
പാവപ്പെട്ടവരുടെ പടത്തലവന്മാരെക്കുറിച്ച് വീരകഥകൾ ഒരുപാടുണ്ട്. റോബിൻഹുഡ് മുതൽ കായംകുളം കൊച്ചുണ്ണിവരെ. ഉള്ളവരുടെ കയ്യിൽ നിന്ന് യുദ്ധത്തിൽ തോൽപ്പിച്ചും കവർന്നെടുത്തും പാവപ്പെട്ടവർക്ക് എത്തിക്കുന്ന ധീരനായകർ. പക്ഷേ, പണക്കാരുടെ പടത്തലവന്മാരെക്കുറിച്ച് അധികമൊന്നും കേട്ടിട്ടില്ല. പണക്കാർക്ക് അങ്ങനെ പടത്തലവന്മാരുടെ സഹായമൊന്നും ആവശ്യമില്ല എന്നതുകൊണ്ടാകും അത്തരം ധീരനായകരാരും ഇതേവരെ ഉദയം ചെയ്യാതിരുന്നത്. കാരണം ഓരോ പണക്കാരനും അവരവരുടെ സ്വന്തം പടത്തലവന്മാർ തന്നെ. പണക്കാർക്ക് അവരുടെ താൽപര്യ സംരക്ഷണത്തിനായി കാര്യങ്ങളെ സ്വന്തം വരുതിയിലാക്കാൻ ആവശ്യമായ വൈഭവവുമുണ്ട്. അവർക്ക് അതിനായി സംഘടിക്കേണ്ടതില്ല. സംഘടിച്ച് ശക്തരാകേണ്ടതുമില്ല. പാവപ്പെട്ടവർക്ക് സംരക്ഷണം നൽകാനും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും സർക്കാരുണ്ട്. അവരുടെ ക്ഷേമത്തിനായി നയങ്ങളും പരിപാടികളും ഉണ്ട്. അതിന് സർക്കാരുകളെ നിർബന്ധിക്കാനും പ്രോൽസാഹിപ്പിക്കാനും പ്രലോഭിപ്പിക്കാനും രാഷ്ട്രീയ, സാമൂഹ്യ, സന്നദ്ധ സംഘടനകളുമുണ്ട്.
സത്യത്തിൽ സമൂഹത്തിലെ യഥാർത്ഥ പണക്കാർ ഇതിന് രണ്ടിനുമിടയിലുള്ള പാവങ്ങളാണ്. അത് മറ്റാരുമല്ല, സാക്ഷാൽ ഇടത്തരക്കാർ അഥവ മിഡിൽ ക്ലാസ് തന്നെ. അതേ ദി ഗ്രേറ്റ് ഇന്ത്യൻ മിഡിൽ ക്ലാസ്. പാവപ്പെട്ടവരുടെ കൂട്ടത്തിൽ നിന്ന് പുറംതള്ളപ്പെടുകയും പണക്കാരുടെ കൂട്ടത്തിൽ എത്തിപ്പെട്ടിട്ടുമില്ലാത്ത ഈ ഇടത്തരക്കാരാണ് സമൂഹത്തിന്റെയും സർക്കാരിന്റെയും കണ്ണിലെ യഥാർത്ഥ പണക്കാർ. കാരണം അവർക്ക് സ്ഥിരവരുമാനമുണ്ട്. അത്യാവശ്യം ആഡംബരമുണ്ട്. സ്ഥാനത്തും അസ്ഥാനത്തും ആവശ്യത്തിനും അനാവശ്യത്തിനും പൊങ്ങച്ചമുണ്ട്. പക്ഷേ, ഇല്ലാത്തത് പണം മാത്രമാണ്. അതാകട്ടെ ആരെയും കാണിക്കില്ല. ആരെയും അറിയിക്കുകയുമില്ല. പണക്കാരായി അവർ അഭിനയിക്കുന്നു. ഒരു ചായകുടിക്കാൻ കയറിയാൽ 10 രൂപ ടിപ്പ് കൊടുക്കും. ഒരു ഓട്ടോറിക്ഷക്കാരന്റെയടുത്ത് അഞ്ചുരൂപയ്ക്ക് തർക്കിക്കും. ഒരു ടെക്‌സ്റ്റൈൽസിലോ ഹോട്ടലിലോ ചില്ലറയില്ലെങ്കിൽ സാരമില്ലെന്നു പറഞ്ഞ് പോരും. ബസിലോ പച്ചക്കറികടയിലെ ചില്ലറയ്ക്കുവേണ്ടി യുദ്ധം ചെയ്യും.
അതുകൊണ്ട് അവർക്ക് ആവലാതികളൊന്നുമില്ലെന്നല്ല. അവർക്ക് പടത്തലവന്മാരെ ആവശ്യമില്ലെന്നല്ല. ഈ ഇടത്തരക്കാർ വോട്ടുബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ ആശങ്ക ആരുടെയും ശ്രദ്ധ ആകർഷിക്കുന്നില്ല എന്നു മാത്രം. പലരും വോട്ടുപോലും ചെയ്യാറില്ല എന്നതാണ് സത്യം. പിന്നെ എങ്ങനെ ഇവർക്ക് വോട്ടുബാങ്കാകാൻ കഴിയും എന്ന ചോദ്യം വളരെ ശരിയുമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ ആദായനികുതി നൽകുന്നത് വലിയ പണക്കാരൊന്നുമല്ല. അത് ഈ പാവപ്പെട്ട ഇടത്തരക്കാരാണ്. നികുതി നൽകേണ്ടവരുടെ ശമ്പളത്തിന്റെ 10 ശതമാനം റ്റി.ഡി.എസ് ആയി എടുത്തിട്ട് ബാക്കിയേ സർക്കാർ നിങ്ങൾക്ക് നൽകുകയുള്ളൂ. അതായത് നിങ്ങളുടെ അധ്വാനത്തിന്റെ പ്രതിഫലമായ ശമ്പളം നിങ്ങളുടെ കയ്യിൽ കിട്ടുന്നതിന് മുമ്പേ അതിന്റെ വിഹിതം കേന്ദ്ര സർക്കാർ എടുക്കും. ബാക്കിയേ നിങ്ങൾക്ക് തരൂ. കാരണം നിങ്ങൾ പണക്കാരനാണ്.
ചെലവിനത്തിലും നിക്ഷേപം നടത്തിയ വകയിലും 1.5 ലക്ഷം രൂപവരെ ഇളവ് നൽകും. പക്ഷേ ഇടത്തരക്കാരുടെ ജീവിതത്തിൽ ഇടിത്തീയാകുന്ന പല ചെലവുകൾക്കും ഇളവില്ല. നിക്ഷേപം നടത്തിയാൽ അതിൽ നിന്നുകിട്ടുന്ന ലാഭത്തിനും ആദായ നികുതി നൽകണം. രാജ്യത്ത് നിലവിലുള്ള എല്ലാ നികുതികളും നൽകി വയറുമുറുക്കിയുടുത്ത് ജീവിച്ച് മിച്ചമുണ്ടാക്കുന്ന പണത്തിൽ നിന്നാണ് ഈ ഈടാക്കൽ എന്നത് മറക്കുരത്. ഇപ്പോഴിതാ ലഭിച്ചുകൊണ്ടിരുന്ന ആദായ നികുതി ഇളവുകൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കാരണം അവർ പണക്കാരാണ്. യഥാർത്ഥ പണക്കാരുടെ കാര്യം ഇങ്ങനെയല്ല. അവർക്ക് ലഭിക്കുന്ന ഇളവുകളുടെ അളവും വ്യാപ്തവും വളരെ വലുതാണ്. കാരണം അവർ രാഷ്ട്ര പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാണ്. അവർ തൊഴിൽ സൃഷ്ടാക്കാളും തൊഴിൽ ദാതാക്കളുമാണ്. അവർ പ്രോൽസാഹിപ്പിക്കപ്പെടേണ്ടവരാണ്. എന്നാൽ മിഡിൽ ക്ലാസ് പണക്കാർ അങ്ങനെയുള്ളവരല്ല. അവർ ചൂഷണം ചെയ്യപ്പെടേണ്ടവരാണ്.
പാവപ്പെട്ടവർക്കായി ഏർപ്പെടുത്തിയിരുന്ന പല സബ്‌സിഡികളും ഇടത്തരക്കാർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ന്യായവിലയ്ക്ക് ലഭിച്ചിരുന്ന റേഷൻ സാധനങ്ങൾ അവർക്ക് അപ്രാപ്യമായി. കാരണം അവരുടെ വാർഷിക വരുമാനം കൂടുതലാണ്. ഗ്യാസ് സബ്‌സഡി എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടുകഴിഞ്ഞു. മാതാപിതാക്കൾക്ക് ലഭിച്ചിരുന്ന ക്ഷേമ പെൻഷനുകളും മക്കൾ ഇടത്തരക്കാരായി മാറുന്നതോടെ ഇല്ലാതാകും. വൈദ്യുതിയുടെയും വെള്ളത്തിന്റെയും കാര്യവും വ്യത്യസ്തമല്ല. കാരണം അവരുടെ വീടിന് 1500 ചതുരശ്രയടി വിസ്തീർണമുണ്ടാകും. വീട്ടിലെ ഒരു മുറിയിൽ അറുപഴഞ്ചൻ എയർകണ്ടീഷണർ കാണും. കണ്ടം ചെയ്യാറായ ഒരു കാർ ഷെഡിൽ എപ്പോഴും കാണും. കാരണം അവർ പണക്കാരാണല്ലോ.
സൗജന്യമായി കിട്ടിയിരുന്ന പല സേവനങ്ങൾക്കും ഇപ്പോൾ നിരക്കുകൾ ഈടാക്കിത്തുടങ്ങിയിരിക്കുകയാണല്ലോ. ബാങ്കുകളുടെ കാര്യം തന്നെ ഉദാഹരണം. പണം നിക്ഷേപിക്കുന്നതിനുപോലും നിരക്കുകൾ ഈടാക്കിത്തുടങ്ങിയിരിക്കുന്നു. സൗജന്യ എ.ടി.എമ്മിന്റെ ഉപയോഗത്തിലും നിബന്ധനകൾ. ഡിജിറ്റൽ പേയ്‌മെന്റ് ഇപ്പോൾ ഒഴിവാക്കാനാവില്ല. വാഹനത്തിന്റൈ ടയർ പഞ്ചറായാൽ അത് മാറ്റിയിടുന്നതിനുള്ള കൂലി പോലും ഫോൺവഴി ഡിജിറ്റലായി നടത്തുന്നു. അതിനും നിരക്ക് ഈടാക്കിത്തുടങ്ങി. ഓരോ ഡിജിറ്റൽ പേയ്‌മെന്റിലുടെയും പണം ചോരുകയാണ്.
മൊബൈൽ ഫോൺ സേവനദാതാക്കൾ ഇപ്പോൾ സൗജന്യമായി നൽകുന്ന പല സേവനങ്ങൾക്കും സമീപഭാവിയിൽ തന്നെ ചാർജുകൾ ഈടാക്കിത്തുടങ്ങുമെന്നതിൽ സംശയമില്ല. ഇതിനെല്ലാം പുറമെയാണ് പുതിയ പുതിയ ചെലവുകൾ ഇടത്തരക്കാരുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറി പിടിമുറുക്കിയത്. അത്തരത്തിലൊന്നാണ് ഡാറ്റ. ഇന്നത് ഒഴിച്ചുകൂടാനാവാത്ത ഒന്നായിരിക്കുന്നു. ആദ്യമൊക്കൈ സൗജന്യ നിരക്കിൽ കിട്ടിയിരുന്ന ഡാറ്റയ്ക്ക് ഇപ്പോൾ നിരക്ക് വളരെ കൂടുതലാണ്. മാത്രമല്ല ഇപ്പോൾ കണ്ണടച്ചുതുറക്കും മുമ്പ് ഡാറ്റ തീരുന്നു. ബുസ്റ്റർ പാക്ക് എടുക്കാൻ നിർബന്ധിതരാകുന്നു. ഡാറ്റയുടെ ഉപയോഗം ഇടത്തരക്കാരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമൊന്നും വരുത്തിത്തുടങ്ങിയിട്ടില്ല. വാസ്തവത്തിൽ ഡാറ്റയുടെ ഉൽപ്പാദനപരമായ ഉപയോഗത്തിലൂടെ ജീവിതച്ചെലവ് കുറയ്ക്കാനും മറ്റും കഴിയുമെങ്കിലും അതിനു മിനക്കെടുന്നവരുടെ എണ്ണം വളരെ കുറവാണ്. പകരം ഡാറ്റ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങൾക്കെല്ലാം അറിയാം. അത് പണവും സമയവും നഷ്ടപ്പെടുത്തുുന്നതല്ലാതെ മറ്റൊന്നും നൽകുന്നില്ല. പക്ഷേ, ജീവിതത്തിൽ അത് ആനന്ദം നിറയ്ക്കുന്നുണ്ട് എന്നത് ശരി. പക്ഷേ, ഈ ആനന്ദം എത്ര നാൾ നിലനിൽക്കും. സ്മാർട്‌ഫോണിന്റെ വൈപുല്യവും വ്യാപനവുമാണ് ഇടത്തരക്കാരുടെ ജീവിതത്തിൽ സമ്മർദ്ദം ഉണ്ടാക്കുന്ന മറ്റൊന്ന്. കുടംബത്തിലൈ എല്ലാവർക്കും സ്മാർട് ഫോണായിക്കഴിഞ്ഞു. ഒരു വർഷത്തിൽ കൂടുതൽ ആയുസില്ല പല ഫോണുകൾക്കും. അടിക്കടി പുതിയത് വാങ്ങിക്കൊണ്ടിരിക്കണം. പഴയത് വിറ്റാൽ നാലിലൊന്ന് വില പോലും കിട്ടില്ല. അതുകൊണ്ട് അതുകൂടി ഉപയോഗിക്കും. പലർക്കും രണ്ടും മൂന്നും ഫോണുകളുണ്ട്. എല്ലാത്തിലും സിമ്മും ഡാറ്റ പാക്കും. പോരേ പൂരം. പണക്കാരായിപ്പോയില്ലേ.
ഇത്തരം ജീവിതശൈലികൾ ഇടത്തരക്കാരെ വളരെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ജീവിതലക്ഷ്യങ്ങൾ പാതിവഴിയിൽ വീണുടയുന്നു. മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, സ്വന്തമായി വീട് തുടങ്ങിയവയ്ക്കുള്ള പണത്തിനായി പരക്കം പായുന്നു. കടത്തെ വലിയ രീതിയിൽ ആശ്രയിക്കേണ്ടിവരുന്നു. പിന്നീട് ജീവിതത്തെ ആകെ ഈ കടം നിയന്ത്രിക്കാൻ തുടങ്ങുന്നു. ഇഎംഐ അടയ്ക്കാൻ വേണ്ടി മാത്രം തിളയ്ക്കുന്ന ജീവിതം. ജോയിന്റ് ലോൺ എടുത്തുപോയതുകൊണ്ട് മാത്രം തുടരുന്ന ദാമ്പത്യങ്ങൾ. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം മെഡിസിനും എൻജീനീയറിങ്ങുമൊക്കെ കടന്ന് വിദേശ ഉന്നത വിദ്യാഭ്യാസത്തിലെത്തി നിൽക്കുന്നു. കാരണം പണക്കാരായിപ്പോയില്ലേ.
വളരെ സങ്കീർണമാണ് ഇടത്തരക്കാർ നേരിടുന്ന ഇന്നത്തെ പ്രശ്‌നങ്ങൾ. പാവപ്പെട്ടവർക്കുള്ളതുപോലെ ഒരു പടത്തലവനെ നിശ്ചയമായും ആവശ്യമുള്ള സമയം. പുറത്തുനിന്ന് തൽക്കാലം ആരും പണക്കാരുടെ പടത്തലവന്മാരായി വരുമെന്ന് കരുതേണ്ട. തൽക്കാലം ഓരോരുത്തർക്കും അവരവരുടെ കുടുംബത്തിന്റെ പടത്തലവന്മാരാകാം ചുരുങ്ങിയ പക്ഷം. പണമുണ്ട്. കുടുംബത്തിൽ ഐശ്വര്യവും സമാധാനവുമുണ്ട്. ക്ഷമയോടെ പരിശ്രമിച്ചാൽ പരിഹരിക്കാവുന്നതേയുള്ളൂ ഏതൊരു ഇടത്തരക്കാരനും നേരിടുന്ന പ്രശ്‌നങ്ങൾ. കുടുംബാംഗങ്ങൾക്കൊപ്പം ജീവിത ലക്ഷ്യങ്ങൾ നിശ്ചയിക്കുക. സമയപരിധിയും നിശ്ചയിക്കുക. ജീവിതത്തിലെ ആനന്ദം നഷ്ടപ്പെടുത്താതെ തന്നെ, പിശുക്കാതെ തന്നെ ആ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള വഴികൾ കണ്ടുപിടിക്കുക. കുടുംബാംഗങ്ങൾക്കൊപ്പം കൂട്ടായി യത്‌നിക്കുക.
Content Highlights: Are the middle class the real `rich` in India? Explore their unique struggles, financial pressures
Published: 30 Oct 2024, 08:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented