
തെളിവുകളുടെ അഭാവത്തിൽ അർജുൻ കുറ്റക്കാരനല്ലെന്ന കോടതിവിധി സത്യത്തിന്റെ വിജയമായാണ് അർജുന്റെ കുടുംബം കാണുന്നത്. അർജുനെ തെളിവെടുപ്പിന് കൊണ്ടുവരുന്നതിന്റെ മുന്നോടിയായി തന്നെ പ്രതിഷേധം കണക്കിലെടുത്ത് കുടുംബത്തെ ലയത്തിൽനിന്ന് പോലീസ് മാറ്റിയിരുന്നു. ഇതേ ഉടമകളുടെ തന്നെ മറ്റൊരു സ്ഥലത്തെ തോട്ടത്തിലേക്ക് ജോലി നൽകി അവരെ അങ്ങോട്ട് മാറ്റുകയാണുണ്ടായത്. ഉടുതുണിയോടെ ഇറങ്ങിപ്പോയ കുടുംബം പിന്നീട് ലയത്തിലേക്ക് തിരികെവന്നിട്ടില്ല. അവിടെത്തന്നെ താമസിച്ചിരുന്ന അർജുന്റെ അച്ഛന്റെ സഹോദരനും കുടുംബവും കോടതിവിധി വന്നതോടെ സുരക്ഷ കണക്കിലെടുത്ത് അവിടെനിന്ന് മാറിയിരുന്നു. വിധി വന്ന ദിനം കുഞ്ഞിന്റെ മാതാപിതാക്കൾ അതിവൈകാരികമായാണ് പ്രതികരിച്ചത്. കോടതിയിൽനിന്ന് അനുവാദം വാങ്ങി സാധനങ്ങളെടുക്കാൻ ഇവർ ലയത്തിലെത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് കയറാനാകാതെ തിരികെപ്പോവുകയായിരുന്നു. ഈ തർക്കം നിലനിൽക്കവേയാണ് പശുമലയിൽ വെച്ച് അർജുന്റെ അച്ഛന്റെ സഹോദരൻ പാൽരാജ് പെൺകുട്ടിയുടെ അച്ഛനെ കുത്തിപ്പരിക്കേൽപിച്ചത്. ഇപ്പോൾ പോലീസ് സംരക്ഷണയിലാണ് കുട്ടിയുടെ കുടുംബം. പ്രതി അർജുനാണെന്ന് പെൺകുട്ടിയുടെ കുടുംബം വിശ്വസിക്കുന്നത് പോലെ അവനല്ല ചെയ്തതെന്ന് വിശ്വസിക്കാൻ അർജുന്റെ കുടുംബത്തിനും കാരണങ്ങളുണ്ട്.
പ്രതികൾ അവിടെത്തന്നെയുണ്ട്. അവരെ രക്ഷപ്പെടുത്താനാണ് എന്റെ മോനെ കുടുക്കിയത്; അർജുന്റെ അച്ഛൻ സുന്ദറിന് പറയാനുള്ളത്
"അന്ന് അർജുനെ പിടിച്ചുകൊണ്ട് പോയപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന പ്രാദേശിക നേതാവും ബന്ധുവുമായ ഒന്നാം സാക്ഷിക്കൊപ്പമാണ് ഞാൻ പോലീസ് സ്റ്റേഷനിൽ പോയത്. അയാളാണ് അർജുനാണ് പ്രതിയെന്ന് എന്നോട് പറയുന്നത്. എല്ലാരും കൂടി പറഞ്ഞപ്പോൾ ഞാനും വിശ്വസിച്ചു പോയി. പക്ഷേ, പിന്നീട് ഓരോ കാര്യങ്ങളും അന്വേഷിച്ചപ്പോ അവനല്ലെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാൻ അഡ്വ.എസ്.കെ ആദിത്യന്റെ അടുത്തെത്തുന്നത്.
"അന്ന് ലൈൻ മുറികളിൽ നാലോ അഞ്ചോ പേരേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയും അപ്പുറത്തെ വീട്ടിലുണ്ട്. എന്റെ വീട്ടീൽ ഞാനും മോനുമുണ്ട്. കുട്ടിയുടെ വീട്ടിൽ സഹോദരനും അപ്പുറത്ത് കൂട്ടുകാരുമുണ്ട്. അതിലൊരാളുടെ മുത്തച്ഛനുണ്ട്. ഒന്നാം സാക്ഷിയുടെ മകളും അനിയത്തിയുടെ കുട്ടികളുമുണ്ട് അവിടെ. അവരൊക്കെ ഉള്ളപ്പോഴാണ് ഇവർ മുടിവെട്ടാൻ പോയത്. പിള്ളേര് മുടിവെട്ടുന്നതിനടുത്ത് ഞാൻ വിറക് കീറുന്നുണ്ടായിരുന്നു. പാഷൻഫ്രൂട്ട് വെച്ചിട്ട് തിരികെ വരുന്ന അവനോട് ചെറിയ മഴച്ചാറ്റൽ ഉള്ളതുകൊണ്ട് വിറക് വാരിവെയ്ക്കാൻ ഞാനാണ് പറഞ്ഞത്. പെട്രോൾ വിലവർധനയ്ക്കെതിരേ അന്നെന്തോ പ്രതിഷേധമുണ്ടായിരുന്നു വണ്ടിപ്പെരിയാറിൽ. പ്ലക്കാർഡ് പിടിച്ച് ഫോട്ടോ പിടിക്കണമെന്നൊക്കെ പിള്ളേര് പറയുന്നുണ്ടായിരുന്നു. പന്ത് കളിക്കാൻ പോയാ തിരിച്ചെത്താൻ ഏഴ് മണിയൊക്കെയാകും. അതാണ് നേരത്തെ വെള്ളം പിടിച്ച് വെച്ച് പോകാമെന്ന് പറഞ്ഞത്. പക്ഷേ ഈ പറഞ്ഞതൊന്നും പോലീസ് മൊഴിയായി എടുത്തില്ല. അന്നവിടെ ഉണ്ടായിരുന്ന മുഴുവൻ പേരുടെ മൊഴിയും പോലീസ് എടുത്തില്ല.
"കരച്ചിൽ കേട്ടാണ് ഞങ്ങളൊക്കെ അങ്ങോട്ട് ചെല്ലുന്നത്. പെൺകുട്ടിയുടെ സഹോദരന്റെ കൈയിൽനിന്ന് അർജുൻ കുഞ്ഞിനെ വാങ്ങിയെന്നാണ് കുറ്റപത്രത്തിലുള്ളത്. അങ്ങനെയല്ല, സഹോദരന്റെ കൈയിൽനിന്ന് മുത്തശ്ശിയാണ് കുഞ്ഞിനെ വാങ്ങുന്നതും അവരുടെ കൈയിൽനിന്നാണ് കുഞ്ഞിനെ അർജുൻ വാങ്ങുന്നതും. കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് ഞാനും മറ്റൊരു പയ്യനുമാണ്. ഡോക്ടർ ചോദിച്ചപ്പോ കഴുത്തിൽ ഷാൾ കുടുങ്ങിയതാണെന്ന് പറയുകയും ചെയ്തു. പൂജാമുറിക്കകത്ത് വാഴക്കുല കെട്ടിത്തൂക്കിയ കയറിൽ ഷാൾ കുരുങ്ങിപ്പോയതാ അപ്പാ എന്ന് കുട്ടിയുടെ സഹോദരനാണ് എന്നോട് പറഞ്ഞത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ് പിറ്റേദിവസം (ജൂലായ് ഒന്ന്) വൈകിട്ടാണ് കുഞ്ഞിനെ കിട്ടുന്നത്. രണ്ടാം തിയ്യതിയാണ് അന്വേഷണ ഉദ്യോഗസ്ഥനും ഡോക്ടറും വീട്ടിലെത്തി കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാരോട് പറയുന്നത്. മൂന്ന് വർഷം തുടർച്ചയായി കുഞ്ഞിനെ ഉപയോഗിച്ചുവെന്നാണ് പോലീസ് പറയുന്നത്. അമ്മയും വളർത്തമ്മയും മുത്തശ്ശിയുമായി ആരെങ്കിലുമൊക്കെ കുഞ്ഞിനൊപ്പം എപ്പോഴും ഉണ്ടാവാറുണ്ട്. കുഞ്ഞിന്റെ വീട്ടിൽ അമ്മയുടെ സഹോദരിയുടെ പെൺമക്കളുമുണ്ട്.തൊട്ടടുത്ത വീട്ടിൽ അപ്പച്ചി, അപ്പച്ചിയുടെ മോൾ, അപ്പച്ചിയുടെ ഭർത്താവിന്റെ അമ്മയുമുണ്ട്. മാത്രമല്ല 2020- 21 കൊറോണകാലമാണ്. ആർക്കും എവിടേക്കും പോവാനില്ല. ജോലിയുമില്ല. എന്റെ വീട്ടിലും ഞങ്ങളെല്ലാവരുമുണ്ടായിരുന്നു. കൃത്യം നടത്തിയിട്ടും ജനൽ വഴി മുന്നിലൂടെയാണ് അവൻ പുറത്തിറങ്ങിയതെന്ന് പോലീസ് പറയുന്നു. ഇത്രയും ആളുകൾ അവിടെയുള്ളപ്പോൾ അതിലൂടെ ഇറങ്ങാൻ സാധിക്കില്ല. അവനാണ് ചെയ്തതെങ്കിൽ വാതിൽ തുറന്ന് പിൻവശത്തൂടി തന്നെ ഇറങ്ങിയാൽ തേയിലക്കാടാണ് അവിടെ. ഒരാളും കാണില്ല. അങ്ങോട്ട് പോയാൽ മതിയായിരുന്നല്ലോ?
"അതുപോലെ സഹോദരന്റെയും അർജുന്റേയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ സാക്ഷിമൊഴി അനുസരിച്ച് കുഞ്ഞ് അവനെ വിളിക്കാൻ വരുമ്പോൾ അവൾ മഞ്ച് കഴിച്ചോണ്ട് വരികയായിരുന്നെന്നും അത് തനിക്ക് തന്നെന്നും അത് കഴിച്ചെന്നും പറയുന്നു. കുട്ടിയുടെ ആങ്ങള പറഞ്ഞതിൽ ചോറുണ്ടതായും പറയുന്നു. പക്ഷേ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പാതി ദഹിച്ച ചോറ് മാത്രമായിരുന്നല്ലോ ഉണ്ടായിരുന്നത്. മിഠായിയെക്കുറിച്ച് പറയുന്നില്ലല്ലോ. അതുപോലെ 2.30 മുതൽ 3.30 വരെയാണല്ലോ ഓൺലൈൻ ക്ലാസ്? അവരുടെ മൊഴിയിൽ തന്നെയുണ്ട് 2.40 ആകുമ്പോഴാണ് സുഹൃത്തിനെ വിളിക്കാൻ പോയതെന്ന്. പിന്നെ എല്ലാം എടുത്ത് അവിടിരിക്കുമ്പോൾ 2.45 ആയിക്കാണും. അതിനിടയ്ക്ക് ഇവരുടെ വർത്തമാനവും മുടിവെട്ടലുമെല്ലാം നടക്കുന്നുണ്ട്. മൂന്ന് മണിക്കാണ് മുടിവെട്ടാൻ തുടങ്ങിയതെന്ന് അവരുടെ തന്നെ മൊഴിയിലുണ്ട്.
"സുഹൃത്ത് പറിച്ച പാഷൻ ഫ്രൂട്ട് കുറച്ചെണ്ണമുണ്ടായിരുന്നെന്ന് അവർ തന്നെ പറയുന്നു. അതെല്ലാം കയറിപ്പറിച്ച് അർജുൻ അത് വാങ്ങി. അവിടെ എത്ര സമയം പോയീന്ന് അറിയില്ല. പക്ഷേ, അർജുൻ അത് കൊണ്ടുവച്ച് തിരികെ 3.15-20 ഓടെ എത്തിയെന്നും അവർ തന്നെ പറയുന്നു. ഈ പത്ത് മിനിറ്റോളം വരുന്ന സമയമാണ് ഇവരീ വലിച്ച് നീട്ടുന്നത്. അവനവിടെ എനിക്കൊപ്പം വിറക് വാരിയിടുകയായിരുന്നു. ഈ സമയമൊക്കെ ആലോചിച്ച് നോക്കിയപ്പോഴാണ് എന്റെ മോനെ പെടുത്തിയതാണെന്ന് എനിക്ക് തോന്നിയത്.
"നാലാം തീയ്യതി പത്ത് മണിക്കാണ് ഒന്നാം സാക്ഷി എന്നേയും അർജുനേയും അവന്റെ സുഹൃത്തിനേയും കൂട്ടി അദ്ദേഹത്തിന്റെ കാറിൽ പോലീസ് സ്റ്റേഷനിലേക്ക് പോവുന്നത്. അതിന് തൊട്ടുമുൻപായി ഒരു ടവേരയിൽ കുട്ടിയുടെ സഹോദരൻ, അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തും മറ്റൊരു പയ്യനും സ്റ്റേഷനിൽ വന്ന് പോയി. ഇത്രയും പേരെ അല്ലാതെ ലയത്തിലുണ്ടായിരുന്ന മറ്റൊരാളെയും പോലീസ് ചോദ്യം ചെയ്തിട്ടില്ല. ഉറങ്ങുകയായിരുന്നുവെന്ന് പറഞ്ഞ തൊട്ടപ്പുറത്തെ മുറിയിലെ പയ്യനെപ്പോലും പോലീസ് ചോദ്യം ചെയ്തിട്ടില്ല. അർജുൻ മൊബൈൽ വീട്ടിൽ വെച്ചാണ് പോയതെന്ന് പറയുന്നു. അത് തെറ്റാണ്. അവര് ഫോൺ എന്റെ കയ്യിൽ തന്നിട്ടാ പോയത്. അവ കാറിലുണ്ടായിരുന്നു. മൂന്ന് മണിക്കാണ് ഒന്നാം സാക്ഷി വന്ന് എന്നോട് പറയുന്നത് അവനാ പ്രതിയെന്ന്. അവിടുന്ന് പോകാൻ കൂട്ടാക്കാതിരുന്ന എന്നെ, ഞാനുണ്ടല്ലോ ഇവിടെ എന്ന് പറഞ്ഞ് സമാധാനപ്പെടുത്തിയാ വീട്ടിലേക്ക് പറഞ്ഞ് വിടുന്നത്. അർജുൻ അങ്ങനെ ചെയ്യില്ലെന്ന് കുട്ടിയുടെ വീട്ടുകാരടക്കം എല്ലാവരും പറഞ്ഞു. പിറ്റേന്ന് തെളിവെടുപ്പിന് മുൻപ് തന്നെ ജനരോഷം ഉണ്ടാകുമെന്ന് പറഞ്ഞ് ഞങ്ങളോട് മാറാൻ ആവശ്യപ്പെട്ടു. ആദ്യം സമ്മതിക്കാതിരുന്ന ഞങ്ങളെ നിർബന്ധിച്ചാണ് പോലീസ് മാറ്റിയത്. ആരോടും വീട് വിട്ട് പോകരുതെന്ന് പോലീസ് പറഞ്ഞിട്ടും കുട്ടിയുടെ മൃതദേഹം ആദ്യം കണ്ട ആളുകളിലൊരാളും ഞങ്ങൾ സംശയിക്കുന്ന ആളുടെ ബന്ധുവുമായവരെ ഓട്ടോയിൽ കയറ്റി അവർ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചത് എന്തിനാണ്? അന്ന് ഇറങ്ങിയതാ ഞാനവിടുന്ന്. അന്ന് അർജുനെതിരെ സാക്ഷിപറഞ്ഞ സഹോദരനടക്കം മൂന്ന് പേരേയും അവരവിടുന്ന് മാറ്റി. എന്തിന്? ഞാൻ നോക്കിയ മക്കളാ അവര്. എന്നെ കണ്ടാൽ അവർ സത്യം പറയും. അതില്ലാതിരിക്കാനല്ലേ ? ആ കിടന്നുറങ്ങിയെന്ന് പറയുന്നവനും അവിടെയില്ല. സാക്ഷി പറഞ്ഞ പലരും ഇന്നവിടെ ഇല്ല. ദിവസം അമ്പതും നൂറും രൂപയ്ക്ക് മിഠായി വാങ്ങിയെന്ന് കടക്കാരൻ പറയുന്നു. കൊറോണയിൽ പണിയില്ലാത്ത സമയമാണ്. എനിക്കാകെ കിട്ടുന്നത് 300 രൂപയാണ്. പിന്നെങ്ങനെ അവൻ ഇത്ര പൈസയ്ക്ക് മിഠായി വാങ്ങും?
"യഥാർത്ഥ പ്രതികൾ അവിടെത്തന്നെയുണ്ട്. അവരെ രക്ഷപ്പെടുത്താനാണ് എന്റെ മോനെ കുടുക്കിയത്. അർജുന്റെ സ്വഭാവത്തിൽ വന്ന വ്യത്യാസത്തെ കുറിച്ച് പറയുന്നുണ്ടല്ലോ. അവിടെ വേറെ ഒരാളുടേയും സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായിരുന്നില്ലേ. അതേക്കുറിച്ചെന്താ പറയാത്തത്? സാമ്പത്തികമായി എല്ലാം കൊണ്ടും തകർന്നിരിക്കുന്ന അരപ്പട്ടിണിക്കാരനാ ഞാൻ. ലോൺ എടുത്തും കടം വാങ്ങിയും ബന്ധുക്കൾ സഹായിച്ചുമാ കേസ് നടത്തിയത്. ലോണെടുത്തതിന് തെളിവ് അന്വേഷിച്ചാൽ കിട്ടും. പട്ടിണി കിടന്ന് മരിച്ചാലും ശരി പുനരന്വേഷണം ആവശ്യപ്പെട്ടുള്ള കേസുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. ചെയ്യാത്ത തെറ്റിന് രണ്ട് വർഷവും ആറ് മാസവും 14 ദിവസവുമാണ് എന്റെ മോൻ അകത്ത് കിടന്നത്. അതിന് സമാധാനം പറയിപ്പിക്കാതെ ഞാൻ വിടില്ല. പുനരന്വേഷണം വേണ്ട എന്ന് അവരെന്തുകൊണ്ടാണ് പറയുന്നത്? ഏതന്വേഷണം വന്നാലും അത് നേരിടാൻ ഞങ്ങൾ തയ്യാറാണ്.''
ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് അർജുന്റെ അച്ഛൻ സുന്ദർ രണ്ട് മാസത്തോളം കഴിഞ്ഞ് അഡ്വ. ആദിത്യനെ സമീപിക്കുന്നത്. എന്ന് അർജുൻ അറസ്റ്റിലായോ അന്ന് തന്നെ കുടുംബവും അവനെ തള്ളിയിരുന്നു. പക്ഷേ, കാര്യങ്ങൾ മനസിലാക്കി അർജുന് വേണ്ടി അവർ എന്റടുത്തേക്ക് വരുമ്പോഴേക്ക് 65 ദിവസത്തോളം കഴിഞ്ഞിരുന്നു.
അർജുൻ തെറ്റ് ചെയ്തിട്ടില്ല എന്ന പൂർണബോധ്യത്തോടെയാണ് ഈ കേസ് ഏറ്റെടുത്തതെന്ന് അഡ്വ. എസ്.കെ ആദിത്യൻ പറയുന്നു. യഥാർത്ഥ പ്രതിയെ രക്ഷിക്കാൻ പോലീസ് മനപ്പൂർവം അർജുനെ കുടുക്കുകയായിരുന്നുവെന്നും ആദിത്യൻ പറയുന്നു.
മിഠായിക്കഥകളിൽ പൊരുത്തക്കേടുകളുണ്ട്; അർജുന്റെ അഭിഭാഷകന് പറയാനുള്ളത്
"ഇയാളാണ് ചെയ്തതെങ്കിൽ സാഹചര്യത്തെളിവുകൾ കൃത്യമായി ബന്ധിപ്പിക്കാൻ എന്തുകൊണ്ട് പ്രോസിക്യൂഷന് കഴിഞ്ഞില്ല? കള്ളമായതു കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്? അതല്ലെങ്കിൽ എന്തുകൊണ്ടാണ് ശാസ്ത്രീയമായി കേസ് തെളിയിക്കാൻ കഴിയാതെ പോയത്? ഡി.എൻ.എയിലടക്കം എങ്ങനെ വ്യക്തതക്കുറവ് വന്നു. മുടിവെട്ടാൻ ചേട്ടനോട് പറയെന്ന് പറഞ്ഞ് പെൺകുട്ടിയെ സഹോദരന്റെ അടുക്കലേക്ക് അയച്ചത് അർജുനാണെന്നാണ് പ്രോസിക്യൂഷൻ വാദം. അർജുൻ അങ്ങനെ പറഞ്ഞതായി കുട്ടിയുടെ സഹോദരന്റേയോ സുഹൃത്തുക്കളുടേയോ മൊഴി പോലീസ് നൽകിയ ഫൈനൽ റിപ്പോർട്ടിലെവിടെയുമില്ല. ഇതെല്ലാം കോടതിയിൽ വന്ന് അധികമായി പറഞ്ഞ കാര്യങ്ങളാണ്. കോടതിയിലെത്തുന്നതിന് മുൻപായി തെളിവുകളെല്ലാം ബന്ധിപ്പിക്കാൻ പോലീസ് ഒരു കഥയുണ്ടാക്കി. ഇല്ലാത്ത ഒരു കാര്യം പുതുതായി എന്തിന് കൊണ്ടുവന്നു? കോടതി അത് പരിശോധിക്കുകയും ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

"മിഠായി നൽകിയാണ് മൂന്ന് വർഷം അർജുൻ കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ ഈ കഥകളൊന്നും കൺസിസ്റ്റന്റ് അല്ല. കൊച്ചുകുട്ടിയാണ്. അതിലേക്കൊരു മിഠായി കൂടി കൊണ്ടുവന്നാൽ അതിന് സെൻസേഷൻ വാല്യൂ ഉണ്ടെന്ന് പോലീസിനറിയാം. അതുകൊണ്ടാണ് ഒരു മിഠായിക്കടക്കാരനേയും അദ്ദേഹത്തിന്റെ ഭാര്യയേയും കഥയിൽ ഫിറ്റ് ചെയ്തത്. ആ കടക്കാരൻ പോലീസിൽ നൽകിയ മൊഴിയും കോടതിയിൽ വന്ന് പറഞ്ഞതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചാരായക്കച്ചവടമായിരുന്ന അയാൾക്ക് പോലീസുമായുള്ള ബന്ധവും മറ്റും തെളിവായി വന്നിട്ടുള്ളതാണ്. ഇനി അർജുൻ അന്നേ ദിവസം മിഠായി വാങ്ങിയെന്ന് തന്നെയിരിക്കട്ടെ, അയാൾ അവിടെപ്പോയി മിഠായി വാങ്ങിയത് കണ്ടവരില്ല, സംഭവസ്ഥലത്ത് നിന്ന് ഒരു മിഠായിക്കടലാസെങ്കിലും റിക്കവർ ചെയ്യുകയോ പോസ്റ്റ്മോർട്ടത്തിൽ കുട്ടി മിഠായി കഴിച്ചതായി കാണുകയോ ചെയ്തിട്ടില്ല.
"ഒരാളെ പ്രതിയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിലല്ലേ പോലീസ് ചൂണ്ടിക്കാണിക്കേണ്ടത്? അയാളിലേക്ക് അന്വേഷിച്ച് എത്തുകയല്ലേ വേണ്ടത്. അല്ലാതെ ഒരാളെ ഫിക്സ് ചെയ്തതിന് ശേഷം അയാൾക്ക് ചുറ്റും തെളിവുകൾ സൃഷ്ടിച്ചുകൊണ്ടാണോ എത്തേണ്ടത്? ഏറ്റവും സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന ഒരുത്തനെ പിടിച്ച് പ്രതിയാക്കി. ആരും ചോദിക്കാൻ വരില്ലല്ലോ. എന്നിട്ട് ചുറ്റിലും കുറേ തെളിവുകൾ ഉണ്ടാക്കി. ഒരു പ്രഹസനം പോലെ തെളിവെടുപ്പിന് കൊണ്ട് വന്ന് ഭീഷണിപ്പെടുത്തി ജനലിലൂടെ ചാടിച്ച് കൊണ്ടുപോയി. ഒരു പാർട്ടിയിലും ഇല്ലാത്തയാൾക്ക് ഒരു സംഘടനയുടെ ചായ്വും കൊടുത്തു. രണ്ട് പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ സംഘർഷത്തിന്റെ ഇരയായി മാറിയവനാണ് അർജുൻ."
"പിന്നെന്തിന് അന്നേ ദിവസം കുഞ്ഞിനെ കണ്ടില്ലെന്ന് പറഞ്ഞു? തെളിവെടുപ്പിന് ഡമ്മിവെച്ച് ചെയ്തതെല്ലാം കാണിച്ചുകൊടുത്തു എന്ന ചോദ്യം ഏതൊരാളുടെയുള്ളിലും സ്വാഭാവികമായും ഉയരും. അച്ഛനെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അർജുനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്നത്. കുറ്റസമ്മതമൊഴിയുടെ ഭാഗമായാണ് തെളിവെടുപ്പിന് കൊണ്ടുവരുന്നതും വീടിന്റെ ജനൽ കാണിച്ചുകൊടുക്കുന്നതും അതുവഴി ചാടുന്നതുമൊക്കെ. അവിടെ ഒരു ജനലും വാതിലുമുണ്ടോ എന്ന് പോലീസ് ചോദിച്ചു. പോലീസിന്റെ കുറ്റസമ്മതമൊഴി എടുത്താൽ പോലും അതിൽ എഴുതിയിരിക്കുന്നത് 'എന്നെ കൊണ്ടുപോയാൽ ഞാൻ ആ ജനലും വാതിലും കാണിച്ചുതരാം' എന്ന് അർജുൻ പറഞ്ഞതായാണ്. അവിടെ എല്ലാ ലയങ്ങളിലും ജനലും വാതിലുമുണ്ട്. അതിലെന്താണ് തെറ്റ്. അയാളങ്ങനെ പറഞ്ഞിട്ടില്ല എന്നത് മറ്റൊരു വാസ്തവം. അഥവാ പറഞ്ഞാൽ തന്നെ അതുവഴി ചാടിയിറങ്ങിപ്പോയി എന്നാണോ അതിനർത്ഥം? അതെ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതി മുമ്പാകെ പറഞ്ഞത്. പോലീസിൽ കുറ്റസമ്മതമൊഴിയായി രേഖപ്പെടുത്തിയതൊന്നും തെളിവുകളല്ല.
"20 വയസുള്ള ഒരു പയ്യന് ചുറ്റും കുറേ പോലീസുകാർനിന്ന് ചാടെടാ എന്ന് പറഞ്ഞാൽ അവൻ ചാടിപ്പോകും. ആ മുറിക്കകത്തും പുറത്തുമായി എത്ര പോലീസുകാരുണ്ടായിരുന്നു? ഇനി ഡമ്മിയുടെ കാര്യം പറയാം. തെളിവെടുപ്പെന്ന് പറഞ്ഞ് ഫാൻസി സ്റ്റോറിൽനിന്ന് കൊണ്ടുവന്ന ഒരു പാവയെകൊണ്ടാണ് അവനോട് അതുചെയ്യ് ഇത് ചെയ്യ് എന്ന് പറയുന്നത്. ഡമ്മി കുട്ടിയുടെ ഭാരത്തിനോ നീളത്തിനോ അനുസരിച്ചുള്ളതാണോ? അല്ല. അത് ചെയ്യുമ്പോൾ വിദഗ്ധർ ഉണ്ടായിരുന്നോ കൂടെ? ഇല്ല. മാത്രമല്ല, കോടതി അതൊരു തെളിവായി എടുത്തിട്ടുപോലുമില്ല. പോലീസ് സ്റ്റേഷനിൽ കടുത്ത മർദനവും അർജുൻ ഏറ്റിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ പരിക്കില്ലെന്നാണ് ഡോക്ടർ രേഖപ്പെടുത്തിയത്. പോലീസ് അടിച്ചെന്ന് പറഞ്ഞാൽ ഡോക്ടറോട് പറഞ്ഞിട്ട് ഇവൻ തിരിച്ച് പോലീസിനൊപ്പം തന്നെ പോകണ്ടേ? ഡോക്ടർക്ക് സർട്ടിഫിക്കറ്റ് എഴുതി പോകാം. ഇവൻ തിരിച്ച് പോലീസിന്റെ കൂടെ തന്നെയല്ലേ പോകുന്നത്. മുഖമൊക്കെ ഇടിച്ച് പഞ്ചറാക്കി വെച്ചിരിക്കുന്നത് അന്നെടുത്ത ഫോട്ടോകളിൽ തന്നെ വ്യക്തമാണ്. കോടതി അത് പരിശോധിച്ചിട്ടുമുണ്ട്"
ചില സംശയങ്ങളും ഉത്തരങ്ങളും അഡ്വ. ആദിത്യന് പറയാനുള്ളത്
ചോ: അർജുനെതിരേ തെളിവായി വന്ന മറ്റൊരു കാര്യം മൊബൈൽ ഫോണിൽനിന്ന് റിട്രീവ് ചെയ്ത ഫോട്ടോകളാണ്. അത് ഡീലീറ്റ് ചെയ്തത് പിന്നെന്തിനാണ്?
ഉ: അടുത്തടുത്ത് ഒരേ കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് അവർ. കുട്ടിയുടെ മാത്രമല്ല, പലരുടേയും ഫോട്ടോകൾ എല്ലാ ഫോണിലുമുണ്ടാകും. അർജുൻ ഡിലീറ്റ് ചെയ്ത കുട്ടിയുടെ 19 ഫോട്ടോകളാണ് പ്രോസിക്യൂഷൻ കാണിച്ചത്. അതൊന്നും യാതൊരു തരത്തിലുള്ള വൾഗാരിറ്റിയുമുള്ള ഫോട്ടോകളല്ല. മാത്രമല്ല ഇവയൊന്നും കുറ്റം ചെയ്തു എന്നാരോപിക്കുന്നതിന് തൊട്ടുമുൻപോ ശേഷമോ ഡിലീറ്റ് ചെയ്തവയുമല്ല. അവൻ മനപ്പൂർവം ഡിലീറ്റ് ചെയ്തതാണെന്ന് പറയണമെങ്കിൽ ആ സമയങ്ങളിൽ ചെയ്തതാവണ്ടേ? ഇത് പല തവണയായി ഡിലീറ്റ് ചെയ്തവയാണ്. അർജുൻ അങ്ങനെയൊരു ഉദ്ദേശ്യത്തോടു കൂടിയാണ് ഡിലീറ്റ് ചെയ്തതെങ്കിൽ അതിൽ വേറെയും ഫോട്ടോകളുണ്ടായിരുന്നു. അതൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല.
കൃത്യം നടന്ന സമയത്ത് പോലീസ് ഇടപെട്ട രീതി സംശയം ജനിപ്പിക്കുന്നതാണ്. ജൂൺ 30-നാണ് മരണം സംഭവിച്ചത് റിപ്പോർട്ട് ചെയ്യുന്നത്. അന്ന് വൈകുന്നേരം തന്നെ സ്ഥലം എസ്.ഐയും രണ്ട് പോലീസുകാരും വീട് ബന്തവസ് ചെയ്ത് ലോക്ക് ചെയ്തു. പിറ്റേ ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ, സയന്റിഫിക് ഓഫീസർ, വിരലടയാള വിദഗ്ധർ, ഡിപ്പാർട്മെന്റൽ ഫോട്ടോഗ്രാഫർ എല്ലാം അവിടെ വരുന്നു. തെളിവുകൾ ശേഖരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ഫോട്ടോഗ്രാഫിലെല്ലാം ജനൽ അടഞ്ഞാണ് കിടന്നിരുന്നത്. കട്ടിലിൽ കിടന്ന ബെഡ്ഷീറ്റ്, മുറി തുറക്കാൻ കൊണ്ടുവന്ന കത്തി എല്ലാം മൂന്നാം തിയ്യതിയാണ് എടുക്കുന്നത്.
ക്രൈം സീനിൽ നിന്നെടുത്ത പല സാധനങ്ങളും സീൽ ചെയ്തിരുന്നില്ല. എന്തിന്? എക്സ്പീരിയൻസുള്ള പോലീസോഫീസർക്ക് തെളിവ് എങ്ങനെ ശേഖരിക്കണമെന്ന് അറിയാം. കോടതിയിൽ 'ഞാനത് നന്നായി പൊതിഞ്ഞെടുത്തു' വെന്നാണ് പോലീസ് പറയുന്നത്. വെറുതേ പൊതിഞ്ഞെടുത്തിട്ട് കാര്യമുണ്ടോ? സീൽ ചെയ്യണ്ടേ? മൂന്നാം തിയ്യതി തെളിവെടുക്കുന്നു, നാലം തിയ്യതി കസ്റ്റഡിയിലെടുക്കുന്നു. ഏഴാം തിയ്യതിക്ക് ശേഷമാണ് ഈ വസ്തുക്കൾ കോടതി വഴി എഫ്.എസ്.എലിലേക്ക് പോകുന്നത്. ഈ ഇടവേളയിലെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്റെ കൈയിലായിരുന്നു ഈ വസ്തുക്കൾ.
ഇതിൽ ഒന്നാം സാക്ഷിയായി വന്ന ആളാണ് പോലീസ് സ്റ്റേഷനിലേക്ക് 'അവസാന അത്താഴവും വാങ്ങിക്കൊടുത്ത്' ഓരോരുത്തരേയും ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലെത്തിക്കുന്നത്. അർജുൻ ഉള്ളിലേക്ക് പോയ സമയത്ത് ഇയാളും പോയി. തിരികെ വന്ന് അർജുൻ ആണ് പ്രതിയെന്ന് സുന്ദറിനോട് പറയുകയും വീട്ടിലേക്ക് തിരിച്ച് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. അയാളവിടുത്തെ പ്രാദേശികരാഷ്ട്രീയക്കാരനാണ്.
Read More: 'പോസ്റ്റ്മോർട്ടത്തെ എതിർത്തു, കള്ളം പറഞ്ഞു'; അവർ പറയുന്നു അവൻ തന്നെ കുറ്റവാളി | ഭാഗം 01
പോലീസ് മനപൂർവം തെളിവ് നശിപ്പിച്ചതാണോ?
ആ ലയത്തിൽ തന്നെ ഏറ്റവും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബമാണ് അർജുന്റേത്. അയാൾക്കോ അയാളുടെ കുടുംബത്തിനോ പോലീസിനെ സ്വാധീനിക്കാൻ കഴിയില്ല. യഥാർഥ കുറ്റവാളിയെ സംരക്ഷിക്കാനാണ് പോലീസ് ഇങ്ങനെ ചെയ്തത്. കൃത്യം നടന്നതിന്റെ തൊട്ടപ്പുറത്തെ മുറിയിൽ വിശാലമായി രാവിലെ മുതൽ വൈകുന്നേരം വരെ കിടന്നുറങ്ങിയ ഒരാളുണ്ട്. ഇങ്ങനെ ഒരു സംഭവം നടന്നിട്ട് അയാളിതൊന്നും കേട്ടില്ലേ? ബന്ധുവും കുഞ്ഞിനോട് അടുപ്പവുമുള്ള ഇയാളെ എന്തുകൊണ്ട് പോലീസ് ചോദ്യം ചെയ്തില്ല? പ്രോസിക്യൂഷൻ പ്രതിക്കെതിരേ പറയുന്ന സാഹചര്യങ്ങളിലെല്ലാം അർജുനേക്കാൾ മികച്ചതായി ആദ്യം എത്തുന്നതും ഇയാളാണ്.
കുഞ്ഞ് മരിച്ചതിന് ശേഷം ആശുപത്രിയിൽ നിന്ന് ആദ്യമെത്തിയത് അയാളാണെന്നും തുറന്നുകിടക്കുന്ന ജനൽ ശ്രദ്ധയിൽപെട്ടെന്നും അയാൾ തന്നെയാണ് കോടതിയിൽ പറഞ്ഞത്. പ്രോസിക്യൂഷൻ തന്നെ കൊണ്ടുവന്ന സാക്ഷിയാണയാൾ, ഞങ്ങൾ കൊണ്ടുവന്നതല്ല. കുഞ്ഞ് മരിച്ച സമയം അർജുൻ ആരുമറിയാതെ വീട്ടിലെത്തി അടിവസ്ത്രവും പാന്റുമഴിച്ച് സോപ്പ് വെള്ളത്തിലിട്ടുവെച്ചു എന്നതൊക്കെ പോലീസ് ഉണ്ടാക്കിയ കഥമാത്രമാണ്. മൂന്ന് വയസ് മുതൽ കുഞ്ഞിനെ ലൈംഗികമായി അർജുൻ ഉപയോഗിച്ചുവെന്നതിനും തെളിവില്ല.
അന്വേഷണത്തിലെ പോരായ്മകൾ കോടതി കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലേറ്റവും പ്രധാനം അന്വേഷണ ഉദ്യോഗസ്ഥൻ അന്നേ ദിവസം സംഭവസ്ഥലത്ത് എത്തിയില്ല എന്നുള്ളത്. പിറ്റേദിവസം എത്തിയെങ്കിൽ പോലും മുറിയിലെ കട്ടിലിലുണ്ടായിരുന്ന ബെഡ്ഷീറ്റ് അടക്കമുള്ള മെറ്റീരിയലുകൾ ശേഖരിച്ചില്ല. കുഞ്ഞ് മരിച്ചത് ജൂൺ 30-നാണ്. ഇതെല്ലാം ശേഖരിക്കുന്നത് ജൂലായ് മൂന്നിനും. ഇനി ശേഖരിച്ചപ്പോൾ പോലും അത് കൃത്യമായി സീലോ പാക്കോ ചെയിതിട്ടില്ല. വിരലടയാള വിദഗ്ധരോട് എന്തുകൊണ്ട് വിരലടയാളം ശേഖരിച്ചില്ല എന്ന ചോദ്യത്തിന് പലക കൊണ്ടുള്ള മുറിയായതിനാൽ എടുക്കാൻ സാധിച്ചില്ലെന്നായിരുന്നു മറുപടി. മൈക്ക അല്ലാതെ മറ്റ് മെറ്റീരിയലുകൾ അവിടെ ഉണ്ടല്ലോ. എന്തുകൊണ്ട് അവയിൽ നിന്ന് എടുത്തില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ മറുപടി ഇല്ലായിരുന്നു. വാതിൽ അടക്കം മുറിക്ക് ചുറ്റുമുള്ള മറ്റ് സാധനങ്ങളിൽ ഫിംഗർ പ്രിന്റ് പരിശോധിക്കണമായിരുന്നു. വിരലടയാള വിദഗ്ധൻ കൂടെയുണ്ടായിരുന്നിട്ടും എങ്ങനെ ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിച്ചു? ജനൽ വഴിയാണ് പ്രതി കൊലനടത്തി രക്ഷപ്പെട്ടതെന്ന് പറയുമ്പോഴും ജനൽ അടഞ്ഞു കിടന്നതായാണ് പോലീസ് റിപ്പോർട്ടിൽ ഉള്ളത്. അതെങ്ങനെ? മാത്രമല്ല, കുട്ടികൾ മുടിവെട്ടുന്നിടത്ത് നോക്കിയാൽ ജനൽ കാണാം. പക്ഷേ, അങ്ങനെ ഇവൻ ഇറങ്ങിപ്പോവുന്നത് കണ്ടതായി ആരുടേയും മൊഴികളിലില്ല. പാഷൻ ഫ്രൂട്ട് കൊണ്ട് വെയ്ക്കാനാണ് അർജുൻ മുറിയിലേക്ക് പോയത്. അതവിടെ ഫ്രിഡ്ജിൽ ഉണ്ടോയെന്ന് പോലും പോലീസ് പരിശോധിച്ചില്ല. അതവിടെ വെച്ച് തിരികെ പോവുന്ന അർജുനോട് വിറക് വാരിയിടാൻ ആവശ്യപ്പെട്ടത് അർജുന്റെ അച്ഛനാണ്. അഞ്ചോ പത്തോ മിനിറ്റ് നേരത്തെ ഈയൊരു ഇടവേളയാണ് പിന്നീട് പ്രോസിക്യൂഷൻ 30-35 മിനിറ്റാക്കി വലിച്ച് നീട്ടിയത്. ആ ലയങ്ങളിലെല്ലാം പിന്നിലൊരു വാതിലുണ്ട്. ഈ സമയത്ത് അതിലൂടെ ആരെങ്കിലും പോയോ വന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുകയോ പരിശോധിക്കുക പോലും ചെയ്തില്ല. അർജുൻ ആ സമയത്തൊക്കെ പുറത്തുണ്ടായിരുന്ന വ്യക്തിയാണ്. ആ ലയത്തിൽ അന്നേ ദിവസം പുറത്തേ കാണാത്ത വ്യക്തികളുണ്ട്. അവരെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ല. അർജുൻ അന്ന് ധരിച്ചുവെന്ന് പോലീസ് പറയുന്ന പാന്റ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരുന്നു. അതിനൊപ്പം പോലീസ് നൽകിയ ഫോർവേഡിങ് നോട്ടിൽ പാന്റിന്റെ നിറമായി രേഖപ്പെടുത്തിയിരിക്കുന്നത് 'ഗ്രേ', എഫ്.എസ്.എല്ലിൽ ലഭിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് 'ബ്രൗൺ', കോടതിയിലിരിക്കുന്നത് 'ഡാർക്ക് ഗ്രീൻ', ഇതെങ്ങനെ ഈ മറിമായം സംഭവിക്കുന്നു. ഇനി കുഞ്ഞിന്റെ നഖത്തിനിടയിൽ നിന്ന് ഫൈബർ ലഭിച്ചുവെന്ന പ്രോസിക്യൂഷൻ വാദത്തിലേക്ക് വരാം. അതും ഈ വസ്ത്രത്തിൽ നിന്നെടുത്ത ഫൈബറും 'സിമിലർ' എന്നാണ് പറയുന്നത്. അതിനർത്ഥം ആ നൂൽ ആ പാന്റിൽ നിന്ന് തന്നെ വന്നതാണെന്നല്ല. നമ്മൾ രണ്ടു പേർ ധരിക്കുന്നത് നൈലോൺ ആണെങ്കിൽ അത് 'സിമിലർ' എന്ന് പറയാം. അങ്ങനെയാണ് പരിശോധിക്കു്ന്നതെങ്കിൽ അന്ന് ഈ മെറ്റീരിയൽ ധരിച്ച എല്ലാവരേയും പിടിച്ച് അകത്തിടേണ്ടി വരില്ലേ. സിമിലർ എന്നാൽ അതുതന്നെയാണെന്നല്ല, സമാനമാണെന്നാണ് അർത്ഥം. എന്തുകൊണ്ട് അത് identical ആയില്ല?
മാത്രമല്ല, ഡി.എൻ.എയ്ക്കായി അർജുന്റെ pubic hair, hair ന്റേയും രണ്ട് സാമ്പിൾ അന്നെടുത്തിരുന്നതായും വെവ്വേറെ സീൽ ചെയ്തിരുന്നതായും ഡോക്ടർ കോടതിയിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ, എഫ്.എസ്.എ്ല്ലിലേക്കയച്ച പോലീസിന്റെ ഫോർവേഡിങ് നോട്ടിൽ ഒറ്റ സാമ്പിളേയുള്ളൂ. മറ്റേ സാമ്പിൾ എവിടെപ്പോയി? ഇതിനൊക്കെ മറുപടി വേണ്ടേ? അതുകൊണ്ട് തന്നെയാണ് ഞങ്ങൾ പുനരന്വേഷണം ആവശ്യപ്പെടുന്നത്. എങ്കിലേ സത്യം പുറത്ത് വരൂ. ഒരാളെ ഫിക്സ് ചെയ്ത് അയാൾക്കെതിരേ പോലീസ് കൃത്രിമ തെളിവ് ഉണ്ടാക്കുകയാണ് ചെയ്തത്. അതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും. ചെയ്യാത്ത തെറ്റിനാണ് രണ്ടരവർഷം ജയിലിൽ കിടന്നത്. അതിനുള്ള നഷ്ടപരിഹാരവും ആവശ്യപ്പെടും. ആ കുട്ടിയുടെ കാര്യം കഷ്ടമാണ്. വീട്ടുകാരുടെ അവസ്ഥ അതിലും മോശമാണ്. അതിലൊരു സംശയവുമില്ല. പക്ഷേ, കുട്ടിക്ക് നീതി ലഭിക്കേണ്ടത് യഥാർത്ഥ പ്രതിയെ കണ്ടെത്തിക്കൊണ്ടാണ്.
(തുടരും..)
Content Highlights: vandiperiyar rape, murder case, crime, pocso case, rape murder, Vandiperiyar rape-murder case
Published: 11 Jan 2024, 03:30 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented