ഒറ്റ ഷോട്ടുപോലുമില്ലാതെ 90 മിനിറ്റ് ലോകകപ്പ് ഫൈനൽ കളിച്ച ഒരു സംഘത്തിന് എങ്ങനെ കിരീടത്തിൽ മുത്തമിടാനാകും ? ലോകകപ്പ് ഫൈനലിൽ ഇതിന് മുൻപ് ഒരു ടീമും ഒറ്റ ഷോട്ടില്ലാതെ 90 മിനിറ്റ് പൂർത്തിയാക്കിയിട്ടില്ല. ആ നാണക്കേടിന്റെ റെക്കോഡുമായാണ് അർജന്റീന കളംവിടുന്നത്. ലോകചാമ്പ്യന്മാരുടെ പകിട്ടോടെ കിരീടം നിലനിർത്താനിറങ്ങിയ അർജന്റീനയെ 120 മിനിറ്റും സ്പെയിൻ വരച്ചവരയിൽ നിർത്തി. മത്സരത്തിൽ ആകെ അർജന്റീനയുതിർത്തത് 2 ഷോട്ടുകൾ. റോഡ്രിയും യമാലും ഒൽമോയുമെല്ലാം നിറഞ്ഞാടിയ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ മെസ്സിയെ ആരും കണ്ടില്ല. അത്ര ഗംഭീരമായ ആധിപത്യമാണ് അർജന്റീനയ്ക്കെതിരേ യൂറോ ചാമ്പ്യന്മാർ പുലർത്തിയത്. ഫൈനലിൽ ദയനീയമായി സ്കലോണിയും സംഘവും തകർന്നടിഞ്ഞു. ഒരു ഗോൾ മാത്രമേ വഴങ്ങിയുള്ളൂ എന്നതിന് അർജന്റീനയ്ക്ക് ആശ്വസിക്കാം.
മത്സരത്തിന്റെതുടക്കം മുതൽ തന്നെ മൈതാനത്ത് ആധിപത്യം സ്ഥാപിച്ച് കളിക്കാനാണ് ഇരുടീമുകളും ശ്രമിച്ചത്. സ്‌പെയിൻ അത് അർജന്റീനയേക്കാൾ മനോഹരമായി നടപ്പിലാക്കുകയും ചെയ്തു. കടുത്ത പ്രസ്സിങ് പുറത്തെടുത്ത് അത് തടയാൻ അർജന്റീന ശ്രമിച്ചെങ്കിലും പൂർണമായും വിജയം കണ്ടില്ല. മാത്രമല്ല, സ്‌പെയിൻ മികച്ച നീക്കങ്ങളും നടത്തി. ആദ്യമിനിറ്റുകളിൽ കളിയുടെ പൂർണമായ നിയന്ത്രണം സ്‌പെയിനിനായിരുന്നു. വലതുവിങ്ങിലൂടെയുള്ള യമാലിന്റെ മുന്നേറ്റങ്ങൾ പണിപ്പെട്ടാണ് അർജന്റൈൻ പ്രതിരോധം തടഞ്ഞത്. അധികനേരം പന്ത് കൈവശംവെച്ച് കളിക്കാതെ സ്‌പെയിൻ ഫൈനൽ തേർഡിൽ ചടുലമായ മുന്നേറ്റങ്ങൾ നടത്തി.
മറുവശത്ത് അർജന്റീന ഹൈബോളുകളിലൂടെ മുന്നേറാനാണ് ശ്രമിച്ചത്. ആ നീക്കങ്ങൾക്ക് പക്ഷേ അത്ര മൂർച്ചയുണ്ടായിരുന്നില്ല. മെസ്സിയുടെ കാലിൽ അധികനേരം പന്തെത്തിയതുമില്ല. പന്ത് കിട്ടാതെ വന്നതോടെ കളി അൽപ്പം പരുക്കനായി. ഡിഫൻസീവ് ഹാഫിലും അറ്റാക്കിങ് തേർഡിലും ഒരുപോലെ കളിച്ച റോഡ്രിയാണ് അർജന്റീനയ്ക്ക് തലവേദന സൃഷ്ടിച്ചത്. കളിയുടെ ഗതിക്കനുസരിച്ച് റോഡ്രി നിറഞ്ഞുകളിച്ചു. അർജന്റീനയുടെ മുന്നേറ്റങ്ങളുണ്ടാകുമ്പോൾ സ്വന്തം ഹാഫിലും ആക്രമണങ്ങളുണ്ടാകുമ്പോൾ എതിർ ഹാഫിലും റോഡ്രിയുടെ സാന്നിധ്യം സ്‌പെയിനിന് കരുത്തായി.
അഞ്ചാം മിനിറ്റിൽ തന്നെ യമാലിന്റെ മുന്നേറ്റം ഗോളിനടുത്തെത്തി. താരത്തിന്റെ ഷോട്ട് പക്ഷേ ഗോളി എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെയെത്തിയ സ്പാനിഷ് മുന്നേറ്റവും മാർട്ടിനെസ് തടഞ്ഞു. വലതുവിങ്ങിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി യമാൽ അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. സ്‌പെയിൻ പന്ത് കൈവശം വെച്ച് കളിക്കാനാരംഭിച്ചതോടെ മത്സരം അൽപം ഫിസിക്കലായി മാറി. ആദ്യ 20 മിനിറ്റിനിടെ ലയണൽ മെസ്സിക്ക് രണ്ടു തവണ മാത്രമാണ് പന്ത് ലഭിച്ചത്. കിട്ടിയ അവസരങ്ങളിൽ ചെറിയ കൗണ്ടർ അറ്റാക്കുകൾ നടത്തിയതൊഴിച്ചാൽ അർജന്റീനയ്ക്ക് ആദ്യപകുതി കാര്യമായി ഒന്നും ചെയ്യാനായില്ല.
ആദ്യപകുതിയിൽ പന്തടക്കത്തിലും ഗോൾശ്രമങ്ങളിലും സ്‌പെയിൻ മികച്ചുനിന്നു. 51% ആണ് സ്‌പെയിനിന്റെ ബോൾ പൊസഷൻ, അർജന്റീനയുടേതാകട്ടെ 45% ആയിരുന്നു. മൂന്ന് ഷോട്ടുകളാണ് ആദ്യപകുതിയിൽ സ്‌പെയിൻ ഉതിർത്തത്. ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകളും. മറുവശത്ത് പോസ്റ്റിലേക്ക് മാത്രമല്ല, ഒറ്റ ഷോട്ടുപോലും അർജന്റീനയ്ക്കില്ല. അത്രദയനീയമായിരുന്നു അർജന്റീനയുടെ ആദ്യപകുതിയിലെ പ്രകടനം. നിക്കോ ഗോൺസാലസിനെ ലെഫ്റ്റ് വിങ്ങിൽ കൊണ്ടുവന്നിട്ടും കാര്യമായ ഫലമുണ്ടായില്ല. ഒരു മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറുടെ അഭാവം അർജന്റൈൻ നിരയിൽ നിഴലിട്ടുനിന്നു.
രണ്ടാം പകുതിയിൽ നിക്കോ ഗോൺസാലസിനെ പിൻവലിച്ച് ലിയാൻഡ്രാ പാരെഡെസിനെ സ്‌കലോണി കളത്തിലിറക്കി. സ്‌പെയിനിന്റെ മുന്നേറ്റങ്ങളെ ഒരുപരിധിവരെ തടഞ്ഞുനിർത്തുകയായിരുന്നു ലക്ഷ്യം. അതേസമയം നിക്കോയെ പിൻവലിച്ചതോടെ ലെഫ്റ്റി വിങ് ഏറെക്കുറെ ശൂന്യമായി. പിന്നീട് സപെയിൻ ആക്രമണങ്ങൾക്ക് വേഗം കൂട്ടിയതോടെ അർജന്റീനയുടെ പ്രതിരോധം ആടിയുലഞ്ഞു. പിന്നീട് കണ്ടത് സ്‌പെയിൻ നിരനിരയായി മുന്നേറുന്നതായിരുന്നു. മത്സരത്തിലെ നിയന്ത്രണം തന്നെ മെസ്സിയും സംഘത്തിനും നഷ്ടപ്പെട്ടു. രണ്ടാം പകുതിയിലെ ഹൈഡ്രേഷൻ ബ്രേക്കിന് പിരിയുമ്പോഴും ഒറ്റഷോട്ട് അടിക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല.
മറുവശത്ത് ലൂയിസ് ഡെ ഫുയെന്റെ പെഡ്രിയേയും ഫെറാൻ ടോറസിനെയും കളത്തിലിറക്കി മുന്നേറ്റങ്ങൾക്ക് വേഗത കൂട്ടി. പിന്നാലെ സ്‌കലോണി ഡി പോളിനെ പിൻവലിച്ച് ജൂലിയാനോ സിമിയോണിയെ മൈതാനത്തിറക്കി. പക്ഷേ അർജന്റീനയ്ക്ക് ഒന്നും ചെയ്യാനായില്ല. ലോകചാമ്പ്യന്മാരെ വരച്ചവരയിൽ നിർത്തുന്ന യൂറോ ജേതാക്കളെയാണ് കണ്ടത്. അത്ര ആധിപത്യത്തോടെയാണ് സ്‌പെയിൻ പന്തുതട്ടിയത്. മെസ്സിയടക്കം അർജന്റീനയുടെ പേരുകേട്ട നിര തീർത്തും നിറം മങ്ങി. പന്തുകിട്ടാതെ മൈതാനത്ത് തലങ്ങും വിലങ്ങും ഓടിനടക്കുന്ന സ്‌കലോണിപ്പട.
സ്‌പെയിനിന്റെ ആധിപത്യത്തിൽ പകച്ചുനിൽക്കുന്ന അർജന്റീനയെ കൂടുതൽ പ്രതിരോധത്തിലാക്കി എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തേക്ക് പോയി. അതോടെ അർജന്റീനയ്ക്ക് തിരിച്ചുവരവിന് പോലും സാധിക്കാത്ത അവസ്ഥയായി. സ്‌പെയിൻ മുന്നേറ്റങ്ങൾ ലക്ഷ്യത്തിലെത്താതെ പോയന്നെ് മാത്രം. അതുകൊണ്ട് മാത്രമാണ് നിശ്ചിത സമയത്ത് ഗോൾ വീഴാതെ നിന്നത്. ഒറ്റ ഷോട്ടും പോലും 90 മിനിറ്റിൽ അടിക്കാനാവാതെ ലോകചാമ്പ്യന്മാർ ദയനീയമായ പതനത്തിന്റെ വക്കിലായിരുന്നു. ഇതാണോ ലോകകിരീടം നിലനിർത്താനിറങ്ങിയ ടീമെന്ന് ഒരുവേള ലോകമൊന്നടങ്കം ആശ്ചര്യപ്പെട്ട നിമിഷങ്ങൾ.
എക്‌സ്ട്രാടൈമിൽ എത്രനേരം അർജന്റീന ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കുമെന്നത് മാത്രമായിരുന്നു ചോദ്യം. 95-ാം മിനിറ്റിൽ നിക്കോ വില്യംസ് പന്ത് വലയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മിക്കെൽ മെറീനോ, നിക്കോളാസ് ഒട്ടമെൻഡിയെ ഫൗൾ ചെയ്‌തെന്ന് വ്യക്തമായതിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു.102-ാം മിനിറ്റിൽ ഉറച്ചൊരു ഗോളവസരം മിക്കെൽ മെറീനോ നഷ്ടപ്പെടുത്തുന്നതും കണ്ടു. നിക്കോ വില്യംസ് നൽകിയ ക്രോസിൽ നിന്നുള്ള മെറീനോയുടെ ഹെഡർ പുറത്തേക്ക് പോയി. പിന്നാലെ 106-ാം മിനിറ്റിൽ ഗോളും. പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് വലകുലുക്കിയതോടെ സ്‌പെയിൻ നിർണായക ലീഡെടുത്തു. പിന്നീട് ഫൈനൽ വിസിലിനായുള്ള കാത്തിരിപ്പ് മാത്രമായിരുന്നു. അവസാനനിമിഷം മെസ്സിയിലൂടെ മുന്നേറ്റങ്ങൾ നടത്തിയതൊഴിച്ചാൽ അർജന്റീനയ്ക്ക് കൂടുതൽ ഒന്നും ചെയ്യാനായില്ല. ഫൈനൽ വിസിൽ മുഴങ്ങിയതോടെ സ്പെയിൻ ലോകചാമ്പ്യൻമാരായി. മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ സ്പാനിഷ് അർമാദം. മെസ്സിയും സംഘവും നിരാശയോടെ കളംവിട്ടു.
Content Highlights: Spain defeated Argentina to secure the 2026 World Cup title., Argentina failed to record a single shot in the first 90 minutes
Published: 20 Jul 2026, 04:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented