ജീവിതത്തില്‍ ഏറ്റവുമധികം സ്പര്‍ശിച്ച വ്യക്തിയുടെ പേര് ചോദിച്ചാല്‍, രണ്ടാമതൊന്ന് ആലോചിക്കാതെ ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും- ഡോ. അനൂഫ് പീഡിയേക്കല്‍. സ്‌നേഹം, പരിഗണന, പരിചരണം എന്നിവയാല്‍ ഞങ്ങളുടെ ഹൃദയം കീഴടക്കിയ ഡോക്ടര്‍. ഞങ്ങളുടെ അമ്മയെ ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരികെയെത്തിച്ച വ്യക്തിത്വം. തെറ്റായ ചികിത്സയിലൂടെ രോഗം തീവ്രമായിക്കൊണ്ടിരുന്ന ഘട്ടത്തില്‍, ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്ന് പോലും അറിയാതെ നിസ്സഹായരായി നിന്ന സമയത്താണ് ദൈവഹിതം പോലെ ഞങ്ങള്‍ ഡോക്ടര്‍ അനൂഫ് പീഡിയേക്കലിന്റെ മുമ്പിലെത്തിച്ചേര്‍ന്നത്.
ഏതാണ്ട് പത്ത് വര്‍ഷം മുന്‍പാണ് അമ്മയുടെ കൈയില്‍ വാച്ച് കെട്ടുന്ന ഭാഗത്തായി ഒരു മുഴ ശ്രദ്ധയില്‍ പെടുന്നത്. അമ്മയുടെ പേര് തങ്കമണിയമ്മ, സ്ഥലം ബാലുശ്ശേരിക്കടുത്തുള്ള പനങ്ങാട് പഞ്ചായത്തിലെ പുതിയകാവ്. രണ്ട് കൈകളിലും ഈ വീക്കമുണ്ടായിരുന്നു. എന്താണ് അസുഖമെന്നറിയാത്തതിനാല്‍ കോഴിക്കോട് നഗരത്തിലെ ഒരു ഡോക്ടറെ കാണിച്ചു. അദ്ദേഹം മരുന്ന് തന്നു. മരുന്ന് കഴിച്ചാല്‍ ഒന്ന് രണ്ട് ദിവസം വീക്കമുണ്ടാകില്ല. പക്ഷേ, മരുന്ന് നിര്‍ത്തിയാല്‍ ഉടന്‍ വീക്കം വരും. ക്രമേണ വീക്കത്തിനൊപ്പം വേദനയും തുടങ്ങി. സന്ധികളിലാണ് വേദന കലശലായി തുടങ്ങിയത്. ഡോക്ടറെ സമീപിക്കുന്നുണ്ടായിരുന്നു. അതീവ ഗൗരവത്തിലാണ് ഡോക്ടറുടെ ഇടപെടല്‍. കൂടുതലൊന്നും ചോദിക്കില്ല, മരുന്ന് കുറിച്ച് തരും. സന്ധിവാതമാണ് രോഗമെന്ന് മാത്രം പറഞ്ഞു. മരുന്ന് കുടിക്കുമ്പോള്‍ അസുഖം കുറച്ച് ദിവസത്തേക്ക് കുറയും, പിന്നെയും കൂടും.
ഏതാണ്ട് ആറ് വര്‍ഷത്തോളം ഞങ്ങള്‍ ചികിത്സ തുടര്‍ന്നു. രോഗത്തിന് ഒരു കുറവുമുണ്ടായില്ല എന്ന് മാത്രമല്ല, ക്രമേണ രോഗം കൂടുതല്‍ വഷളാകാനും തുടങ്ങി. വേദന സഹിക്കാന്‍ കഴിയാത്ത പരുവത്തിലായിക്കഴിഞ്ഞിരുന്നു. ഓരോ തവണയും ഡോക്ടറെ കാണും. മരുന്നിന്റെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം രോഗത്തിന്റെ കാഠിന്യവും വര്‍ധിക്കുമെന്ന് മാത്രം. ഒരു ദിവസം രാവിലെ അമ്മ ഉറങ്ങി എഴുന്നേറ്റത് അസഹനീയമായ വേദനയുമായായിരുന്നു. കാലിന്റെ മുകള്‍ ഭാഗത്താണ് ഇപ്പോള്‍ വേദന. സഹിക്കാനാകാതെ കരയുന്ന അമ്മയുടെ ആ ദിവസത്തെ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. പതിവായി കാണിക്കുന്ന ഡോക്ടറെ തന്നെ കാണിക്കാമെന്ന് കരുതിയപ്പോഴാണ്, ഒരു സുഹൃത്ത് ഡോ. അനൂഫിനെ കുറിച്ച് പറഞ്ഞത്. എന്തുകൊണ്ടോ ആ നിര്‍ദ്ദേശം സ്വീകരിക്കാനാണ് അപ്പോള്‍ തോന്നിയത്. ആ തോന്നലാണ് അമ്മയുടേയും ഞങ്ങളുടേയും ജീവിതത്തിലെ ദുരിതങ്ങളെ അതിജീവിക്കാന്‍ സഹായിച്ചതും.
ആറു വര്‍ഷം കൊണ്ട് വിരലുകളെല്ലാം 'റ' എന്ന അക്ഷരം പോലെ വളഞ്ഞിരുന്നു. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ. സ്വാഭാവികമായും ആരോഗ്യം ക്ഷയിച്ചുതുടങ്ങി. ആ സമയത്താണ് കഠിനമായ വേദനയും ഉണ്ടായിത്തുടങ്ങിയത്. ഞങ്ങള്‍ നേരെ കോഴിക്കോട്ടെ പ്രശസ്തമായ ആശുപത്രിയില്‍ ഡോ. അനൂഫ് സാറിനെ സന്ദര്‍ശിച്ചു. അഞ്ചാറ് വര്‍ഷമായി നടത്തിയ മുഴുവന്‍ ടെസ്റ്റുകളുടേയും, മരുന്നുകളുടേയും രേഖകളും വിശദാംശങ്ങളും കയ്യില്‍ കരുതിയിരുന്നു. ഡോക്ടറുടെ മുന്‍പില്‍ വെച്ച് കുറിപ്പടികളുടെ ആ വലിയ കെട്ട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ഡോക്ടര്‍ നിരാകരിച്ചു.
' എനിക്ക് പഴയ രേഖകളൊന്നും കാണേണ്ട, ഇപ്പോഴുള്ള അവസ്ഥ എന്താണെന്ന് വിശദമായി പറയൂ' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ആ നിമിഷം തന്നെ ഡോക്ടറോട് മതിപ്പ് തോന്നി. കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ഒരു 'ലോഡ്' ടെസ്റ്റുകള്‍ക്കായി എഴുതിത്തരികയായിരുന്നു അടുത്ത നടപടി. ഇത്തവണ പക്ഷേ ഒരു നിരാശ തോന്നി. എങ്കിലും ഡോക്ടര്‍ പറഞ്ഞപോലെ ചെയ്യാന്‍ തീരുമാനിച്ചു. രാവിലെയാണ് ഒ.പി. യില്‍ സന്ദര്‍ശിച്ചത്.
'ടെസ്റ്റുകള്‍ കഴിഞ്ഞ് റിസള്‍ട്ട് കിട്ടുമ്പോഴേക്കും വൈകുന്നേരം 4 മണിയാകും. നിങ്ങള്‍ വരുന്നതുവരെ ഞാന്‍ കാത്തുനിന്നോളാം. കാണിച്ചിട്ടേ പോകാവൂ' എന്ന് ഡോക്ടര്‍ പ്രത്യേകം നിര്‍ദ്ദശിക്കുകയും ചെയ്തു. പറഞ്ഞതുപോലെ വൈകിട്ട് 4 മണിയോടെ റിസള്‍ട്ട് വന്നു.
'ഇത് സന്ധിവാതമല്ല എന്ന് എനിക്ക് സംശയം തോന്നിയിരുന്നു. അതുകൊണ്ടാണ് രോഗം ഏതാണെന്നുറപ്പിക്കാനുള്ള പരിശോധനകള്‍ ചെയ്യിച്ചത്. നിങ്ങളുടെ രോഗം ആമവാതമാണ്, അതിനുള്ള ചികിത്സയാണ് നടത്തേണ്ടത്'.
ഡോക്ടറുടെ വാക്കുകള്‍ ഞെട്ടലോടെയാണ് കേട്ടത്. ആറ് വര്‍ഷത്തോളം അമ്മ മരുന്ന് കഴിച്ചത് തെറ്റായ രോഗത്തിനാണ്! ഇത്രയും കാലം ചികിത്സിച്ച ഡോക്ടര്‍ക്ക് അത് നിര്‍ണ്ണയിക്കാന്‍ പോലും തോന്നിയില്ല. ഇവിടെയിതാ ഒരു മനുഷ്യന്‍ ആദ്യമായി കണ്ടപ്പോള്‍ തന്നെ ശരിയായ രോഗനിര്‍ണ്ണയം നടത്തിയിരിക്കുന്നു. ഡോക്ടറിലുള്ള വിശ്വാസം സ്വാഭാവികമായും ഞങ്ങളുടെ മനസ്സിലുറച്ച് കഴിഞ്ഞു. ആ നിമിഷം ഞങ്ങള്‍ ഡോക്ടറുടെ രോഗികളായി മാറുകയും ചെയ്തു.
ധാരാളം മരുന്നുകളുണ്ടായിരുന്നു തുടക്കത്തില്‍. എല്ലാം കൃത്യമായി കഴിച്ചു. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മരുന്നിന്റെ അളവ് കുറഞ്ഞുവന്നു. ഇപ്പോള്‍ ദിവസേന കഴിക്കുന്ന ഒരു ചെറിയ ഗുളികയും, മൂന്ന് ദിവസം ഇടവിട്ട് കഴിക്കുന്ന ഗുളികയും മാത്രമാണ് അമ്മ ഉപയോഗിക്കുന്നത്. സന്ധിവേദ എവിടെയോ പോയ് മറഞ്ഞു. സ്വന്തമായി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാതിരുന്ന അമ്മ ഇന്ന് വീട്ടിലെ എല്ലാ ജോലികളും സ്വന്തമായി ചെയ്യുന്നു. ചെറിയ യാത്രപോലും ചെയ്യാന്‍ സാധിക്കാതിരുന്ന അമ്മ ദീര്‍ഘദൂര യാത്രകള്‍ പോകുന്നു. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന അമ്മ എല്ലാ ആഘോഷങ്ങളിലും ഉത്സാഹഭരിതയായി പങ്കെടുക്കുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ ഇന്നത്തെ സന്തോഷത്തിന് ഏക കാരണക്കാരന്‍ ഡോ. അനൂഫ് സാറാണ്.
തെറ്റായ രോഗനിര്‍ണ്ണയവും ചികിത്സയും രോഗിക്ക് നല്‍കുന്ന പ്രത്യാഘാതങ്ങള്‍ എത്ര വലുതാണെന്നും, ശരിയായ രോഗനിര്‍ണ്ണയം ഉചിതമായ സമയത്ത് നടത്തേണ്ടതിന്റെ പ്രാധാന്യം എന്താണെന്നും ഉള്ളതിന് ഉദാഹരണമാണ് എന്റെ അമ്മ. ഈ ഡോക്ടേഴ്‌സ് ദിനത്തില്‍ അനൂഫ് സാറിനോടുള്ള ഞങ്ങളുടെ കുടുംബത്തിന്റെ സ്‌നേഹാദരവ് പങ്കിടട്ടെ.
Content Highlights: doctor's day experience with dr anoof peediyekkal
Published: 30 Jun 2023, 09:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented