ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച ഒരു ഡോക്ടർ എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിരിക്കും. ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് മറക്കാനാവാത്ത ആ സാന്ത്വസ്പർശത്തെക്കുറിച്ചുള്ള കുറിപ്പ്...
ഇടയ്ക്കിടെ വല്ലാത്ത ഒരു ചിന്ത അധികരിക്കുന്നു. ഒരു തിരനോട്ടം അതു പറ്റിയിരുന്നെങ്കിൽ എന്ന്. ആഹാ പ്രതികരിക്കേണ്ട സമയത്ത് അത് പറ്റിയില്ലെങ്കിൽ പിന്നെ മിണ്ടരുത്. പിന്നീട് പലപ്പോഴും മുന്നോട്ട് പോയപ്പോൾ പ്രതികരിക്കാൻ പഠിപ്പിച്ചതും ഇതേ അനുഭവമാണ്. ഇത് വലിയ കാര്യമായി മറ്റുള്ളവർക്ക് തോന്നില്ല, എന്നാൽ എനിക്ക് അങ്ങനെ ആണ്.
പിജി അവസാന സെമസ്റ്റർ റെക്കോർഡ് എഴുത്തുകൾ പുരോഗമിക്കുന്ന നേരം. കണ്ണിനു വല്ലാത്ത ഒരു അസ്വസ്ഥത. കുറെ തവണ കഴുകി നോക്കി. എന്നാലും വേദനയ്ക്ക് കുറവില്ല. എന്തോ തടഞ്ഞു നിൽക്കുന്നതു പോലെ. ആഹ് സാരമില്ല മാറിക്കൊളും എന്ന് കരുതി. ഞാൻ വീണ്ടും റെക്കോർഡ് എഴുത്തിലേക്ക്.
എൻ്റെ ഈ കണ്ണുചിമ്മലും കോപ്രായങ്ങളും നോക്കിയിരുന്ന രണ്ട് പേർ നേരെ മിസ്സിൻ്റെ അടുത്ത് പോയി പെർമിഷൻ വാങ്ങുന്നു. ക്ലാസ്സിൽ വന്നു പൈസ എടുത്ത് , എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. അങ്ങനെ ഓട്ടോ വിളിച്ച് ഞങ്ങൾ അവിടെ അടുത്തുള്ള ഒരു ഗവൺമെൻ്റ് ആശുപത്രിയിൽ എത്തി. യൂണിഫോമിൽ ആയതിനാൽ ടോക്കൺ എഴുതുന്ന ചേച്ചി നേരത്തെ ഉള്ള ഒരു നമ്പർ തന്നു. കാത്തിരിപ്പിന് ഒടുവിൽ അകത്തു കയറി. ഒരു ലേഡി ഡോക്ടർ ആയിരുന്നു. എന്നോട് ഇരിക്കാൻ പറഞ്ഞു, ടോക്കൺ വാങ്ങി കൂടെ ഉള്ള കുട്ടിയോട് കാര്യം ചോദിച്ചു. കണ്ണ് വേദന ആണെന്ന് കേട്ടപാതി എന്നെ നോക്കിയിട്ടില്ല. പിന്നെ ആ സാനിറ്റൈസർ എടുത്ത് തൂക്കലോ തൂക്കൽ. ഞാൻ പറഞ്ഞത് ഇനി വേറെ വല്ലതും ആണോ? ഞാൻ അവരോട് പല തവണ പറഞ്ഞു എനിക്ക് കണ്ണിൽ എന്തോ തടഞ്ഞു നിൽക്കുന്ന പോലെ തോന്നുന്നു. എവിടുന്ന്, വീണ്ടും ശങ്കരൻ ഓൺ കോക്കനട്ട് ട്രീ. ആ സ്ത്രീ ഞാൻ പറയുന്നത് കേൾക്കാൻ കൂടെ തയ്യാറല്ല. ഞാൻ എന്തേലും പറഞ്ഞാൽ എൻ്റെ കൂടെ ഉള്ള കുട്ടിയോടാണ് മറുപടി. ഇതിപ്പോ ഞാൻ ആരാ??
ലെ അവർ " അങ്ങനെ എങ്ങനെയാ കണ്ണിൽ പോവുന്നത്. അത് നീ തീരുമാനിച്ചാൽ മതിയോ". ഞാൻ ഹോസ്റ്റലിൽ ആണെന്നു അറിഞ്ഞപ്പോൾ പിന്നെ തുടങ്ങീയില്ലേ പൂരം. പിന്നെ കൂടെ വന്ന ആളോടായി "നീ എന്തിനാ ഇവളുടെ കൂടെ നടക്കണെ, വേഗം പോക്കോ .പിന്നെ കുറേ ചീത്ത.." വീണ്ടും എൻ്റെ നേരെ. പക്ഷേ മുഖത്തക്ക് നോക്കില്ല. കൂടെ ഉള്ളവരെ നോക്കി പറയും. "നിനക്ക് കണ്ണിക്കേടാണ് , വേഗം വീട്ടിലേക്ക് വിട്ടോ. ഞാൻ ഒരു മരുന്ന് എഴുതിയെക്കാം. പിന്നെ എന്തോ കണ്ണ് പഴുത്തു ചീഞ്ഞു അങ്ങനെ എന്തൊക്കെയോ."
എന്നെ ഒന്ന് നോക്കിയിട്ട് കൂടിയില്ല എന്നിട്ടാണ് ഈ കവലപ്രസംഗം. രോഗി എന്ന പരിഗണന പോലും ഇല്ല. നോക്കാൻ പറ്റില്ലെങ്കിൽ അത് പറയണം. ഇനി എൻ്റെ കൂടെ വന്നവർക്ക് ഞാൻ കാരണം വഴക്ക് കേട്ടല്ലോ എന്നൊക്കെ ഓർത്ത് എനിക്കു സങ്കടം. ശെരിക്കും ആകെ മരവിച്ചു പോയി. ഡോക്ടറുടെ ക്യാബിനിൽ നിന്ന് പുറത്തിറങ്ങിയ ഞാൻ കരഞ്ഞത് കണ്ട് പുറത്ത് നിന്ന കൂട്ടുകാരി ,മിസ്സിനെ വിളിച്ച് കാര്യം പറഞ്ഞു. മിസ്സ് അവിടെ നിന്നു വേഗം ഇറങ്ങിക്കോളാൻ പറഞ്ഞു. വേറെ ഒരു ഐ സ്പെഷ്യലിസ്റ്റിന്റെ പേര് പറഞ്ഞു തന്നു. ദൂരെ ആണെങ്കിലും പോകാൻ തന്നെ തീരുമാനിച്ചു. എന്തോ ഭാഗ്യത്തിന് കയ്യിൽ കാശും ഉണ്ടായി. അങ്ങനെ രണ്ടാമത്തെ ഡോക്ടറുടെ അടുത്ത്. ആദ്യത്തെ അനുഭവം കൊണ്ട് തന്നെ നല്ല പേടിയുണ്ടായിരുന്നു. പക്ഷെ അദ്ദേഹം നല്ല സമാധാനമായി കാര്യം ചോദിച്ചു. കൺപോള ഒക്കെ മടക്കി നോക്കുന്നു. പിന്നെ ഏതോ ഉപകരണം ഒക്കെ വച്ച് നോക്കി. കണ്ണിന്റെ കോർണിയയിൽ സ്ക്രാച്ചു വീണതാണ്. അതാണ് വേദനയും , എന്തോ തങ്ങി നിന്ന പോലെ തോന്നിയത്. ആൾ മരുന്നൊക്കെ തന്നു. ഓക്കേ ആവും എന്ന് പറഞ്ഞു. ഇനി പെയിൻ തോന്നിയാൽ വരാൻ ഒക്കെ പറഞ്ഞു. അപ്പോഴാണ് ശ്വാസം ഒന്നു നേരെ വീണത്.
ഒരേ ദിവസം തന്നെ ഒരു ഡോക്ടർ എങ്ങനെ ആവരുതെന്നും എങ്ങനെ ആകണമെന്നും മനസിലായി. പക്ഷേ ആദ്യത്തെ അനുഭവം ഇപ്പോഴും ഒരു ട്രോമ തന്നെയാണ്. ഒരു ഡോക്ടറെ കാണുമ്പോൾ ഇപ്പോളും ആദ്യം മുന്നിട്ട് നിൽക്കുന്നത് പേടി തന്നെയാണ്. അവർ എങ്ങനെ ഉള്ളവർ ആകും എന്നൊക്കെ ഓർത്ത്. ഞാൻ വിശ്വസിക്കുന്നത് ഒരു ഡോക്ടർക്ക് രോഗിയോട് വേണ്ട മിനിമം കാര്യം അത് അനുകമ്പ ആണ്. അല്ലാതെ മാനസികവും ശാരീരികവും ആയി തളർന്ന് ഇരിക്കുമ്പോൾ അവരെ വാക്കുകൾ കൊണ്ട് കൊല്ലരുത്.
അവർക്ക് എതിരെ എഴുതിയ പരാതി ഇപ്പോളും എൻ്റെ മെയിൽ ഡ്രാഫ്റ്റിൽ നിന്ന് എന്നെ നോക്കി ചിരിക്കുന്നു. ആ പ്രിസ്ക്രിപ്ഷൻ നഷ്ടപെട്ടു പോയി. അല്ലെങ്കിൽ തീർച്ചയായും ഞാൻ പരാതി കൊടുത്തേനെ. ഇനി ആർക്കും ഇത്തരം അനുഭവം ഇല്ലാതിരിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു.
Content Highlights: national doctors day tribute to doctors
Published: 29 Jun 2023, 08:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented