സംഭവം നടന്ന് 78 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച വണ്ടിപ്പെരിയാർ കേസിലെ പോലീസിന്റെ ശുഷ്കാന്തിയെ വാനോളം പുകഴ്ത്തിയിരുന്നു മാധ്യമങ്ങളും പൊതുസമൂഹവും. എന്നാൽ, പോലീസ് ചൂണ്ടിക്കാണിച്ച പ്രതി കുറ്റവാളിയല്ല എന്ന  തീർപ്പാണ് ഏറ്റവും ഒടുവിൽ വിചാരണ കോടതിയിൽനിന്ന് വന്നിരിക്കുന്നത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് ഇന്ത്യൻ നീതിന്യായത്തിന്റെ ആപ്തവാക്യം. ആ നിലയിൽ നോക്കുമ്പോൾ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും തന്നെ ഹാജരാക്കാൻ പോലീസിനായില്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്: പോലീസ് കണ്ടെത്തിയ ആളല്ല പ്രതിയെങ്കിൽ യഥാർഥ പ്രതി ആര്? രണ്ട് വർഷക്കാലം ചെയ്യാത്ത തെറ്റിന് ജയിലിലിട്ടതിന് നഷ്ടപരിഹാരവുമായി മുന്നോട്ടു പോവുമെന്നാണ് പ്രതിഭാഗം വക്കീൽ പറയുന്നത്. എന്നാൽ, കുറ്റവിമുക്തനാക്കപ്പെട്ട അർജുനാണ് പ്രതിയെന്ന് ഇന്നും ഉറച്ചു വിശ്വസിക്കാൻ പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കും സഹോദരനും മാത്രമല്ല, അർജുന്റെ സുഹൃത്തുക്കൾക്ക് പോലും വ്യക്തമായ കാരണങ്ങളുണ്ട്. വണ്ടിപ്പെരിയാറിൽ പോയി പെൺകുട്ടി താമസിച്ച ലയം സന്ദർശിച്ച് കുട്ടിയുടെ വീട്ടുകാരുടെയും അഭിഭാഷകരുടെയും നാട്ടുകാരുടെയും പ്രതിഭാഗം വക്കീലിന്റെയും ഫോറൻസിക് വിദഗ്ധരുടെയുമെല്ലാം വാദങ്ങൾ കേട്ട് മാതൃഭൂമി തയ്യാറാക്കുന്ന അന്വേഷണ പരമ്പര

'ഉറങ്ങാനാവുന്നില്ല എനിക്ക്, കണ്ണടച്ചാല്‍ മുന്നിൽ എന്റെ മോളാ... ഒരു കല്യാണത്തിനോ വിശേഷത്തിനോ പോയാല്‍ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കാറില്ല ഞാന്‍. എന്റെ കുഞ്ഞുണ്ടായിരുന്നെങ്കില്‍ ആ കൂട്ടത്തിലിരുന്ന് കളിക്കേണ്ടതല്ലേ എന്ന് ഓര്‍ക്കുമ്പോള്‍ നെഞ്ച് പൊട്ടും.. അവളുടെ വള.. മാല.. കളിപ്പാട്ടങ്ങള്‍... എല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്... അത് മാത്രമല്ലേ ഞങ്ങള്‍ക്കിനി ബാക്കിയുള്ളൂ...' 

To advertise here,

വണ്ടിപ്പെരിയാറിലെ അമ്മയ്ക്ക് മുന്നില്‍ മുഖം താഴ്ത്തി ഞാനിരുന്നു. പകരം പറയാനൊരു വാക്ക് പോലും പുറത്തുവന്നില്ല. ക്രൂരപീഡനമേറ്റ് കൊല ചെയ്യപ്പെട്ടത് പെറ്റുപോറ്റിയ മകളാണ്... ആ വേദനയ്ക്ക്‌ പകരം വെയ്ക്കാന്‍ ഏത് വാക്കുണ്ട്? പ്രതിയായിരുന്ന 'അര്‍ജുന്‍ സുന്ദറിനെ' കോടതി വെറുതെ വിട്ടതിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മോചിതരായിട്ടില്ല അവര്‍. കേസന്വേഷണത്തിലെ പാളിച്ചകള്‍ കോടതി പോലീസിനെതിരേ അക്കമിട്ട് നിരത്തുമ്പോള്‍, പ്രോസിക്യൂഷന്റെ വാദങ്ങള്‍ ശക്തമല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ എസ്റ്റേറ്റ് ലയത്തിലെ ചെറിയ മുറിയില്‍ ഇപ്പോഴും കണ്ണീരുണങ്ങാതെ ഇരിപ്പുണ്ടവര്‍. മകനുണ്ടായി 12 കൊല്ലങ്ങള്‍ക്കിപ്പുറം മാത്രം തങ്ങളെത്തേടിയെത്തി, പാതിവഴി പോലും താണ്ടാതെ പോയ പൊന്നോമനെയെ ഓര്‍ത്ത് ഒന്നുറക്കെ കരയാന്‍ പോലുമാകാതെ. കൊല്ലപ്പെട്ടതിന്റെ തലേന്ന് രാത്രിയും പാട്ടു പാടിയുറക്കിയ ആ പൂമ്പാറ്റക്കുഞ്ഞിനെക്കുറിച്ച് പറയുമ്പോള്‍ വിതുമ്പലായിരുന്നില്ല, മരവിപ്പായിരുന്നു അവരുടെ മുഖത്തത്രയും. മാധ്യമങ്ങള്‍ക്കും കോടതിക്കും കാണാനെത്തുന്നവര്‍ക്കും മുന്നില്‍ എത്ര ആവര്‍ത്തിയവര്‍ ആ കഥ പറഞ്ഞിരിക്കണം? 

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരണപ്പെട്ടുവെന്ന് കരുതിയ കുഞ്ഞ് കൊടുംക്രൂരയ്ക്കിരയായി കൊല്ലപ്പെട്ടതാണെന്നറിഞ്ഞ നിമിഷം തകര്‍ന്നു പോയതാണവര്‍. മകനെപ്പോലെ കണ്ടവന്‍ പ്രതിയായി മുന്നിലേക്കെത്തിയതും മറക്കില്ലവര്‍. ആ ക്രൂരകൃത്യത്തിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന ആത്മവിശ്വാസം മാത്രമായിരുന്നു ജീവിക്കാനുള്ള ഏക പ്രതീക്ഷ. പക്ഷേ, ഡിസംബര്‍ 14-ന് കട്ടപ്പന കോടതി വരാന്തയില്‍ പ്രതിയെ വെറുതെ വിടുകയാണെന്ന വിധി കേട്ട് അലറിക്കരയാനേ അവര്‍ക്കായുള്ളൂ. പ്രതി കുറ്റം ചെയ്തതായി തെളിയിക്കാന്‍ പോലീസിനോ പ്രോസിക്യൂഷനോ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ വിധി പ്രസ്താവം. വിധിക്കെതിരേ അപ്പീല്‍ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് അര്‍ജുന്റെ ബന്ധുവിന്റെ കുത്തേറ്റ് കുഞ്ഞിന്റെ അച്ഛന്‍ ആശുപത്രിയിലായിരിക്കുന്നത്. 

അസ്വാഭാവിക മരണം കൊലപാതകമായപ്പോള്‍

2021 ജൂണ്‍ 30-നാണ് എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങി മരണം സംഭവിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞതോടെയാണ് കേസിന്റെ ഗതി മാറിയത്. സംശയമുള്ളവരെ ചോദ്യം ചെയ്തതോടെയാണ് മൊഴിയിലെ വൈരുദ്ധ്യം കണക്കിലെടുത്ത് തൊട്ടടുത്ത ലയത്തില്‍ താമസിക്കുന്ന അര്‍ജുന്‍ സുന്ദറിലേക്ക് പോലീസിന്റെ ശ്രദ്ധ തിരിയുന്നത്. സംഭവദിവസം കുട്ടിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ക്കൊപ്പമുണ്ടായിരുന്ന അര്‍ജുന്‍, കുട്ടി മരണപ്പെട്ടതായി കരുതുന്ന സമയം അവർക്കൊപ്പം ഇല്ലാതിരുന്നതും സംശയത്തിന് ആക്കംകൂട്ടി. മിഠായി നല്‍കി കുട്ടിയെ നിരന്തരം  ഉപയോഗിച്ചിരുന്നതായും സംഭവദിവസം കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുകയും ബോധരഹിതയായതോടെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി അര്‍ജുന്‍ കെട്ടിത്തൂക്കിയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ അര്‍ജുന്‍ സമ്മതിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് വീടിന്റെ ജനലിലൂടെ രക്ഷപ്പെട്ട ഇയാള്‍ തൊട്ടപ്പുറത്തെ വീട്ടില്‍പോയി വിശ്രമിച്ചെന്നും പിന്നീട് സംസ്‌കാരച്ചടങ്ങുകളിലടക്കം ഭാവവ്യത്യാസമില്ലാതെ പങ്കെടുത്തെന്നുമായിരുന്നു കുറ്റപത്രം. 

90 ദിവസം കഴിഞ്ഞാല്‍ പ്രതിക്ക് സ്വാഭാവികജാമ്യം ലഭിക്കാനുള്ള സാധ്യതപോലും നല്‍കാതെയാണ് കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി 78 ദിവസത്തിനകം അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അന്ന് പോലീസ് കാണിച്ച ജാഗ്രതയെ സകലരും അഭിനന്ദിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമായിരുന്നു പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. സാഹചര്യത്തെളിവുകള്‍ എതിരാവുകയും ഒരു സാക്ഷി പോലും കൂറുമാറുകയും ചെയ്യാത്ത കേസില്‍ പക്ഷേ, ശാസ്ത്രീയ തെളിവുകള്‍ തിരിച്ചടിയായി. ഡി.എന്‍.എ. അടക്കമുള്ള പരിശോധനകളില്‍ വ്യക്തതയില്ലാതായതോടെയാണ് കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടത്. പിഴച്ചത് അന്വേഷണം നടത്തിയ പൊലീസ് സംഘത്തിനാണോ കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ക്കാണോ വിധിപ്രസ്താവിച്ച കോടതിക്കാണോ എന്ന ചര്‍ച്ച മുന്‍പെങ്ങുമില്ലാത്ത വിധം ഉയര്‍ന്നുവന്നു. വിധി കേള്‍ക്കാനെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അതിവൈകാരികമായാണ് അന്ന് പ്രതികരിച്ചത്. കേസില്‍ അര്‍ജുനല്ലാതെ മറ്റൊരു പ്രതിയില്ലെന്ന് ആണയിടുന്നു ബന്ധുക്കള്‍. 

'ഒന്നുകില്‍ അവനെ കൊല്ലണം അല്ലെങ്കില്‍ ആത്മഹത്യ ചെയ്യണം. ഇനിയെന്തിന് ജീവിക്കണം. ഈ രണ്ടരവര്‍ഷം കാത്തിരുന്നത് ഈ വിധിക്ക് വേണ്ടിയാ. എന്റെ കുഞ്ഞ് പോയി. ഇനി എത്രയോ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്നുണ്ട്. ഇവന്റെ വിധി മറ്റുള്ളവര്‍ക്കൊരു പാഠമാകണമെന്നോര്‍ത്താണ് അന്ന് ഞാന്‍ കോടതിയിലെത്തിയത്. കോടതിയെ വിശ്വസിച്ച് പോയി. പക്ഷേ, വിധി കേട്ടപ്പോള്‍ ചാവാനാണ് തോന്നിയത്. ഒരു അഞ്ച് വര്‍ഷമെങ്കിലും ശിക്ഷ നല്‍കിയിരുന്നെങ്കില്‍ ഞങ്ങള്‍ക്കൊരു സമാധാനമായേനെ. മോനെപ്പോലെ കരുതിയതാ അവനെ. എത്രതവണ ആഹാരം കൊടുത്തിട്ടുണ്ടെന്നറിയോ. എന്റെ മുന്നില്‍ വന്നാൽ ഉറപ്പാണ്...ഞാനെന്തെങ്കിലും ചെയ്ത് പോകും'; അമ്മ പറഞ്ഞു

'കടയിൽനിന്ന് ചേച്ചി വരാൻ വൈകുമോ എന്നവൻ എന്നോട് ചോദിച്ചു'- വളർത്തമ്മയ്ക്ക് പറയാനുള്ളത്

അച്ഛനും അമ്മയും ജോലിക്ക് പോവുന്നതിനാല്‍ തൊട്ടുമുന്നിലെ ലയത്തില്‍ താമസിക്കുന്ന അച്ഛന്റെ സഹോദരനും ഭാര്യയ്ക്കുമൊപ്പമായിരുന്നു കുഞ്ഞ് അധികസമയവും. കുഞ്ഞുങ്ങളില്ലാതിരുന്ന അവര്‍ക്കും അവളായിരുന്നു ആശ്വാസം. അന്ന് പക്ഷേ, മുന്‍പ് ജോലിചെയ്തിരുന്ന കടയില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നതിനാല്‍ വളർത്തമ്മ കുഞ്ഞിനെ സഹോദരനൊപ്പം നിര്‍ത്തി. അന്നത്തെ ദിവസത്തെ അവർ ഓർത്തെടുക്കുന്നതിങ്ങനെ:

"കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസായിരുന്നു അന്ന്. സമീപത്തുള്ള ട്യൂഷന്‍ ക്ലാസില്‍ പോകാന്‍ കുഞ്ഞിനെ ഒരുക്കി നിര്‍ത്തിയാണ് ഞാൻ ജോലിക്കായി പോയത്. വഴിയില്‍ അര്‍ജുനെ കണ്ടിരുന്നു. 'ചേച്ചി എവിടെ പോവാന്ന് അവനെന്നോട് ചോദിച്ചു. കടയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ വൈകുന്നേരമാകുമോ വരാന്‍ എന്നും ചോദിച്ചു. അതെയെന്ന് പറഞ്ഞിട്ടാ ഞാന്‍ കടയിലേക്ക് പോയത്. പിന്നെ.." അവർക്ക് വാക്കുകള്‍ മുഴുമിക്കാനായില്ല. 

ട്യൂഷന് പോയ കുഞ്ഞിനെ പന്ത്രണ്ടരയോടെയാണ്‌ സഹോദരന്‍ കൂട്ടിക്കൊണ്ട് വരുന്നത്. ജോലിക്കിടെ ഉച്ചഭക്ഷണം കഴിക്കാന്‍ തൊഴിലാളികള്‍ ലയത്തില്‍ തിരികെയെത്തുന്നതും ഈ സമയത്താണ്. 11 മണിക്ക് വന്നാല്‍ ഒരു മണിക്കാണ് മടങ്ങുക.

"ഭക്ഷണം കഴിച്ച് തിരികെപോവുമ്പോൾ ദാ.. ഈ പടിക്കെട്ടില്‍ നിന്ന് പോയ് വാ അമ്മാന്ന് പറഞ്ഞ് ടാറ്റാ തരുന്നതാണ് എന്റെ കണ്ണിലെ അവസാന കാഴ്ച... അപ്പോഴും മോള്‍ടെ അരികില്‍ അവനുണ്ടായിരുന്നു. എന്നിട്ടാണ് പോലീസ് ചോദിച്ചപ്പോ അവന്‍ കുഞ്ഞിനെ അന്ന് കണ്ടില്ലെന്ന് പറഞ്ഞത്'. അര്‍ജുനെക്കുറിച്ചും മകളെക്കുറിച്ചും അന്ന് നടന്ന സംഭവങ്ങളെക്കുറിച്ചും കുട്ടിയുടെ അമ്മ പറഞ്ഞു തുടങ്ങി.

"അവനൊരിക്കലും അങ്ങനെയൊന്നും ചെയ്യാനാവില്ലെന്ന് ഉറച്ചു വിശ്വസിച്ചവരാണ് ഞങ്ങള്‍. ഒരു കുടുംബം പോലെ കഴിഞ്ഞവര്‍. അവനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് അച്ഛനും അമ്മയും പൊട്ടിക്കരയുന്നത് കണ്ടിട്ട് അവരെ ആശ്വസിപ്പിച്ചതാ ഞങ്ങള്‍. പോലീസ് അടിച്ച് സമ്മതിപ്പിച്ചതാണെങ്കില്‍ സ്‌റ്റേഷനില്‍ പോയി അവനെ ഞങ്ങള്‍ക്ക് സംശയമില്ലെന്ന് പറയാമെന്നും പറഞ്ഞതാ. പിറ്റേന്ന് തെളിവെടുപ്പിന് കൊണ്ടുവരുമ്പോഴും അവന്‍ ചെയ്തില്ലെന്ന് വിളിച്ചു പറയുമെന്ന് ഞങ്ങളെല്ലാവരും കരുതി. ഒന്നുമുണ്ടായില്ല. ഹീറോ പോലെ വന്ന് എല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു. ജനലില്‍ ഇറങ്ങുന്നത് വരെ കാണിച്ചു. അവന്‍ ചെയ്തിട്ടില്ലെങ്കില്‍ ഇവനിതെങ്ങനെ പറഞ്ഞു? അവനെയിനി വേണ്ട, കൊന്നേക്ക് എന്നാണ് അവന്റെ അപ്പന്‍ അന്ന് പറഞ്ഞത്. എന്നിട്ട് അതേ മനുഷ്യന്‍ അവനെ ഇറക്കാന്‍ ചെലവാക്കിയത് ലക്ഷങ്ങളാ. കുടിക്കാന്‍ കഞ്ഞിപോലും വേണ്ടവിധമില്ലാത്ത വീട്ടുകാരാ അവര്. പിന്നെങ്ങനെ ലക്ഷങ്ങള്‍? അടുത്തമാസം അര്‍ജുന്‍ ഇറങ്ങും. ഞങ്ങള്‍ തിരികെ അങ്ങോട്ട് തന്നെ വരുമെന്ന് കഴിഞ്ഞമാസം തന്നെ ഇവിടെയുള്ള ഒരു പയ്യനെ വിളിച്ച് അയാള്‍ പറഞ്ഞുവത്രെ. അതില്‍നിന്ന് ഞങ്ങളെന്താണ് മനസിലാക്കേണ്ടത്. മോന്‍ പുറത്ത് വരുമെന്ന് അയാള്‍ക്കറിയാമായിരുന്നു. ഞങ്ങളാണ് മണ്ടന്മാരായത്". 

എല്ലാവരോടും നന്നായി സംസാരിക്കുമായിരുന്നെങ്കിലും ഒറ്റയ്ക്ക് ഒരു വീട്ടിലും പോകുന്ന ശീലം മകള്‍ക്കില്ലായിരുന്നുവെന്ന് അമ്മ പറയുന്നു. ഇടക്കാലത്ത് മകള്‍ അര്‍ജുന് അരികിലേക്ക് പോകാന്‍ മടികാണിച്ചിരുന്നതും അമ്മ ഓര്‍മ്മിച്ചു.

"അവന്‍ എടീ, പോടീ എന്നൊക്കെയേ വിളിക്കൂ. അത് കുഞ്ഞിന് ഇഷ്ടപ്പെടാഞ്ഞിട്ടാവുമെന്നാണ് ഞാന്‍ കരുതിയത്. കുഞ്ഞിനെ മൂന്ന് വയസ് മുതല്‍ ഉപദ്രവിച്ചിരുന്നുവെന്ന് അവന്‍ പോലീസിനോട് പറഞ്ഞപ്പോഴാണ് അറിയുന്നത്. അവളെ ഒറ്റയ്ക്ക് നിര്‍ത്താറുണ്ടായിരുന്നില്ല. എപ്പോഴും ഞാനോ അനുജന്റെ ഭാര്യയോ ഉണ്ടാകും. കൊറോണ ആയതുകൊണ്ടാണ് അന്ന് മോളെ കൊണ്ടുപോകാതിരുന്നത്. പിന്നെ വീട്ടില്‍ മോനുണ്ടല്ലോ എന്നോര്‍ത്തു. ഇങ്ങനെയാകുമെന്ന് കരുതിയില്ല".

'അതുവരെ കൂടെയുണ്ടായിരുന്നു, പക്ഷേ പിന്നെ': സഹോദരന് പറയാനുള്ളത്

12 വയസിന്റെ വ്യത്യാസമുണ്ട് സഹോദരനും പെണ്‍കുട്ടിയും തമ്മില്‍. അനുജത്തിയെ ജീവനായിരുന്നു അവന്. ചേട്ടനെ കണ്ടാല്‍ കിറുക്കനെപ്പോലുണ്ട്. പോയി മുടിവെട്ടാന്‍ പറ എന്ന് പറഞ്ഞ് തന്റെ അടുക്കലേക്ക് അനുജത്തിയെ പറഞ്ഞയച്ചത് അര്‍ജുനാണെന്ന് സഹോദരന്‍ പറയുന്നു. അവളുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ് സഹോദരനും രണ്ട് കൂട്ടുകാരും അര്‍ജുനൊപ്പം മുടിവെട്ടാനായി വീടിന് സമീപത്തെ മരച്ചോട്ടിലേക്ക് പോയതെന്നാണ് സഹോദരന്റെ സാക്ഷ്യം. അര്‍ജുന്റെ അച്ഛന്‍ സമീപത്ത് വിറക് കീറുന്നുമുണ്ടായിരുന്നു. ലയത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണെങ്കിലും ചെടികളുടെ മറവുള്ളതിനാല്‍ കുഞ്ഞ് ഇരിക്കുന്ന ഭാഗത്തേക്ക് നേരിട്ട് നോട്ടമെത്തുമായിരുന്നില്ല

"2.30-നാണ് അന്നെനിക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നത്. വീട്ടിലിരുന്ന് ക്ലാസ് കാണുന്നതിനിടയ്ക്കാണ് സുഹൃത്തിനൊപ്പം മുടിവെട്ടാന്‍ പോകുന്നത്. പിന്നാലെ മറ്റൊരു സുഹൃത്ത് കൂടി വന്നു. ഞാന്‍ പോകുമ്പോള്‍ കൊച്ച് മൊബൈലില്‍ വീഡിയോ കണ്ടിരിപ്പുണ്ടായിരുന്നു. അപ്പോഴും ഞാന്‍ ക്ലാസ് കാണുന്നുണ്ട്. അര്‍ജുനും അങ്ങോട്ട് വന്നു. കൂട്ടത്തിലുള്ള ഒരാളെക്കൊണ്ട് പാഷന്‍ ഫ്രൂട്ട് പറിപ്പിച്ച അര്‍ജുന്‍ അത് കൊണ്ടുവെയ്ക്കാനായി വീടിനകത്തേക്ക് പോയിട്ട് പിന്നെ വന്നത് ക്ലാസ് തീരാറായപ്പോഴാണ്. 3.30-നാണ് എന്റെ ക്ലാസ് തീരുന്നത്'; സഹോദരന്‍ പറയുന്നു. മുടിവെട്ടി മുറിയിലെത്തിയ കുഞ്ഞിനെ തിരക്കാതിരിക്കാന്‍ 'വാടാ...നമുക്ക് പോയി വെള്ളം കൊണ്ടുവരാമെന്ന് പറഞ്ഞു", 

വെള്ളം കൊണ്ടുവരാന്‍ പോകാനായി അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയുടെ അച്ഛന്റെ സഹോദരിയുടെ മകനേയും വിളിച്ചു. പോകാനിറങ്ങുമ്പോഴാണ് കുളിക്കാനായി വിളിച്ചിട്ട് കുഞ്ഞിനെ കാണുന്നില്ലെന്ന് പറഞ്ഞ് മുത്തശ്ശി കരയുന്നത്. ലയത്തിലെ ഒരു മുറി അകത്തുനിന്ന് കൊളുത്തിട്ട നിലയിലായിരുന്നു. സഹോദരന്‍ ആണ് കത്തികൊണ്ട് കൊളുത്തൂരിയത്. ഷാളില്‍ കുരുങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു കുഞ്ഞ്. ബഹളം കേട്ട് പാഞ്ഞെത്തിയ അര്‍ജുന്‍ സഹോദരന്റെ കൈയില്‍നിന്ന് കുഞ്ഞിനെ വാങ്ങി ബന്ധുകൂടിയായ നഴ്‌സിനടുത്തേക്ക് ഓടി. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനാണ് പള്‍സ് നോക്കി അവര്‍ പറഞ്ഞതെന്നാണ് പോലീസ് കുറ്റപത്രം

പോലീസ് അർജുനെ പ്രതിയാക്കിയപ്പോൾ അർജുൻ തന്നെയാണ് പ്രതിയെന്ന വിശ്വാസത്തിലേക്ക്  കുട്ടിയുടെ സഹോദരനെ എത്തിച്ച പ്രധാന ഘടകം അർജുൻ സഹോദരനു മുന്നിൽ വെച്ച ഒരാവശ്യമായിരുന്നു. പോലീസ് ചോദിച്ചാല്‍ മുടിവെട്ടുന്ന സമയത്ത് എല്ലാവരും ഒരുമിച്ചുണ്ടായിരുന്നുവെന്ന് പറയണമെന്നതായിരുന്നു അര്‍ജുന്റെ ആവശ്യം.

'സംഭവശേഷം പോലീസ് ആരോടാക്കെ എന്തൊക്കെ ചോദിച്ചുവെന്ന് അര്‍ജുന്‍ അന്വേഷിച്ചു-' അച്ഛന് പറയാനുള്ളത്

"പന്തുകളിക്കിടെ കാലിന് പരിക്ക് പറ്റി മുടന്തി നടക്കുകയാണെന്ന് പറഞ്ഞവന് കുഞ്ഞിനെ എടുത്ത് ഓടുമ്പോഴും വെള്ളം കൊണ്ടുവരാന്‍ പോകാമെന്ന് പറയുമ്പോഴും വേദനയില്ലായിരുന്നോ?' പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദിക്കുന്നു. വൈകുന്നേരമാണ് വോളിബോള്‍ കളിക്കാറ്. അതിന് തൊട്ടുമുന്‍പായാണ് അരക്കിലോമീറ്ററോളം അപ്പുറത്ത് നിന്ന് വെള്ളം കൊണ്ടുവെയ്ക്കുക. അന്ന് മാത്രം 3.30 ആവുമ്പോഴേക്ക് വെള്ളം കൊണ്ടുവരാമെന്ന് അവന്‍ പറഞ്ഞത് ശ്രദ്ധതിരിക്കാനല്ലാതെ മറ്റെന്തിനാണ്?

അര്‍ജുന്റെ അച്ഛന്റെ സഹോദരനാണ് കുഞ്ഞ് താഴെ വീണുവെന്നും വേഗം ആശുപത്രിയിലേക്ക് വരണമെന്നും എന്നെ വിളിച്ച് പറയുന്നത്. അര്‍ജുന്റെ അച്ഛനും മറ്റൊരാളും കൂടിയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഞാന്‍ അവിടെയെത്തിയപ്പോ നിറയെ ആളുകള്‍. ആരേയും അകത്തേയ്ക്ക് വിടുന്നില്ല. കുഞ്ഞ് മരിച്ചുപോയി അപ്പായെന്ന് അര്‍ജുനാണ് എന്നോട് പറയുന്നത്. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയതാണെന്ന് പറഞ്ഞപ്പോള്‍ മകനെ ഞാന്‍ കുറേ വഴക്ക് പറഞ്ഞു. ഡോക്ടര്‍ അറിയിച്ചതനുസരിച്ച് പോലീസും എത്തിയിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ട ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് അറിയിച്ചതോടെ അര്‍ജുന്‍ കരച്ചിലും ബഹളവുമായി. 'കുട്ടി ഷാളില്‍ തൂങ്ങി മരിച്ചതല്ലേ, എന്തിനാണ് കേസ് എടുക്കുന്നത്, എന്തിനാണ് പോസ്റ്റ്‌മോര്‍ട്ടം ഒക്കെ ചെയ്യുന്നത്, അവള്‍ കുഞ്ഞല്ലേ' എന്ന് ചോദിച്ചുള്ള അവന്റെ കരച്ചിലില്‍ ഞങ്ങളും വീണുപോയി. അതാണ് ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതില്ലെന്ന് കരുതിയത്. 

ആശുപത്രിയില്‍നിന്ന് ഞങ്ങള്‍ എത്തുമ്പോഴേക്കും പോലീസ് വീട് സീല്‍ ചെയ്തിരുന്നു. പക്ഷേ, പോലീസ് പിറ്റേ ദിവസം മാത്രമാണ് സ്ഥലത്തെത്തിയതെന്നാണ്  വിധിയില്‍ പറഞ്ഞത്. അത് സത്യമല്ല. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് പിറ്റേ ദിവസം വൈകിട്ടാണ് കുഞ്ഞിന്റെ ബോഡി ലഭിക്കുന്നത്. പന്തലിടാനും മരണാനന്തര ചടങ്ങിനുമെല്ലാം അര്‍ജുന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. പിറ്റേ ദിവസം വൈകിട്ട് കുഞ്ഞിന്റെ അടക്കം കഴിഞ്ഞാണ് കുഞ്ഞ് കിടന്ന മുറിയൊഴിച്ച് വീടിന്റെ ബാക്കി ഭാഗം പോലീസ് തുറന്നു തന്നത്. അപ്പോഴും കുഞ്ഞിന് പീഡനമേറ്റ വിവരമോ കൊലപാതകമാണെന്നോ പോലീസ് ഞങ്ങളോട് പറഞ്ഞിരുന്നില്ല.  രാത്രി അമ്മയ്‌ക്കൊപ്പം അര്‍ജുന്‍ എന്റടുത്ത് കട്ടിലില്‍ വന്നിരുന്ന് കുറേ കരഞ്ഞു. പക്ഷേ, ആ വരവ് കുഞ്ഞിന് കൊടുത്ത മിഠായിയുടെ കടലാസ് എടുത്തു കളയാനാണെന്ന് പോലീസിനോട് പറഞ്ഞപ്പോഴാണ് ഞങ്ങളറിയുന്നത്

അറുപതോളം പേരുടെ മൊഴി അന്നെടുത്തിരുന്നു. എല്ലാവരോടും കുഞ്ഞിനെക്കുറിച്ചും ചോദിച്ചിരുന്നു. അര്‍ജുന്‍ മാത്രമാണ് അന്ന് കുഞ്ഞിനെ കണ്ട കാര്യം പറയാതിരുന്നത്. ഇതാണ് പോലീസിന് അവനില്‍ സംശയമുണ്ടാക്കിയ ആദ്യത്തെ കാര്യം. അറിയാതെ എങ്ങാനും പറഞ്ഞുപോയതാണോ എന്നറിയാന്‍ പോലീസ് പലതവണ ചോദിച്ചു. അപ്പോഴും കുഞ്ഞിനെ കണ്ടില്ലെന്നാണ് അവന്‍ പറഞ്ഞത്. നിന്റെ പെരിയമ്മ നിന്നെ കണ്ടതായി പറഞ്ഞല്ലോ എന്ന് പറഞ്ഞതും അവന്‍ ഞങ്ങളിരിക്കുന്നിടത്തേക്ക് ഓടി വന്നു. പോലീസ് ചോദിച്ചപ്പോ കുഞ്ഞിനെ കണ്ട കാര്യം പറയാന്‍ ഞാന്‍ മറന്നു അപ്പാ, ഞാനിനി പ്രതിയാകുമോ' എന്ന് ചോദിച്ച് അവന്‍ കരയാന്‍ തുടങ്ങി. 'നീയെന്തിനാ അതിന് പേടിക്കുന്നതെന്ന്' ഞങ്ങളിലൊരാള്‍ ചോദിക്കുകയും ചെയ്തു. " - പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു

അർജുന്റെ പക്ഷം നിൽക്കുന്നതിൽനിന്ന് സുഹൃത്തുക്കളെയും അയൽവാസികളെയുമെല്ലാം മാറ്റിനിർത്തിയതിൽ ആ ദിവസങ്ങളിലെ  അർജുന്റെ ഭയപ്പാടോടെയുള്ള പെരുമാറ്റം വലിയ ഘടകമായിട്ടുണ്ട്.  പോലീസ് ആരോടാക്കെ എന്തൊക്കെ ചോദിച്ചുവെന്ന് അര്‍ജുന്‍ കൃത്യമായി അന്വേഷിച്ചതായും അവര്‍ പറയുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ നഖപ്പാടുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്റെ കൈയിലും നഖമുണ്ട്. തന്നേയും പ്രതിയാക്കുമോ? എന്ന അര്‍ജുന്റെ ആശങ്കകളിൽ മറ്റുള്ളവർക്ക് സംശയം തോന്നിയത് സ്വാഭാവികം മാത്രം.

ജനലും വാതിലും അടഞ്ഞ് കിടന്നതുകൊണ്ട് കളിക്കുന്നതിനിടെ സംഭവിച്ചതാവുമെന്നാണ് ഞങ്ങളും കരുതിയത്. കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിടാതെ രണ്ട് ചുറ്റുചുറ്റി കഴുത്തില്‍ മുറുകി കിടക്കുന്നതുപോലെയായിരുന്നു ഷാള്‍ ഉണ്ടായിരുന്നത്. കയറിലും കുരുക്കുണ്ടാക്കാതെ ചുറ്റി ഇട്ടതായിരുന്നു. പെട്ടെന്ന് ആരു കണ്ടാലും കുഞ്ഞിനെന്തോ അബദ്ധം സംഭവിച്ചതാണെന്നേ തോന്നൂ. അങ്ങനെ തോന്നിപ്പിക്കാനാണ് ഈ രീതിയില്‍ കുരുക്കിട്ടതെന്നൊക്കെ പിന്നീടാണ് അറിയുന്നത്. കുഞ്ഞിനെ കൊന്ന് ഇറങ്ങിപ്പോന്നത് ജനാല വഴിയാണെന്ന് അവന്‍ തന്നെയാണ് പറഞ്ഞത്. മാധ്യമങ്ങളില്‍ കാണിക്കുകയും ചെയ്തു. എന്നിട്ടും കോടതി ചോദിച്ചത് ഇത്ര ഉയരത്തിലുള്ള ജനാല വഴി അവനെങ്ങനെ പുറത്ത് കടക്കുമെന്നാണ്. ആളുകള്‍ കാണില്ലേ എന്നും കോടതി ചോദിച്ചു. അവിടെ മുഴുവന്‍ അഴയില്‍ തുണി ഉണങ്ങാനിട്ടിരുന്നു. അതിനിടയിലൂടെ അവന്‍ പുറത്ത് കടന്നാല്‍ ആരും കാണില്ല.' പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

അര്‍ജുനെ ഒഴിച്ച് മറ്റാരെയും ചോദ്യം ചെയ്തിരുന്നില്ലെന്ന വാദവും പെണ്‍കുട്ടിയുടെ അച്ഛന്‍ നിരാകരിച്ചു. "അവനെ മാത്രമല്ല, അന്ന് ഈ ലയത്തിലുണ്ടായിരുന്ന സകലരേയും പോലീസ് ചോദ്യം ചെയ്തിരുന്നു. അച്ഛനായ എന്നേയും എന്റെ മകനേയും അവന്റെ കൂട്ടുകാരേയുമെല്ലാം ചോദ്യം ചെയ്തിട്ടുണ്ട്.''

പ്രതി അര്‍ജുനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകളില്‍ പ്രധാനപ്പെട്ടതായിരുന്നു അര്‍ജുന്‍ സ്ഥിരമായി മിഠായി വാങ്ങിയിരുന്നുവെന്ന കടക്കാരന്റെ സാക്ഷ്യപ്പെടുത്തല്‍. ഇത് കള്ളമാണെന്നായിരുന്നു അര്‍ജുന്റെ വാദം. എന്നാല്‍, അമ്പത് രൂപയ്ക്കും നൂറ് രൂപയ്ക്കും വരെ അര്‍ജുന്‍ മിഠായി വാങ്ങിയിട്ടുണ്ടെന്ന് കടക്കാരന്‍ പലതവണകളായി പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും മുൻപാകെ വെളിപ്പെടുത്തിയിട്ടുണ്ട്..

'കടക്കാരന് ഇവനെതിരേ മൊഴി പറയേണ്ട ആവശ്യമെന്താണ്? ഇവന്‍ തന്നെയാണ് അവരെ കോടതി കയറ്റിയത്. അവന്‍ തന്നെയല്ലേ അവിടുന്നാണ് മിഠായി വാങ്ങാറെന്ന് പോലീസിനോട് പറഞ്ഞത്. അന്നേ ദിവസം കുഞ്ഞിനൊപ്പം അവനെ കണ്ടിരുന്നുവെന്ന് ഭാര്യ മാത്രമല്ല, അര്‍ജുന്റെ പെരിയമ്മ (അച്ഛന്റെ ജ്യേഷഠന്റെ ഭാര്യ)യും പറഞ്ഞിരുന്നല്ലോ. അവരും കള്ളം പറഞ്ഞതാണോ അപ്പോള്‍?', കുട്ടിയുടെ  അച്ഛൻ ചോദിക്കുന്നു

എല്ലാവരോടും പെട്ടെന്നിണങ്ങുന്ന, വാതോരാതെ വിശേഷം പറയുന്ന പെണ്‍കുട്ടിയെ ഇന്നുമോര്‍ക്കുന്നുണ്ട് ലയത്തിലുള്ളവര്‍. ചുറ്റുവട്ടത്തൊന്നും ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളില്ലാത്തതിനാല്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍. ആടാനും പാടാനും മാത്രമല്ല, പഠിക്കാനും മിടുമിടുക്കി. പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ പതിനാറാം ദിവസമായിരുന്നു അവളുടെ പിറന്നാള്‍. വാങ്ങിത്തരേണ്ട സാധനങ്ങളും കേക്കും അവള്‍ നേരത്തേ പറഞ്ഞുവച്ചിരുന്നു. പൊട്ടിച്ചിരികള്‍ക്ക് പകരം കൂട്ടക്കരച്ചിലായിരുന്നു അന്ന് ആ വീട്ടില്‍ നിറഞ്ഞത്. കണ്ണീരോടെ അച്ഛന്‍ കേക്ക് മുറിച്ചു. അതിന് ശേഷം വന്ന ഓരോ പിറന്നാളിനും അവര്‍ കേക്ക് മുറിച്ചു. വാശിപിടിച്ചും കൊഞ്ചിയും അവള്‍ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങള്‍ ചെയ്തു. ഇന്ന്, വിശേഷാവസരങ്ങളിലെല്ലാം അവള്‍ക്കായി  ഉടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങാറുണ്ടവര്‍. ഒരു വിളിക്കപ്പുറം ഇപ്പോഴും മകളുണ്ടെന്ന വിശ്വാസത്തില്‍... 

(അടുത്ത ലക്കങ്ങളിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ അഭിഭാഷകന്റെ വാദങ്ങളും വിധിയിലേക്കു നയിച്ച ശാസ്ത്രീയ തെളിവുകളുടെ പോരായ്മകളും വായിച്ചറിയാം)