ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച ഒരു ഡോക്ടർ എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിരിക്കും. ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് മറക്കാനാവാത്ത ആ സാന്ത്വനസ്പർശത്തെക്കുറിച്ചുള്ള കുറിപ്പ്...
വലുതോ ചെറുതോ ആയ വല്ലാത്തൊരു പിടച്ചിലോടെ ഒരിറ്റ് ശ്വാസമെടുക്കാനായി ഞാൻ ചാടി എണീക്കാൻ ശ്രമിക്കും. അർദ്ധ രാത്രിക്ക് ശേഷമാണ് ആ അസുഖം വരാറുള്ളത്, "ശ്വാസംമുട്ടൽ".
12 മണിക്ക് ശേഷവും പുലർച്ചെക്ക് മുമ്പും. ഇതിനിടക്കാണ് ഉണ്ടാവുക. അതും തികച്ചും അപ്രതീക്ഷിതമായിരിക്കും. ഒരു കുഴപ്പവുമില്ലാതെ ഉറങ്ങാൻ കിടന്നതാവും.
അന്നെനിക്ക് 10 വയസ്സായിട്ടില്ല. വല്ലാത്തൊരു ശബ്ദമാണപ്പോൾ പുറത്തേയ്ക്ക് വരിക. ആ ശബ്ദം ഇവിടെ അക്ഷരങ്ങൾ കൂട്ടി എഴുതാൻ നോക്കി, പറ്റുന്നില്ല. പലപ്പോഴും നാട് ഉണർത്താൻ പോന്ന ശബ്ദമാണത്. അച്ഛൻ വേഗംതന്നെ തലയിണയുടെ അടിയിൽനിന്ന് തീപ്പെട്ടി തപ്പിയെടുത്ത് അപ്പുറത്തിരിക്കുന്ന മണ്ണെണ്ണ വിളക്ക് ഒന്നാമത്തെയോ രണ്ടാമത്തെയോ ഉരച്ചിലിൽ കത്തിക്കും.
ഞാനപ്പോഴേക്കും പായിൽ ഇരുന്നുകൊണ്ടുതന്നെ അവസാന ശ്രമവും നടത്തുകയാവും. ശബ്ദത്തിന്റെ മുഴക്കം കൂടികൊണ്ടിരിക്കുക എന്നല്ലാതെ വേറെ പ്രയോജനമൊന്നും ഇല്ല.
അച്ഛമ്മക്ക് (അച്ഛന്റെ അമ്മ) കാര്യം മനസ്സിലായി എണീറ്റിരിപ്പുണ്ടാകും. പാവം അനൂജ് (ചേട്ടൻ), അവനും കണ്ണുതിരുമ്മിക്കൊണ്ടു എണീറ്റിട്ടുണ്ടാകും
സിദ്ധാർഥൻ ഡോക്ടറുടെ അടുത്തെത്തണം. വേറെ വഴിയില്ല. വീട്ടിൽ നിന്ന് 3-4 കിലോമീറ്ററുണ്ട്. അദ്ദേഹമാണ് എനിക്ക് ഇങ്ങനെ ഇടക്കിടക്ക് വരുമ്പോൾ ജീവൻ വെപ്പിച്ചു തരുക.
അച്ഛനെന്നെ തോളത്തിട്ട് ആ കൽവഴികളിലൂടെ ആഞ്ഞു നടക്കും, അമ്മ അച്ഛന്റെ പിന്നാലെ ഒപ്പമെത്താൻ പാടുപെട്ട് ഓടുന്നുണ്ടാകും.
ചുറ്റുമുള്ള റബർ എസ്റ്റേറ്റുകളും പൊന്തക്കാടുകളും എന്നെ പേടിപ്പിച്ചുകൊണ്ടേയിരിക്കും. ഞാൻ കണ്ണുകളടച്ചും ശ്വാസം കിട്ടാനായി ശ്രമിച്ചു കരഞ്ഞും അച്ഛന്റെ തോളിൽ ഞെളിപിരി കൊള്ളുന്നുണ്ടാകും. ചിലപ്പോൾ കുറച്ചുനേകം ശാന്തമായി കിടക്കുന്നുണ്ടാകും. എവിടെയും നിൽക്കില്ല, സിദ്ധാർത്ഥൻ ഡോക്ടറുടെ വീടും ലക്ഷ്യമാക്കി ഓടുകതന്നെ.
കോളിങ് ബെൽ ശബ്ദം കേട്ടുണർന്നു വന്ന സിദ്ധാർഥൻ ഡോക്ടർക്ക് ഞങ്ങളെ കാണുമ്പോഴേ കാര്യം മനസ്സിലാകും. ഏതോ ഒരു ഇഞ്ചക്ഷൻ, ഞാൻ പതുക്കെ നിലവിളിയോടെ തളർന്ന് കമിഴ്ന്നു കിടക്കും.
ഒരുവിധം കുറച്ചൊക്കെ ശമിച്ചു. ഇനി മടങ്ങാം. ഞങ്ങൾ മൂന്നാളും തളർന്നിട്ടുണ്ടാകും. എന്നാലും തിരിച്ചു നടന്നല്ലേ പറ്റൂ.
ഇങ്ങനെ കുറച്ചു കാലം. ഞങ്ങൾ അച്ഛനും അമ്മയും ഞാനും മാത്രമായി കുറെയേറെ രാത്രികൾ സിദ്ധാർഥൻ ഡോക്ടറുടെ വീട് ലക്ഷ്യമായി ഓടിയിരിക്കുന്നു.
***
സിദ്ധാർഥൻ ഡോക്ടറെ കാണുന്നതിന് മുൻപ് എത്രയെത്ര ഹോസ്പിറ്റലുകൾ, ഡോക്ടർമാർ. ഒന്നും ഫലിച്ചില്ല. അവസാനം എങ്ങനെയോ സിദ്ധാർഥൻ ഡോക്ടറുടെ അടുത്തെത്തി. അതും വീടിനടുത്തുള്ള ഡോക്ടർ തന്നെ. ഡോക്ടറുടെ പരിചരണത്തിൽ രോഗം പൂർണ്ണമായി മാറി എന്ന് ഞാൻ തിരിച്ചറിഞ്ഞത് മുതൽ തുടങ്ങിയ ബഹുമാനാണ് അദ്ദേഹത്തോട്. ഇന്നും ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തെ ഓർക്കാറുണ്ട്. ശ്വാസംമുട്ട് എന്ന അസുഖത്തെക്കുറിച്ച് എവിടെയെങ്കിലും ചർച്ച വരുമ്പോൾ എല്ലാം അദ്ദേഹം ഓർമയിൽ വരും.
എന്നേക്കാൾ വിശ്വാസം ആയിരുന്നു എന്റെ അച്ഛമ്മക്ക് സിദ്ധാർഥൻ ഡോക്ടറിൽ. അദ്ദേഹത്തെ കണ്ടാലേ തൃപ്തി വരൂ. ഇനി അദ്ദേഹം വീട്ടിൽ ഇല്ല, അല്ലെങ്കിൽ കുറച്ചു ദിവസം ഉണ്ടാവില്ല. വേറെ ഡോക്ടറെ കാണാതെ വഴിയില്ല എന്ന അവസ്ഥ വന്നാലും അച്ഛമ്മ താൽക്കാലിക അവസ്ഥ മാറാൻ ചിലപ്പോൾ വേറെ ഡോക്ടറെ കാണും. എന്നാലും സിദ്ധാർഥൻ ഡോക്ടർ വീട്ടിൽ ഉണ്ടന്ന് അറിഞ്ഞാൽ വീണ്ടും പോയി കാണും. എന്നാലേ അച്ഛമ്മക്ക് ഒരു സമാധാനം ആവൂ.
***
ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. മരിച്ചു പോയിട്ട് ഏതാനും വർഷങ്ങളായി. അദ്ദേത്തിന്റെ മകനും ഡോക്ടർ ആണ്. ഞാൻ ഇതുവരെ മകനെ കണ്ടിട്ടില്ല.
ശ്വാസംമുട്ട് എന്ന ആ അസുഖം ഏഴിലോ എട്ടിലോ ആണ് അവസാനമായി വന്നിട്ടുണ്ടാകുക. ഏകദേശം 29 -30 വർഷമായി, ഇത്ര വർഷമായിട്ടും സിദ്ധാർഥൻ ഡോക്ടറെയും അന്നത്തെ ആ രാത്രി യാത്രകളും ഓർമകളിൽനിന്നും മാറിപ്പോയിട്ടില്ല. പോകരുതേ എന്നാണ് ആഗ്രഹിക്കുന്നതും.
എന്നെ ഞാനാക്കി നിർത്തുന്ന അനുഭവങ്ങളാണവ.
Content Highlights: national doctors day, tribute to doctors
Published: 29 Jun 2023, 09:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented