്ടം മാത്രമല്ല, 13-വർഷങ്ങൾക്ക് മുമ്പത്തെ ഓർക്കാനിഷ്ടപ്പെടാത്ത ഭൂതകാലം രോഹിത്തിന്റെ മനസിൽ മിന്നിമറഞ്ഞിട്ടുണ്ടാകണം. അന്ന് 2011 ഏകദിന ലോകകപ്പ് ടീമിലിടം നേടാൻ രോഹിത്തിന് സാധിച്ചില്ല. അത്രയും ആഗ്രഹിച്ചിട്ടും ഇന്ത്യയുടെ ലോകകപ്പ് സംഘത്തിൽ നിന്ന് തഴയപ്പെട്ടു. അന്നാ രാത്രി ആ 23-കാരൻ എങ്ങനെയാണ് കടന്നുപോയതെന്നറിയില്ല. നിരാശയുടെ മൂർധന്യത്തിൽ രോഹിത് ഇങ്ങനെ എക്‌സിൽ കുറിച്ചിട്ടു.
'ലോകകപ്പ് സംഘത്തിൽ ഉൾപ്പെടാനാകാത്തതിൽ തീർത്തും നിരാശനാണ് ഞാൻ. എനിക്ക് ഇവിടെ നിന്ന് മുന്നോട്ടുപോയേ പറ്റൂ. പക്ഷേ സത്യത്തിൽ ഇത് വലിയ തിരിച്ചടിയാണ്.'
രോഹിത് അവസാനിപ്പിച്ചു. എല്ലാം നഷ്ടപ്പെട്ടവന്റെ അഗാധമായ ദുഃഖം മാത്രമായിരുന്നില്ല അത്. തോറ്റവനായി സ്വയം മുദ്രകുത്തി നടന്നകലാൻ താൻ തീരുമാനിച്ചിട്ടില്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു. കളിമൈതാനങ്ങളിലെന്നപോലെ അമ്പരപ്പിക്കുന്ന ഒരുയിർത്തെഴുന്നേൽപ്പ്. 2014 ടി20 ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടപ്പോഴും തളർന്നില്ല. മുന്നോട്ട് തന്നെ കുതിച്ചു. ഒരു പോരാളിയുടെ പടച്ചട്ട എടുത്തണിഞ്ഞാണ് പിന്നീടയാൾ മൈതാനത്തിറങ്ങിയതെന്ന് പറയാം. കളിയോടുള്ള സമീപനം തന്നെ മാറി. ക്രീസിൽ നിലയുറപ്പിച്ചാൽ അയാളോളം അപകടം വിതയ്ക്കുന്ന മറ്റൊരാളുമില്ലെന്ന തരത്തിലുള്ള പരിവർത്തനം. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികളടക്കം റെക്കോഡുകളുടെ പെരുമഴ തീർത്ത പതിറ്റാണ്ടുകൾ. ഇന്ത്യയുടെ മാത്രമല്ല ക്രിക്കറ്റ് ചരിത്രം തന്നെ മാറിമറഞ്ഞു.
2019-ലോകകപ്പിലെ അഞ്ച് സെഞ്ചുറികളുൾപ്പെടെ ടീമിനെ തോളിലേറ്റിയ എണ്ണമറ്റ പോരാട്ടങ്ങൾ, മുംബൈ ഇന്ത്യൻസിനായി പലവട്ടം കപ്പുയർത്തിയ നായകൻ അങ്ങനെ പലകുറി രോഹിത് ശർമ ചരിത്രങ്ങൾ പിന്നേയും തിരുത്തിയെഴുതി. ഒടുക്കം മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം വരെ തേടിയെത്തി. ആ കഥയുടെ തുടർച്ചയാണ് 2024 ടി20 ലോകകപ്പിലും ഇന്ന് ചാമ്പ്യൻസ് ട്രോഫിയിലും കണ്ടത്.
2007-ൽ ഇന്ത്യൻ സംഘത്തെ മഹേന്ദ്രസിങ് ധോനി കൊണ്ടുപോയത് ചരിത്രത്തിലേക്ക് കൂടിയാണ്. അന്ന് പ്രഥമ ടി20 ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യ കപ്പുയർത്തി. ഫൈനലിൽ പാകിസ്താനെ അഞ്ച് റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 2014-ൽ ടി20 ലോകകപ്പിലെ രണ്ടാം കിരീടം മോഹിച്ചെത്തിയെങ്കിലും കലാശപ്പോരിൽ ശ്രീലങ്കയോട് തോറ്റു. എന്നാൽ അതിന് മുമ്പേ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ജനതയുടെ പ്രതീക്ഷകളും കാത്തിരിപ്പുകളും സഫലമാക്കി കഴിഞ്ഞിരുന്നു ധോനി.ശ്രീലങ്കയുമായുള്ള 2011-ലെ ഏകദിന ലോകകപ്പിന്റെ കലാശപ്പോര് ഇന്ത്യൻ ആരാധകർ ഒരിക്കലും മറക്കില്ല. അവസാനം നുവാൻ കുലശേഖര എറിഞ്ഞ 49-ാം ഓവറിലെ രണ്ടാം പന്ത്. കുലശേഖരയുടെ തന്നെ തലയ്ക്ക് മുകളിലൂടെ അതിർത്തികടത്തിയ നായകൻ ധോനിയുടെ വിജയനിമിഷങ്ങൾ. ആ സിക്‌സറോളം ആഘോഷിക്കപ്പെട്ട മറ്റൊരു നിമിഷം അന്നോളം ഇന്ത്യയുടെ കായികചരിത്രത്തിൽ ഉണ്ടായിട്ടുണ്ടാവില്ല.
ടൂർണമെന്റിൽ മിന്നും ഫോമിലൊന്നും അല്ലായിരുന്നെങ്കിലും ഫൈനലിലുൾപ്പെടെ നിർണായക തീരുമാനങ്ങളെടുത്ത് ടീമിനെ രക്ഷിക്കാൻ അയാളുണ്ടായിരുന്നു. എല്ലായിപ്പോഴും അതങ്ങനെയാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിലൊരാളായി ധോനി മാറുന്നതും മറ്റൊന്നും കൊണ്ടല്ല. 2007-ലെ ട്വന്റി-20 ലോകകപ്പ്, 2011-ഏകദിനലോകകപ്പും ഉയർത്തിയ ധോനി പിന്നാലെ ഇന്ത്യയ്ക്കായി 2013-ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കി. എത് പ്രതിസന്ധിഘട്ടത്തിലായാലും ജയം പൊരുതി നേടുകയെന്നതാണ് ധോനിയുടെ രീതി. മൈതാനത്ത് അയാളുള്ളത് തന്നെ ഒരു പ്രതീക്ഷയാണ്. ആ പ്രതീക്ഷയിൽ ഇന്ത്യ മുന്നേറിയ വർഷങ്ങളാണ് കഴിഞ്ഞുപോയത്.
ധോനിയ്ക്ക് മുന്നേ ഇന്ത്യയ്ക്ക് പുതുവഴി വെട്ടിയ നായകൻ ദാദയായിരുന്നു. വാതുവെപ്പ് വിവാദങ്ങൾ ഇന്ത്യൻ ടീമിനെ പിടിച്ചുലച്ച 2000-ൽ ടീമിനെ നയിക്കാനുള്ള ദൗത്യം ഗാംഗുലിയ്ക്കായിരുന്നു. സച്ചിൻ പോലും നേതൃത്വത്തിൽ വരാൻ മടിച്ച കാലം. ഇന്ത്യൻ ടീമിനെ ഉയർത്തിക്കൊണ്ടുവരാൻ കൊൽക്കത്തയുടെ രാജകുമാരനിറങ്ങി. ആരേയും ഭയക്കാതെ ഇന്ത്യൻ ടീമിനെ മുന്നിൽ നിന്നു നയിച്ച നായകൻ. ആരാധകർക്ക് നഷ്ടപ്പെട്ടുപോയ ഇന്ത്യൻ ക്രിക്കറ്റിലുള്ള വിശ്വാസം തിരികെ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. സ്വന്തം നേട്ടങ്ങളേക്കാൾ ടീമായിരുന്നു വലുത്. തന്റെ കീഴിൽ കളിക്കുന്ന 10-കളിക്കാരേയും ഒരു ലക്ഷ്യത്തിനായി പോരാടാൻ അയാൾ ശീലിപ്പിച്ചു. അവർക്ക് വേണ്ട പിന്തുണയും ആത്മവിശ്വാസവും നൽകി. അങ്ങനെ അയാൾ ഉയർത്തി കൊണ്ടുവന്ന ആ ടീം 2003-ഏകദിന ലോകകപ്പിന്റെ കലാശപ്പോരിലുമെത്തി. പക്ഷേ ഓസീസിനോട് തോൽക്കാനായിരുന്നു വിധി.
ഇന്ത്യ ആദ്യ ഏകദിനലോകകിരീടം നേടിയ ചരിത്രത്തിന് പിന്നേയും 20-വർഷം പിന്നോട്ട് പോകണം. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റ് കളിക്കാനുള്ള യോഗ്യത പോലും ടീമിനില്ലെന്ന രൂക്ഷമായ വിമർശനങ്ങൾക്കുിം കളിയാക്കലുകൾക്കും നടുവിലൂടെയാണ് അന്നാ പതിനൊന്നുപേർ മൈതാനത്തിറങ്ങിയത്. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തുകൊണ്ട്. പ്രതീക്ഷിക്കാൻ വകയുള്ള യാതൊന്നും ആ നിരയിലുണ്ടെന്ന് ആരാധകർക്ക് പോലും തോന്നിയിരുന്നില്ല. എന്നാൽ കപിലും സംഘവും പുതുചരിത്രമെഴുതി.
ഗ്രൂപ്പിൽ വിൻഡീസിനേയും സിംബാബ്വേയും തകർത്ത് തുടങ്ങിയ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയോടും രണ്ടാം റൗണ്ട് മത്സരത്തിൽ വിൻഡീസിനോടുമേറ്റ തോൽവികൾ തിരിച്ചടിയായി. അതോടെ നോക്കൗട്ട് സാധ്യതകൾക്കും മങ്ങലേറ്റു. നിർണായകമായ അഞ്ചാം മത്സരത്തിൽ സിംബാബ്വേയായിരുന്നു എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തകർച്ച നേരിട്ടു. മുൻനിര ബാറ്റർമാർ നിരനിരയായി കൂടാരം കയറിയപ്പോൾ 17-5 എന്ന നിലയിലേക്ക് ഇന്ത്യ വീണു. എല്ലാ പ്രതീക്ഷയും അവസാനിച്ച നിമിഷം. പ്രതിസന്ധികളിലാണ് യഥാർഥനായകൻമാർ ജനിക്കുന്നതെന്ന് പറയാറുണ്ട്. അതിനെ അന്വർഥമാക്കുന്നതായിരുന്നു പിന്നീടുള്ള കപിലിന്റെ പ്രകടനം. നായകന്റെ ഐതിഹാസിക ഇന്നിങ്‌സിനാണ് ലോകകപ്പ് സാക്ഷ്യം വഹിച്ചത്. അപരാജിത 175 റൺസുമായി കപിൽ ഇന്ത്യൻ സ്‌കോർ 266-ലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേയെ എറിഞ്ഞിട്ട് ഇന്ത്യ മുന്നേറി. ഫൈനലിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ ക്ലൈവ് ലോയ്ഡിന്റെ വിൻഡീസായിരുന്നു എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 183 റൺസിന് ഓൾഔട്ടായി. ഇന്നിങ്‌സ് ബ്രേക്കിൽ എല്ലാവരേയും കൂട്ടിവിളിച്ച് കപിൽ ഇങ്ങനെ പറഞ്ഞു.
'അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ പരമാവധി ആസ്വദിച്ച് കളിക്കുക. ഓർക്കുക, അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുത്താൽ ജീവിതകാലം മുഴുവൻ ഓർത്തുവെയ്ക്കാൻ സാധിക്കുന്ന നേട്ടമാണ് ലഭിക്കാൻ പോകുന്നത്'
ഈ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഇന്ത്യൻ ടീം മൈതാനത്ത് വിൻഡീസിനെ ഞെട്ടിച്ചു. മികച്ച തുടക്കം നൽകിയെങ്കിലും വിവ് റിച്ചാർഡ്‌സ് ക്രീസിലുള്ളത് അവർക്ക് പ്രതീക്ഷ നൽകി. എന്നാൽ നായകന്റെ മറ്റൊരു സുന്ദരമുഹൂർത്തത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മദൻ ലാലിന്റെ പന്തിൽ പുൾഷോട്ടിന് ശ്രമിച്ച റിച്ചാർഡ്‌സിന്റെ ബാറ്റിൽ നിന്നും പന്ത് മിഡ്‌വിക്കറ്റിലേക്ക് ഉയർന്നുപൊങ്ങി. പലരും ബൗണ്ടറിയെന്ന് ഉറപ്പിച്ചു. കപിൽ ദേവും യശ്പാൽ ശർമയും ഓടി. എന്നാൽ പിന്നീട് യശ്പാൽ ശർമ പിൻവാങ്ങി. കപിൽ 18-മീറ്ററോളം ഓടി അവിശ്വസനീയമാംവിധം പന്ത് കൈപ്പിടിയിലാക്കി. അതോടെ വിൻഡീസിന്റെ വിധി കുറിക്കപ്പെട്ടു. ജയത്തോടെ ഇന്ത്യ ലോകകിരീടത്തിൽ മുത്തമിട്ടു.
ഈ കഥയിലെ അവസാനത്തെ നായകന്റെ പേരാണ് രോഹിത് ശർമ. 2023-ഏകദിനലോകകപ്പിൽ വിരാട് കോലിയുടെ അമ്പതാം സെഞ്ചുറിയും ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനവും കണ്ട കിവീസിനെതിരായ സെമി മത്സരത്തിന് ശേഷം മുൻ ഇംഗ്ലണ്ട് താരം നാസ്സർ ഹുസൈൻ ഇങ്ങനെ പറഞ്ഞു.
'കോലിയെക്കുറിച്ചും ശ്രേയസ് അയ്യരെക്കുറിച്ചും ഷമിയെക്കുറിച്ചുമൊക്കെ ആയിരിക്കും നാളത്തെ തലക്കെട്ട്. പക്ഷേ ഈ ഇന്ത്യൻ നിരയുടെ യഥാർഥ ഹീറോ, ഇന്ത്യൻ ശൈലിയെ മാറ്റിമറിച്ച മനുഷ്യൻ രോഹിത് ശർമയാണ്.'
രോഹിത് മുന്നിൽ നിന്ന് നയിച്ചിറങ്ങിയതിന്റെ ബലത്തിലാണ് ഇന്ത്യ 2023 ഏകദിന ലോകകപ്പ് ഫൈനലിലെത്തുന്നത്. കിരീടം നേടുമെന്ന് ആരാധകർ ഉറപ്പിച്ചെങ്കിലും 2003-ഏകദിന ലോകകപ്പിന്റെ ആവർത്തനമെന്നപോലെ ഓസീസിനോട് തോറ്റ് നിരാശയോടെ മടങ്ങേണ്ടിവന്നു. ആ തോൽവി ഏൽപ്പിച്ച ആഘാത്തിൽ നിന്ന് അയാൾ എപ്പോഴാണ് മുക്തമായതെന്ന് നിശ്ചയമില്ല. പിന്നേയും പോരാടാനിറങ്ങി. ഒരു വർഷത്തിനിപ്പുറം ടി20 ലോകകപ്പെത്തി. ഒരർഥത്തിൽ വിശ്വവിജയി ആവാനുള്ള അവസാനത്തെ അവസരമായിരുന്നു അത്. നായകനെന്ന നിലയിൽ നീലക്കുപ്പായത്തിലൊരു കിരീടം ഏറ്റുവാങ്ങാനുള്ള നിയോഗം കാലം അയാളിലേൽപ്പിച്ചിരുന്നു. പിന്നെ നായകൻ തന്നെ മുന്നിൽ നിന്ന് നയിച്ചതും കരീബിയൻ മണ്ണിൽ അപരാജിതരായി മുന്നേറിയതുമെല്ലാം ചരിത്രമാണ്. ഒടുക്കം കന്നി ലോകകപ്പ് കിരീടം തേടിയെത്തിയ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി രോഹിത്തും സംഘവും ജേതാക്കളായി. തീർന്നില്ല ഒരു ഏകദിന ടൂർണമെന്റ് കൂടി ഇന്ത്യയിലെത്തിക്കാനുള്ള ഒരു നിയോഗമുണ്ടായിരുന്നു രോഹിത്തിന്. എതിരാളികളായി വന്ന പാകിസ്താനെയും ഓസീസിനെയുമടക്കം കണക്കുകൾ ഓരോന്നായി തീർത്തുള്ള മുന്നേറ്റം. ഒടുക്കം ഫൈനലിൽ കിവീസും. നായകൻ തന്നെ നയിച്ചിറങ്ങിയ കലാശപ്പോരിൽ കിവികൾ വീണു. ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. കപിലിനും ഗാംഗുലിക്കും ധോനിയ്ക്കും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ രോഹിത് ഗുരുനാഥ് ശർമയുടെ പേരും തങ്കലിപികളാൽ കൊത്തിവെക്കപ്പെടുന്നു. ഇനി അയാൾക്ക് ഹൃദയഭാരമേതുമില്ലാതെ മടങ്ങാം.
Content Highlights: icc champions trophy rohit sharma indian captain history
Published: 09 Mar 2025, 10:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented