വിവാഹത്തിനുമുൻപ് വധൂവരന്മാർ എച്ച്.ഐ.വി. പരിശോധന നടത്തണമെന്നതരത്തിലുള്ള ചർച്ചകൾ സമീപകാലത്ത് പൊതുസമൂഹത്തിൽ വലിയതോതിൽ ഉയർന്നുകേൾക്കുന്നുണ്ട്. ഇത്തരം നിർദേശങ്ങൾ മുന്നോട്ടുവെക്കപ്പെടുന്ന രീതികളും അതിന്റെ പശ്ചാത്തലവും വിമർശിക്കപ്പെടേണ്ടതാണെങ്കിലും, ഈ വിഷയത്തിന്റെ ശാസ്ത്രീയവും പ്രായോഗികവുമായ വശം ഗൗരവമായി കാണേണ്ട ഒന്നാണ്. വിവാഹം എന്ന വലിയൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ പങ്കാളികൾ പരസ്പരം ആരോഗ്യസ്ഥിതിയെക്കുറിച്ചും മെഡിക്കൽ ഹിസ്റ്ററിയെക്കുറിച്ചും തുറന്നുസംസാരിക്കേണ്ടത് ആരോഗ്യകരമായ ദാമ്പത്യത്തിന് അത്യന്താപേക്ഷിതമാണ്.

To advertise here,

പരസ്പരവിശ്വാസത്തോടെ, ആദരവോടെ

ഒരാളുടെ ആരോഗ്യവിവരങ്ങൾ തികച്ചും സ്വകാര്യമായ ഒന്നാണ്. അത് കുടുംബാംഗങ്ങളോ മറ്റുള്ളവരോ പരസ്യമായി ചർച്ചചെയ്യേണ്ട വിഷയമല്ല. എന്നാൽ, ഒന്നിച്ച്‌ ജീവിതംതുടങ്ങാൻ തീരുമാനിക്കുന്ന രണ്ടുവ്യക്തികൾ പരസ്പരവിശ്വാസത്തോടെയും ആദരവോടെയും മറ്റാരുമായും പങ്കുവെക്കില്ലെന്ന ധാരണയോടെയും ആരോഗ്യവിവരങ്ങൾ പരസ്പരം ധരിപ്പിക്കുന്നത് ഭാവിയിലെ വലിയ പ്രതിസന്ധികൾ ഒഴിവാക്കാൻ സഹായിക്കും.

വിവാഹത്തിനുമുൻപ് പങ്കാളികൾക്കിടയിൽ തുറന്ന ചർച്ചയുണ്ടാവേണ്ട പ്രധാന ആരോഗ്യവിഷയങ്ങൾ ഇവയാണ്:

1.അപസ്മാരം, പ്രമേഹം തുടങ്ങിയ എന്തെങ്കിലും രോഗത്തിന് സ്ഥിരമായി മരുന്നുകഴിക്കുന്ന വ്യക്തിയാണെങ്കിൽ രോഗത്തിന്റെ സ്വഭാവം, ചികിത്സാകാലയളവ്, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ പങ്കാളിയോട് വ്യക്തമാക്കണം. ആവശ്യമെങ്കിൽ ഇരുവരും ഒരുമിച്ച് ഡോക്ടറെക്കണ്ട് സംശയങ്ങൾ ദൂരീകരിക്കാം.

2. മാനസികാരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സതേടുന്നവരും മുൻപ് ചികിത്സ തേടിയിട്ടുള്ളവരും ഈ വിവരം പങ്കുവെക്കണം. വിവാഹം കഴിഞ്ഞാൽ മാനസികപ്രശ്നങ്ങൾ തനിയെ മാറുമെന്ന അശാസ്ത്രീയധാരണ തിരുത്തപ്പെടേണ്ടതാണ്. പങ്കാളിയുടെ ധാരണയും പിന്തുണയുമാണ് ഇത്തരം സന്ദർഭങ്ങളിൽ അത്യന്താപേക്ഷിതം.

3. ശീഘ്രസ്ഖലനം, ഉദ്ധാരണപ്രശ്നങ്ങൾ, വജൈനിസ്മസ്, പി.സി.ഒ.ഡി. തുടങ്ങിയ പ്രശ്നങ്ങളും ലൈംഗികതയോടുള്ള അനാവശ്യഭയങ്ങളും തുറന്ന്‌ ചർച്ചചെയ്യപ്പെടണം. ഇത്തരം അവസ്ഥകളിൽ ഭൂരിഭാഗവും ചികിത്സയിലൂടെയും കൃത്യമായ കൗൺസലിങ്ങിലൂടെയും പരിഹരിക്കാവുന്നതാണ്. കൂടാതെ, കുട്ടികൾ വേണമോ വേണ്ടയോ എന്നതിനെക്കുറിച്ചും പ്രത്യുത്പാദനശേഷിയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകണം.

4. എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും പകരുന്ന രോഗങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുന്നത് വളരെ നല്ലതാണ്. ഇവയിലേതെങ്കിലും ഉണ്ടെന്നുകരുതി ബന്ധം ഉപേക്ഷിക്കാനല്ല; ആധുനിക വൈദ്യശാസ്ത്രത്തിൽ ഇവയ്ക്ക് ഫലപ്രദമായ നിയന്ത്രണമാർഗങ്ങളും പ്രതിരോധവാക്സിനുകളും ലഭ്യമാണല്ലോ. ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കാമല്ലോ.

5. സ്ലീപ് അപ്നിയ, കഠിനമായ കൂർക്കംവലി തുടങ്ങിയ സ്ലീപ് ഡിസോർഡറുകൾ ദൈനംദിനജീവിതത്തെയും പങ്കാളിയെയും ബാധിക്കാമെന്നതിനാൽ അവയും മുൻകൂട്ടി വ്യക്തമാക്കാം.

മിസ്റ്റർ X vs ഹോസ്പിറ്റൽ Z

ഈ കാര്യങ്ങൾ ചർച്ചയ്ക്കുവരുമ്പോൾ സ്ഥിരം കേൾക്കുന്ന വാദമാണ്, ഒരാളുടെ മെഡിക്കൽ ഹിസ്റ്ററി അയാളുടെമാത്രം സ്വകാര്യതയാണ്, പങ്കാളിയോടുപോലും പങ്കുവെക്കണമോ എന്ന് അയാൾക്ക് തീരുമാനിക്കാം എന്നത്. എന്നാലങ്ങനെയല്ല. മിസ്റ്റർ X vs ഹോസ്പിറ്റൽ Z (1998) കേസ്, വിവാഹപൂർവ മെഡിക്കൽ പരിശോധനകളെയും രോഗവിവരങ്ങൾ പങ്കുവെക്കുന്നതിനെയുംകുറിച്ച് സംസാരിക്കുമ്പോൾ, ഇന്ത്യൻ നിയമചരിത്രത്തിൽ ഒഴിവാക്കാനാവാത്ത ഒരു സുപ്രധാന നാഴികക്കല്ലാണ്.

നാഗാലാൻഡിൽ അസിസ്റ്റന്റ് സർജനായി ജോലിചെയ്തിരുന്ന ഡോക്ടറായിരുന്നു ഹർജിക്കാരനായ ‘മിസ്റ്റർ X’. രോഗിയായ ഒരാളെ ചികിത്സയ്ക്കായി ചെന്നൈയിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് (ഹോസ്പിറ്റൽ Z) മാറ്റിയപ്പോൾ ഡോക്ടറും ഒപ്പം പോയി. രോഗിക്ക് രക്തം ആവശ്യമായി വന്നപ്പോൾ മിസ്റ്റർ X രക്തം ദാനംചെയ്യാൻ മുന്നോട്ടുവന്നു. എന്നാൽ, രക്തപരിശോധനയിൽ അദ്ദേഹത്തിന് എച്ച്.ഐ.വി. പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.

ആ സമയത്ത് മിസ്റ്റർ X-ന്റെ വിവാഹം നിശ്ചയിച്ചിരിക്കയായിരുന്നു. ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഈ വിവരങ്ങൾ പെൺകുട്ടിയുടെ കുടുംബത്തോട് വെളിപ്പെടുത്തി. ഇതോടെ വിവാഹം മുടങ്ങുകയും വിവരം നാട്ടിലറിഞ്ഞ് അദ്ദേഹം കടുത്ത സാമൂഹികബഹിഷ്കരണത്തിനും മാനസികപീഡനങ്ങൾക്കും ഇരയാവുകയുംചെയ്തു. തന്റെ മെഡിക്കൽ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശം ആശുപത്രി ലംഘിച്ചെന്നുകാണിച്ച് അദ്ദേഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.

ജസ്റ്റിസുമാരായ കെ. വെങ്കടസ്വാമിയും സാഗിർ അഹമ്മദുമാണ് ഈ കേസിൽ വിധി പറഞ്ഞത്. ആ വിധിപ്രകാരം, ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച് സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെങ്കിലും, അത് സമ്പൂർണമല്ല. പൊതുജനാരോഗ്യത്തിനോ മറ്റൊരാളുടെ ജീവനോ ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളിൽ അതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. ഒരു വശത്ത് യുവാവിന്റെ സ്വകാര്യതയ്ക്കുള്ള അവകാശവും മറുവശത്ത് പ്രതിശ്രുതവധുവിന്റെ രോഗബാധയില്ലാതെ ആരോഗ്യത്തോടെയിരിക്കാനുള്ള മൗലികാവകാശവുമാണ്. ഈ രണ്ടിൽ, പെൺകുട്ടിയുടെ ജീവിക്കാനുള്ള അവകാശത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഒരു രോഗിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡോക്ടർ ബാധ്യസ്ഥനാണെങ്കിലും, പകർച്ചവ്യാധികളുടെ കാര്യത്തിലും മൂന്നാമതൊരാളുടെ ജീവന് പെട്ടെന്ന് ഭീഷണിയാകുന്ന സാഹചര്യങ്ങളിലും അത് നിർബന്ധമല്ല. വിവരം വെളിപ്പെടുത്തിയത് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായതിനാൽ ആശുപത്രി ചെയ്തത് തെറ്റല്ലെന്ന് കോടതി വിധിച്ചു.

എച്ച്.ഐ.വി. ബാധിതരുടെ വിവാഹം

1998-ലെ വിധിയിൽ കോടതി മറ്റൊരു പരാമർശംകൂടി നടത്തിയിരുന്നു, ‘എച്ച്.ഐ.വി. ബാധിതരായ വ്യക്തികൾക്ക് വിവാഹം കഴിക്കാനുള്ള അവകാശം താത്കാലികമായി റദ്ദാക്കപ്പെട്ടിരിക്കുന്നു’ എന്ന്. ഇത് എച്ച്.ഐ.വി.ബാധിതരായ ആളുകളുടെ മനുഷ്യാവകാശങ്ങൾക്കുമേലുള്ള കടുത്ത കടന്നുകയറ്റമാണെന്ന വിമർശനം വ്യാപകമായി ഉയർന്നുവന്നു. തുടർന്ന് 2002-ൽ സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് കേസ് വീണ്ടും പരിഗണിക്കുകയും രോഗവിവരം പങ്കാളിയെ മുൻകൂട്ടി അറിയിച്ചുകൊണ്ട് പരസ്പരസമ്മതത്തോടെ വിവാഹം കഴിക്കാൻ എച്ച്.ഐ.വി.ബാധിതർക്ക് അവകാശമുണ്ടെന്നുവ്യക്തമാക്കി ആ പരാമർശം റദ്ദാക്കുകയുംചെയ്തു. എന്നാൽ, പ്രതിശ്രുതവധുവിന് രോഗവിവരം അറിയാനുള്ള അവകാശമുണ്ടെന്ന ആദ്യവിധിയിലെ തത്ത്വം മാറ്റമില്ലാതെ തുടർന്നു.

നിയമം എന്തുതന്നെയായാലും ജീവിതപങ്കാളിയാകാൻ പോകുന്ന വ്യക്തിയോട് നമ്മളെപ്പറ്റി വ്യക്തമായും സത്യസന്ധമായും കാര്യങ്ങൾ പറയുക എന്നത് വളരെ പ്രധാനമാണ്. ഇത്തരം കാര്യങ്ങൾ തുറന്നുസംസാരിച്ചശേഷവും ആ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ താത്പര്യമില്ലെങ്കിൽ പങ്കുവെക്കപ്പെട്ട സ്വകാര്യവിവരങ്ങൾ അതിരഹസ്യമായിത്തന്നെ സൂക്ഷിക്കാൻ ഇരുവർക്കും ധാർമികമായ ഉത്തരവാദിത്വമുണ്ട്. പരസ്പരബഹുമാനവും തുറന്ന മനസ്സും സാമ്പത്തികസുരക്ഷിതത്വവും ഉറപ്പുവരുത്തിയശേഷംമാത്രം വിവാഹത്തിലേക്കുകടക്കുക എന്നതാണ് ആധുനികസമൂഹത്തിന് അനുയോജ്യമായ നിലപാട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോസർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ