തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണമുൾപ്പെടെ നിയന്ത്രിച്ച് പൊതുജനാരോഗ്യരംഗം കൂടുതൽ മികവുറ്റതാക്കാം. മാലിന്യ നിർമ്മാർജ്ജനത്തിലുൾപ്പെടെ ആധുനികസംവിധാനം കൊണ്ടുവരുന്നത് സാംക്രമിക രോഗങ്ങൾ ചെറുക്കാൻ സഹായിക്കും. ഇതിനായി ആരോഗ്യരംഗത്ത് പൊതു- സ്വകാര്യ സഹകരണം അനിവാര്യമാകണമെന്നും മാതൃഭൂമി സംഘടിപ്പിച്ച 'ഇവോൾവ് ഹെൽത്ത്; ദ ഹെൽത്ത് കെയർ സമ്മിറ്റ്' മെഡിക്കൽ കോൺക്ലേവ് 2026 വിലയിരുത്തി. പൊതു- സ്വകാര്യമേഖലയുടെ സഹകരണം കേരളത്തിന്റെ ആരോഗ്യമേഖലയെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച 'ടുഗദർ എഗെയ്ൻസ്റ്റ് കമ്മ്യൂണിക്കബിൾ ഡിസീസ്' എന്ന പാനൽ ചർച്ചയിൽ അഭിപ്രായമുണ്ടായി.
കിംസ് ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ഐ. സഹദുള്ള, ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റിയൂഷൻസ് വൈസ് ചെയർമാൻ ഡോ.കെ.കെ. മനോജൻ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. രേണുരാജ്, നാഷണൽ ഹെൽത്ത് മിഷൻ സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായർ എന്നിവർ സംസാരിച്ചു. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി ചീഫ് എഡിറ്റർ അഭിലാഷ് മോഹൻ മോഡറേറ്ററായി.

ഡോ. എം.ഐ. സഹദുള്ള
(ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കിംസ് ഹെൽത്ത്)
പൊതുജനാരോഗ്യം എന്നത് ജീവിതത്തിന്റെ എല്ലാ മേഖലയെയും സമഗ്രമായി ഉൾക്കൊള്ളുന്നതാണ്. രാജ്യത്ത് ശിശുമരണനിരക്ക് കുറവും ആയുർദൈർഘ്യം കൂടുതലും കേരളത്തിലാണ്. പൂർണമായും സാക്ഷര സമൂഹമായതിനാലാണ് ഇത്തരം പുരോഗതികൾ കൈവരിക്കാൻ കേരളത്തിനായത്. എന്നാൽ പ്രതിരോധ വാക്‌സിനുകൾ എടുക്കുന്ന കാര്യത്തിൽ മലയാളികൾക്ക് ഇപ്പോഴും വിമുഖതയാണ്. സാംക്രമിക രോഗങ്ങൾക്കെതിരെ പ്രതിരോധ മരുന്ന് കൃത്യമായി സ്വീകരിക്കണമെന്ന മനോഭാവം വളർത്തിയെടുക്കണം. ഇതിന് സർക്കാരും പൊതുസമൂഹവും കൃത്യമായ സംവിധാനം ഒരുക്കണം. കുട്ടികൾ സ്‌കൂളിൽ ചേരുമ്പോൾ പ്രതിരോധ മരുന്ന് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സർക്കാർ ആവശ്യപ്പെടണം.
സർക്കാർ ആശുപത്രികളിൽ ആധുനികവൽക്കരണത്തിന് സ്വകാര്യ സംരംഭകരുടെ സഹകരണം തേടാവുന്നതാണ്. സംസ്ഥാനത്തെ മികവുറ്റ ആരോഗ്യപ്രവർത്തകരുടെ മികവ് പ്രയോജനപ്പെടുത്താൻ സർക്കാർ തയ്യാറാകണം.

അനു എസ്. നായർ (നാഷണൽ ഹെൽത്ത് മിഷൻ സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ)
പൊതുജനാരോഗ്യരംഗത്തെ സംബന്ധിച്ച് ആശുപത്രികൾ എന്നത് ചെറിയ ഘടകം മാത്രമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനം ആരോഗ്യരംഗത്തെ നേട്ടങ്ങൾക്കും കാരണമായിട്ടുണ്ട്. കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ കേരളം സാമൂഹിക ജീവിതത്തിലുൾപ്പെടെ വലിയ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ജലസ്രോതസ്സുകൾ മലിനമാകുന്നത് തടയാൻ നമുക്കായില്ല. മലിനീകരണവും കാലാവസ്ഥാ മാറ്റവും മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നു. എന്നാൽ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് മാത്രം കഴിയുന്നതല്ല.
വായു, കുടിവെള്ളം എന്നവയെ സംരക്ഷിക്കാൻ സാമൂഹിക അവബോധം ഉണ്ടാകണം. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ ഭക്ഷ്യ സുരക്ഷാ സംവിധാനം മെച്ചപ്പെട്ടതാകണം.

ഡോ.കെ.കെ. മനോജൻ(വൈസ് ചെയർമാൻ,
ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂഷൻസ്)
കേരളത്തിൽ ആരോഗ്യരംഗത്തെ സ്വകാര്യമേഖല സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്നവരാണ്. സർക്കാർ സ്വകാര്യമേഖലയെ ചേർത്തുപിടിക്കുകയും അംഗീകരിക്കുകയും ചെയ്യണം. കാരുണ്യ പോലെയുള്ള സർക്കാരിന്റെ പദ്ധതികൾ സ്വകാര്യ ആശുപത്രികൾ ലാഭേച്ഛയില്ലാതെയാണ് നടത്തുന്നത്. മികച്ച സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനാൽ ആരോഗ്യമേഖലയിൽ ചെലവ് കൂടുതലാണ്. സർക്കാർ മെഡിക്കൽ കോളേജിൽ രോഗികളുടെ എണ്ണം കൂടുതലാണെങ്കിൽ അവർക്ക് ചികിത്സ നൽകാൻ സ്വകാര്യ മെഡിക്കൽ കോളേജുകൾ തയ്യാറാണ്. ഏതൊരു വ്യവസായ മേഖലയിലെന്നപോലെ സ്വകാര്യ ആശുപത്രികളിലും വീഴ്ചകളുണ്ടാകും. എന്നാൽ അതിനെ പെരുപ്പിച്ച് കാണിക്കുന്നത് ശരിയല്ല.

ഡോ. രേണു രാജ്
(ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണൽ സെക്രട്ടറി)
അപ്രതീക്ഷിതമായി സാംക്രമിക രോഗങ്ങൾ ഇന്ന് വ്യാപകമാവുകയാണ്. കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, ജനസംഖ്യയിൽ പ്രായമായ ആളുകളുടെ വർദ്ധനവ്, കൂടുതൽ യാത്രകൾ ചെയ്യുന്ന മലയാളികളുടെ ശീലം ഇത്തരം കാര്യങ്ങൾ പുതിയ സാംക്രമിക രോഗങ്ങൾ നമ്മുടെ നാട്ടിലും എത്താൻ കാരണമാകുന്നുണ്ട്. സാംക്രമിക രോഗങ്ങളുടെ വ്യാപനം ആരോഗ്യമേഖലയെ മാത്രമല്ല ബാധിക്കുന്നത്. സാമ്പത്തിക മേഖലയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാം. രോഗവ്യാപനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനും സാമൂഹികമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും കാരണമാകാം. വ്യക്തിശുചിത്വം പാലിക്കുന്ന മലയാളി മാലിന്യനിർമാർജ്ജനത്തിന് ശ്രദ്ധ നൽകുന്നില്ല. സാംക്രമികരോഗങ്ങൾ തടയാൻ പൊതു- സ്വകാര്യമേഖലകൾ ചേർന്ന് പ്രവർത്തിക്കണം.
Content Highlights: Emphasis on public-private collaboration to improve healthcare infrastructure., Addressing rising communicable diseases due to climate change and lifestyle shifts., Call for mandatory immunization certificates for school admissions., Need for improved waste management and environmental hygiene to ensure public health., Recognition of private sector contributions to government health initiatives like Karunya.
Published: 30 Jun 2026, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented