തിരുവനന്തപുരം: ദീർഘനാൾ കിടത്തി ചികിത്സയല്ല, രോഗമുക്തി വരുത്തി വീട്ടിലേയ്ക്ക് മടക്കി അയയ്ക്കലാണ് ആശുപത്രികളുടെ ലക്ഷ്യം. രോഗികൾ തന്നെ തങ്ങൾക്ക് ഇത്രനാൾ കിടത്തി ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടാലും പ്രോട്ടോക്കോൾ പ്രകാരം മാത്രമേ ചികിത്സ നൽകാനാകൂവെന്നും മാതൃഭൂമി സംഘടിപ്പിച്ച 'ഇവോൾവ് ഹെൽത്ത്; ദ ഹെൽത്ത് കെയർ സമ്മിറ്റ്' മെഡിക്കൽ കോൺക്ലേവ് 2026-ൽ അഭിപ്രായമുണ്ടായി. ആശുപത്രിയിലെ ചികിത്സകൾക്കുശേഷം തുടർപരിചരണത്തിനായുള്ള ഹോം കെയർ സംവിധാനം കേരളത്തിൽ വ്യാപകമാകുന്നതായും 'ബെറ്റർ കെയർ, ഫാസ്റ്റർ റിക്കവറി, ഗ്രേറ്റർ റീച്ച്' എന്ന പാനൽ ചർച്ചയിൽ അഭിപ്രായമുണ്ടായി.
ലോക മെഡിസിറ്റി ആൻഡ് നെയ്യാർ മെഡിസിറ്റി മാനേജിങ് ഡയറക്ടർ ഡോ. പ്രേം കിരൺ, എസ്.പി. ഫോർട്ട് ഹെൽത്ത് കെയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് മെഡിക്കൽ ഡയറക്ടർ ഡോ. എസ്. ആദിത്യ, എസ്.കെ. ഹോസ്പിറ്റൽ സി.ഇ.ഒ. ആൻഡ് പാർട്ണർ ഡോ.കെ.എസ്. സന്ധ്യ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോ. അശ്വതി സോമൻ മോഡറേറ്ററായി.

ഡോ. പ്രേം കിരൺ (ലോക മെഡിസിറ്റി ആൻഡ്
നെയ്യാർ മെഡിസിറ്റി മാനേജിങ് ഡയറക്ടർ)
കിടത്തി ചികിത്സയുടെ ദൈർഘ്യം കുറച്ച് പരമാവധി നേരത്തെ രോഗമുക്തി ലഭ്യമാക്കണമെന്നതാണ് ആശുപത്രികൾ ലക്ഷ്യമിടുന്നത്. കിടത്തി ചികിത്സയുടെ ദൈർഘ്യം കുറയ്ക്കണമെന്നതാണ് ഇൻഷുറൻസ് കമ്പനികളും ആഗ്രഹിക്കുന്നത്. രോഗാവസ്ഥ ഭേദമാകുന്ന സാഹചര്യത്തിൽ വീട്ടിലേയ്ക്ക് വിടണമെന്നതാണ് ആശുപത്രികൾ തീരുമാനിക്കുന്നത്. എന്നാൽ എത്ര നാൾ കിടത്തി ചികിത്സ നൽകണമെന്നത് തീരുമാനിക്കുന്നതിൽ മറ്റ് പരിഗണനകൾ വരില്ല. അടിയന്തരഘട്ടത്തിൽ എത്തുന്ന രോഗികൾക്ക് വിവിധ വകുപ്പുകൾ ഏകോപിച്ച് പരിശോധനകളും ചികിത്സയും ഒരുമിച്ച് നൽകിയാൽ ആശുപത്രി വാസം പരമാവധി കുറയ്ക്കാനാകും. എല്ലാ ചികിത്സയ്ക്കും കൃത്യമായ പ്രോട്ടോക്കോൾ ഉണ്ട്. കൂടാതെ രോഗമുക്തിക്ക് ശേഷമുള്ള ഹോം കെയർ സർവീസും ഇന്നത്തെ കാലത്ത് കൂടുകയാണ്. ഇത് ചെലവ് കുറയ്ക്കുകയും അധികദിവസത്തെ ആശുപത്രിവാസം ഒഴിവാക്കുകയും ചെയ്യും.

ഡോ. എസ്. ആദിത്യ(എസ്.പി. ഫോർട്ട് ഹെൽത്ത് കെയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് മെഡിക്കൽ ഡയറക്ടർ)
രോഗം എത്രയും നേരത്തെ കണ്ടെത്തുകയെന്നതാണ് ചികിത്സ നൽകുന്നതിൽ പ്രധാനം. ചില ശസ്ത്രക്രിയകൾ കഴിഞ്ഞാൽ നേരത്തെ 14 ദിവസം വരെ ആശുപത്രിയിൽ കിടക്കേണ്ടിവന്നിരുന്നു. എന്നാൽ റോബോട്ടിക് ശസ്ത്രക്രിയകളുടെ ഇക്കാലത്ത് മൂന്ന് ദിവസം കൊണ്ട് ആശുപത്രി വിടാൻ കഴിയും. മറ്റ് അസുഖങ്ങൾക്ക് 3.5 ദിവസം മുതൽ അഞ്ച് ദിവസം വരെയാണ് ഒരാൾക്ക് ആശുപത്രിയിൽ കിടത്തിചികിത്സ വേണ്ടിവരുന്നത്. ശസ്ത്രക്രിയകൾക്ക് മുൻപ് തന്നെ പരിശോധനകൾ എല്ലാം പൂർത്തിയായാൽ അത്രയും ദിവസത്തെ ആശുപത്രി വാസവും ഒഴിവാക്കാവുന്നതാണ്. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് തെറ്റായ ധാരണകൾ ഉൾക്കൊള്ളുന്നവരുമുണ്ട്. എന്നാൽ ഡോക്ടർമാർ പറയുന്നതാണ് രോഗികൾ ശ്രദ്ധിക്കേണ്ടത്. ക്ലിനിക്കൽ ക്രൈറ്റീരിയ അനുസരിച്ചാണ് ചികിത്സകൾ നൽകുന്നത്. രോഗികളോട് സുതാര്യമായ രീതിയിൽ ആശയവിനിമയം നടത്താൻ ആരോഗ്യപ്രവർത്തകരും തയ്യാറാകണം. ഇക്കാര്യം ആരോഗ്യവിദ്യാഭ്യാസരംഗത്ത് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകണം.

ഡോ.കെ.എസ്. സന്ധ്യ (എസ്.കെ. ഹോസ്പിറ്റൽ സി.ഇ.ഒ. ആൻഡ് പാർട്ണർ)
തങ്ങൾക്ക് എത്ര ദിവസം കിടത്തി ചികിത്സ വേണമെന്ന് രോഗികൾ തന്നെ ആവശ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു രോഗിയെ എത്രയും വേഗം ചികിത്സിച്ച് രോഗമുക്തനാക്കി അടുത്തയാൾക്ക് ചികിത്സ ഉറപ്പാക്കാനാണ് ആശുപത്രികൾ ശ്രമിക്കുന്നത്. കുറച്ച് ദിവസം കിടത്തി ചികിത്സ നൽകിയാൽ ചികിത്സാച്ചെലവിലും കുറവുണ്ടാകും. തുടർപരിചരണം വീട്ടിൽ ഉറപ്പാക്കാൻ കഴിയാത്ത രോഗികൾ ആശുപത്രിയിൽ തങ്ങണമെന്ന് ചിലപ്പോൾ വാശിപിടിക്കാറുണ്ട്. അത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങി ചിലരെ കുറച്ചുനാൾകൂടി ആശുപത്രി വാസത്തിന് അനുവദിക്കേണ്ട സാഹചര്യമുണ്ട്. തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളാതെ മികച്ച ചികിത്സ ഉറപ്പാക്കാനാണ് രോഗികൾ ശ്രദ്ധിക്കേണ്ടത്. സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന എല്ലാ വിവരങ്ങളും ഉൾക്കൊള്ളാതെ രോഗാവസ്ഥയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ മാത്രമേ ഉൾക്കൊള്ളാവൂ.
Content Highlights: Hospitals prioritize rapid recovery over extended inpatient stays., Strict adherence to clinical protocols ensures patient safety., Home care services are becoming essential for post-discharge recovery in Kerala., Robotic surgeries significantly reduce hospitalization duration., Transparent communication between doctors and patients is crucial for better health outcomes.
Published: 02 Jul 2026, 12:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented