എങ്ങനെ പിടിച്ചുകെട്ടും ഈ സ്പാനിഷ് നിരയെ. സ്‌പെയിനിനെ സ്‌പെയിനാക്കിയ ടിക്കി ടാക്കയുടെ അത്യാധുനിക രൂപം ഈ ലോകകപ്പിൽ എതിരാളികളെ വരിഞ്ഞു മുറുക്കുന്നത് നമ്മൾ കണ്ടു. ലോകകപ്പിന്റെ ഫൈനലിന്റെ ചിത്രവും മറ്റൊന്നായിരുന്നില്ല. 106-ാം മിനിറ്റിൽ ഫെറാൻ ടോറസിന്റെ ഇടംകാലനടി അർജന്റീന വല തുളയ്ക്കുമ്പോൾ അർജന്റീന ആരാധകരുടെ മുഖത്തു നിന്നും പുഞ്ചിരി മാഞ്ഞിരുന്നു. 2010-ന് ശേഷം സ്‌പെയിൻ വീണ്ടും ലോകകപ്പ് ഉയർത്തിയിരിക്കുന്നു.

To advertise here,

2010 ജൂലൈ 11, ജോഹന്നാസ്ബർഗിലെ സോക്കർ സിറ്റി സ്റ്റേഡിയം. അന്ന് 116-ാം മിനിറ്റിലെ ആന്ദ്രേസ് ഇനിയേസ്റ്റയുടെ ആ ഒരൊറ്റ ഗോൾ സ്പെയിനിന് ഒരു ലോകകപ്പ് നേടിക്കൊടുക്കുക മാത്രമല്ല ചെയ്തത്, ഫുട്ബോളിന്റെ ഗതിയെ തന്നെ അത് മാറ്റിമറിക്കുകയായിരുന്നു. അവിടെ സ്പാനിഷ് ഫുട്ബോൾ പൂർണ്ണതയുടെ പര്യായമായി മാറി. എതിരാളികളെ അവരുടെ പിന്നാലെ ഓടാതെ തന്നെ ശ്വാസംമുട്ടിക്കാൻ കഴിയുന്ന ഒരു തന്ത്രത്തിന്റെ പിറവിയായിരുന്നു അത്. സാവി, ഇനിയെസ്റ്റ, ബുസ്‌ക്വെറ്റ്സ് എന്നിവരടങ്ങിയ സ്പാനിഷ് മധ്യനിര ഫുട്ബോൾ മൈതാനത്തെ സമയം തന്നെ നിയന്ത്രിക്കുന്നവരായി മാറി. അവരുടെ ഓരോ പാസുകളും മൈതാനത്ത് കവിത പോലെ ഒഴുകി. ആ ശൈലി പകർത്താൻ പിന്നീട് പലരും ശ്രമിച്ചു, ആർക്കും പക്ഷേ അതിന് സാധിച്ചില്ല.

വർഷങ്ങൾ കടന്നുപോയി. കാലം പഴയ വീരന്മാരെ കാത്തിരിക്കാറില്ല. സ്പെയിനിന്റെ ആ സുവർണ സാമ്രാജ്യം പതിയെ തകർച്ചയിലേക്ക് പോയിത്തുടങ്ങി. 2014 ബ്രസീൽ ലോകകപ്പ്. നെതർലൻഡ്സിനോടും ചിലിയോടും തോറ്റ് സ്പാനിഷ് പട ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായപ്പോൾ ഫുട്ബോൾ ലോകം അദ്ഭുതപ്പെട്ടു. പിന്നാലെ 2016 യൂറോയിൽ ഇറ്റലിയോട് പ്രീക്വാർട്ടറിൽ തോറ്റു. 2018 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ആതിഥേയരായ റഷ്യയ്ക്കു മുന്നിൽ ഷൂട്ടൗട്ടിൽ വീണു. 2022 ഖത്തർ, കൂടുതൽ പന്തടക്കം, കൂടുതൽ പാസുകൾ, പക്ഷേ ലക്ഷ്യമില്ലാത്ത ഫുട്ബോൾ. അവിടെയും നിരാശ. ഒരിക്കൽ ലോകത്തെ ഭയപ്പെടുത്തിയിരുന്ന സ്പെയിൻ വളരെ വേഗം ആർക്കും പ്രവചിക്കാൻ സാധിക്കുന്ന ടീമായി മാറി. സുന്ദരമായ, എന്നാൽ ഒട്ടും അപകടകരമല്ലാത്ത ശൈലി. 'ടിക്കി-ടാക്ക' മരിച്ചോ എന്ന ചോദ്യം ഫുട്ബോൾ ലോകം ചോദിക്കാൻ തുടങ്ങി. സ്പെയിൻ അവരുടെ തന്നെ ഫുട്ബോൾ ഫിലോസഫിയുടെ തടവിലായിപ്പോയി. ആ സ്പെയിൻ പിൽക്കാലത്ത് ആരും ഭയക്കാത്ത ടീമായി മാറി. സ്പെയിനിനെ ഫുട്ബോൾ ലോകം ബഹുമാനിച്ചു, പക്ഷേ ഭയന്നില്ല.

ലൂയിസ് ഡെലാ ഫ്യുവന്റെ; നിശബ്ദനായ വിപ്ലവകാരി

അങ്ങനെയിരിക്കെയാണ് 2022 ഡിസംബറിൽ ലൂയിസ് ഡെ ലാ ഫ്യുവന്റെ സ്പെയിനിന്റെ പരിശീലകനായി എത്തുന്നത്. ആ പ്രഖ്യാപനം ആരാധകരിൽ ആവേശത്തേക്കാൾ കൂടുതൽ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. ലൂയിസ് ഡെ ലാ ഫ്യുവന്റെയോ? അതാരാണെന്നായിരുന്നു പലരുടെയും ചോദ്യം. കാരണം അയാളൊരു സൂപ്പർ സ്റ്റാർ കോച്ചൊന്നും ആയിരുന്നില്ല. അയാളൊരു പെപ് ഗാർഡിയോളയോ ഹോസെ മൗറീഞ്ഞോയോ കാർലോ ആൻസലോട്ടിയോ ആയിരുന്നില്ല. സ്പെയിനിന്റെ യുവനിരകളെ വർഷങ്ങളായി പരിശീലിപ്പിച്ചിരുന്ന തികച്ചും സാധാരണക്കാരനായ ഒരാൾ. ഫെഡറേഷൻ കൊണ്ടുവന്ന ഒരു പരിശീലകൻ.

എന്നാൽ ഫുട്ബോൾ ലോകം സെലിബ്രിറ്റി മാനേജർമാർക്ക് പിന്നാലെ പാഞ്ഞപ്പോൾ, സ്പെയിൻ തങ്ങളുടെ ഭാവി അറിയാവുന്ന ഒരാളെ വിശ്വസിച്ചു. ഇന്നത്തെ ഈ യുവതാരങ്ങളെ ലോകം അറിയുന്നതിന് മുൻപ് തന്നെ പരിശീലിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അതിനാൽ തന്നെ ടീമിൽ ഒത്തിണക്കം കൊണ്ടുവരാൻ അദ്ദേഹത്തിന് മാസങ്ങൾ വേണ്ടിവന്നില്ല. കാരണം അതയാൾ വർഷങ്ങൾക്കു മുമ്പേ തന്നെ നടപ്പിലാക്കിയിരുന്നു. പതിയെ, നിശബ്ദമായി കാര്യങ്ങൾ മാറിത്തുടങ്ങി. സ്പെയിൻ ആദ്യം യുവേഫ നേഷൻസ് ലീഗ് നേടി, പിന്നാലെ 2024 യൂറോ കപ്പും. എങ്കിലും വിമർശകർക്ക് അതൊരു 'നല്ല തലമുറയുടെ ഭാഗ്യം' മാത്രമായിരുന്നു. യഥാർഥ പരീക്ഷണം 2026 ലോകകപ്പായിരുന്നു.

2026 ലോകകപ്പ്; ടിക്കി-ടാക്കയുടെ പരിണാമം

വടക്കേ അമേരിക്കയിൽ ലോകകപ്പ് വിസിൽ മുഴങ്ങിയപ്പോൾ ഫ്രാൻസും ഇംഗ്ലണ്ടും അർജന്റീനയും ബ്രസീലുമായിരുന്നു സംസാരവിഷയം. എംബാപ്പെ, മെസ്സി, വിനീഷ്യസ് എന്നിവരുടെ പേരുകൾക്കിടയിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. കേപ് വെർദെയ്ക്കെതിരായ ആദ്യ മത്സരത്തിൽ കണ്ടതോ, അവരുടെ പ്രതിരോധം ഭേദിക്കാനാകാതെ, ഗോളടിക്കാനാകാതെ ഉഴറിനടക്കുന്ന സ്പാനിഷ് താരങ്ങളെ. എല്ലാവരും അവരുടെ കഴിവിനെ സംശയിക്കാൻ തുടങ്ങി. എന്നാൽ സ്പാനിഷ് ക്യാമ്പിൽ ആർക്കും തന്നെ യാതൊരു ഭയവും ഉണ്ടായിരുന്നില്ല. കാരണം ഡെ ലാ ഫ്യുവന്റെ ആദ്യ മത്സരത്തിൽ തന്നെ അദ്ഭുതം സൃഷ്ടിക്കാനല്ല, അവസാന മത്സരം വരെ അതിജീവിക്കാനുള്ള ഒരു ടീമിനെയാണ് വാർത്തെടുത്തത്. പിന്നീട് നമ്മൾ കണ്ടതും അതുതന്നെ. മത്സരങ്ങൾ കടന്നുപോകുന്തോറും മാറ്റങ്ങൾ കണ്ടു തുടങ്ങി. പലരും ദുർബലരെന്ന് കരുതിയ സ്പെയിൻ അങ്ങനെ അല്ലാതായി മാറി. അവർ കൂടുതൽ തന്ത്രശാലികളും അപകടകാരികളുമായി മാറി. ഗോളുകൾ വന്നുതുടങ്ങി, ക്ലീൻഷീറ്റുകൾ തുടർന്നുകൊണ്ടിരുന്നു. സ്പെയിനിന്റെ മിഡ്ഫീൽഡിനോട് കിടപിടിക്കുക എന്നത് അസാധ്യമായി മാറി. അവർക്കെതിരേ കളിച്ച് എതിരാളികൾ കുഴങ്ങി. പന്ത് കിട്ടാതെ പലരും മൈതാനത്ത് തെക്ക് വടക്ക് നടന്നുകൊണ്ടിരുന്നു. ഫൈനൽ മത്സരം വരെ എതിരാളികൾക്ക് അവർക്കെതിരേ നേടാനായത് ഒരേയൊരു ഗോൾ മാത്രമായിരുന്നു.

വെറുതെ ബസ് പാർക്കിങ്ങ് കളിക്കുകയായിരുന്നില്ല അവർ. മറിച്ച് പന്ത് കൈവശം വെച്ചുകൊണ്ടു തന്നെ പ്രതിരോധിക്കുന്ന പഴയ സ്പാനിഷ് തന്ത്രത്തിന്റെ പുതിയ പതിപ്പ് നടപ്പാക്കുകയായിരുന്നു. കൂടുതൽ വേഗതയുള്ള, കൂടുതൽ ലക്ഷ്യബോധമുള്ള, അങ്ങേയറ്റം ആക്രമണോത്സുകമായ ഒരു ശൈലി. അതിൽ തന്നെ ഏറ്റവും അപകടകരമായത് പന്തിൻമേലുള്ള അവരുടെ നിയന്ത്രണമായിരുന്നു.

സെമിഫൈനൽ; ഫ്രാൻസിന്റെ വീഴ്ചയും സ്പാനിഷ് നിയന്ത്രണവും

അങ്ങനെയിരിക്കുമ്പോഴാണ് സെമിക്ക് കളമൊരുങ്ങുന്നത്. ഫ്രാൻസ്, കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ, മൈക്കൽ ഒലിസെ, ഡെറീറേ ഡുവെ, ബ്രാഡ്ലി ബർക്കോള തുടങ്ങിയ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ മുന്നേറ്റനിരയുമായാണ് ദിദിയർ ദെഷാംസിന്റെ ഫ്രാൻസ് സെമിഫൈനലിനിറങ്ങിയത്. വേഗത, ശക്തി, വ്യക്തിഗത മികവ് എന്നിവയാൽ നിറഞ്ഞ ഒരു സ്‌ക്വാഡ്. ടൂർണമെന്റിലുടനീളം ആർക്കും ഈ ഫ്രാൻസിനെ തടയാനാകില്ലെന്ന് എല്ലാവരും കരുതി. മത്സരം തങ്ങൾ നിയന്ത്രിക്കാൻ പോകുന്നുവെന്ന് ഉറപ്പിച്ചാണ് ഫ്രാൻസ് ഡാലസ് സ്റ്റേഡിയത്തിൽ പ്രവേശിച്ചത്. അവർക്ക് പന്ത് കിട്ടിയാൽ എന്തുസംഭവിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അതിനാൽ സ്പെയിൻ അവർക്ക് പന്ത് നൽകിയതേയില്ല! 90 മിനിറ്റും ഫ്രഞ്ച് താരങ്ങൾ സ്പാനിഷ് നിഴലുകൾക്ക് പിന്നാലെ ഓടുകയായിരുന്നു. ഒരു പ്രത്യേക താരത്തെ ആശ്രയിക്കുന്നതിന് പകരം സ്പെയിൻ ഒറ്റക്കെട്ടായി നിന്ന് കളിച്ചു. 16 വർഷം മുമ്പുള്ള സ്പെയിനിനെ കാണുന്നതു പോലെയായിരുന്നു അത്.

റോഡ്രി, മൈതാനത്തെ ഒരു ജനറലിനെപ്പോലെ നിയന്ത്രിച്ചു. ഫാബിയൻ റൂയിസും ഡാനി ഓൽമോയും ഫ്രഞ്ച് പ്രതിരോധ നിരയിൽ നിരന്തരം വിള്ളലുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. സ്പെയിനിന്റെ മിഡ്ഫീൽഡ് ഫ്രാൻസിനെ ശ്വാസം മുട്ടിച്ചു. അവർക്ക് ഒരിക്കലും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യമായി ഓൽമോ മാറി. ഫ്രാൻസിന്റെ ആത്മവിശ്വാസം പതുക്കെ ചോർന്നുതുടങ്ങി. 11 സ്പാനിഷ് താരങ്ങളും ഒരേ മനസുമായി കളിച്ചു. പന്ത് ലഭിക്കാതെ എംബാപ്പെ ഒറ്റപ്പെട്ടു.

അവിടെ സ്പെയിൻ നിശബ്ദമായി ഫ്രാൻസിനെ പ്രതിരോധിക്കുകയായിരുന്നില്ല. മറിച്ച് ജയിക്കാമെന്ന അവരുടെ വിശ്വാസത്തെ കെടുത്തിക്കളയുകയായിരുന്നു. അങ്ങനെ വിശ്വാസം ഇല്ലാതാകുമ്പോൾ ലോകത്തെ മികച്ച ഏതൊരു ടീമും തെറ്റുകൾ വരുത്താൻ തുടങ്ങും. അതായിരുന്നു സ്പെയിനിന്റെ ലക്ഷ്യവും.

ഫൈനലിൽ അർജന്റീനയുടെ അനുഭവവും മറിച്ചായിരുന്നില്ല. അർജന്റീനയെ പൂർണമായും നിഷ്പ്രഭമാക്കി കളയുകയായിരുന്നു സ്പാനിഷ്‌നിര. മധ്യനിരയിൽ പന്തു ലഭിക്കാതെ മെസ്സിയടക്കമുള്ളവർ മൈതാനത്ത് അലഞ്ഞു തിരിയുകയായിരുന്നു. പന്ത് ലഭിക്കാതായതോടെ ക്ഷമ നശിച്ച അർജന്റീന താരങ്ങൾ പിന്നെ പരുക്കൻ കളി പുറത്തെടുക്കുകയും ചെയ്തു. റോഡ്രി മധ്യനിര നിറഞ്ഞു കളിച്ചതോടെ അർജന്റീന ചിത്രത്തിൽ തന്നെ ഇല്ലാതായി. ഒരിഞ്ചുപോലും അനങ്ങാനാകാതെ അർജന്റീന ടീമിനെ വരിഞ്ഞുമുറുക്കുകയായിരുന്നു സ്പാനിഷ് നിര.

ഈ സ്പാനിഷ് ടീം 2010-ലെ സുവർണ്ണ തലമുറയാകാൻ ശ്രമിക്കുന്നവരല്ല. അതുതന്നെയാണ് അവരെ ഏറ്റവും അപകടകാരികളാക്കുന്നതും. കളി ജയിക്കാൻ അവർക്ക് അദ്ഭുതങ്ങളോ വ്യക്തിഗത മാജിക്കോ ആവശ്യമില്ല. പരസ്പര വിശ്വാസമാണ് അവരെ നയിക്കുന്നത്. ഒരിക്കൽ നഷ്ടപ്പെട്ടുപോയ സ്വത്വം വീണ്ടെടുത്തിരിക്കുകയാണ് ഈ സ്പാനിഷ് നിര. ഈ പുതിയ തലമുറ ദക്ഷിണാഫ്രിക്കയിലെ ചരിത്രം പിന്തുടരുകയല്ല, അവർ പുതിയ ചരിത്രം രചിക്കുകയാണ്.