
അബദ്ധത്തില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചുവെന്ന ആദ്യവാര്‍ത്ത, പിന്നാലെ ക്രൂരപീഡനമാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഘാതകന്‍ തൊട്ടപ്പുറത്തെ മുറിയിലെ യുവാവെന്ന അന്വേഷണറിപ്പോര്‍ട്ട്. പ്രതിയായി പിടിക്കപ്പെട്ട 21 കാരന്‍ രണ്ട് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം കുറ്റക്കാരനല്ലെന്ന കണ്ടെത്തല്‍. 2023 ഡിസംബര്‍ 14 മുതല്‍ ആ കേസില്‍ പ്രതിയില്ല. കുഞ്ഞ് കൊല്ലപ്പെട്ടതാണെന്ന് വിധിന്യായത്തില്‍ പറയുമ്പോഴും ആര് കൊന്നെന്ന് മാത്രം ഉത്തരം കണ്ടെത്തി വണ്ടിപ്പെരിയാറിലെ ആറുവയസുകാരിക്ക് നീതി ഉറപ്പാക്കാന്‍ ഭരണകൂടത്തിനോ നിയമസംവിധാനത്തിനോ ഇന്നോളമായിട്ടില്ല.
12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ പൊന്മകളാണ് ആ അച്ഛനും അമ്മയ്ക്കും നഷ്ടമായത്. അന്നു തൊട്ടിന്നോളം ആ വീട്ടില്‍ ചിരി ഉയര്‍ന്നിട്ടില്ല...സ്വന്തം മകളുടെ ഘാതകന്‍ പുറത്ത് സുഖമായുറങ്ങുമ്പോള്‍ അവര്‍ക്കെങ്ങനെ ജീവിക്കാനാകും? കഴിഞ്ഞ ഒരു വര്‍ഷമായി പുനര്‍വിചാരണയ്ക്കും പുനരന്വേഷണത്തിനുമായി പെണ്‍കുട്ടിയുടെ കുടുംബം മുട്ടാത്ത വാതിലുകളില്ല. കയറാത്ത നിയമസംവിധാനങ്ങളുമില്ല. അന്ന് വെറുതെവിട്ടുവെന്ന വിധി കേട്ട് കട്ടപ്പന പോക്സോ അതിവേഗകോടതിക്ക് മുന്നില്‍ തലതല്ലി കരഞ്ഞ ആ അമ്മ വണ്ടിപ്പെരിയാറില്‍ ഇപ്പോഴുമുണ്ട്. വേദനയിലൊരംശം പോലും കുറയാതെ. ക്രൂരപീഡനമേറ്റ് കൊല ചെയ്യപ്പെട്ടത് പെറ്റുപോറ്റിയ മകളാണ്... ആ വേദനയ്ക്ക് പകരം വെയ്ക്കാന്‍ ഏത് വാക്കുണ്ട്?
78 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് പോലീസ് മിടുക്ക് കാണിച്ച കേസ്. പോലീസിന്റെ ജാഗ്രതയെ വാനോളം പുകഴ്ത്തി സര്‍വരും. പക്ഷേ, കോടതിയില്‍ ആ ശുഷ്‌കാന്തി ശ്ലാഘിക്കപ്പെട്ടില്ല. പകരം നിരത്തപ്പെട്ടത് വീഴ്ചകളുടെ നീണ്ടനിര. പ്രതിയാക്കപ്പെട്ടയാള്‍ കുറ്റക്കാരനല്ലെന്ന് വിധിച്ച് വെറുതെ വിട്ടിട്ട് വര്‍ഷം ഒന്ന് കഴിയുന്നു. പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും തന്നെ ഹാജരാക്കാന്‍ പോലീസിനായില്ലെന്നായിരുന്നു വിധി പ്രസ്താവിച്ച കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ കുറ്റവിമുക്തനാക്കപ്പെട്ട അവന്‍ തന്നെയാണ് പ്രതിയെന്ന് ഇന്നും ഉറച്ചു വിശ്വസിക്കാന്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും സഹോദരനും മാത്രമല്ല, സുഹൃത്തുക്കള്‍ക്ക് പോലും കാരണങ്ങളുണ്ട്.
കേസന്വേഷണത്തിലെ പാളിച്ചകള്‍ കോടതി പോലീസിനെതിരേ അക്കമിട്ട് നിരത്തുമ്പോള്‍, പ്രോസിക്യൂഷന്റെ വാദങ്ങള്‍ ശക്തമല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ എസ്റ്റേറ്റ് ലയത്തിലെ ചെറിയ മുറിയില്‍ ഇപ്പോഴും കണ്ണീരുണങ്ങാതെ ഇരിപ്പുണ്ടവര്‍.
'തോട്ടം തൊഴിലാളികളുടെ ഉച്ചഭക്ഷണസമയമാണ് 11 മുതല്‍ ഒരുമണി വരെ. അന്ന് രാവിലെ ട്യൂഷന് പോയ കുഞ്ഞിനെ കൂട്ടിക്കൊണ്ട വരാന്‍ പന്ത്രണ്ടരയോടെ ഞാന്‍ മോനെ പറഞ്ഞയച്ചു. തൊട്ടു താഴെ മുറിയിലാണ് കുഞ്ഞിന്റെ അച്ഛന്റെ സഹോദരനും ഭാര്യയും മുത്തശ്ശനും മുത്തശ്ശിയും താമസം. വന്നപ്പോഴേ ബാഗുമായി അങ്ങോട്ട് പോയി ഭക്ഷണം കഴിച്ചാണ് ഇങ്ങോട്ട് മോള്‍ വരുന്നത്. ഭക്ഷണം കഴിച്ച് തിരികെപോവുമ്പോള്‍ ദാ.. ഈ പടിക്കെട്ടില്‍ നിന്ന് പോയ് വാ അമ്മാന്ന് പറഞ്ഞ് ടാറ്റാ തരുന്നതാണ് എന്റെ കണ്ണിലെ അവസാന കാഴ്ച... അപ്പോഴും മോള്‍ടെ അരികില്‍ അവനുണ്ടായിരുന്നു. എന്നിട്ടാണ് പോലീസ് ചോദിച്ചപ്പോ അവന്‍ കുഞ്ഞിനെ അന്ന് കണ്ടില്ലെന്ന് പറഞ്ഞത്'. പ്രതിയെക്കുറിച്ചു മകളെക്കുറിച്ചും അന്ന് നടന്ന സംഭവങ്ങളെക്കുറിച്ചും കുട്ടിയുടെ അമ്മ പറയുന്നു
'അവനൊരിക്കലും അങ്ങനെയൊന്നും ചെയ്യാനാവില്ലെന്ന് ഉറച്ചു വിശ്വസിച്ചവരാണ് ഞങ്ങള്‍. ഒരു കുടുംബം പോലെ കഴിഞ്ഞവര്‍. അവനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് അച്ഛനും അമ്മയും പൊട്ടിക്കരയുന്നത് കണ്ടിട്ട് പോലീസ് അടിച്ച് സമ്മതിപ്പിച്ചതാണെങ്കില്‍ സ്റ്റേഷനില്‍ പോയി അവനെ ഞങ്ങള്‍ക്ക് സംശയമില്ലെന്ന് പറയാമെന്നും പറഞ്ഞതാ. പിറ്റേന്ന് തെളിവെടുപ്പിന് കൊണ്ടുവരുമ്പോഴും അവന്‍ ചെയ്തില്ലെന്ന് വിളിച്ചു പറയുമെന്ന് ഞങ്ങളെല്ലാവരും കരുതി. ഒന്നുമുണ്ടായില്ല. ഹീറോ പോലെ വന്ന് എല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു. ജനലില്‍ ഇറങ്ങുന്നത് വരെ കാണിച്ചു. അവന്‍ ചെയ്തിട്ടില്ലെങ്കില്‍ ഇവനിതെങ്ങനെ പറഞ്ഞു? അവനെയിനി വേണ്ട, കൊന്നേക്ക് എന്നാണ് അവന്റെ അപ്പന്‍ അന്ന് പറഞ്ഞത്. എന്നിട്ട് അതേ മനുഷ്യന്‍ അവനെ ഇറക്കാന്‍ ചെലവാക്കിയത് ലക്ഷങ്ങളാ'
വിധിക്കെതിരേ അപ്പീല്‍ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ അച്ഛന്‍ ബന്ധുവിനാല്‍ ആക്രമിക്കപ്പെടുന്നത്. കേസും കൂട്ടവുമായി നടക്കുന്നതിനിടെ മാസങ്ങളോളം കിടപ്പിലുമായി. 'എല്ലാത്തിനും ഓടാന്‍ അച്ഛനേ ഉള്ളൂ എന്നയാള്‍ക്കറിയാം. അദ്ദേഹത്തിനെന്തെങ്കിലും പറ്റിയാല്‍ കേസ് നടത്താന്‍ ആരുമില്ല്. അതവര്‍ക്കറിയാം' പെണ്‍കുട്ടിയുടെ അമ്മ പറയുന്നു
'സ്വാഭാവിക മരണം' കൊലപാതകമായപ്പോള്‍
2021 ജൂണ്‍ 30-നാണ് എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങി മരണം സംഭവിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, കുഞ്ഞിനെ ആദ്യം പരിശോധിച്ച ഡോക്ടറുടെ ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് വെറുമൊരു സ്വാഭാവികമരണത്തിലേക്കൊതുങ്ങിപ്പോകുമായിരുന്ന മരണം ക്രൂരകൊലപാതകക്കേസിലേക്ക് വഴിതിരിഞ്ഞത്. കുഞ്ഞിന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ആദ്യം പറയുന്നതും അതേ ഡോക്ടറാണ്. ഡോ.ഡോണ്‍ബോസ്‌കോ. 'കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച കുഞ്ഞിനെ' എന്തിനാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതെന്നായിരുന്നു ബന്ധുക്കളുടെ ചോദ്യം. അന്ന് ആശുപത്രി പരിസരത്ത് അതില്‍ മുന്നില്‍നിന്നവരില്‍ ഒരാളും ഇതേ അര്‍ജുന്‍ സുന്ദറാണെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു. അമ്മയുടെ ഷാളെടുത്ത് കളിക്കുന്ന ശീലമുണ്ടായിരുന്നു കുഞ്ഞിന്. അറിയാതെ എങ്ങാന്‍ കുരുങ്ങിപ്പോയതാണെന്ന് കുടുംബം ധരിച്ചതും അതുകൊണ്ടാണ്. എന്നാല്‍ ഡോ.ഡോണ്‍ബോസ്‌കോ തന്റെ നിലപാടിലുറച്ച് നില്‍ക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു
അന്ന് ബന്ധുക്കളുടെ ആവശ്യം മാനിച്ച് വാഴൂര്‍ സോമന്‍ എം.എല്‍.എയും കുഞ്ഞിന്റെ മൃതശരീരം വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തമിഴ് സമുദായത്തിന്റെ പതിവനുസരിച്ച് ചെറിയ കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം നടത്തുന്ന പതിവില്ല. കുട്ടിയുടെ മാതാപിതാക്കള്‍ സ്വാഭാവികമരണമാണെന്നും ബോഡി വിട്ടുതരണമെന്നും ആവശ്യപ്പെട്ടതനുസരിച്ചാണ് വിട്ടു നല്‍കാന്‍ ആവശ്യപ്പെട്ടതെന്ന് വാഴൂര്‍ സോമന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ അസ്വഭാവികതയുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ടി.ഡി സുനില്‍കുമാര്‍ പറഞ്ഞതനുസരിച്ച് താനാ ഉദ്യമത്തില്‍ നിന്ന് പിന്മാറിയെന്നും വാഴൂര്‍ സോമന്‍ പറയുന്നു
കുഞ്ഞ് മരണപ്പെട്ടതിന്റെ കാരണം പറഞ്ഞില്ലെങ്കിലും അന്നുതന്നെ പോലീസ് സംഭവം നടന്ന ലയത്തിലെത്തുകയും ക്രൈംസീന്‍ സീല്‍ ചെയ്യുകയും ചെയ്തു. 2021 ജൂലൈ ഒന്നിന്, അതായത് കുഞ്ഞ് മരിച്ചതിന്റെ പിറ്റേദിവസമായിരുന്നു പോസ്റ്റ് മോര്‍ട്ടം. അതേദിവസം വൈകിട്ട് കുഞ്ഞിനെ അടക്കുകയും ചെയ്തു
ജൂലായ് മൂന്നിന് ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞതോടെയാണ് കേസിന്റെ ഗതി മാറിയത്. സംശയമുള്ളവരെ ചോദ്യം ചെയ്തതോടെയാണ് മൊഴിയിലെ വൈരുദ്ധ്യം കണക്കിലെടുത്ത് തൊട്ടടുത്ത ലയത്തില്‍ താമസിക്കുന്നയാളിലേക്ക് പോലീസിന്റെ ശ്രദ്ധ തിരിയുന്നത്. സംഭവദിവസം കുട്ടിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ക്കൊപ്പമുണ്ടായിരുന്ന അയാള്‍, കുട്ടി മരണപ്പെട്ടതായി കരുതുന്ന സമയം അവര്‍ക്കൊപ്പം ഇല്ലാതിരുന്നതും സംശയത്തിന് ആക്കംകൂട്ടി.
മിഠായി നല്‍കി കുട്ടിയെ നിരന്തരം ഉപയോഗിച്ചിരുന്നതായും സംഭവദിവസം കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുകയും ബോധരഹിതയായതോടെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി കെട്ടിത്തൂക്കിയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് വീടിന്റെ ജനലിലൂടെ രക്ഷപ്പെട്ട ഇയാള്‍ തൊട്ടപ്പുറത്തെ സ്വന്തം വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ സഹോദരനടക്കം മുടിവെട്ടിക്കൊണ്ടരുന്നിടത്തേക്ക് പോവുകയും പിന്നീട് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനടക്കം മുന്നില്‍ നില്‍ക്കുകയും സംസ്‌കാരച്ചടങ്ങുകളിലടക്കം ഭാവവ്യത്യാസമില്ലാതെ പങ്കെടുത്തെന്നുമായിരുന്നു കുറ്റപത്രം.
മറക്കാനാവില്ല ആ ദിനം
അച്ഛനും അമ്മയും ജോലിക്ക് പോവുന്നതിനാല്‍ തൊട്ടുമുന്നിലെ ലയത്തില്‍ താമസിക്കുന്ന അച്ഛന്റെ സഹോദരനും ഭാര്യയ്ക്കുമൊപ്പമായിരുന്നു കുഞ്ഞ് അധികസമയവും. കുഞ്ഞുങ്ങളില്ലാതിരുന്ന അവര്‍ക്കും അവളായിരുന്നു ആശ്വാസവും. അന്ന് പക്ഷേ, മുന്‍പ് ജോലിചെയ്തിരുന്ന കടയില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നതിനാലാണ് വളര്‍ത്തമ്മ കുഞ്ഞിനെ സഹോദരനൊപ്പം നിര്‍ത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു
12 വയസിന്റെ വ്യത്യാസമുണ്ട് സഹോദരനും പെണ്‍കുട്ടിയും തമ്മില്‍. അനുജത്തിയെ ജീവനായിരുന്നു അവന്. ചേട്ടനെ കണ്ടാല്‍ കിറുക്കനെപ്പോലുണ്ട്. പോയി മുടിവെട്ടാന്‍ പറ എന്ന് പറഞ്ഞ് തന്റെ അടുക്കലേക്ക് അനുജത്തിയെ പറഞ്ഞയച്ചത് അര്‍ജുനാണെന്ന് സഹോദരന്‍ പറയുന്നു. അവളുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ് സഹോദരനും രണ്ട് കൂട്ടുകാരും അര്‍ജുനൊപ്പം മുടിവെട്ടാനായി വീടിന് സമീപത്തെ മരച്ചോട്ടിലേക്ക് പോയതെന്നാണ് സഹോദരന്റെ സാക്ഷ്യം. അര്‍ജുന്റെ അച്ഛന്‍ സമീപത്ത് വിറക് കീറുന്നുമുണ്ടായിരുന്നു. മുടിവെട്ടാന്‍ പോകുമ്പോള്‍ കുഞ്ഞ് ടിവി കാണുകയായിരുന്നെന്നും സഹോദരന്‍ പറയുന്നു. ലയത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണെങ്കിലും ചെടികളുടെ മറവുള്ളതിനാല്‍ കുഞ്ഞ് ഇരിക്കുന്ന ഭാഗത്തേക്ക് നേരിട്ട് നോട്ടമെത്തുമായിരുന്നില്ല
മുടിവെട്ടിക്കഴിഞ്ഞ അര്‍ജുന്റെ തന്നെ ആവശ്യപ്രകാരം വെള്ളം കൊണ്ടുവരാനായി എല്ലാവരും ഇറങ്ങുമ്പോഴാണ് കുളിക്കാനായി വിളിച്ചിട്ട് കുഞ്ഞിനെ കാണുന്നില്ലെന്ന് പറഞ്ഞ് മുത്തശ്ശി കരയുന്നത്. ലയത്തിലെ മുറി അകത്തുനിന്ന് കൊളുത്തിട്ട നിലയിലായിരുന്നു. കൊളുത്തഴിച്ചതും കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതും സഹോദരനും അര്‍ജുനും അര്‍ജുന്റെ അച്ഛനുമടങ്ങുന്ന ബന്ധുക്കളും അയല്‍ക്കാരുമാണ്.
'ആശുപത്രിയില്‍നിന്ന് ഞങ്ങള്‍ എത്തുമ്പോഴേക്കും പോലീസ് വീട് സീല്‍ ചെയ്തിരുന്നു. പക്ഷേ, പോലീസ് പിറ്റേ ദിവസം മാത്രമാണ് സ്ഥലത്തെത്തിയതെന്നാണ് വിധിയില്‍ പറഞ്ഞത്. അത് സത്യമല്ല. പോലീസ് എല്ലാം പൂട്ടിയിരുന്നു. പക്ഷേ സി.എയെ ഞാന്‍ കാണുന്നതും എന്നോട് കാര്യങ്ങള്‍ ചോദിക്കുന്നതും പിറ്റേന്നാണ്. കുഞ്ഞിന്റെ അടക്കം കഴിഞ്ഞ് രാത്രി അര്‍ജുന്‍ എന്റടുത്ത് കട്ടിലില്‍ വന്നിരുന്ന് കുറേ കരഞ്ഞു. പക്ഷേ, ആ വരവ് കുഞ്ഞിന് കൊടുത്ത മിഠായിയുടെ കടലാസ് എടുത്തു കളയാനാണെന്ന് പോലീസിനോട് പറഞ്ഞപ്പോഴാണ് ഞങ്ങളറിയുന്നത്'
പോലീസ് അര്‍ജുനെ പ്രതിയാക്കിയപ്പോള്‍ അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന വിശ്വാസത്തിലേക്ക് കുട്ടിയുടെ സഹോദരനെ എത്തിച്ച പ്രധാന ഘടകം അര്‍ജുന്‍ സഹോദരനു മുന്നില്‍ വെച്ച ഒരാവശ്യമായിരുന്നു. പോലീസ് ചോദിച്ചാല്‍ മുടിവെട്ടുന്ന സമയത്ത് എല്ലാവരും ഒരുമിച്ചുണ്ടായിരുന്നുവെന്ന് പറയണമെന്നതായിരുന്നു അര്‍ജുന്റെ ആവശ്യം. മാത്രമല്ല, സംഭവദിവസം കുഞ്ഞിനെ കണ്ടിരുന്നില്ലെന്ന അര്‍ജജുന്റെ മൊഴിയും കുരുക്കായി. ഒരാള്‍ മരിച്ചാല്‍ നമ്മളവസാനം കണ്ട ദിനമായിരിക്കില്ലേ ആദ്യമോര്‍മ്മവരിക എന്ന കോമണ്‍സെന്‍സില്‍ പിടിക്കപ്പെട്ട കള്ളം.
'അറുപതോളം പേരുടെ മൊഴി അന്നെടുത്തിരുന്നു. എല്ലാവരോടും കുഞ്ഞിനെക്കുറിച്ചും ചോദിച്ചിരുന്നു. അര്‍ജുന്‍ മാത്രമാണ് അന്ന് കുഞ്ഞിനെ കണ്ട കാര്യം പറയാതിരുന്നത്. ഇതാണ് പോലീസിന് അവനില്‍ സംശയമുണ്ടാക്കിയ ആദ്യത്തെ കാര്യം. അറിയാതെ എങ്ങാനും പറഞ്ഞുപോയതാണോ എന്നറിയാന്‍ പോലീസ് പലതവണ ചോദിച്ചു. അപ്പോഴും കുഞ്ഞിനെ കണ്ടില്ലെന്നാണ് അവന്‍ പറഞ്ഞത്. നിന്റെ പെരിയമ്മ നിന്നെ കണ്ടതായി പറഞ്ഞല്ലോ എന്ന് പറഞ്ഞതും അവന്‍ ഞങ്ങളിരിക്കുന്നിടത്തേക്ക് ഓടി വന്നു. പോലീസ് ചോദിച്ചപ്പോ കുഞ്ഞിനെ കണ്ട കാര്യം പറയാന്‍ ഞാന്‍ മറന്നു അപ്പാ, ഞാനിനി പ്രതിയാകുമോ' എന്ന് ചോദിച്ച് അവന്‍ കരയാന്‍ തുടങ്ങി. 'നീയെന്തിനാ അതിന് പേടിക്കുന്നതെന്ന്' ഞങ്ങളിലൊരാള്‍ ചോദിക്കുകയും ചെയ്തു
അര്‍ജുന്‍ സ്ഥിരമായി മിഠായി വാങ്ങിയിരുന്നുവെന്ന കടക്കാരന്റെ സാക്ഷ്യപ്പെടുത്തലും സാഹചര്യത്തെളിവായി. അന്നും അര്‍ജുന്‍ മിഠായി വാങ്ങിയിരുന്നെന്നും കടക്കാരന്‍ മൊഴി നല്‍കി. പക്ഷേ ആ മൊഴി കള്ളമാണെന്ന് അര്‍ജുന്‍ ഒരു മാധ്യമത്തോട് പറഞ്ഞു
കടക്കാരന് ഇവനെതിരേ മൊഴി പറയേണ്ട ആവശ്യമെന്താണ്? ഇവന്‍ തന്നെയാണ് അവരെ കോടതി കയറ്റിയത്. അവന്‍ തന്നെയല്ലേ അവിടുന്നാണ് മിഠായി വാങ്ങാറെന്ന് പോലീസിനോട് പറഞ്ഞത്. അന്നേ ദിവസം കുഞ്ഞിനൊപ്പം അവനെ കണ്ടിരുന്നുവെന്ന് ഭാര്യ മാത്രമല്ല, അര്‍ജുന്റെ പെരിയമ്മ (അച്ഛന്റെ ജ്യേഷഠന്റെ ഭാര്യ)യും പറഞ്ഞിരുന്നല്ലോ. അവരും കള്ളം പറഞ്ഞതാണോ അപ്പോള്‍?', കുട്ടിയുടെ അച്ഛന്‍
കോടതിയിലെന്ത് സംഭവിച്ചു?
90 ദിവസം കഴിഞ്ഞാല്‍ പ്രതിക്ക് സ്വാഭാവികജാമ്യം ലഭിക്കാനുള്ള സാധ്യതപോലും നല്‍കാതെയാണ് കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി 78 ദിവസത്തിനകം അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അന്ന് പോലീസ് കാണിച്ച ജാഗ്രതയെ സകലരും അഭിനന്ദിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമായിരുന്നു പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. സാഹചര്യത്തെളിവുകള്‍ എതിരാവുകയും സാക്ഷികള്‍ കൂറുമാറുകയും ചെയ്യാത്ത കേസില്‍ പക്ഷേ, ശാസ്ത്രീയ തെളിവുകള്‍ തിരിച്ചടിയായി.
ഡി.എന്‍.എ. അടക്കമുള്ള പരിശോധനകളില്‍ വ്യക്തതയില്ലാതായതോടെയാണ് കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടത്. പിഴച്ചത് അന്വേഷണം നടത്തിയ പൊലീസ് സംഘത്തിനാണോ കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ക്കാണോ വിധിപ്രസ്താവിച്ച കോടതിക്കാണോ എന്ന ചര്‍ച്ച മുന്‍പെങ്ങുമില്ലാത്ത വിധം ഉയര്‍ന്നുവന്നു.
വിധിന്യായത്തില്‍ പാകപ്പിഴകള്‍ ഏറെയുണ്ടെന്ന് വാദിക്കുന്നു അന്വേഷണ ഉദ്യോഗസ്ഥരും വീട്ടുകാരും. ലയത്തില്‍ കുഞ്ഞ് മരിച്ചുകിടന്ന പൂജാമുറിയിലെ ജനാലയെക്കുറിച്ചുള്ള പരാമര്‍ശമാണ് അതില്‍ ഏറ്റവും പ്രധാനം. പ്രതി രക്ഷപ്പെട്ടു എന്ന് പറയപ്പെടുന്ന ജനാല അടഞ്ഞു കിടക്കുന്നു എന്നായിരുന്നു കുറ്റപത്രം. പക്ഷേ തുറന്നുകിടപ്പുണ്ടായിരുന്നെന്നായിരുന്നു സാക്ഷി മൊഴി. പുറത്തുനിന്ന് നോക്കിയാല്‍ ജനാല അഞ്ചരയടി ഉയരത്തിലുള്ള ജനാലയിലൂടെ പ്രതി എങ്ങനെ രക്ഷപ്പെടുമെന്നും കോടതി ചോദിച്ചു. വീടിന്റെ പിന്നില്‍ തോട്ടമാണ്. അതുകൊണ്ട് പിന്നിലെ വാതിലില്‍ക്കൂടി ഇറങ്ങുന്നതായിരുന്നില്ലേ 'സുരക്ഷിതവും സൗകര്യപ്രദവു'മെന്നായിരുന്നു വിധിന്യായത്തില്‍ കോടതിയുടെ ചോദ്യം. ജൂലായ് മൂന്നിനാണ് അന്വേഷണോദ്യോഗസ്ഥന്‍ വീണ്ടും കുഞ്ഞിന്റെ വീട് സന്ദര്‍ശിച്ച് പൂജാമുറിയിലെ കട്ടിലില്‍നിന്ന് ബെഡ്ഷീറ്റ്, ഒരു തോര്‍ത്ത്, കത്തി എന്നിവ കസ്റ്റഡിയിലെടുക്കുന്നത്. അത് സീല്‍ ചെയ്യാതെയാണ് എടുത്തത്. രണ്ടുദിവസംമുന്‍പ് സീന്‍ മഹസര്‍ തയ്യാറാക്കിയപ്പോള്‍ത്തന്നെ ഇവയൊന്നും ഉദ്യോഗസ്ഥന്‍ കണ്ടിരുന്നില്ലെന്ന് കോടതിയുടെ കുറ്റപ്പെടുത്തല്‍.
കേസില്‍ എസ്.സി/എസ്.ടി പീഡനനിരോധന നിയമം ചുമത്തില്ലെന്നതാണ് പോലീസിനെതിരേ വന്ന മറ്റാരു ആരോപണം. എന്നാല്‍ പ്രതിയും കുട്ടിയും ബന്ധുക്കളും ഒരേ സമുദായത്തില്‍ വരുന്നതിനാലാണ് ആ വകുപ്പ് ചേര്‍ക്കാതിരുന്നതെന്നാണ് പോലീസ് ഭാഷ്യം. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് അര്‍ജുന്‍ എസ്.സി വിഭാഗത്തിലാണ് വരികയെന്നും പോലീസ് പറയുന്നു. എസ്.സി/എസ്.ടി പീഡനനിരോധന നിയമമനുസരിച്ചാണെങ്കില്‍ കേസന്വേഷിക്കേണ്ടത് ഉഥടജ ആണെന്നും വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ അതുണ്ടായില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഡിസംബര്‍ 14ന് കട്ടപ്പന പോക്സോ അതിവേഗ കോടതിക്ക് മുന്നില്‍ വിധികാത്ത് നിന്ന ഒരാള്‍പോലും പ്രതി അര്‍ജുന്‍സുന്ദറിനെ വെറുതെ വിടുന്ന ഒരുരംഗം സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ശാസത്രീയ തെളിവുകളും പ്രതിയെ ശിക്ഷിക്കാന്‍ പര്യാപ്തമാണെന്ന് പോലീസിന്റെ ഓവര്‍ കോണ്‍ഫിഡന്‍സ് കൂടിയാണ് അന്നവിടെ തകര്‍ന്നുപോയത്. ഞെട്ടിക്കുന്ന വിധിയില്‍ പോലീസിനേയും പ്രോസിക്യൂട്ടര്‍ക്കുമെതിരേ വിമര്‍ശനങ്ങളുടെ പെരുമഴ തന്നെയുണ്ടായി. കേസന്വേഷണത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്നും അപ്പീല്‍ നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ വിധി വന്ന് ഒന്നരമാസത്തിന് ശേഷം കേസന്വേഷിച്ച എസ്എച്ച്ഒ ടിഡി സുനില്‍കുമാറിനെ ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തു.
ഫൊറന്‍സിക് സര്‍ജന്റെയും സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍, ആറുവയസ്സുതികയാത്ത ആ കുഞ്ഞ് ആത്മഹത്യചെയ്തതല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. നരഹത്യയാണ് എന്ന പ്രോസിക്യൂഷന്‍ വാദം ശരിവെച്ചിട്ടുമുണ്ട്. എന്നാല്‍, ലോലമായ സാങ്കേതികബലത്തില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി നിലനില്‍ക്കില്ലെന്ന് വിശ്വസിക്കുകയാണ് കുടുംബം. ഒപ്പം പോലീസിന് അല്‍പംകൂടി ജാഗ്രതയാകാമായിരുന്നെന്നും കുടുംബം പറയുന്നു
കേസ് അട്ടിമറിക്കാനുള്ള നീക്കം പോലും പെണ്‍കുട്ടിയുടെ കുടുംബം സംശയിക്കുന്നുണ്ട് ഇപ്പോള്‍. സര്‍ക്കാര്‍ നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടറില്‍ തൃപ്തിയില്ലെന്നും കേസിലെ പോരായ്മകളും കുടുംബം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. കുടുംബത്തിന് അവരാവശ്യപ്പെട്ട പ്രോസിക്യൂട്ടറെ വച്ച് നല്‍കാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ കേസ് ഇപ്പോഴും കോടതിമുറിയിലെ ഫയലിലുറങ്ങുകയാണെന്ന വേദനയിലാണ് കുടുംബം.
In Short | The Vandiperiyar rape and murder case involves the tragic death of a six-year-old girl in June 2021, initially thought to be an accidental hanging. The autopsy later confirmed sexual assault and murder, leading to the arrest of a 21-year-old relative, Arjun. However, after two years of trial, a POCSO court acquitted him in December 2023, citing a lack of conclusive scientific evidence and prosecution failures. The case triggered public outrage and allegations of police negligence, with the Kerala government now appealing the verdict. Meanwhile, tensions escalated when a relative of the acquitted man attacked the victim's father and grandfather, further intensifying demands for justice.
Content Highlights: vandiperiyar investigation, vandiperiyar rape case, pocso case, arjun sundar, murder
Published: 16 Dec 2024, 09:40 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented