കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോടും ഒപ്പമുണ്ടായിരുന്നവരോടും മോശമായി പെരുമാറിയ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർക്കെതിരെ നടപടിയുമായി അധികൃതർ. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ രേഖാ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ അധികൃതർ നിർദേശം നൽകി. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. 

To advertise here,

കഴിഞ്ഞദിവസം രാത്രി പനിയും ശരീരവേദനയുമായി ചികിത്സയ്ക്ക് എത്തിയ രോഗിയോട് ഇത് അത്യാഹിത രോഗമല്ലെന്നും ഇവിടേക്ക് വന്നത് എന്തിനാണെന്നും ചോദിച്ച് ഡോക്ടർ തർക്കിച്ചെന്നാണ് പരാതി. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് മെഡിക്കൽ ഓഫീസർ മറുപടി നൽകിയിട്ടുണ്ട്. പരാതിയിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തിനുപിന്നാലെ ഡോക്ടർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതേ ഡോക്ടർക്കെതിരെ മുൻപും സമാന രീതിയിൽ പരാതികളുയർന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഈ പരാതിയിൽ വിജിലൻസ് അന്വേഷണവും ഇവർ നേരിട്ടിരുന്നു.