തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്തക്ഷാമം തുടരുന്നു. നിലവിൽ 799 ഒഴിവുകൾ സംസ്ഥാനത്താകെയുണ്ട്. ഇതിൽ ഭൂരിഭാഗവും അസിസ്റ്റന്റ് സർജൻ തസ്തികയിൽ, 431 ഒഴിവ്. പി.എസ്.സി. മുഖേന 430 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചതിൽ 134 പേർക്ക് നിയമന ഉത്തരവ് നൽകി. അതിൽത്തന്നെ കുറച്ചുപേർ ജോലിയിൽ പ്രവേശിച്ചിട്ടില്ല.
കൂടുതൽ ഡോക്ടർക്ഷാമം കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ. കാസർകോട് ജില്ലയിൽ അസിസ്റ്റന്റ് സർജൻ തസ്തികയിൽമാത്രം 113 ഒഴിവുകളുണ്ട്; സിവിൽ സർജൻ തലത്തിൽ മൂന്നും. പാലക്കാട് ജില്ലയിൽ 87 -ഉം കണ്ണൂരിൽ 70 -ഉം അസിസ്റ്റന്റ് സർജൻ ഒഴിവുകളുണ്ട്. ഇടുക്കിയിൽ 41 ഒഴിവുകളാണുള്ളത്.
ഇടുക്കി ജില്ലാ ആശുപത്രിയിൽ 34 ഡോക്ടർ തസ്തികയിൽ 10 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. ഇവിടെ പ്രതിദിനം പുറംരോഗി വിഭാഗത്തിൽമാത്രം ആയിരംമുതൽ 1200 വരെ രോഗികൾ എത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ അസിസ്റ്റന്റ് സർജൻ തലത്തിൽ 25 ഒഴിവുകളുണ്ട്. കൊല്ലം ജില്ലയിൽ കൺസൾട്ടന്റ് തലത്തിൽ മാത്രം 14 ഒഴിവുകളുണ്ട്. വയനാട്ടിൽ കൺസൾട്ടന്റ് തലത്തിൽ 16 ഒഴിവുകളും ജൂനിയർ കൺസൾട്ടന്റ് തലത്തിൽ 13 ഒഴിവുകളും. തൃശ്ശൂരിൽ ഏഴ് സിവിൽ സർജൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.
പി.എസ്.സി. ശുപാർശചെയ്തവർ ജോലിയിൽ പ്രവേശിക്കാത്തതും സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കാത്തതും ഒഴിവ് തുടരാൻ കാരണമാണ്. സ്ഥിതി പരിഹരിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക എച്ച്.ആർ. സെൽ രൂപവത്കരിച്ചിട്ടുണ്ട്. മെഡിക്കൽ ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. അനിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണിത്. ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി സ്ഥാനക്കയറ്റം നൽകുകയാണ് സെല്ലിന്റെ ലക്ഷ്യം. ഈ വർഷം ഡിസംബറിനുമുൻപ് ഇതു തീർപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
Content Highlights: Kerala government hospitals face a severe shortage of doctors with 799 vacancies, mostly in Kasaragod and Malappuram.
Published: 26 Aug 2026, 04:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented