
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് വണ്ടിപ്പെരിയാറിലെ പോക്‌സോ കോടതിയില്‍നിന്ന് സുപ്രധാനമായ വിധിയുണ്ടായത്. പീഡനം നടന്നെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും പറയുമ്പോഴും കുറ്റവാളി അര്‍ജുനാണെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ അപര്യാപ്തമാണെന്നാണ് കോടതിവിധി. അര്‍ജുന്‍ കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോടതി നിരീക്ഷണം. കേസില്‍ തങ്ങളാവശ്യപ്പെടുന്ന അഭിഭാഷകനായിരിക്കണം പ്രോസിക്യൂട്ടറെന്ന് കുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ കോടതി ചൂണ്ടിക്കാണിച്ച വീഴ്ചകളേക്കാള്‍ പ്രതിയെ ശിക്ഷിക്കാന്‍ പര്യാപ്തമായ നിരവധി തെളിവുകളും പോയിന്റുകളും ഇതേ കേസില്‍ തന്നെയുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതേ തെളിവുകളുമായി അപ്പീല്‍ പോകുമ്പോള്‍ മറ്റൊരു വിധി പ്രതീക്ഷിക്കാമോ എന്ന ചോദ്യം പൊതുസമൂഹവും ഉയർത്തുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ അലംഭാവം കാട്ടിയെന്ന കോടതി പരാമർശം ഗൗരവത്തോടെ കാണുമെന്നും കുടുംബത്തിനൊപ്പം നില്‍ക്കുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഈ പശ്ചാത്തലത്തിൽ പോലീസിന്റെ വീഴ്ചയായി കോടതി ചൂണ്ടിക്കാണിച്ച എട്ട് കാര്യങ്ങൾ ഇവയാണ്
Also Read
- കുട്ടി തൂങ്ങി നിന്നിരുന്നിടത്ത് നിന്നുള്ള രക്തം, മലം, മൂത്രം എന്നിവ രേഖകളില്‍ കാണിച്ചിട്ടില്ല.
- തലേദിവസം കുട്ടി മരിച്ചതറിഞ്ഞിട്ടും സംഭവസ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥനെത്തുന്നത് പിറ്റേന്ന് ഉച്ചയ്ക്ക് മാത്രം.
- .കുട്ടിയെ കെട്ടിത്തൂക്കിയ ഷാള്‍ എടുത്ത അലമാര പരിശോധിക്കുകയോ അവിടെ ഏതെങ്കിലും തരത്തിലുള്ള വിരലടയാളം ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നും പരിശോധിച്ചില്ല.
- സീന്‍ മഹസര്‍ തയ്യാറാക്കുന്നതും പിറ്റേദിവസം. മാത്രമല്ല കുട്ടി കൊല്ലപ്പെട്ട മുറിയിലുണ്ടായിരുന്ന ബെഡ്ഷീറ്റ്, തോര്‍ത്ത്, കത്തി എന്നിവ ശേഖരിച്ചത് ജൂലായ് മൂന്നിന്. ഈ സുപ്രധാന തെളിവുകള്‍ സീല്‍ ചെയ്ത് സൂക്ഷിച്ചില്ല.
- കൊലപാതകസ്ഥലത്തെ തെളിവുകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു. തെളിവായി ശേഖരിച്ച എല്ലാ വസ്തുക്കളും കൃത്യമായി സീല്‍ ചെയ്ത് സൂക്ഷിച്ചില്ല.
- കുട്ടിയെ കൊലചെയ്ത് പ്രതി രക്ഷപ്പെട്ടതായി കുറ്റപത്രത്തില്‍ പറയുന്ന ജനല്‍ അടച്ചിരുന്നതായാണ് ഒന്നാം തിയ്യതി തയ്യാറാക്കിയ മഹസറില്‍ പറയുന്നത്. എന്നാല്‍ കുട്ടി മരണപ്പെട്ട ദിവസം അയല്‍ക്കാരനായ കേസിലെ 17-ാം സാക്ഷി ആ ജനല്‍ അല്‍പം തുറന്നുകിടക്കുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. ഇവ തമ്മിലുള്ള വൈരുധ്യം അന്വേഷണ ഉദ്യോഗസ്ഥന്‍ കൃത്യമായി വിശദീകരിച്ചില്ല. പ്രതി ജനാലയില്‍ക്കൂടിയാണ് ചാടിയതെന്ന കുറ്റസമ്മതമൊഴിയെ സാധൂകരിക്കാന്‍ പിന്നീട് ഒരു സാക്ഷിമൊഴിയുണ്ടാക്കുകയായിരുന്നോ? ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയേയും ചോദ്യം ചെയ്യുന്നു
- പ്രതി ഏതുവഴിയാണ് വീട്ടില്‍ കടന്നതെന്ന ചോദ്യത്തിന് പ്രോസിക്യൂഷന്‍ കുറ്റകരമായ നിശ്ശബ്ദത (culpable silence) പാലിക്കുന്നു. 18-20 അടിമാത്രം അകലെയുള്ള പ്ലാവിന്റെ ചുവട്ടിലാണ് കുട്ടിയുടെ സഹോദരനും രണ്ട് കൂട്ടുകാരും മുടിവെട്ടുന്നത്. അവിടെയിരുന്നാല്‍ കുട്ടിയുടെ വീടിന്റെ മുന്‍ഭാഗം കാണാം. ലയത്തിലും മുന്നിലും പിന്നിലും വാതിലുണ്ട്. വീടിന്റെ പിന്നില്‍ തോട്ടമാണ്. പിന്‍വാതിലില്‍ക്കൂടി ഇറങ്ങുന്നതായിരുന്നില്ലേ 'സുരക്ഷിതവും സൗകര്യപ്രദവും' (safe and convenient)
- വിദഗ്ധരെ കൊണ്ടുവന്ന് വിരലടയാളം ശേഖരിച്ചില്ല.
പോലീസിന്റെയും പ്രോസിക്യൂട്ടറുടെയും വിശദീകരണം
- രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ചില്ലെന്നാണ് കോടതി വിലയിരുത്താല്‍. എന്നാല്‍, രക്തവും മൂത്രവും സ്ഥലത്തുണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റില്‍ കുഞ്ഞ് മലം വിസര്‍ജിച്ചതായി പറയുന്നുണ്ട്. അത് കോടതി പറഞ്ഞുമില്ല.
- സംഭവസ്ഥലത്ത് അന്നേ ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ എത്തിയില്ല എന്നത് വസ്തുതാവിരുദ്ധമാണ്. അബദ്ധത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചുവെന്നാണ് ആദ്യം ബന്ധുക്കള്‍ ധരിപ്പിച്ചത്. ഇതനുസരിച്ച് അസ്വാഭാവിക മരണത്തിന് (CrPC 174)കേസ് രജിസ്റ്റര്‍ ചെയ്യുന്നത് അന്നത്തെ വണ്ടിപ്പെരിയാര്‍ പോലീസ് സബ് ഇന്‍സ്പെക്ടറാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സമയം തന്നെ സീന്‍ ഗാര്‍ഡ് ചെയ്യാന്‍ പോലീസുദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ലയം ക്രോസ് ചെയ്ത് ഗാര്‍ഡ് ചെയ്യുകയും പിറ്റേ ദിവസം സീന്‍ മഹസര്‍ തയ്യാറാക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ട്ടര്‍ വരുന്നവരെ അങ്ങനെ സൂക്ഷിക്കുകയും ചെയ്തു. ശാസ്ത്രീയ വിദഗ്ധരോ, വിരലടയാള വിദഗ്ധരോ, ഫോട്ടോഗ്രാഫറോ ഇല്ലാതെ കയറി തെളിവ് നശിപ്പിക്കപ്പെടാതിരിക്കാനാണ് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ എത്തുന്നവരെ കൃത്യമായി വീട് ബന്തവസ് ചെയ്തത്.
- കുട്ടിയെ കെട്ടിത്തൂക്കാന്‍ ഉപയോഗിച്ച ഷാള്‍ അലമാരയില്‍ നിന്നാണ് എടുത്തതെന്ന് തെളിവെടുപ്പിനിടെ പ്രതി പറയുമ്പോഴാണ് അറിയുന്നത്. അലമാര ആ മുറിയിലായിരുന്നില്ല ഉണ്ടായിരുന്നത്. സീന്‍ മഹസര്‍ തയ്യാറാക്കിയ ശേഷം, കുഞ്ഞ് മരിച്ച് കിടന്ന മുറിയൊഴിച്ച്, ബാക്കി ഭാഗം പോലീസ് വീട്ടുകാര്‍ക്ക് തുറന്നു കൊടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം വിരലടയാളം ലഭിക്കാനുള്ള സാധ്യത ഇല്ലാതായി.
- രാത്രിയായതിനാല്‍ ഇടുങ്ങിയ മുറിയില്‍നിന്ന് തെളിവുകള്‍ കണ്ടെത്തുക എളുപ്പമല്ലാത്തതിനാലാണ് സീന്‍ മഹസര്‍ തയ്യാറാക്കുന്നത് പിറ്റേ ദിവസത്തേക്ക് മാറ്റിയത്. സീന്‍ മഹസറില്‍ മുറിയിലുള്ള വസ്തുക്കളെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. മുറിയിലെ കത്തി കുട്ടിയുടെ സഹോദരന്‍ മുറി തുറക്കാനായി ഉപയോഗിച്ചതാണ്. അന്ന് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞപ്പോഴാണ് പീഡനം നടന്നുവെന്നും കൊലപാതകമാണെന്നും അറിയുന്നത്. രണ്ടാം തിയ്യതി ഡോക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും കുരുക്കിന്റെ ഉയരമളന്ന് ആത്മഹത്യക്ക് സാധ്യതയില്ലെന്ന് പറയുകയും ചെയ്ത ശേഷമാണ് മുറി കൂടുതല്‍ പരിശോധനവിധേയമാക്കുകയും തൊണ്ടി ശേഖരിക്കുകയും ചെയതത്. സീല്‍ ചെയ്ത മുറി തുറന്നാണ് തെളിവുകള്‍ ശേഖരിച്ചത്.
- തെളിവായി ശേഖരിച്ച എല്ലാ വസ്തുക്കളും എല്ലാം വെവ്വേറെ തന്നെ പാക്ക് ചെയ്തിരുന്നു പക്ഷേ, 'unpacked' എന്നാണ് കോടതി നിരീക്ഷിച്ചത്.
- പൊതുവേ അടഞ്ഞുകിടക്കുന്ന ജനല്‍ അന്ന് തുറന്നു കിടക്കുന്നത് കണ്ടതായി സാക്ഷിമൊഴിയുണ്ട്. തുറന്ന് കിടക്കുന്ന ജനലിലൂടെ സാക്ഷി അകത്തേക്ക് നോക്കുന്നത് കണ്ടപ്പോഴാണ് അത് തുറന്ന് കിടന്നാലുള്ള അപകടം ആശുപത്രിയില്‍ പോയി തിരികെ വരുന്ന അര്‍ജുന് മനസിലാവുന്നത്. അതിനുശേഷമാണ് അര്‍ജുന്‍ അകത്ത് കയറി ജനലടയ്ക്കുന്നത്.
- പിന്നിലെ വാതിലിലൂടെ രക്ഷപ്പെടുന്നതല്ലേ പ്രതിക്ക് 'സുരക്ഷിതവും സൗകര്യപ്രദവുമെന്ന്' കോടതി ചോദിച്ചു. കുട്ടി കളിക്കുന്നതിനിടെ സംഭവിച്ചതാണെന്ന് വരുത്തണമെങ്കില്‍ വാതില്‍ അടഞ്ഞ് കിടക്കേണ്ടത് കുറ്റവാളിയുടെ ആവശ്യമാണ്. അതുകൊണ്ടാണ് രക്ഷപ്പെടാന്‍ ജനല്‍ ഉപയോഗിച്ചത്. അലമാരയുടേയും ജനലിന്റേയും പ്രസക്തി പ്രതി പറയുമ്പോഴാണ് വെളിപ്പെടുന്നത്. ഏത് വഴിയാണ് പ്രതി അകത്ത് കയറിയതെന്ന് വ്യക്തമാക്കുന്നില്ലെന്ന് കോടതി പറയുന്നു.
- വിരലടയാള വിദഗ്ധരും, ഫോട്ടോഗ്രാഫറും, സയന്റിഫിക് എക്‌സ്‌പേര്‍ട്ടും അന്വേഷണസംഘത്തിനൊപ്പം ഉണ്ടായിരുന്നു. മരപ്പലകയിലും കട്ടകെട്ടിയ ചുമരിലും വിരലടയാളം ലഭിച്ചില്ല എന്നാണ് വിരലടയാള വിദഗധര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വിരലടയാള വിദ്ഗധര്‍ ഉണ്ടായിരുന്നില്ല എന്നാണ് പക്ഷേ, കോടതി വിധിയില്‍ പറഞ്ഞത്.
ശാസ്ത്രീയ തെളിവുകള്‍ക്ക് സംഭവിച്ചത്
ബെഡ്ഷീറ്റില്‍ നിന്ന് pubic hair ഡോക്ടറാണ് ശേഖരിച്ച് അത് സീല്‍ ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥനെ ഏല്‍പിക്കുന്നത്. ലഭിച്ച മുടി മൈക്രോസ്‌കോപിക്ക് അനാലിസിസിനായി ഉപയോഗിച്ചതോടെ ഡി.എന്‍.എ പരിശോധനയ്ക്ക് തികയാതെ പോയി. ബെഡ്ഷീറ്റില്‍ Semen, Spermatozoa എന്നിവയുണ്ടായിരുന്നു. എന്നാല്‍ അതും പരിശോധനയ്ക്ക് പര്യാപ്തമായിരുന്നില്ല. ഡി.എന്‍.എ നെഗറ്റീവ് എന്ന് വന്നാല്‍ പ്രതിയല്ലെന്ന് പറയാം. പക്ഷേ, ഇവിടെ നടത്താന്‍ പര്യാപ്തമല്ലെന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോള്‍ മറ്റ് കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു
കുട്ടി ഷാളില്‍ കുരുങ്ങി മരിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ അര്‍ജുന്റെ അച്ഛന്‍ ശ്രമിച്ചുവെന്നും അയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ അര്‍ജുന്റെ സാന്നിധ്യത്തെക്കുറിച്ച് പറയുന്നില്ലെന്നും ഇത് അര്‍ജുന്റെ പങ്കിനെക്കുറിച്ച് അയാള്‍ക്ക് അറിവുള്ളതുകൊണ്ടാണ് എന്നുമാണ് പ്രോസിക്യൂഷന്‍ വാദം. കുട്ടിക്കും കുടുംബത്തിനും അടുത്തറിയാവുന്ന ആളായതിനാല്‍ പ്രതിക്ക് മുന്‍വാതിലിലൂടെ തന്നെ അകത്ത് പ്രവേശിക്കാന്‍ സാധ്യമാണെന്നും പ്രോസിക്യൂഷന്‍ പറയുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ വാതില്‍ തുറന്നുകിടന്നാല്‍ സാധിക്കില്ല എന്നതിനാല്‍ പ്രതി വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട് ജനലിലൂടെ ഇറങ്ങിയെന്നാണ് പോലീസ് ഭാഷ്യം.
അന്ന് കണ്ടിട്ടും കുഞ്ഞിനെ മൂന്ന് ദിവസം മുന്‍പാണ് കണ്ടതെന്നതും പാഷന്‍ഫ്രൂട്ട് കൊണ്ടുവെയ്ക്കാന്‍ പോയ കാര്യം പറയരുതെന്ന് കൂട്ടുകാരോട് പറഞ്ഞതും മൊബൈലില്‍ നിന്ന് കുഞ്ഞിന്റെ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തതും എന്തിനാണ്? കുഞ്ഞിനോട് അടുപ്പമുള്ള കാര്യം പോലും അയാള്‍ മറച്ചുവെയ്ക്കുകയാണ് ഉണ്ടായതെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. മൂന്ന് വര്‍ഷമായി കുഞ്ഞിനെ ഉപയോഗിക്കുന്നുവെന്നാണ് കേസ്. ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നതും ഇതേ കാലത്താണ്. കൂട്ടുകാരുടെ അടുത്ത് ഇല്ലാതിരുന്ന സമയം എന്ത് ചെയ്യുകയായിരുന്നെന്ന് അര്‍ജുന്‍ തെളിയിച്ചിട്ടില്ല. വിറക് വാരിയിടുകയായിരുന്നുവെന്ന അച്ഛന്റെ മൊഴി പോലീസ് റിപ്പോര്‍ട്ടിലില്ലായിരുന്നു. എന്നാലീ മൊഴി കേസ് പിന്നീട് കോടതിയിലെത്തുമ്പോഴാണ് ഉണ്ടാവുന്നത് എന്നും പ്രോസിക്യൂഷന്‍ പറയുന്നു
വിധിയിലുണ്ടായ പിഴവ്
കുട്ടിയുടെ സഹോദരനും കൂട്ടുകാരും ഇരുന്ന പ്ലാവിന്‍ ചുവടും തമ്മിലുള്ള അകലം 18-20 അടിയല്ല. 20 മീറ്ററാണ്. പ്ലാവ് നില്‍ക്കുന്നത് ഇറക്കത്തിലായിനാലും അവിടെ ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതിനാലും പ്രതി രക്ഷപ്പെട്ടുവെന്ന് പറയുന്ന ജനല്‍ കാണാന്‍ സാധിക്കില്ല. മാത്രമല്ല കുട്ടികള്‍ മുടിവെട്ടുകയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയുമായിരുന്നു. പുറത്ത് നിന്ന് നോക്കിയാല്‍ അഞ്ചരയടിയോളം ഉയരത്തിലുള്ള ജനല്‍ വഴി പ്രതി എങ്ങനെ പുറത്തിറങ്ങുമെന്നായിരുന്നു കോടതിയുടെ സംശയം. എന്നാല്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട മുറിയില്‍ ജനലിനോട് ചേര്‍ന്നാണ് കട്ടില്‍ കിടക്കുന്നത്. അതിലൂടെ ജനല്‍ വഴി താഴെയുള്ള തിണ്ടില്‍ ചവിട്ടി സുഖമായി ഇറങ്ങാം. തെളിവെടുപ്പ് സമയത്ത് അര്‍ജുന്‍ അതിലൂടെ ഇറങ്ങിവരുന്നത് വീഡിയോകളില്‍ കാണാവുന്നതുമാണ്.
Read More: 'പോസ്റ്റ്മോർട്ടത്തെ എതിർത്തു, കള്ളം പറഞ്ഞു'; അവർ പറയുന്നു അവൻ തന്നെ കുറ്റവാളി | ഭാഗം 01
എങ്കിലും ചില ചോദ്യങ്ങള്‍ ബാക്കിയുണ്ട്
- പ്രതി അര്‍ജുന്‍ അല്ലെങ്കില്‍ യഥാര്‍ഥ പ്രതി ആര്?
- പിഴച്ചത് അന്വേഷണം നടത്തിയ പൊലീസ് സംഘത്തിനാണോ, കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ക്കാണോ, വിധിപ്രസ്താവിച്ച കോടതിക്കാണോ?
- ഡി.വൈ.എസ്.പിക്ക് പകരം സി.ഐ എന്തിന് കേസന്വേഷിച്ചു?
- ഡി.എന്‍.എ പരിശോധനകള്‍ക്കായി അഡ്വാന്‍സ്ഡ് ഫൊറന്‍സിക് ലാബുകളെ എന്തുകൊണ്ട് ആശ്രയിച്ചില്ല
- അന്നത്തെ ദിവസം കുഞ്ഞിനെ കണ്ട കാര്യം അര്‍ജുന്‍ ഓര്‍ക്കാതിരുന്നതും, പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് പറഞ്ഞതും, കുഞ്ഞിന്റെ അച്ഛനോട് ഇനി എന്നെയും പ്രതിയാക്കുമോ എന്ന് ചോദിച്ചതും എന്തുകൊണ്ട്?
റിട്ട.എസ്.പി ജോര്‍ജ് ജോസഫിന് പറയാനുള്ളത്

"പോലീസ് അന്വേഷണത്തില്‍ വന്ന പാളിച്ച തന്നെയാണ് കോടതി പ്രതിയെ വെറുതെ വിടാന്‍ കാരണമായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാകൃതമായാണ് കേസന്വേഷിച്ചത്. മാത്രമല്ല, എസ്.സി/ എസ്.ടി അട്രോസിറ്റി ആക്ട് ചേര്‍ത്തതുമില്ല. പ്രതി എസ്.സി/എസ്.ടിക്കാരനായതുകൊണ്ട് ആ വകുപ്പ് ചേര്‍ത്തില്ല എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. കേസില്‍ പുനരന്വേഷണമാണ് വേണ്ടത്. ശാസ്ത്രീയതെളിവ് ശേഖരിക്കുന്നതില്‍ പോലീസിന് വലിയ വീഴ്ച സംഭവിച്ചു. പലമൊഴികളും റെക്കോര്‍ഡ് ചെയ്തില്ല, പലരേയും സാക്ഷിയാക്കിയില്ല. മഹസറെഴുതുമ്പോള്‍ ആ മുറിമുഴുവന്‍ വിശദമായി പരിശോധിക്കണമായിരുന്നു. കുഞ്ഞിന് മിഠായി കൊടുത്തിട്ടുണ്ടെങ്കില്‍ ആ കവര്‍ അവിടെ കണ്ടേനെ. കുട്ടി കളിക്കുന്നതിടയില്‍ ഷാള്‍ കുരുങ്ങിയാണ് മരിച്ചതെന്ന ബന്ധുക്കളുടെ മൊഴിയനുസരിച്ചാണോ പോലീസ് നീങ്ങേണ്ടത്? അതാണോ വിശ്വാസത്തിലെടുക്കേണ്ടത്? ബെഡ്ഷീറ്റില്‍ രക്തത്തുള്ളികള്‍, വിയര്‍പ്പ് കണങ്ങള്‍, മുടി എന്നിവയെല്ലാം വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്താല്‍ മാത്രമേ ലഭ്യമാകൂ. അന്നുതന്നെ അത് എടുത്ത് നന്നായി സൂക്ഷിച്ചാല്‍ മാത്രമേ കാര്യമുള്ളൂ. സൂക്ഷ്മമായ പലതും നഷ്ടപ്പെടും എന്നതിനാല്‍ അത് മടക്കുന്നത് പോലും സൂക്ഷിച്ച് വേണം. മറ്റ് പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് സാമ്പിള്‍ തികഞ്ഞില്ലെന്ന് കേട്ടു. വളരെ ചെറിയ അളവ് മതി ഡി.എന്‍.എ പരിശോധനയ്ക്ക്. മറ്റ് പരിശോധനകളേക്കാള്‍ പ്രാമുഖ്യം ഡി.എന്‍.എയ്ക്ക് അല്ലേ നല്‍കേണ്ടത്? അത്പോലും പോലീസുദ്യോഗസ്ഥന് അറിയില്ല അല്ലെങ്കില്‍ മനപ്പൂര്‍വം മറച്ചു എന്ന് പറയേണ്ടി വരും"
പ്രോസിക്യൂട്ടര്‍ക്ക് കൃത്യമായി വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ കഴിയാതിരുന്നതാണ് കേസ് കൈവഴുതിപ്പോകാന്‍ കാരണമെന്ന് കരുതുന്നവരുമുണ്ട്. പ്രതി അര്‍ജുനല്ലാതെ മറ്റാരുമല്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന കുടുംബം വിധി റദ്ദ് ചെയ്ത് വീണ്ടും വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. രണ്ടരവര്‍ഷം ചെയ്യാത്ത കുറ്റത്തിനാണ് പ്രതിയായി അകത്ത് കിടന്നതെന്നും അതിനാല്‍ പുനരന്വേഷണം വേണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത ഇനിയില്ലാത്തതിനാല്‍ കേസ് തെളിയിക്കപ്പെടില്ലെന്ന ആത്മവിശ്വാസവുമാകാം ഇതിന് പിന്നിലെന്ന് മുതിര്‍ന്ന പോലീസുദ്യോഗസ്ഥരും അഭിഭാഷകരും വിലയിരുത്തുന്നു. അപ്പീല്‍ ആയാലും പുനരന്വേഷണമായാലും പീഡനത്തിരയാക്കപ്പെട്ട ആറു വയസ്സുകാരിക്കും കുടുംബത്തിനും നീതി ലഭിക്കണമെങ്കില്‍ കുറ്റവാളി ശിക്ഷിക്കപ്പെട്ടേ തീരൂ.
(അവസാനിച്ചു)
Content Highlights: vandiperiyar rape, murder case, crime, pocso case, rape murder, Vandiperiyar rape-murder case
Published: 12 Jan 2024, 04:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented