വണ്ടിപ്പെരിയാർ സംഭവത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടുകാരുടെ ഭാഷ്യമായിരുന്നു കഴിഞ്ഞ ലക്കത്തിൽ... കുറ്റവാളി അര്‍ജുനാണെന്ന് ഇന്നും ഉറച്ചു വിശ്വസിക്കാൻ കുട്ടിയുടെ മാതാപിതാക്കൾക്കും കുടുംബത്തിനും കാരണങ്ങളേറെയാണ്. എന്നാൽ, എന്ത് കൊണ്ട് പ്രതി ചേർക്കപ്പെട്ട അര്‍ജുനെ കോടതി വെറുതെ വിട്ടു? എന്ത് കൊണ്ട് തങ്ങൾ ഈ കേസിൽ മകനായ അര്‍ജുനൊപ്പം നിൽക്കുന്നു എന്നതിനു അര്‍ജുന്റെ വീട്ടുകാർക്കും അവരവരുടേതായ ചില കാരണങ്ങളുണ്ട്. ആ ന്യായങ്ങളിലേക്കുള്ള അന്വേഷണമാണ് ഈ ലക്കത്തിൽ.

തെളിവുകളുടെ അഭാവത്തില്‍ അര്‍ജുന്‍ കുറ്റക്കാരനല്ലെന്ന കോടതിവിധി സത്യത്തിന്റെ വിജയമായാണ് അര്‍ജുന്റെ കുടുംബം കാണുന്നത്. അര്‍ജുനെ തെളിവെടുപ്പിന് കൊണ്ടുവരുന്നതിന്റെ മുന്നോടിയായി തന്നെ പ്രതിഷേധം കണക്കിലെടുത്ത് കുടുംബത്തെ ലയത്തില്‍നിന്ന് പോലീസ് മാറ്റിയിരുന്നു. ഇതേ ഉടമകളുടെ തന്നെ മറ്റൊരു സ്ഥലത്തെ തോട്ടത്തിലേക്ക് ജോലി നല്‍കി അവരെ അങ്ങോട്ട് മാറ്റുകയാണുണ്ടായത്. ഉടുതുണിയോടെ ഇറങ്ങിപ്പോയ കുടുംബം പിന്നീട് ലയത്തിലേക്ക് തിരികെവന്നിട്ടില്ല. അവിടെത്തന്നെ താമസിച്ചിരുന്ന അര്‍ജുന്റെ അച്ഛന്റെ സഹോദരനും കുടുംബവും കോടതിവിധി വന്നതോടെ സുരക്ഷ കണക്കിലെടുത്ത് അവിടെനിന്ന് മാറിയിരുന്നു. വിധി വന്ന ദിനം കുഞ്ഞിന്റെ മാതാപിതാക്കള്‍ അതിവൈകാരികമായാണ് പ്രതികരിച്ചത്. കോടതിയില്‍നിന്ന് അനുവാദം വാങ്ങി സാധനങ്ങളെടുക്കാന്‍ ഇവര്‍ ലയത്തിലെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് കയറാനാകാതെ തിരികെപ്പോവുകയായിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കവേയാണ് പശുമലയില്‍ വെച്ച് അര്‍ജുന്റെ അച്ഛന്റെ സഹോദരന്‍ പാല്‍രാജ് പെണ്‍കുട്ടിയുടെ അച്ഛനെ കുത്തിപ്പരിക്കേല്‍പിച്ചത്. ഇപ്പോള്‍ പോലീസ് സംരക്ഷണയിലാണ് കുട്ടിയുടെ കുടുംബം. പ്രതി അര്‍ജുനാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം വിശ്വസിക്കുന്നത്‌ പോലെ അവനല്ല ചെയ്തതെന്ന് വിശ്വസിക്കാന്‍ അര്‍ജുന്റെ കുടുംബത്തിനും കാരണങ്ങളുണ്ട്. 

To advertise here,

പ്രതികള്‍ അവിടെത്തന്നെയുണ്ട്. അവരെ രക്ഷപ്പെടുത്താനാണ് എന്റെ മോനെ കുടുക്കിയത്; അര്‍ജുന്റെ അച്ഛന്‍ സുന്ദറിന് പറയാനുള്ളത്

"അന്ന് അര്‍ജുനെ പിടിച്ചുകൊണ്ട് പോയപ്പോള്‍ തൊട്ടടുത്ത് താമസിക്കുന്ന പ്രാദേശിക നേതാവും ബന്ധുവുമായ ഒന്നാം സാക്ഷിക്കൊപ്പമാണ് ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോയത്. അയാളാണ് അര്‍ജുനാണ് പ്രതിയെന്ന് എന്നോട് പറയുന്നത്. എല്ലാരും കൂടി പറഞ്ഞപ്പോള്‍ ഞാനും വിശ്വസിച്ചു പോയി. പക്ഷേ, പിന്നീട് ഓരോ കാര്യങ്ങളും അന്വേഷിച്ചപ്പോ അവനല്ലെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ അഡ്വ.എസ്.കെ ആദിത്യന്റെ അടുത്തെത്തുന്നത്. 

"അന്ന് ലൈന്‍ മുറികളില്‍ നാലോ അഞ്ചോ പേരേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയും അപ്പുറത്തെ വീട്ടിലുണ്ട്. എന്റെ വീട്ടീല്‍ ഞാനും മോനുമുണ്ട്. കുട്ടിയുടെ വീട്ടില്‍ സഹോദരനും അപ്പുറത്ത് കൂട്ടുകാരുമുണ്ട്. അതിലൊരാളുടെ മുത്തച്ഛനുണ്ട്. ഒന്നാം സാക്ഷിയുടെ മകളും അനിയത്തിയുടെ കുട്ടികളുമുണ്ട് അവിടെ. അവരൊക്കെ ഉള്ളപ്പോഴാണ് ഇവര്‍ മുടിവെട്ടാന്‍ പോയത്. പിള്ളേര് മുടിവെട്ടുന്നതിനടുത്ത് ഞാന്‍ വിറക് കീറുന്നുണ്ടായിരുന്നു. പാഷന്‍ഫ്രൂട്ട് വെച്ചിട്ട് തിരികെ വരുന്ന അവനോട് ചെറിയ മഴച്ചാറ്റല്‍ ഉള്ളതുകൊണ്ട് വിറക് വാരിവെയ്ക്കാന്‍ ഞാനാണ് പറഞ്ഞത്. പെട്രോള്‍ വിലവര്‍ധനയ്ക്കെതിരേ അന്നെന്തോ പ്രതിഷേധമുണ്ടായിരുന്നു വണ്ടിപ്പെരിയാറില്‍. പ്ലക്കാര്‍ഡ് പിടിച്ച് ഫോട്ടോ പിടിക്കണമെന്നൊക്കെ പിള്ളേര് പറയുന്നുണ്ടായിരുന്നു. പന്ത് കളിക്കാന്‍ പോയാ തിരിച്ചെത്താന്‍ ഏഴ് മണിയൊക്കെയാകും. അതാണ് നേരത്തെ വെള്ളം പിടിച്ച് വെച്ച് പോകാമെന്ന് പറഞ്ഞത്. പക്ഷേ ഈ പറഞ്ഞതൊന്നും പോലീസ് മൊഴിയായി എടുത്തില്ല. അന്നവിടെ ഉണ്ടായിരുന്ന മുഴുവന്‍ പേരുടെ മൊഴിയും പോലീസ് എടുത്തില്ല. 

"കരച്ചില്‍ കേട്ടാണ് ഞങ്ങളൊക്കെ അങ്ങോട്ട് ചെല്ലുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്റെ കൈയില്‍നിന്ന് അര്‍ജുന്‍ കുഞ്ഞിനെ വാങ്ങിയെന്നാണ് കുറ്റപത്രത്തിലുള്ളത്. അങ്ങനെയല്ല, സഹോദരന്റെ കൈയില്‍നിന്ന് മുത്തശ്ശിയാണ് കുഞ്ഞിനെ വാങ്ങുന്നതും അവരുടെ കൈയില്‍നിന്നാണ് കുഞ്ഞിനെ അര്‍ജുന്‍ വാങ്ങുന്നതും. കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് ഞാനും മറ്റൊരു പയ്യനുമാണ്. ഡോക്ടര്‍ ചോദിച്ചപ്പോ കഴുത്തില്‍ ഷാള്‍ കുടുങ്ങിയതാണെന്ന് പറയുകയും ചെയ്തു. പൂജാമുറിക്കകത്ത് വാഴക്കുല കെട്ടിത്തൂക്കിയ കയറില്‍ ഷാള്‍ കുരുങ്ങിപ്പോയതാ അപ്പാ എന്ന് കുട്ടിയുടെ സഹോദരനാണ് എന്നോട് പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് പിറ്റേദിവസം (ജൂലായ് ഒന്ന്) വൈകിട്ടാണ് കുഞ്ഞിനെ കിട്ടുന്നത്. രണ്ടാം തിയ്യതിയാണ് അന്വേഷണ ഉദ്യോഗസ്ഥനും ഡോക്ടറും വീട്ടിലെത്തി കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാരോട് പറയുന്നത്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി കുഞ്ഞിനെ ഉപയോഗിച്ചുവെന്നാണ് പോലീസ് പറയുന്നത്. അമ്മയും വളര്‍ത്തമ്മയും മുത്തശ്ശിയുമായി ആരെങ്കിലുമൊക്കെ കുഞ്ഞിനൊപ്പം എപ്പോഴും ഉണ്ടാവാറുണ്ട്. കുഞ്ഞിന്റെ വീട്ടില്‍ അമ്മയുടെ സഹോദരിയുടെ പെണ്‍മക്കളുമുണ്ട്.തൊട്ടടുത്ത വീട്ടില്‍ അപ്പച്ചി, അപ്പച്ചിയുടെ മോള്‍, അപ്പച്ചിയുടെ ഭര്‍ത്താവിന്റെ അമ്മയുമുണ്ട്. മാത്രമല്ല 2020- 21 കൊറോണകാലമാണ്. ആര്‍ക്കും എവിടേക്കും പോവാനില്ല. ജോലിയുമില്ല. എന്റെ വീട്ടിലും ഞങ്ങളെല്ലാവരുമുണ്ടായിരുന്നു. കൃത്യം നടത്തിയിട്ടും ജനല്‍ വഴി മുന്നിലൂടെയാണ് അവന്‍ പുറത്തിറങ്ങിയതെന്ന് പോലീസ് പറയുന്നു. ഇത്രയും ആളുകള്‍ അവിടെയുള്ളപ്പോൾ അതിലൂടെ ഇറങ്ങാന്‍ സാധിക്കില്ല. അവനാണ് ചെയ്തതെങ്കില്‍ വാതില്‍ തുറന്ന് പിന്‍വശത്തൂടി തന്നെ ഇറങ്ങിയാല്‍ തേയിലക്കാടാണ് അവിടെ. ഒരാളും കാണില്ല. അങ്ങോട്ട് പോയാല്‍ മതിയായിരുന്നല്ലോ? 

"അതുപോലെ സഹോദരന്റെയും അര്‍ജുന്റേയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ സാക്ഷിമൊഴി അനുസരിച്ച് കുഞ്ഞ് അവനെ വിളിക്കാന്‍ വരുമ്പോള്‍ അവള്‍ മഞ്ച് കഴിച്ചോണ്ട് വരികയായിരുന്നെന്നും അത് തനിക്ക് തന്നെന്നും അത് കഴിച്ചെന്നും പറയുന്നു. കുട്ടിയുടെ ആങ്ങള പറഞ്ഞതില്‍ ചോറുണ്ടതായും പറയുന്നു. പക്ഷേ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പാതി ദഹിച്ച ചോറ് മാത്രമായിരുന്നല്ലോ ഉണ്ടായിരുന്നത്. മിഠായിയെക്കുറിച്ച് പറയുന്നില്ലല്ലോ. അതുപോലെ 2.30 മുതല്‍ 3.30 വരെയാണല്ലോ ഓണ്‍ലൈന്‍ ക്ലാസ്? അവരുടെ മൊഴിയില്‍ തന്നെയുണ്ട് 2.40 ആകുമ്പോഴാണ് സുഹൃത്തിനെ വിളിക്കാന്‍ പോയതെന്ന്. പിന്നെ എല്ലാം എടുത്ത് അവിടിരിക്കുമ്പോള്‍ 2.45 ആയിക്കാണും. അതിനിടയ്ക്ക് ഇവരുടെ വര്‍ത്തമാനവും മുടിവെട്ടലുമെല്ലാം നടക്കുന്നുണ്ട്. മൂന്ന് മണിക്കാണ് മുടിവെട്ടാന്‍ തുടങ്ങിയതെന്ന് അവരുടെ തന്നെ മൊഴിയിലുണ്ട്. 

"സുഹൃത്ത് പറിച്ച പാഷന്‍ ഫ്രൂട്ട് കുറച്ചെണ്ണമുണ്ടായിരുന്നെന്ന് അവര്‍ തന്നെ പറയുന്നു. അതെല്ലാം കയറിപ്പറിച്ച് അര്‍ജുന്‍ അത് വാങ്ങി. അവിടെ എത്ര സമയം പോയീന്ന് അറിയില്ല. പക്ഷേ, അര്‍ജുന്‍ അത്  കൊണ്ടുവച്ച് തിരികെ 3.15-20 ഓടെ എത്തിയെന്നും അവര്‍ തന്നെ പറയുന്നു. ഈ പത്ത് മിനിറ്റോളം വരുന്ന സമയമാണ് ഇവരീ വലിച്ച് നീട്ടുന്നത്. അവനവിടെ എനിക്കൊപ്പം വിറക് വാരിയിടുകയായിരുന്നു. ഈ സമയമൊക്കെ ആലോചിച്ച് നോക്കിയപ്പോഴാണ് എന്റെ മോനെ പെടുത്തിയതാണെന്ന് എനിക്ക് തോന്നിയത്. 

"നാലാം തീയ്യതി പത്ത് മണിക്കാണ് ഒന്നാം സാക്ഷി എന്നേയും അര്‍ജുനേയും അവന്റെ സുഹൃത്തിനേയും കൂട്ടി അദ്ദേഹത്തിന്റെ കാറില്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോവുന്നത്. അതിന് തൊട്ടുമുന്‍പായി ഒരു ടവേരയില്‍ കുട്ടിയുടെ സഹോദരന്‍, അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തും മറ്റൊരു പയ്യനും സ്റ്റേഷനില്‍ വന്ന് പോയി. ഇത്രയും പേരെ അല്ലാതെ ലയത്തിലുണ്ടായിരുന്ന മറ്റൊരാളെയും പോലീസ് ചോദ്യം ചെയ്തിട്ടില്ല. ഉറങ്ങുകയായിരുന്നുവെന്ന് പറഞ്ഞ തൊട്ടപ്പുറത്തെ മുറിയിലെ പയ്യനെപ്പോലും പോലീസ് ചോദ്യം ചെയ്തിട്ടില്ല. അര്‍ജുന്‍ മൊബൈല്‍ വീട്ടില്‍ വെച്ചാണ് പോയതെന്ന് പറയുന്നു. അത് തെറ്റാണ്. അവര് ഫോണ്‍ എന്റെ കയ്യിൽ തന്നിട്ടാ പോയത്. അവ കാറിലുണ്ടായിരുന്നു. മൂന്ന് മണിക്കാണ് ഒന്നാം സാക്ഷി വന്ന് എന്നോട് പറയുന്നത് അവനാ പ്രതിയെന്ന്. അവിടുന്ന് പോകാന്‍ കൂട്ടാക്കാതിരുന്ന എന്നെ, ഞാനുണ്ടല്ലോ ഇവിടെ എന്ന് പറഞ്ഞ് സമാധാനപ്പെടുത്തിയാ വീട്ടിലേക്ക് പറഞ്ഞ് വിടുന്നത്. അര്‍ജുന്‍ അങ്ങനെ ചെയ്യില്ലെന്ന് കുട്ടിയുടെ വീട്ടുകാരടക്കം എല്ലാവരും പറഞ്ഞു. പിറ്റേന്ന് തെളിവെടുപ്പിന് മുന്‍പ് തന്നെ ജനരോഷം ഉണ്ടാകുമെന്ന് പറഞ്ഞ് ഞങ്ങളോട് മാറാന്‍ ആവശ്യപ്പെട്ടു. ആദ്യം സമ്മതിക്കാതിരുന്ന ഞങ്ങളെ നിര്‍ബന്ധിച്ചാണ് പോലീസ് മാറ്റിയത്. ആരോടും വീട് വിട്ട് പോകരുതെന്ന് പോലീസ് പറഞ്ഞിട്ടും കുട്ടിയുടെ മൃതദേഹം ആദ്യം കണ്ട ആളുകളിലൊരാളും ഞങ്ങള്‍ സംശയിക്കുന്ന ആളുടെ ബന്ധുവുമായവരെ ഓട്ടോയില്‍ കയറ്റി അവര്‍ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചത് എന്തിനാണ്? അന്ന് ഇറങ്ങിയതാ ഞാനവിടുന്ന്. അന്ന് അര്‍ജുനെതിരെ സാക്ഷിപറഞ്ഞ സഹോദരനടക്കം മൂന്ന് പേരേയും അവരവിടുന്ന് മാറ്റി. എന്തിന്? ഞാന്‍ നോക്കിയ മക്കളാ അവര്. എന്നെ കണ്ടാല്‍ അവര്‍ സത്യം പറയും. അതില്ലാതിരിക്കാനല്ലേ ? ആ കിടന്നുറങ്ങിയെന്ന് പറയുന്നവനും അവിടെയില്ല. സാക്ഷി പറഞ്ഞ പലരും ഇന്നവിടെ ഇല്ല. ദിവസം അമ്പതും നൂറും രൂപയ്ക്ക് മിഠായി വാങ്ങിയെന്ന് കടക്കാരന്‍ പറയുന്നു. കൊറോണയില്‍ പണിയില്ലാത്ത സമയമാണ്. എനിക്കാകെ കിട്ടുന്നത് 300 രൂപയാണ്. പിന്നെങ്ങനെ അവന്‍ ഇത്ര പൈസയ്ക്ക് മിഠായി വാങ്ങും?

"യഥാര്‍ത്ഥ പ്രതികള്‍ അവിടെത്തന്നെയുണ്ട്. അവരെ രക്ഷപ്പെടുത്താനാണ് എന്റെ മോനെ കുടുക്കിയത്. അര്‍ജുന്റെ സ്വഭാവത്തില്‍ വന്ന വ്യത്യാസത്തെ കുറിച്ച് പറയുന്നുണ്ടല്ലോ. അവിടെ വേറെ ഒരാളുടേയും സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായിരുന്നില്ലേ. അതേക്കുറിച്ചെന്താ പറയാത്തത്? സാമ്പത്തികമായി എല്ലാം കൊണ്ടും തകര്‍ന്നിരിക്കുന്ന അരപ്പട്ടിണിക്കാരനാ ഞാന്‍. ലോണ്‍ എടുത്തും കടം വാങ്ങിയും ബന്ധുക്കള്‍ സഹായിച്ചുമാ കേസ് നടത്തിയത്. ലോണെടുത്തതിന് തെളിവ് അന്വേഷിച്ചാല്‍ കിട്ടും. പട്ടിണി കിടന്ന് മരിച്ചാലും ശരി പുനരന്വേഷണം ആവശ്യപ്പെട്ടുള്ള കേസുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. ചെയ്യാത്ത തെറ്റിന് രണ്ട് വര്‍ഷവും ആറ് മാസവും 14 ദിവസവുമാണ് എന്റെ മോന്‍ അകത്ത് കിടന്നത്. അതിന് സമാധാനം പറയിപ്പിക്കാതെ ഞാന്‍ വിടില്ല. പുനരന്വേഷണം വേണ്ട എന്ന് അവരെന്തുകൊണ്ടാണ് പറയുന്നത്? ഏതന്വേഷണം വന്നാലും അത് നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്.''

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് അര്‍ജുന്റെ അച്ഛന്‍ സുന്ദര്‍ രണ്ട് മാസത്തോളം കഴിഞ്ഞ്‌ അഡ്വ. ആദിത്യനെ സമീപിക്കുന്നത്. എന്ന് അര്‍ജുന്‍ അറസ്റ്റിലായോ അന്ന് തന്നെ കുടുംബവും അവനെ തള്ളിയിരുന്നു. പക്ഷേ, കാര്യങ്ങള്‍ മനസിലാക്കി അര്‍ജുന് വേണ്ടി അവര്‍ എന്റടുത്തേക്ക് വരുമ്പോഴേക്ക് 65 ദിവസത്തോളം കഴിഞ്ഞിരുന്നു.

അര്‍ജുന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന പൂര്‍ണബോധ്യത്തോടെയാണ് ഈ കേസ് ഏറ്റെടുത്തതെന്ന് അഡ്വ. എസ്.കെ ആദിത്യന്‍ പറയുന്നു. യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ പോലീസ് മനപ്പൂര്‍വം അര്‍ജുനെ കുടുക്കുകയായിരുന്നുവെന്നും ആദിത്യന്‍ പറയുന്നു. 

മിഠായിക്കഥകളിൽ പൊരുത്തക്കേടുകളുണ്ട്; അര്‍ജുന്റെ അഭിഭാഷകന് പറയാനുള്ളത്

"ഇയാളാണ് ചെയ്തതെങ്കില്‍ സാഹചര്യത്തെളിവുകള്‍ കൃത്യമായി ബന്ധിപ്പിക്കാന്‍ എന്തുകൊണ്ട് പ്രോസിക്യൂഷന് കഴിഞ്ഞില്ല? കള്ളമായതു കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്? അതല്ലെങ്കിൽ എന്തുകൊണ്ടാണ് ശാസ്ത്രീയമായി കേസ് തെളിയിക്കാന്‍ കഴിയാതെ പോയത്? ഡി.എന്‍.എയിലടക്കം എങ്ങനെ വ്യക്തതക്കുറവ് വന്നു. മുടിവെട്ടാന്‍ ചേട്ടനോട് പറയെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സഹോദരന്റെ അടുക്കലേക്ക് അയച്ചത് അര്‍ജുനാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. അര്‍ജുന്‍ അങ്ങനെ പറഞ്ഞതായി കുട്ടിയുടെ സഹോദരന്റേയോ സുഹൃത്തുക്കളുടേയോ മൊഴി പോലീസ് നല്‍കിയ ഫൈനല്‍ റിപ്പോര്‍ട്ടിലെവിടെയുമില്ല. ഇതെല്ലാം കോടതിയില്‍ വന്ന് അധികമായി പറഞ്ഞ കാര്യങ്ങളാണ്. കോടതിയിലെത്തുന്നതിന് മുന്‍പായി തെളിവുകളെല്ലാം ബന്ധിപ്പിക്കാന്‍ പോലീസ് ഒരു കഥയുണ്ടാക്കി. ഇല്ലാത്ത ഒരു കാര്യം പുതുതായി എന്തിന് കൊണ്ടുവന്നു? കോടതി അത് പരിശോധിക്കുകയും ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

placeholder
അഡ്വ. എസ്.കെ ആദിത്യന്‍

"മിഠായി നല്‍കിയാണ് മൂന്ന് വര്‍ഷം അര്‍ജുന്‍ കുഞ്ഞിനെ ലൈംഗികമായി ഉപയോഗിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ഈ കഥകളൊന്നും കണ്‍സിസ്റ്റന്റ് അല്ല.  കൊച്ചുകുട്ടിയാണ്. അതിലേക്കൊരു മിഠായി കൂടി കൊണ്ടുവന്നാല്‍ അതിന് സെന്‍സേഷന്‍ വാല്യൂ ഉണ്ടെന്ന് പോലീസിനറിയാം. അതുകൊണ്ടാണ് ഒരു മിഠായിക്കടക്കാരനേയും അദ്ദേഹത്തിന്റെ ഭാര്യയേയും കഥയില്‍ ഫിറ്റ് ചെയ്തത്. ആ കടക്കാരന്‍ പോലീസില്‍ നല്‍കിയ മൊഴിയും കോടതിയില്‍ വന്ന് പറഞ്ഞതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ചാരായക്കച്ചവടമായിരുന്ന അയാള്‍ക്ക് പോലീസുമായുള്ള ബന്ധവും മറ്റും തെളിവായി വന്നിട്ടുള്ളതാണ്. ഇനി അര്‍ജുന്‍ അന്നേ ദിവസം മിഠായി വാങ്ങിയെന്ന് തന്നെയിരിക്കട്ടെ, അയാള്‍ അവിടെപ്പോയി മിഠായി വാങ്ങിയത് കണ്ടവരില്ല, സംഭവസ്ഥലത്ത് നിന്ന് ഒരു മിഠായിക്കടലാസെങ്കിലും റിക്കവര്‍ ചെയ്യുകയോ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി മിഠായി കഴിച്ചതായി കാണുകയോ ചെയ്തിട്ടില്ല. 

"ഒരാളെ പ്രതിയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിലല്ലേ പോലീസ് ചൂണ്ടിക്കാണിക്കേണ്ടത്? അയാളിലേക്ക് അന്വേഷിച്ച് എത്തുകയല്ലേ വേണ്ടത്. അല്ലാതെ ഒരാളെ ഫിക്‌സ് ചെയ്തതിന് ശേഷം അയാള്‍ക്ക് ചുറ്റും തെളിവുകള്‍ സൃഷ്ടിച്ചുകൊണ്ടാണോ എത്തേണ്ടത്? ഏറ്റവും സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന ഒരുത്തനെ പിടിച്ച് പ്രതിയാക്കി. ആരും ചോദിക്കാന്‍ വരില്ലല്ലോ. എന്നിട്ട് ചുറ്റിലും കുറേ തെളിവുകള്‍ ഉണ്ടാക്കി. ഒരു പ്രഹസനം പോലെ തെളിവെടുപ്പിന് കൊണ്ട് വന്ന് ഭീഷണിപ്പെടുത്തി ജനലിലൂടെ ചാടിച്ച് കൊണ്ടുപോയി. ഒരു പാർട്ടിയിലും ഇല്ലാത്തയാൾക്ക്  ഒരു സംഘടനയുടെ ചായ്‌വും കൊടുത്തു. രണ്ട് പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ സംഘര്‍ഷത്തിന്റെ ഇരയായി മാറിയവനാണ് അര്‍ജുന്‍."

"പിന്നെന്തിന് അന്നേ ദിവസം കുഞ്ഞിനെ കണ്ടില്ലെന്ന് പറഞ്ഞു? തെളിവെടുപ്പിന് ഡമ്മിവെച്ച് ചെയ്തതെല്ലാം കാണിച്ചുകൊടുത്തു എന്ന ചോദ്യം ഏതൊരാളുടെയുള്ളിലും സ്വാഭാവികമായും ഉയരും. അച്ഛനെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അര്‍ജുനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്നത്. കുറ്റസമ്മതമൊഴിയുടെ ഭാഗമായാണ് തെളിവെടുപ്പിന് കൊണ്ടുവരുന്നതും വീടിന്റെ ജനല്‍ കാണിച്ചുകൊടുക്കുന്നതും അതുവഴി ചാടുന്നതുമൊക്കെ. അവിടെ ഒരു ജനലും വാതിലുമുണ്ടോ എന്ന് പോലീസ് ചോദിച്ചു. പോലീസിന്റെ കുറ്റസമ്മതമൊഴി എടുത്താല്‍ പോലും അതില്‍ എഴുതിയിരിക്കുന്നത് 'എന്നെ കൊണ്ടുപോയാല്‍ ഞാന്‍ ആ ജനലും വാതിലും കാണിച്ചുതരാം' എന്ന് അര്‍ജുന്‍ പറഞ്ഞതായാണ്. അവിടെ എല്ലാ ലയങ്ങളിലും ജനലും വാതിലുമുണ്ട്. അതിലെന്താണ് തെറ്റ്. അയാളങ്ങനെ പറഞ്ഞിട്ടില്ല എന്നത് മറ്റൊരു വാസ്തവം. അഥവാ പറഞ്ഞാല്‍ തന്നെ അതുവഴി ചാടിയിറങ്ങിപ്പോയി എന്നാണോ അതിനര്‍ത്ഥം? അതെ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതി മുമ്പാകെ പറഞ്ഞത്. പോലീസില്‍ കുറ്റസമ്മതമൊഴിയായി രേഖപ്പെടുത്തിയതൊന്നും തെളിവുകളല്ല.  

"20 വയസുള്ള ഒരു പയ്യന് ചുറ്റും കുറേ പോലീസുകാര്‍നിന്ന് ചാടെടാ എന്ന് പറഞ്ഞാല്‍ അവന്‍ ചാടിപ്പോകും. ആ മുറിക്കകത്തും പുറത്തുമായി എത്ര പോലീസുകാരുണ്ടായിരുന്നു? ഇനി ഡമ്മിയുടെ കാര്യം പറയാം. തെളിവെടുപ്പെന്ന് പറഞ്ഞ് ഫാന്‍സി സ്റ്റോറില്‍നിന്ന് കൊണ്ടുവന്ന ഒരു പാവയെകൊണ്ടാണ് അവനോട് അതുചെയ്യ് ഇത് ചെയ്യ് എന്ന് പറയുന്നത്. ഡമ്മി കുട്ടിയുടെ ഭാരത്തിനോ നീളത്തിനോ അനുസരിച്ചുള്ളതാണോ? അല്ല. അത് ചെയ്യുമ്പോള്‍ വിദഗ്ധര്‍ ഉണ്ടായിരുന്നോ കൂടെ? ഇല്ല. മാത്രമല്ല, കോടതി അതൊരു തെളിവായി എടുത്തിട്ടുപോലുമില്ല. പോലീസ് സ്റ്റേഷനില്‍ കടുത്ത മര്‍ദനവും അര്‍ജുന്‍ ഏറ്റിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരിക്കില്ലെന്നാണ് ഡോക്ടര്‍ രേഖപ്പെടുത്തിയത്. പോലീസ് അടിച്ചെന്ന് പറഞ്ഞാല്‍ ഡോക്ടറോട് പറഞ്ഞിട്ട് ഇവന്‍ തിരിച്ച് പോലീസിനൊപ്പം തന്നെ പോകണ്ടേ? ഡോക്ടര്‍ക്ക് സര്‍ട്ടിഫിക്കറ്റ് എഴുതി പോകാം. ഇവന്‍ തിരിച്ച് പോലീസിന്റെ കൂടെ തന്നെയല്ലേ പോകുന്നത്. മുഖമൊക്കെ ഇടിച്ച് പഞ്ചറാക്കി വെച്ചിരിക്കുന്നത് അന്നെടുത്ത ഫോട്ടോകളില്‍ തന്നെ വ്യക്തമാണ്. കോടതി അത് പരിശോധിച്ചിട്ടുമുണ്ട്"

ചില സംശയങ്ങളും ഉത്തരങ്ങളും അഡ്വ. ആദിത്യന് പറയാനുള്ളത്

ചോ: അര്‍ജുനെതിരേ തെളിവായി വന്ന മറ്റൊരു കാര്യം മൊബൈല്‍ ഫോണില്‍നിന്ന് റിട്രീവ് ചെയ്ത ഫോട്ടോകളാണ്. അത് ഡീലീറ്റ് ചെയ്തത് പിന്നെന്തിനാണ്?

ഉ: അടുത്തടുത്ത് ഒരേ കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് അവര്‍. കുട്ടിയുടെ മാത്രമല്ല, പലരുടേയും ഫോട്ടോകള്‍ എല്ലാ ഫോണിലുമുണ്ടാകും. അര്‍ജുന്‍ ഡിലീറ്റ് ചെയ്ത കുട്ടിയുടെ 19 ഫോട്ടോകളാണ് പ്രോസിക്യൂഷന്‍ കാണിച്ചത്. അതൊന്നും യാതൊരു തരത്തിലുള്ള വള്‍ഗാരിറ്റിയുമുള്ള ഫോട്ടോകളല്ല. മാത്രമല്ല ഇവയൊന്നും കുറ്റം ചെയ്തു എന്നാരോപിക്കുന്നതിന് തൊട്ടുമുന്‍പോ ശേഷമോ ഡിലീറ്റ് ചെയ്തവയുമല്ല. അവന്‍ മനപ്പൂര്‍വം ഡിലീറ്റ് ചെയ്തതാണെന്ന് പറയണമെങ്കില്‍ ആ സമയങ്ങളില്‍ ചെയ്തതാവണ്ടേ? ഇത് പല തവണയായി ഡിലീറ്റ് ചെയ്തവയാണ്. അര്‍ജുന്‍ അങ്ങനെയൊരു ഉദ്ദേശ്യത്തോടു കൂടിയാണ് ഡിലീറ്റ് ചെയ്തതെങ്കില്‍ അതില്‍ വേറെയും ഫോട്ടോകളുണ്ടായിരുന്നു. അതൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല. 

കൃത്യം നടന്ന സമയത്ത് പോലീസ് ഇടപെട്ട രീതി സംശയം ജനിപ്പിക്കുന്നതാണ്. ജൂണ്‍ 30-നാണ് മരണം സംഭവിച്ചത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് വൈകുന്നേരം തന്നെ സ്ഥലം എസ്.ഐയും രണ്ട് പോലീസുകാരും വീട് ബന്തവസ് ചെയ്ത് ലോക്ക് ചെയ്തു. പിറ്റേ ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍, സയന്റിഫിക് ഓഫീസര്‍, വിരലടയാള വിദഗ്ധര്‍, ഡിപ്പാര്‍ട്‌മെന്റല്‍ ഫോട്ടോഗ്രാഫര്‍ എല്ലാം അവിടെ വരുന്നു. തെളിവുകള്‍ ശേഖരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ഫോട്ടോഗ്രാഫിലെല്ലാം ജനല്‍ അടഞ്ഞാണ് കിടന്നിരുന്നത്. കട്ടിലില്‍ കിടന്ന ബെഡ്ഷീറ്റ്, മുറി തുറക്കാന്‍ കൊണ്ടുവന്ന കത്തി എല്ലാം മൂന്നാം തിയ്യതിയാണ് എടുക്കുന്നത്. 

ക്രൈം സീനില്‍ നിന്നെടുത്ത പല സാധനങ്ങളും സീല്‍ ചെയ്തിരുന്നില്ല. എന്തിന്? എക്‌സ്പീരിയന്‍സുള്ള പോലീസോഫീസര്‍ക്ക് തെളിവ് എങ്ങനെ ശേഖരിക്കണമെന്ന് അറിയാം. കോടതിയില്‍ 'ഞാനത് നന്നായി പൊതിഞ്ഞെടുത്തു' വെന്നാണ് പോലീസ് പറയുന്നത്. വെറുതേ പൊതിഞ്ഞെടുത്തിട്ട് കാര്യമുണ്ടോ? സീല്‍ ചെയ്യണ്ടേ? മൂന്നാം തിയ്യതി തെളിവെടുക്കുന്നു, നാലം തിയ്യതി കസ്റ്റഡിയിലെടുക്കുന്നു. ഏഴാം തിയ്യതിക്ക് ശേഷമാണ് ഈ വസ്തുക്കള്‍ കോടതി വഴി എഫ്.എസ്.എലിലേക്ക് പോകുന്നത്. ഈ ഇടവേളയിലെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്റെ കൈയിലായിരുന്നു ഈ വസ്തുക്കള്‍.

ഇതില്‍ ഒന്നാം സാക്ഷിയായി വന്ന ആളാണ് പോലീസ് സ്റ്റേഷനിലേക്ക് 'അവസാന അത്താഴവും വാങ്ങിക്കൊടുത്ത്' ഓരോരുത്തരേയും ചോദ്യം ചെയ്യാന്‍ പോലീസ് സ്റ്റേഷനിലെത്തിക്കുന്നത്. അര്‍ജുന്‍ ഉള്ളിലേക്ക് പോയ സമയത്ത് ഇയാളും പോയി. തിരികെ വന്ന് അര്‍ജുന്‍ ആണ് പ്രതിയെന്ന് സുന്ദറിനോട് പറയുകയും വീട്ടിലേക്ക് തിരിച്ച് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അയാളവിടുത്തെ പ്രാദേശികരാഷ്ട്രീയക്കാരനാണ്.

Read More: 'പോസ്റ്റ്മോർട്ടത്തെ എതിർത്തു, കള്ളം പറഞ്ഞു'; അവർ പറയുന്നു അവൻ തന്നെ കുറ്റവാളി | ഭാഗം 01

പോലീസ് മനപൂര്‍വം തെളിവ് നശിപ്പിച്ചതാണോ?

ആ ലയത്തില്‍ തന്നെ ഏറ്റവും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് അര്‍ജുന്റേത്. അയാള്‍ക്കോ അയാളുടെ കുടുംബത്തിനോ പോലീസിനെ സ്വാധീനിക്കാന്‍ കഴിയില്ല. യഥാര്‍ഥ കുറ്റവാളിയെ സംരക്ഷിക്കാനാണ് പോലീസ് ഇങ്ങനെ ചെയ്തത്. കൃത്യം നടന്നതിന്റെ തൊട്ടപ്പുറത്തെ മുറിയില്‍ വിശാലമായി രാവിലെ മുതല്‍ വൈകുന്നേരം വരെ കിടന്നുറങ്ങിയ ഒരാളുണ്ട്.  ഇങ്ങനെ ഒരു സംഭവം നടന്നിട്ട് അയാളിതൊന്നും കേട്ടില്ലേ? ബന്ധുവും കുഞ്ഞിനോട് അടുപ്പവുമുള്ള ഇയാളെ എന്തുകൊണ്ട് പോലീസ് ചോദ്യം ചെയ്തില്ല? പ്രോസിക്യൂഷന്‍ പ്രതിക്കെതിരേ പറയുന്ന സാഹചര്യങ്ങളിലെല്ലാം അര്‍ജുനേക്കാള്‍ മികച്ചതായി ആദ്യം എത്തുന്നതും ഇയാളാണ്. 

കുഞ്ഞ് മരിച്ചതിന് ശേഷം ആശുപത്രിയില്‍ നിന്ന് ആദ്യമെത്തിയത് അയാളാണെന്നും തുറന്നുകിടക്കുന്ന ജനല്‍ ശ്രദ്ധയില്‍പെട്ടെന്നും അയാള്‍ തന്നെയാണ് കോടതിയില്‍ പറഞ്ഞത്. പ്രോസിക്യൂഷന്‍  തന്നെ കൊണ്ടുവന്ന സാക്ഷിയാണയാള്‍, ഞങ്ങള്‍ കൊണ്ടുവന്നതല്ല. കുഞ്ഞ് മരിച്ച സമയം അര്‍ജുന്‍ ആരുമറിയാതെ വീട്ടിലെത്തി അടിവസ്ത്രവും പാന്റുമഴിച്ച് സോപ്പ് വെള്ളത്തിലിട്ടുവെച്ചു എന്നതൊക്കെ പോലീസ് ഉണ്ടാക്കിയ കഥമാത്രമാണ്.  മൂന്ന് വയസ് മുതല്‍ കുഞ്ഞിനെ ലൈംഗികമായി അര്‍ജുന്‍ ഉപയോഗിച്ചുവെന്നതിനും തെളിവില്ല. 

അന്വേഷണത്തിലെ പോരായ്മകള്‍ കോടതി കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലേറ്റവും പ്രധാനം അന്വേഷണ ഉദ്യോഗസ്ഥന്‍ അന്നേ ദിവസം സംഭവസ്ഥലത്ത് എത്തിയില്ല എന്നുള്ളത്. പിറ്റേദിവസം എത്തിയെങ്കില്‍ പോലും മുറിയിലെ കട്ടിലിലുണ്ടായിരുന്ന ബെഡ്ഷീറ്റ് അടക്കമുള്ള മെറ്റീരിയലുകള്‍ ശേഖരിച്ചില്ല. കുഞ്ഞ് മരിച്ചത് ജൂണ്‍ 30-നാണ്. ഇതെല്ലാം ശേഖരിക്കുന്നത് ജൂലായ് മൂന്നിനും. ഇനി ശേഖരിച്ചപ്പോള്‍ പോലും അത് കൃത്യമായി സീലോ പാക്കോ ചെയിതിട്ടില്ല. വിരലടയാള വിദഗ്ധരോട് എന്തുകൊണ്ട് വിരലടയാളം ശേഖരിച്ചില്ല എന്ന ചോദ്യത്തിന് പലക കൊണ്ടുള്ള മുറിയായതിനാല്‍ എടുക്കാന്‍ സാധിച്ചില്ലെന്നായിരുന്നു മറുപടി. മൈക്ക അല്ലാതെ മറ്റ് മെറ്റീരിയലുകള്‍ അവിടെ ഉണ്ടല്ലോ. എന്തുകൊണ്ട് അവയില്‍ നിന്ന് എടുത്തില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ മറുപടി ഇല്ലായിരുന്നു. വാതില്‍ അടക്കം മുറിക്ക് ചുറ്റുമുള്ള മറ്റ് സാധനങ്ങളില്‍ ഫിംഗര്‍ പ്രിന്റ് പരിശോധിക്കണമായിരുന്നു. വിരലടയാള വിദഗ്ധന്‍ കൂടെയുണ്ടായിരുന്നിട്ടും എങ്ങനെ ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിച്ചു? ജനല്‍ വഴിയാണ് പ്രതി കൊലനടത്തി രക്ഷപ്പെട്ടതെന്ന് പറയുമ്പോഴും ജനല്‍ അടഞ്ഞു കിടന്നതായാണ് പോലീസ് റിപ്പോര്‍ട്ടില്‍ ഉള്ളത്. അതെങ്ങനെ? മാത്രമല്ല, കുട്ടികള്‍ മുടിവെട്ടുന്നിടത്ത് നോക്കിയാല്‍ ജനല്‍ കാണാം. പക്ഷേ, അങ്ങനെ ഇവന്‍ ഇറങ്ങിപ്പോവുന്നത് കണ്ടതായി ആരുടേയും മൊഴികളിലില്ല. പാഷന്‍ ഫ്രൂട്ട് കൊണ്ട് വെയ്ക്കാനാണ് അര്‍ജുന്‍ മുറിയിലേക്ക് പോയത്. അതവിടെ ഫ്രിഡ്ജില്‍ ഉണ്ടോയെന്ന് പോലും പോലീസ് പരിശോധിച്ചില്ല. അതവിടെ വെച്ച് തിരികെ പോവുന്ന അര്‍ജുനോട് വിറക് വാരിയിടാന്‍ ആവശ്യപ്പെട്ടത് അര്‍ജുന്റെ അച്ഛനാണ്. അഞ്ചോ പത്തോ മിനിറ്റ് നേരത്തെ ഈയൊരു ഇടവേളയാണ് പിന്നീട് പ്രോസിക്യൂഷന്‍ 30-35 മിനിറ്റാക്കി വലിച്ച് നീട്ടിയത്. ആ ലയങ്ങളിലെല്ലാം പിന്നിലൊരു വാതിലുണ്ട്. ഈ സമയത്ത് അതിലൂടെ ആരെങ്കിലും പോയോ വന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുകയോ പരിശോധിക്കുക പോലും ചെയ്തില്ല. അര്‍ജുന്‍ ആ സമയത്തൊക്കെ പുറത്തുണ്ടായിരുന്ന വ്യക്തിയാണ്. ആ ലയത്തില്‍ അന്നേ ദിവസം പുറത്തേ കാണാത്ത വ്യക്തികളുണ്ട്. അവരെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ല. അര്‍ജുന്‍ അന്ന് ധരിച്ചുവെന്ന് പോലീസ് പറയുന്ന പാന്റ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരുന്നു. അതിനൊപ്പം പോലീസ് നല്‍കിയ ഫോര്‍വേഡിങ് നോട്ടില്‍ പാന്റിന്റെ നിറമായി രേഖപ്പെടുത്തിയിരിക്കുന്നത് 'ഗ്രേ', എഫ്.എസ്.എല്ലില്‍ ലഭിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് 'ബ്രൗണ്‍', കോടതിയിലിരിക്കുന്നത് 'ഡാര്‍ക്ക് ഗ്രീന്‍', ഇതെങ്ങനെ ഈ മറിമായം സംഭവിക്കുന്നു. ഇനി കുഞ്ഞിന്റെ നഖത്തിനിടയില്‍ നിന്ന്  ഫൈബര്‍ ലഭിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദത്തിലേക്ക് വരാം. അതും ഈ വസ്ത്രത്തില്‍ നിന്നെടുത്ത ഫൈബറും 'സിമിലര്‍' എന്നാണ് പറയുന്നത്. അതിനര്‍ത്ഥം ആ നൂല്‍ ആ പാന്റില്‍ നിന്ന് തന്നെ വന്നതാണെന്നല്ല. നമ്മള്‍ രണ്ടു പേര്‍ ധരിക്കുന്നത് നൈലോണ്‍ ആണെങ്കില്‍ അത് 'സിമിലര്‍' എന്ന് പറയാം. അങ്ങനെയാണ് പരിശോധിക്കു്ന്നതെങ്കില്‍ അന്ന് ഈ മെറ്റീരിയല്‍ ധരിച്ച എല്ലാവരേയും പിടിച്ച് അകത്തിടേണ്ടി വരില്ലേ. സിമിലര്‍ എന്നാല്‍ അതുതന്നെയാണെന്നല്ല, സമാനമാണെന്നാണ് അര്‍ത്ഥം. എന്തുകൊണ്ട് അത് identical ആയില്ല? 

മാത്രമല്ല, ഡി.എന്‍.എയ്ക്കായി അര്‍ജുന്റെ pubic hair, hair ന്റേയും രണ്ട് സാമ്പിള്‍ അന്നെടുത്തിരുന്നതായും വെവ്വേറെ സീല്‍ ചെയ്തിരുന്നതായും ഡോക്ടര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, എഫ്.എസ്.എ്ല്ലിലേക്കയച്ച പോലീസിന്റെ ഫോര്‍വേഡിങ് നോട്ടില്‍ ഒറ്റ സാമ്പിളേയുള്ളൂ. മറ്റേ സാമ്പിള്‍ എവിടെപ്പോയി? ഇതിനൊക്കെ മറുപടി വേണ്ടേ? അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ പുനരന്വേഷണം ആവശ്യപ്പെടുന്നത്. എങ്കിലേ സത്യം പുറത്ത് വരൂ. ഒരാളെ ഫിക്സ് ചെയ്ത് അയാള്‍ക്കെതിരേ പോലീസ് കൃത്രിമ തെളിവ് ഉണ്ടാക്കുകയാണ് ചെയ്തത്. അതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും. ചെയ്യാത്ത തെറ്റിനാണ് രണ്ടരവര്‍ഷം ജയിലില്‍ കിടന്നത്. അതിനുള്ള നഷ്ടപരിഹാരവും ആവശ്യപ്പെടും. ആ കുട്ടിയുടെ കാര്യം കഷ്ടമാണ്. വീട്ടുകാരുടെ അവസ്ഥ അതിലും മോശമാണ്. അതിലൊരു സംശയവുമില്ല. പക്ഷേ, കുട്ടിക്ക് നീതി ലഭിക്കേണ്ടത് യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിക്കൊണ്ടാണ്.

(തുടരും..)