
'ലോകകപ്പ് ടീമിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ തീര്‍ത്തും നിരാശനാണ് ഞാന്‍. എങ്കിലും മുന്നോട്ടുപോകേണ്ടതുണ്ട്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതൊരു വലിയ തിരിച്ചടിയാണ്'.
14 വര്‍ഷം മുമ്പ് 2011 ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടതിനു പിന്നാലെ രോഹിത് ശര്‍മ എക്സില്‍ (അന്നത്തെ ട്വിറ്റര്‍) കുറിച്ച വാക്കുകളാണിത്. 2007-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ആ 24-കാരന് സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പിലെ സ്ഥാനം വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. പ്രതിഭാധനനായ കളിക്കാരന്‍ എന്നതായിരുന്നു അണ്ടര്‍ 19 കാലം തൊട്ട് പിന്നീട് ഇന്ത്യന്‍ ടീമിലെത്തുന്ന കാലം വരെ രോഹിത്തിനെ കുറിച്ച് ക്രിക്കറ്റ് ലോകം പറഞ്ഞിരുന്നത്. എന്നാല്‍ ടീമിലെത്തി വര്‍ഷങ്ങളോളം തന്റെ പ്രതിഭയോട് നീതി പുലര്‍ത്താന്‍ സാധിക്കാത്ത താരമെന്ന പഴിയായിരുന്നു അയാളെ കാത്തിരുന്നത്. ഒരുപക്ഷേ അതുതന്നെയായിരുന്നു 2011-ല്‍ 28 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യ ലോകകിരീടം ചൂടിയപ്പോള്‍ ആ ടീമിന്റെ ഭാഗമാകാനുള്ള ഭാഗ്യം രോഹിത്തിന് നിഷേധിച്ചത്.
എന്നാല്‍ ഇപ്പോള്‍ നായകനെന്ന നിലയില്‍ തുടര്‍ച്ചയായ രണ്ട് ഐ.സി.സി. കിരീടങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച് തലയുയര്‍ത്തി നില്‍ക്കുകയാണ് രോഹിത്. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കിവീസിനെ കീഴടക്കി ഇന്ത്യ ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി കിരീടമുയര്‍ത്തിയപ്പോള്‍ 83 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 76 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നില്‍ നിന്നു നയിച്ചതും രോഹിത് തന്നെ.
2023-ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കണ്ണീര് വീഴുമ്പോള്‍ ആരാധകരെ ഏറ്റവും വേദനിപ്പിച്ച കാഴ്ചകളിലൊന്ന് രോഹിത്തിന്റെ നിരാശ നിറഞ്ഞ മുഖമായിരുന്നു. ഇതിനു മുമ്പ് ഏതൊരു ഐ.സി.സി. ടൂര്‍ണമെന്റുകളിലും കളിച്ചതിനേക്കാള്‍ മികവിലാണ് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് പുലര്‍ത്തിയ ഇന്ത്യ ടൂര്‍ണമെന്റിലുടനീളം രോഹിത്തിനു കീഴില്‍ തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. എന്നാല്‍ ഫൈനല്‍ ദിനം ഇന്ത്യയുടെ മോശം ദിവസമായിരുന്നു.
എന്നാല്‍ അവിടെ നിന്ന് വെറും ഏഴു മാസത്തിനുള്ളില്‍ 2024-ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച് രോഹിത് ആ തോല്‍വിയുടെ നിരാശയകറ്റി. എം.എസ്. ധോനിക്കു ശേഷം ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടവും ചാമ്പ്യന്‍സ് ട്രോഫി കിരീടവും സമ്മാനിക്കുന്ന നായകനെന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യയുടെ ഈ ഹിറ്റ്മാന്‍.
Content Highlights: Rohit Sharma led India to consecutive ICC titles, showcasing his batting prowess in the finals
Published: 09 Mar 2025, 10:27 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented