തിരുവനന്തപുരം: നിർമിതബുദ്ധി ആരോഗ്യരംഗത്തെ പുതുയുഗമാണെങ്കിലും അതിന്റെ ഉപയോഗം ഉത്തരവാദിത്വത്തോടെയും സൂക്ഷ്‌മതയോടെയും വേണമെന്ന് മാതൃഭൂമി സംഘടിപ്പിച്ച ‘ഇവോൾവ് ഹെൽത്ത്; ദ ഹെൽത്ത് കെയർ സമ്മിറ്റ് മെഡിക്കൽ കോൺക്ലേവ് 2026’ ചൂണ്ടിക്കാട്ടി. ആരോഗ്യരംഗവും സാങ്കേതികവിദ്യയും തമ്മിലുള്ള ‘ഹെൽത്ത് ഗ്യാപ്’ മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. ബയോടെക്‌നോളജി, വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി എന്നിവയുടെ സംയോജനം ആരോഗ്യരംഗത്ത് ചലനാത്മകമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. നിർമിതബുദ്ധി ആരോഗ്യരംഗത്തെ എങ്ങനെ സ്വാധീനിക്കുന്നു, നേട്ടങ്ങൾ, വെല്ലുവിളികൾ, ഉപയോഗം എന്നിവയെല്ലാം കോൺക്ലേവിൽ ചർച്ച ചെയ്തു.
‘സ്മാർട്ടർ സിസ്റ്റംസ്, ബെറ്റർ കെയർ, ട്രാൻസ്‌ഫോമിങ് ഹെൽത്ത്‌കെയർ മാനേജ്‌മെന്റ് ത്രൂ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന വിഷയത്തിൽ നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. യു.ആർ.രാഹുൽ, അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആനന്ദ് മാർത്താണ്ഡ പിള്ള, നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷനിലെ മെഡിക്കൽ ഇന്നൊവേഷൻ ഡയറക്ടർ ഡോ. നദീംഷാ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കേരള സർവകലാശാല ഇംഗ്ലീഷ് വിഭാഗം ഗവേഷകൻ സിദ്ധാർഥ് എം. ജോയ് മോഡറേറ്ററായി.

To advertise here,
placeholder

ഡോ.യു.ആർ.രാഹുൽ (നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് നോഡൽ ഓഫീസർ)

 

വർഷങ്ങളായി പഠിച്ചെടുത്ത അറിവുകൾ കാലക്രമേണ അനുഭവങ്ങളാകും. മെഡിക്കൽ പ്രാക്ടീഷണറെ സംബന്ധിച്ചിടത്തോളം പഠിച്ച പാഠങ്ങൾ ഓർത്തുവെച്ച്‌ അൽഗൊരിതം പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ സാങ്കേതികവിദ്യയിൽ വിപ്ലവാത്മക ചലനങ്ങൾ ഉണ്ടാകുമ്പോൾ വിവരശേഖരണത്തിന്‌ കൂടുതലായി സാങ്കേതികവിദ്യയെ ആശ്രയിക്കേണ്ടി വരും. ലഭിക്കുന്ന വിവരങ്ങൾ കൃത്യവും ആധികാരികവുമാണോയെന്ന് നാം പരിശോധിക്കണം. മെഡിക്കൽ പ്രൊഫണലുകൾക്ക് പുറമേ സാധാരണക്കാരായ ജനങ്ങൾക്കും ഈ വിവരങ്ങൾ അതിവേഗം ലഭിക്കും. കിട്ടുന്ന വിവരങ്ങളെല്ലാം പൂർണമായും ആധികാരികമല്ലെന്ന യാഥാർഥ്യവും മനസിലാക്കണം. അഡ്മിനിസ്‌ട്രേറ്റീവ് തലത്തിൽ ജോലിഭാരം കുറയ്ക്കാൻ കഴിയും. പക്ഷേ ആ തൊഴിൽ ചെയ്തവരെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി ഉണ്ടാകാനും സാധ്യതയുണ്ട്. പണി കുറയ്ക്കുന്ന ടെക്‌നോളജിയെ ആശ്രയിക്കുമ്പോൾ മറുവശത്ത് മനുഷ്യവിഭവ ശേഷിക്ക്‌ ഒരു ബദലാകാൻ എ.ഐ. കാരണമാകുമോയെന്നും ചിന്തിക്കേണ്ടതാണ്. നിർമിതബുദ്ധിക്ക്‌ ഡോക്ടറും രോഗിയുമായുള്ള ആശയവിനിമയത്തെ സ്വാധീനിക്കാനുള്ള സാധ്യതയേറെയാണ്.
 

placeholder

 

ഡോ. ആനന്ദ് മാർത്താണ്ഡപിള്ള (ഡയറക്ടർ,
അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്)

 

രോഗീപരിചരണത്തിൽ ആരോഗ്യപ്രവർത്തകർക്ക് നിർമിതബുദ്ധി വളരെയേറെ ഉപകാരപ്രദമാണ്. ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഹെൽത്ത് അഡ്മിനിസ്‌ട്രേറ്റർമാർ എന്നിവരെ സംബന്ധിച്ചിടത്തോളം അവരുടെ ജോലിയുടെ സങ്കീർണതകളെ ഒരു പരിധിവരെ കുറയ്ക്കാൻ നിർമിതബുദ്ധിക്ക്‌ സാധിക്കും. ക്ലിനിക്കലും നോൺ ക്ലിനിക്കലുമായ ആരോഗ്യ തൊഴിൽ സാഹചര്യങ്ങളെയും പൊതുജനാരോഗ്യ സംവിധാനത്തെയും അപ്‌ഡേറ്റ് ചെയ്യാൻ നിർമിതബുദ്ധിക്കാകും.
ആരോഗ്യപ്രവർത്തകർക്ക് ഒരിക്കലും നിർമിതബുദ്ധി പകരമാകുമെന്ന് കരുതുന്നില്ല. എന്നാൽ വലിയതോതിലുള്ള വിവരശേഖരം സാങ്കേതികവിദ്യയ്ക്കുള്ളതിനാൽ മെഡിക്കൽ അസിസ്റ്റന്റായി പലപ്പോഴും പ്രവർത്തിക്കാൻ കഴിയും. നൂതനചികിത്സാരീതികളെക്കുറിച്ചും വിദഗ്‌ധോപദേശത്തിനും നിർമിതബുദ്ധിയെ സമീപിക്കുന്നതിൽ തെറ്റില്ല. അറിവിന്റെ ശേഖരമാണ് സാങ്കേതികവിദ്യ, അതിനാൽ പലപ്പോഴും ആരോഗ്യപ്രവർത്തകരുടെ നിഗമനങ്ങളെ സാധൂകരിക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിയും.
 

placeholder

 

ഡോ. നദീം ഷാ (ഡയറക്ടർ- മെഡിക്കൽ ഇന്നവേഷൻ
നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ)

മറ്റെല്ലാ മേഖലയിലുമെന്നപോലെ ആരോഗ്യരംഗത്ത് സപ്പോർട്ടീവ് ടൂൾ ആയി പ്രവർത്തിക്കാൻ നിർമിതബുദ്ധിക്ക്‌ സാധിക്കും. പക്ഷേ അതിന്റെ ഉപയോഗത്തിൽ ഒരു ‘റൂൾബുക്ക്’ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ചികിത്സാപ്പിഴവുകൾ കുറയ്ക്കുക, പകർച്ചവ്യാധി പ്രതിരോധം, അപകടമുണ്ടായാൽ വളരെവേഗം ജീവൻരക്ഷാമാർഗങ്ങൾ സ്വീകരിക്കുക എന്നിവയിൽ അടിയന്തര ഇടപെടലുകൾക്ക് നിർമിതബുദ്ധിയെ ഉപയോഗിക്കാനാകും. മഹാവ്യാധികൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ അതിന്റെ സാധ്യതകൾ വിലയിരുത്തി നിയന്ത്രിക്കുന്ന കാലവും വിദൂരമല്ല.
ആരോഗ്യരംഗത്ത് മനുഷ്യർ നേരിടുന്ന പരിമിതികളെ മറികടക്കാൻ സാങ്കേതികവിദ്യക്ക്‌ സാധിക്കും. എന്നാൽ സുരക്ഷിതവും സദുദ്ദേശപരവും ഉത്തരവാദിത്വപൂർണവും നിയന്ത്രിതവുമായ ഉപയോഗമാണ് വേണ്ടത്. രോഗികളുടെ ചികിത്സാവിവരങ്ങൾ, ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം രഹസ്യാത്മക സ്വഭാവത്തോടെ സൂക്ഷിക്കാനും കൈകാര്യം ചെയ്യാനുമുള്ള സൂക്ഷ്മ നിയന്ത്രണങ്ങൾ സാങ്കേതികവിദ്യയിൽ ഉണ്ടാകണം.