നിളയോര്‍മ്മകള്‍ എന്നും ഹരം കൊള്ളിക്കുന്നതാണ്. ആദ്യമായ് നനഞ്ഞ, ആദ്യമായ് അറിഞ്ഞ, ആദ്യമായ് എഴുതിയ, ആദ്യമായ് പാടിയ നിള... ആ നല്ലോര്‍മ്മകളിലേയ്ക്ക് ഒരു നോവോര്‍മ്മ എഴുതിച്ചേര്‍ക്കപ്പെട്ട ദിനമായിരുന്നു 2013 ഏപ്രില്‍ 14. ആ വിഷുപ്പുലരിയില്‍ നിളാതീരത്തുവെച്ച് എന്റെ ആദ്യത്തെ കണ്‍മണിയെ, വിഷുക്കൈനീട്ടത്തെ ഞാന്‍ ആദ്യമായ് ചുംബിച്ചു. എന്നാല്‍ അവളെ ഒന്നെടുക്കാനോ തൊടാനോ സമ്മതിക്കാതെ നഴ്സുമാര്‍ എന്നില്‍ നിന്നവളെ അടര്‍ത്തി മാറ്റി. 

To advertise here,

ഇന്നും കരയാന്‍ ഇഷ്ടമല്ലാത്ത അവളെ കരയാത്ത കുട്ടി എന്ന പേരിട്ട് നിളാതീരത്തുനിന്നും തൂതപ്പുഴയ്ക്കക്കരെയുള്ള മൗലാന ഹോസ്പിറ്റലിലേയ്ക്ക് ആംബുലന്‍സ് പാഞ്ഞുവത്രെ. ചുറ്റും കൂടി നിന്നവര്‍, കൂട്ടിരുന്നവര്‍ ഒന്നും സംഭവിയ്ക്കാത്ത ഭാവത്തില്‍ നിന്നപ്പോള്‍, അവള്‍ സുഖമായിരിക്കുന്നു എന്ന വിശ്വാസത്തില്‍, ഞാന്‍ നിളയില്‍ നിന്നടിച്ച കാറ്റില്‍ എന്റെ വേദനകളെ മറന്നു. അപ്പോഴാണ് സുഖവിവരം അന്വേഷിക്കാന്‍ വന്ന ബന്ധു ആശ്വസിപ്പിക്കാനെന്ന മട്ടില്‍ പറഞ്ഞത്, 'കുട്ടി കരഞ്ഞില്ലല്ലേ? പേടിയ്ക്കാനൊന്നൂല്ല്യ. വലുതാവുമ്പോള്‍ വര്‍ത്തമാനം പറയാന്‍ കുറച്ചു പ്രശ്‌നമുണ്ടാവും അത്രേ ഉള്ളൂ. ഒരമ്മയെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതത്രെ ആ വാക്കുകള്‍..! 

മൂന്നാം നാള്‍ ഡിസ്ചാര്‍ജ് വാങ്ങി ഞാനോടി, മൗലാനയിലേയ്ക്ക്. പട്ടാമ്പിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേയ്ക്കുള്ള ദൂരം പതിവിലും കൂടുതലായിരുന്നു. മൗലാനയ്ക്ക് മുന്നില്‍ കാത്തുനിന്ന അപ്പുവിനൊപ്പം NNICU വിന് മുന്നിലേയ്ക്ക്. അവിടെ ഒരു ജനാലയ്ക്കപ്പുറം, പേരറിയാത്ത യന്ത്രങ്ങളുടെയും വെളിച്ചങ്ങളുടെയും നടുവില്‍ ഞാന്‍ അവളെ വീണ്ടും കണ്ടു, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യത്തെ. കണ്ണീരിന്റെ നനവ് പടര്‍ന്ന നൈറ്റിയില്‍ ആദ്യമായ് അവള്‍ക്കായ് ചുരന്ന നനവ് പടരുന്നതായ് ഞാനറിഞ്ഞു. 

അങ്ങനെ മൗലാനയുടെ നീണ്ട ഇടനാഴിയില്‍വെച്ച് എന്റെ ദൈവത്തെ ഞാനാദ്യമായ് കണ്ടു. ഡോ. സാമുവല്‍ കോശി.... ഒരായുസ്സ് മുഴുവനും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്ന വ്യക്തിത്വം. ആ സൗമ്യമായ ചിരിയ്ക്കും പതുക്കെയുള്ള വര്‍ത്തമാനത്തിനും അനേകായിരം ഹൃദയങ്ങളെ സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. രാവിലെയും വൈകീട്ടും അദ്ദേഹത്തിന്റെ വരവിനായ് കാത്തിരുന്നു, അവളെക്കുറിച്ചറിയാന്‍, അവളെപ്പറ്റി മിണ്ടാന്‍. രണ്ടുനേരവും കാണാന്‍ അനുവദിച്ച സമയത്ത് ഞങ്ങള്‍ ഊഴം കാത്തുനിന്നു. പച്ച കര്‍ട്ടനു പിന്നില്‍ തുടിയ്ക്കുന്ന ഞങ്ങളുടെ ജീവനെക്കാണാന്‍. വീണ്ടും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്. പൊള്ളുന്ന വേനലിനെക്കാളും ചൂട് പിടിപ്പിയ്ക്കുന്ന ചിന്തകളായിരുന്നു മനസ്സ് മുഴുവന്‍. ഉത്തരമില്ലെന്നറിഞ്ഞിട്ടും, എന്തു കൊണ്ട്? എങ്ങനെ? ഇനിയെന്ത്? എന്ന ചോദ്യങ്ങള്‍ മനസ്സില്‍ പലവട്ടം ചോദിച്ചുകൊണ്ടേയിരുന്നു. 

നാട്ടിലുള്ള സകല മുറിവൈദ്യന്മാരും തങ്ങളുടെ അഭിപ്രായങ്ങള്‍ പറഞ്ഞു മുന്നോട്ടു വന്നപ്പോള്‍ കണ്ണും കാതും വായുമടച്ച് ഞാനും എന്റെ രണ്ടമ്മമാരും അവള്‍ക്ക് സദാ കാവലിരുന്നു. ബാംഗ്ലൂരിലിരുന്ന് അപ്പു ധൈര്യം പകര്‍ന്നു. മരുന്ന് വാങ്ങാനും വിവരങ്ങള്‍ അറിയാനും ടെസ്റ്റിനും ബില്ലടയ്ക്കാനുമൊയ്‌ക്കെ ഞാനും അമ്മമാരും ഓടി നടന്നു. പ്രസവിച്ച പെണ്ണിന്റെ ഓട്ടത്തെ കുറ്റപ്പെടുത്തിയവരോട്, പിന്നെ എന്റെ മകള്‍ക്ക് വേണ്ടി നിങ്ങള്‍ ഓടുമോ എന്ന് മനസ്സില്‍ പലവട്ടം ചോദിച്ചു. ഒമ്പതാം നാള്‍ അവള്‍ ആദ്യമായ് കരഞ്ഞപ്പോള്‍, പതിനഞ്ചാം നാള്‍ അവളെ ആദ്യമായ് മാറോടണച്ചപ്പോള്‍, അന്നേവരെ അവള്‍ക്കായ് കരുതിവെച്ച സ്‌നേഹാമൃതം പകര്‍ന്നു നല്‍കിയപ്പോള്‍, ഇരുപത്തിരണ്ടാം ദിവസം അവളെ ആദ്യമായ് റൂമിലേക്ക് കൊണ്ടുവന്നപ്പോള്‍, മുപ്പത്തിയൊന്നാം നാള്‍ അവളെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നപ്പോള്‍ മനസ്സില്‍ ഒരായിരം പ്രാവശ്യം കോശി സാറിനോട് നന്ദി പറഞ്ഞു. ഒരു നന്ദിപ്രകടനത്തിനും കാത്തുനില്‍ക്കാന്‍ ആ നന്മമരത്തിന് സമയമില്ലായിരുന്നു. കരയാത്ത കുട്ടിയെ പൂര്‍ണ്ണ ആരോഗ്യവതിയായി അദ്ദേഹം ഞങ്ങള്‍ക്ക് തിരിച്ചുതന്നു. 

2013 ഏപ്രില്‍14 മുതല്‍ മേയ്14 വരെ... നീണ്ട മുപ്പത്തിയൊന്നു ദിനരാത്രങ്ങള്‍. ഡോ. സാമുവല്‍ കോശിയുടെയും സംഘത്തിന്റെയും കഴിവിലും പരിചരണത്തിലും വിശ്വാസമര്‍പ്പിച്ച് ഞങ്ങളുടെ ജീവിതം തന്നെ കടപ്പെട്ട് കടന്നുപോയ ദിവസങ്ങള്‍. ഒരുപക്ഷേ അവിടെ എത്തിച്ചേര്‍ന്നത് ഒരു നിമിത്തമാവും. സമയോചിതമായി ആ ആംബുലന്‍സ് പാഞ്ഞില്ലായിരുന്നെങ്കില്‍, ഞായറാഴ്ചയാണെന്നോര്‍ക്കാതെ അവളെ ഏറ്റെടുക്കാന്‍ അദ്ദേഹം ഓടിവന്നില്ലായിരുന്നെങ്കില്‍, പിന്നീടുള്ള മുപ്പത്തിയൊന്നു ദിനങ്ങള്‍ ഒട്ടും പിഴയ്ക്കാതെ അവളെ പരിചരിച്ചില്ലായിരുന്നെങ്കില്‍, ഒരുപക്ഷേ വിധി മറ്റൊന്നാകുമായിരുന്നു. വിണ്ണിലെ ദൈവങ്ങളോടൊപ്പം ചേര്‍ത്തുവെയ്ക്കാന്‍ മണ്ണില്‍ ദൈവതുല്യനായ ഒരാള്‍. നമ്മുടെ ചോദ്യങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും മുന്നില്‍ ഒരു ചെറുപുഞ്ചിരിയോടെ തെല്ലും കലര്‍പ്പില്ലാത്ത വിശദീകരണങ്ങളാല്‍ നേരിട്ട്, ആശ്വാസമായി നിന്ന സ്‌നേഹ സാന്നിധ്യം. അനാവശ്യ ചിന്തകള്‍ കാടുകേറാതെ മനസ്സിനെ പാകപ്പെടുത്താന്‍ ആവശ്യത്തിന് മാത്രം സംസാരിച്ച് അദ്ദേഹം കൂടെ നിന്നു. മൂന്നാം മാസം അവളെ നാട്ടില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പറിച്ചു നടാന്‍ ധൈര്യം പകര്‍ന്നു. 

ഞങ്ങളുടെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടത്തില്‍ ആശ്വാസവും ആത്മവിശ്വാസവുമായി കൂടെ നിന്ന സാമുവല്‍ കോശിസാറിനെയും മൗലാന ആശുപത്രിയെയും അവിടുത്തെ സ്റ്റാഫ്സിനെയും ഓര്‍ക്കാതെ ഈ ഡോക്ടേര്‍സ് ഡേ മാത്രമല്ല, ഇനി വരും വര്‍ഷങ്ങളും കടന്നു പോവില്ല. പിന്നീടൊരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ലെങ്കിലും അവളുടെ കളിയിലും ചിരിയിലും കരച്ചിലിലുമൊക്കെ ഞങ്ങള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നു. ഇനിയുമൊരുപാട് അച്ഛനമ്മമാരുടെ കണ്ണീരൊപ്പാന്‍ അവരുടെ പ്രതീക്ഷകളെ ഊട്ടിവളര്‍ത്താന്‍, അവര്‍ക്കൊരു കൈത്താങ്ങാവാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ, എന്റെ ദേവൂട്ടിയ്ക്ക് വേണ്ടി... Happy Doctor's Day dear Samuel Koshy Sir...!