ഴിഞ്ഞ മേയ് 21-ന് രാത്രി റിയാദിലെ അൽഅവ്വൽ പാർക്കിൽ കളി തീരുമ്പോൾ കണ്ട കാഴ്ചയിൽ അൽ നസർ ആരാധകരുടെ മനസ്സു പിടഞ്ഞു. അന്തിമവിസിൽ മുഴങ്ങിത്തീരുമ്പോൾ അവരുടെ പ്രിയങ്കരനായ ഫുട്‌ബോൾ കളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്ത് മുട്ടുകുത്തി ഇരുന്ന് പൊട്ടിക്കരയുകയാണ്! ഏറെക്കാലം തീവ്രമായി ആഗ്രഹിച്ച ഒന്ന് ലഭ്യമാകുമ്പോൾ മാത്രം പൊട്ടിയൊഴുകുന്ന മുൻ നിരാശകളുടെ വേദനയും ആനന്ദവും ചേർന്നൊഴുകുന്ന കണ്ണീർ.

To advertise here,

കായികലോകത്തെ പതിവു കണക്കുകൂട്ടലനുസരിച്ച് കളിക്കളത്തിൽ രണ്ടു ദശാബ്ദം പിന്നിട്ട, കരിയർ എന്നേ അവസാനിക്കേണ്ടിയിരുന്ന ആ 41-കാരൻ ഈ വർഷത്തെ സൗദി പ്രോ ലീഗ് കിരീടനേട്ടം ആഘോഷിക്കുകയായിരുന്നു. അവസാനമത്സരത്തിൽ അൽ നസർ ഒന്നിനെതിരെ നാലുഗോളിന് ദമാക്കിനെയാണ് പരാജയപ്പെടുത്തിയത്. അതിൽ ജേതാക്കളുടെ അവസാനത്തെ രണ്ടു ഗോളും ഈ പോർച്ചുഗീസ് താരത്തിന്റെ വകയായിരുന്നു. 2021ൽ യുവന്റസിനൊപ്പം കോപ്പ ഇറ്റാലിയ നേടിയ ശേഷം ഒരു ക്ലബ് ട്രോഫിയും നേടാൻ അദ്ദേഹത്തിനായിരുന്നില്ല. പുരുഷ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരന്റെ ബൂട്ടിൽ മരുന്ന് തീർന്നോ എന്ന് ചോദിച്ചവർ കുറവല്ല.

മാൻയുവിലെ സഹനപർവവും മരുഭൂമിയിലെ ഉയിർപ്പും

ഈ നിമിഷത്തിന്റെ മൂല്യം മനസ്സിലാകണമെങ്കിൽ, സൗദി അറേബ്യയിലും യൂറോപ്യൻ കരിയറിന്റെ അന്ത്യവർഷങ്ങളിലും റൊണാൾഡോ എന്തൊക്കെ സഹിച്ചെന്നറിയണം. വളരെ പ്രതീക്ഷകളോടെയാണ് ക്രിസ്റ്റ്യാനോ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വീണ്ടുമെത്തിയത്. അതിനു കാരണമായത് പതിനെട്ടാം വയസ്സിൽ തന്നെ മാൻയുവിലെത്തിച്ച് കിടയറ്റ കളിക്കാരനായി വാർത്തെടുത്ത ഗുരു അലക്‌സ് ഫെർഗൂസന്റെ നിർബന്ധവും. എങ്കിലും യുണൈറ്റഡിൽ കാര്യങ്ങൾ അനുകൂലമായില്ല. തോൽവികൾക്കിടെ എറിക് ടെൻ ഹാഗ് കോച്ചായി വന്നതോടെ സ്ഥിതി കൂടുതൽ വഷളായി.

ഡച്ചുകാരനായ ഹാഗിന്റെ ഹൈ പ്രസ്സിങ്  ഗെയിം 37-കാരനായ റൊണാൾഡോയ്ക്ക് ബുദ്ധിമുട്ടായി. പിന്നീട് അദ്ദേഹത്തെ കോച്ച് പതിവായി റിസർവ് ബെഞ്ചിൽ ഇരുത്താൻ തുടങ്ങി. 2022 ഒക്ടോബറിൽ ടോട്ടനത്തിനെതിരായ കളി തീരാൻ മൂന്നു മിനിറ്റുള്ളപ്പോൾ പകരക്കാരനായി ഇറങ്ങാൻ ഹാഗ് ആവശ്യപ്പെട്ടപ്പോൾ നിയന്ത്രണം വിട്ട റൊണാൾഡോ കളി തീരുംമുമ്പ് ഇറങ്ങിപ്പോയി. നവംബറിൽ പിയേഴ്‌സ് മോർഗന് കൊടുത്ത വീഡിയോ അഭിമുഖത്തിലെ തുറന്നുപറച്ചിലുകൾ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാം അങ്കത്തിന് തിരശ്ശീലയിട്ടു. ആത്മാഭിമാനത്തിന് ക്ഷതമേറ്റ ഈ പീഡനകാലത്തായിരുന്നു റൊണാൾഡോയ്ക്ക് ഒരു മകൾ നഷ്ടമായത്.

2023 ജനുവരിയിലാണ് അദ്ദേഹം അൽ നസറിൽ ചേർന്നത്. യൂറോപ്യൻ ഫുട്‌ബോളിൽ നിന്നുള്ള നാടുകടത്തലായി പലരും അതിനെ ചിത്രീകരിച്ചു. ലോകമറിയുന്ന ടീമുകളൊന്നുമില്ലാത്ത മരുഭൂമി ലീഗിൽ വർഷം 200 മില്യൺ യൂറോ ശമ്പളത്തിൽ വിശ്രമജീവിതത്തിന് പോവുന്നതായി ശത്രുക്കൾ കുത്തിനോവിച്ചു. പക്ഷേ, റൊണാൾഡോയ്ക്ക് ബൂട്ടുകൊണ്ടു സംസാരിക്കാനായിരുന്നു ഇഷ്ടം. ഗോളുകൾ വന്നുകൊണ്ടേയിരുന്നു. പക്ഷേ, ട്രോഫികൾ വഴിമാറി നിന്നു. കിംഗ്‌സ് കപ്പ്, തുടർച്ചയായ രണ്ടു സൗദി സൂപ്പർ കപ്പ്, എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടൂ എന്നിവയിൽ ഫൈനലിൽ തോറ്റു.

അർജന്റീനാതാരം ലിയോണൽ മെസിയുമായി ബന്ധപ്പെടുത്തിയുള്ള പരിഹാസം ഇക്കാലത്ത് അദ്ദേഹത്തെ അലോസരപ്പെടുത്തി. (ആരാണ് എക്കാലത്തെയും മഹാനായ ഫുട്‌ബോൾ താരം (GOAT) എന്നതു സംബന്ധിച്ച് ആരാധകർ തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമാണിത്.) സൗദി സ്‌റ്റേഡിയങ്ങളിൽ അൽ നസറിന്റെ എതിർടീമുകളുടെ ആരാധകർ 'മെസ്സി! മെസ്സി!' എന്ന് ആർത്തു വിളിക്കുന്നത് പതിവായിരുന്നു. ഒരിക്കൽ നിയന്ത്രണംവിട്ട അദ്ദേഹം അൽഷബാബ് ആരാധകരോട് അശ്ലീലമായ ആംഗ്യം കാണിച്ചതിന് സസ്‌പെൻഡ് ചെയ്യപ്പെട്ടു.

2026 ഏപ്രിലിൽ അൽ അഹ്ലി ടീമിന്റെ ഫോർവേഡ് ഇവാൻ ടോണി 'റഫറിമാർ റൊണാൾഡോ ജയിക്കാൻ ഒത്തുകളിക്കുകയാണ്' എന്ന് പരസ്യമായി ആരോപിച്ചു. സൗദി അറേബ്യയുടെ 'വിഷൻ 2030'ന്റെ ഏറ്റവും വലിയ പരസ്യരൂപമാണ് റൊണാൾഡോ. അദ്ദേഹത്തിന്റെ പരാജയം ലീഗിന്റെ തന്നെ പരാജയമായി ആഗോളതലത്തിൽ ചിത്രീകരിക്കപ്പെടും. അതിനാൽ തന്നെ, റൊണാൾഡോ ഒരു കിരീടമില്ലാതെ സൗദി വിടുന്നത് തടയാൻ അധികൃതർ ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. ബ്രിട്ടീഷ് മാധ്യമങ്ങൾ ആർത്തിയോടെ ഈ 'മാച്ച് ഫിക്‌സിംഗ്' ആരോപണം ഏറ്റെടുത്തു. ഈ നിഷേധാത്മകത ക്ലബിനെയും റൊണാൾഡോയെയും ബാധിച്ചില്ല. റൊണാൾഡോ ഗോൾവേട്ട തുടർന്നു, തുടർച്ചയായി 14 ലീഗ് കളികൾ ജയിച്ച് അൽ നസർ ക്ലബ് ചരിത്രമെഴുതി.

റെക്കോഡുകൾക്കു പിന്നിലെ കഠിനാധ്വാനം

മുപ്പതുവയസ്സ് കഴിഞ്ഞ ശേഷം 500 ഗോൾ നേടിയ ഫുട്‌ബോൾ ചരിത്രത്തിലെ ആദ്യ കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രൊഫഷണൽ ഫുട്‌ബോളിൽ 500 ഗോൾ നേടിയ കളിക്കാർ ആകെ മുപ്പതിൽ താഴെയാണ്. അത്രയും ഗോളുകൾ റൊണാൾഡോ കരിയറിന്റെ രണ്ടാം പകുതിയിൽ നേടി! ഇപ്പോൾ അദ്ദേഹത്തിന്റെ ആകെ ഗോൾനേട്ടം 973 ആണ്. സ്വപ്‌നസമാനമായ ആയിരം ഗോളെന്ന ലക്ഷ്യത്തിലേക്ക് ഇനി 27 ഗോൾ മാത്രം. ഈ സീസണിൽ അദ്ദേഹം 28 ലീഗ് ഗോൾ നേടി. തുടർച്ചയായി 24 കലണ്ടർ വർഷങ്ങളിൽ അദ്ദേഹം ഗോൾ നേടി.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ആദ്യ വർഷങ്ങളിൽ എല്ലാവരും പരിശീലനം നിർത്തിപ്പോയ ശേഷവും റൊണാൾഡോ ഫ്‌ളഡ്‌ലിറ്റ് ഓഫ് ചെയ്യുന്നതുവരെ ഫ്രീകിക്ക് പ്രാക്ടീസ് ചെയ്യുമായിരുന്നു. താനുദ്ദേശിക്കുന്ന രീതിയിൽ പന്ത് പോകുംവരെ പ്രാക്ടീസ്. ശരിയായാൽ പിന്നെയും. കാരണം, അത് യാദൃശ്ചികമല്ലെന്ന് ഉറപ്പു വരുത്തണം! ദമാക്കിനെതിരെ അദ്ദേഹം നേടിയ ഫ്രീകിക്ക് ഗോൾ-ചെയ്ത കരിയറിലെ 65-ാമത്തേത്-ആകസ്മികമായി സംഭവിച്ചതല്ല!

റയൽ മാഡ്രിഡിലെ ടീമംഗങ്ങൾ റൊണാൾഡോയുടെ ഒട്ടും മയമില്ലാത്ത ഭക്ഷണരീതികളെക്കുറിച്ച് ആദരവും ഒരൽപ്പം വേദനയും കലർന്ന ഭാഷയിൽ സംസാരിക്കുമായിരുന്നു. മദ്യം തൊടില്ല, കൃത്യമായ അളവിൽ പ്രോട്ടീൻ, ഐസ് ബാത്ത്, മിനിട്ടു കണക്കിന് ക്രമീകരിച്ച ഉറക്കം. ഇന്നും ഈ മനുഷ്യന്റെ ശരീരക്ഷമത തന്നെക്കാൾ പകുതി പ്രായമുള്ള ചില കളിക്കാരെക്കാൾ മികച്ചതാണ് എന്നു പറയാറുണ്ട്. ശരിയായിരിക്കാം!

റയൽ മാഡ്രിഡിൽ സഹതാരമായിരുന്ന ലൂക്ക മോഡ്രിച്ച് പറയുന്നത് കേൾക്കുക: 'റൊണാൾഡോയുടെ ഏറ്റവും വലിയ പ്രത്യേകതയായി ഞാൻ കരുതുന്നത് അദ്ദേഹത്തിന്റെ അധ്വാനശീലമാണ്... നേടിക്കഴിഞ്ഞതിൽ അദ്ദേഹം ഒരിക്കലും തൃപ്തനല്ല. എപ്പോഴും കൂടുതൽ കൂടുതൽ വേണം. ഇത് അതിശയകരമാണ്... അദ്ദേഹത്തിന്റെ വർക്ക് എത്തിക്കും, തന്റെയും ടീമിന്റെയും മേൽ ചുമത്തുന്ന ഡിമാൻഡുകൾ അവിശ്വസനീയമായിരുന്നു.' മാൻയുവിൽ ഒപ്പം കളിച്ചിരുന്ന കിടയറ്റ പ്രതിരോധതാരം റിയോ ഫെർഡിനൻഡ് പറയുന്നത് റൊണാൾഡോയെക്കാൾ ശക്തനായ, നിശ്ചയദാർഢ്യമുള്ള, ജയിക്കണമെന്ന ഭ്രാന്തമായ അഭിനിവേശമുള്ളതുമായ മറ്റൊരു കളിക്കാരനെ കണ്ടിട്ടില്ലെന്നാണ്.

28-ാം വയസ്സിലെ റൊണാൾഡോ അല്ല ഇന്നുള്ളത്. ആരും അതു പറ്റുകയുമില്ല. ശാരീരികക്ഷമതയെ കൂടുതലായി ആശ്രയിക്കുന്ന ഘടകങ്ങളെ തന്റെ ഗെയിമിൽ നിന്നു നീക്കി പകരം കൃത്യസ്ഥലത്തെത്തൽ, കണക്കുകൂട്ടൽ, സെറ്റ് പീസുകളിലെ ഡെലിവറി, പെനാൽറ്റി ഏറിയയിലെ നീക്കങ്ങളിൽ ഏതാണ്ട് അമാനുഷമായ മിതത്വം എന്നിവ കൂട്ടിച്ചേർത്തു. പന്തിലെ സ്പർശനങ്ങൾ കുറച്ച്, ഓട്ടം കുറച്ച്, കൂടുതൽ ഗോൾ നേടുന്ന ഇരപിടിയൻ.

സ്വാർഥൻ എന്ന് അദ്ദേഹത്തെ വിമർശിച്ചവർ നോക്കുന്നത് തെറ്റായ കാര്യമാണ്. എത്ര ദൂരം അദ്ദേഹം പിന്നോട്ടു വന്നു പന്തെടുക്കുന്നു, പ്രസ് ചെയ്തു കളിക്കുന്നു, പ്രതിരോധത്തിന് എന്ത് സംഭാവന ചെയ്യുന്നു എന്നൊക്കെ. ഒരു കടുത്ത മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ഒരു ക്രോസ് വരുമ്പോൾ പെനാൽറ്റി ബോക്‌സിൽ എന്ത് സംഭവിക്കുന്നു എന്ന് ശ്രദ്ധിക്കാൻ അവർ മറക്കുന്നു. എങ്ങനെയെന്ന് വിശദീകരിക്കാനാവാത്ത രീതിയിൽ പന്തു വരുന്നിടത്ത് ശരിയായ വേഗതയിൽ, ശരിയായ കോണിൽ റൊണാൾഡോ പ്രത്യക്ഷമാകുന്നു, പിന്നാലെ ഗോളും. ഇത്രയേറെ കാലം ഇത്രയും ഉന്നതനിലവാരമുള്ള മത്സരങ്ങളിൽ ഇത്ര വലിയ പ്രതീക്ഷകളുടെ ഭാരം പേറി ഇത്രയും മികച്ച ഫോമിൽ കളിച്ചവർ വേറെയാരുമില്ല.

അവിശ്വസനീയ നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ അദ്ദേഹത്തെ തുണയ്ക്കുന്നത് സ്വാഭാവികപ്രതിഭ മാത്രമല്ല, മറ്റാരെക്കാൾ കൂടുതൽ നേരം പരിശീലനത്തിനു ചെലവാക്കാനുള്ള സന്നദ്ധത, ശരീരക്ഷമതയ്ക്കു വേണ്ടി മറ്റു സുഖങ്ങൾ ത്യജിക്കാനുള്ള ചങ്കുറപ്പ്, പിന്നെ കിടയറ്റ ആത്മവിശ്വാസം എന്നിവയാണ്. ഒരിക്കൽ അദ്ദേഹം പറഞ്ഞു, 'എന്റെ മനസ്സിൽ, ഞാൻ എപ്പോഴും ഏറ്റവും മികച്ചവനാണ്. ആളുകൾ എന്ത് ചിന്തിക്കുന്നു, എന്ത് പറയുന്നു എന്നതൊന്നും എനിക്ക് വിഷയമല്ല.'

റൊണാൾഡോയെ വിമർശിച്ചവരൊക്കെ വിസ്മരിക്കപ്പെട്ടിട്ട് വർഷങ്ങളായി. ആയിരാമത്തെ ഗോളിനും പോർച്ചുഗീസുകാരുടെ ആഗ്രഹം പോലെ, ജീവിതത്തിലെ ആദ്യ ലോകകപ്പ് നേട്ടത്തിനടുത്തേക്ക് ഉറച്ച ചുവടുകളുമായി നടക്കുകയാണ് റൊണാൾഡോ. കഴിഞ്ഞ 30 അന്താരാഷ്ട്രമത്സരങ്ങളിൽ 25 ഗോളുകൾ നേടിയ റൊണാൾഡോ മികച്ച ഫോമിലാണ്. ഈ സൗദി കിരീടം ഒരു ദീർഘകാല മനോവേദനയിൽ നിന്ന് അദ്ദേഹത്തെ മോചിപ്പിച്ചിരിക്കുകയാണ്. ഇത്തവണ പോരിനിറങ്ങുന്നതോടെ അദ്ദേഹം ആറ് തവണ ലോകകപ്പ് കളിക്കുന്ന ആദ്യത്തെ താരമാകും.

ഇക്കുറി എന്തിനും പോന്ന ടീമാണ് ലോകകപ്പിൽ പോർച്ചുഗലിനായി കളിക്കുക. നടക്കാൻ തീരെ സാധ്യതയില്ലാത്ത ഭ്രാന്തൻ മോഹമാണെങ്കിലും ആയിരം ഗോൾ നേട്ടം ഈ ലോകകപ്പിലുണ്ടാവുമോയെന്ന് ആരാധകർ ആരായുന്നു. ഇനിയും വേണം 27 ഗോൾ! ലോകകപ്പ് ഫൈനലിൽ ആയിരം ഗോൾ തികയ്ക്കുമോയെന്ന് ചോദിച്ചപ്പോൾ റൊണാൾഡോ അത് ചിരിച്ചുതള്ളി. 'നിങ്ങൾ വേണ്ടതിലധികം സിനിമ കാണുന്നുണ്ട്. അങ്ങനെ സംഭവിക്കുന്നതിന് തീരെ സാധ്യതയില്ല.'

ഒരുപക്ഷേ, അസംഭവ്യമായിരിക്കാം. പക്ഷേ, ഒരിക്കലും സംഭവ്യമല്ലാത്ത നിമിഷങ്ങൾ സൃഷ്ടിക്കുന്നത് പതിവാക്കിയ മാന്ത്രികബൂട്ടുകളുടെ ഉടമയ്ക്ക് ഒരു തവണയെങ്കിലും ലോകകപ്പ് കിരീടത്തെ മുത്തം വെക്കാൻ അർഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ കോടിക്കണക്കായ ആരാധകർ വിശ്വസിക്കുന്നു.