
ബലാത്സംഗത്തിനിരയായ സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യത ഉറപ്പുവരുത്താനുള്ള എല്ലാ പരിരക്ഷയും രാജ്യത്തെ നിയമവ്യവസ്ഥ നല്‍കുന്നുണ്ട്. എന്നാൽ, ആ നിയമം നിലനില്‍ക്കുമ്പോൾ തന്നെ ഇരകൾക്ക് അനുകൂലമല്ലാത്ത ഇടപെടലുകളും നടപടികളുമാണ് പലപ്പോഴും പോലീസിൽ നിന്നും കോടതികളിൽ നിന്നും ഡോക്ടർമാരിൽ നിന്നുമെല്ലാം ഉണ്ടാകുന്നത്. ആലപ്പുഴ ചേർത്തലയിൽ കഴിഞ്ഞ ദിവസം ഒരു അതിജീവിതയായ സ്ത്രീയുടെ വിവരങ്ങൾ പൊതുമധ്യത്തിൽ ചർച്ചയാവാനിടയാക്കിയ പോലീസിന്റെ വീഴ്ച ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
പീഡനശ്രമത്തിലെ അതിജീവിതയ്ക്കുള്ള കോടതി അറിയിപ്പ് പോലീസ് നൽകിയത് കടയിൽ
ചേര്‍ത്തലയില്‍ 2019 നവംബറില്‍ നടന്ന പീഡനശ്രമത്തിലെ പരാതിക്കാരിയായ സ്ത്രീക്ക് കോടതിയിലെത്താനുള്ള അറിയിപ്പ് നോട്ടീസ് പോലീസ് നല്‍കിയത് സമീപത്തെ കടയിലാണ്. കടയില്‍ നല്‍കിയ നോട്ടീസ് കടക്കാരന്റെ കൈയില്‍നിന്നു നഷ്ടപ്പെടുകയും ചെയ്തു. നോട്ടീസ് ലഭിക്കാതായപ്പോള്‍ പരാതിക്കാരി പോലീസില്‍ പരാതി നല്‍കി. ചേര്‍ത്തല ഡി.വൈ.എസ്.പി.ക്കും പരാതി നല്‍കി. ഇതോടെ പോലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി മറ്റൊരു നോട്ടീസ് പതിച്ചു.
പലതവണ വീട്ടിലെത്തിയിട്ടും ആളെ കാണാത്ത സാഹചര്യത്തിലാണ് സമീപത്തെ കടയില്‍ നോട്ടീസ് ഏല്‍പ്പിച്ചതെന്നും നോട്ടീസ് ലഭിച്ചില്ലെന്ന പരാതി ലഭിച്ചയുടന്‍ കോടതിയില്‍ നിന്ന് വീണ്ടും നോട്ടീസ് തയ്യാറാക്കി വീട്ടിലെത്തിക്കുകയായിരുന്നു എന്നുമാണ് പോലീസ് ഭാഷ്യം. എന്നാല്‍ പോലീസ് നോട്ടീസ് കൊണ്ടുവന്നെന്നു പറയുന്ന ദിവസം താന്‍ വീട്ടിലുണ്ടായിരുന്നെന്നും ആരും ഇതിനായി ഫോണില്‍ വിളിച്ചില്ലെന്നുമാണ് അതിജീവിത പറയുന്നത്.
"ഞാന്‍ ഒറ്റയ്ക്കാണ് താമസം. മരുന്നു വാങ്ങാന്‍ വീട്ടില്‍ നിന്ന് പോയതാണ്. ഒരു മണിക്കൂറിനുള്ളിൽ തന്നെ മടങ്ങിയെത്തുകയും ചെയ്തു. വൈകുന്നേരം സമീപത്തെ കടയിലെ ആളാണ് വന്ന് പറയുന്നത് എന്റെ പേരില്‍ ഒരു സമന്‍സ് വന്നുവെന്നും അയാള്‍ അത് ഒപ്പിട്ടു വാങ്ങിയെന്നും. ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടിരുന്ന സമന്‍സ് വാഷിങ് മെഷീനില്‍ അലക്കിയപ്പോള്‍ നഷ്ടമായി എന്നും അയാൾ പറഞ്ഞു. കേസിലെ പ്രതി സ്ഥിരം വന്നിരിക്കാറുള്ള കടയാണത്. ഒൻപതാം തീയതി നടക്കുന്ന കേസിന്റെ വാദം 20-നാണെന്ന് എന്നോട് പറയുകയും ചെയ്തു. ഇക്കാര്യം പറഞ്ഞ് പോലീസിൽ പരാതിപ്പെട്ടു. സമന്‍സ് കൊണ്ടുവന്ന ഉദ്യോഗസ്ഥൻ മുതിര്‍ന്ന ഉദ്യോഗസ്ഥനോട് കടയില്‍ കൊണ്ടുപോയി കൊടുത്തുവെന്നും എന്നെ ഫോണില്‍ വിളിച്ചില്ലെന്ന് സമ്മതിക്കുകയും ചെയ്തു. കടയിലെ ആള്‍ എന്റെ ഭര്‍ത്താവോ മകനോ അല്ല. ഞാനുമായി യാതൊരു ബന്ധവുമില്ല. പിന്നെ അവിടെ ഏല്‍പ്പിക്കേണ്ട കാര്യമില്ലല്ലോ. ആളില്ലെങ്കിൽ വീട്ടിൽ സമൻസ് പതിക്കാം. മടക്കിയയക്കാം. ഫോണില്‍ വിളിക്കാം. ഇതൊന്നും ചെയ്യാതെ കടയില്‍ കൊടുത്തു. വകുപ്പുകളടക്കം സമൻസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലെ വിവരങ്ങളെല്ലാം പുറത്തായി. അതുകാരണം എനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രത്യേകം പറയണ്ടതില്ലല്ലോ. പരാതിയുമായി ഡി.വൈ.എസ്.പി.യുടെ ഓഫീസിലെത്തിയപ്പോഴേക്കും പോലീസ് വീട്ടിലെത്തി മറ്റൊരു സമന്‍സ് പതിച്ചു", 73-കാരിയായ അതിജീവിത പറയുന്നു.
പീഡനക്കേസായതു കൊണ്ടു തന്നെ അതിജീവിതര്‍ക്കുളള നോട്ടീസ് നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. പേരുവിവരങ്ങളും വകുപ്പുകളുമടക്കം രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ നോട്ടീസ് അതിജീവിതയുടെ കൈവശം തന്നെ ഏല്‍പ്പിക്കണം. ഫോണിലോ മറ്റോ ബന്ധപ്പെട്ട്, കിട്ടാത്തപക്ഷം അടുത്ത ബന്ധുക്കളെയോ മറ്റോ വിളിച്ചറിയിക്കാം. കേസിലെ പരാതിക്കാരിയായ അതിജീവിത ഒറ്റയ്ക്കു താമസിക്കുന്ന ആളായതിനാല്‍ വീട്ടില്‍ ആളില്ലെങ്കിലോ ഫോണില്‍ വിളിച്ചു കിട്ടാത്തപക്ഷമോ അവരുടെ വീട്ടില്‍ നോട്ടീസ് പതിക്കുക എന്നതാണ് പൊതുവെ പോലീസ് ചെയ്യേണ്ട നടപടിക്രമം. എന്നാൽ, ഈ അതിജീവിതാസൗഹൃദ രീതികളല്ല ആലപ്പുഴയിലെ പോലീസ് സ്വീകരിച്ചത്.
അതേസമയം, പലതവണ വീട്ടിലെത്തിയെങ്കിലും ആളില്ലായിരുന്നുവെന്നും ആ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള കടയില്‍ ഏല്‍പ്പിച്ചതെന്നും പോലീസ് പറയുന്നു. നോട്ടീസ് കിട്ടിയില്ലെന്ന പരാതി ലഭിച്ചയുടന്‍ കോടതിയില്‍ നിന്ന് വീണ്ടും നോട്ടീസ് തയ്യാറാക്കി നിശ്ചിതസമയത്തിനുള്ളില്‍ നോട്ടീസ് തയ്യാറാക്കി വീട്ടിലെത്തിച്ചുവെന്നും പോലീസ് പറയുന്നു.
സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് നിയമം
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228 എ വകുപ്പ് പ്രകാരം ബലാത്സംഗത്തിനിരയായ വ്യക്തിയുടെ പേരോ അവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റുവിവരങ്ങളോ വെളിപ്പെടുത്തുന്നത് കര്‍ശനമായി വിലക്കുന്നുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാം. 2005-ലെ ആർ.ടി.ഐ. ആക്ടും അതിജീവിതരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം അല്ലെങ്കില്‍ പോക്‌സോയുടെ അധികാരപരിധിയില്‍ വരുന്ന കുട്ടികൾക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എഫ്.ഐ.ആറുകള്‍ പരസ്യമാക്കരുതെന്ന് നിഷ്കർഷിക്കുന്നുണ്ട്. എഫ്.ഐ.ആറുകളിൽ പോലും പരാതിക്കാരുടെ പേര് പറയണമെന്ന് നിർബന്ധമില്ല. പകരം എക്സ്, വൈ എന്നിങ്ങനെ ഉപയോഗിക്കാനുള്ള സൗകര്യം തരുന്നുണ്ട്.. കോടതിരേഖകളിൽ പോലും യഥാർഥപേര് നൽകാറില്ല. അത്രയധികം സ്ത്രീസൗഹൃദമായാണ് നിയമവും മാർഗരേഖകളും സ്ത്രീപ്രശ്നങ്ങളെ കാണുന്നത്.
ചരിത്രപരമായ ഇടപെടൽ
ബലാത്സംഗത്തിനിരയായ സ്ത്രീകളുടെ കുട്ടികളുടെയും പേര് വെളിപ്പെടുത്തരുതെന്ന ചരിത്രപരമായ തീരുമാനത്തിലേക്ക് എത്തിച്ച കേസാണ് Union Of India Vs Nipun Saxena കേസ്. 2018-ലെ നിപുണ്‍ സക്‌സേന കേസില്‍ സുപ്രീം കോടതി ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്- " നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ പീഡനത്തിരയാക്കപ്പെട്ടവരെ മോശമായി ചിത്രീകരിക്കുകയും കുറ്റവാളിയെ മഹത്വവത്കരിക്കുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. യാതൊരു കുറ്റവും ചെയ്യാതെ നിഷ്ഠൂരമായ ലൈംഗികാതിക്രമത്തിന്റെ പാത്രമാകേണ്ടി വന്ന അതിജീവിതരെ സ്വന്തം കുടുംബം പോലും അകറ്റിനിര്‍ത്തുന്നു. അവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്നു. ദുരഭിമാനത്തിന്റെ പേരില്‍ ലൈംഗികാതിക്രമക്കേസുകളില്‍ പരാതി നല്‍കാന്‍ പോലും ചിലര്‍ വിമുഖത കാണിക്കുന്നു. അതിജീവിതര്‍ ഒരിക്കലും കുറ്റവാളികളല്ല. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അതിജീവിതരുടെ സ്വകാര്യതയ്ക്ക് കോട്ടം തട്ടുന്ന വിധത്തില്‍ അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുത്" എന്നായിരുന്നു ഈ കേസ് പരിഗണിച്ച കോടതി പറഞ്ഞ കാര്യം. 1996-ലെ സ്റ്റേറ്റ് ഓഫ് പഞ്ചാബ്-ഗുർമിത് സിങ് കേസ്, 2005-ലെ സ്റ്റേറ്റ് ഓഫ് ഹിമാചൽ പ്രദേശ്-ശ്രീകാന്ത് ശേഖരി കേസ് എന്നിവ പരിഗണിച്ചപ്പോഴും സമാനമായ നിരീക്ഷണം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.
എന്നാൽ ഈ ചിട്ടവട്ടങ്ങളെയെല്ലാം അവഗണിച്ചു കൊണ്ടുള്ള സമീപനമാണ് ആലപ്പുഴക്കേസിൽ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. പോലീസ് ചെയ്തത് കുറ്റകൃത്യമാണെന്ന് സാരം.
"ബലാത്സംഗക്കേസുകളിലെ അതിജീവിതരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ആളില്ലെങ്കില്‍ വീട്ടില്‍ പതിച്ചുനല്‍കുകയാണ് ചെയ്യേണ്ടത്. അല്ലാതെ സമീപത്തെ വീട്ടിലോ കടയിലോ ഏല്‍പ്പിക്കുകയല്ല. ലൈംഗികാതിക്രമ കേസുകള്‍ ഏതെങ്കിലുമൊരു സാധാരണ കേസുപോലെ പരിഗണിക്കേണ്ടതല്ല. അതിജീവിതരുടെ വ്യക്തിത്വം പുറത്തുപോകുന്നതു പോലുള്ള എന്തെങ്കിലും ചെയ്താല്‍ അത് നിയമത്തിനുമുന്നിൽ തെറ്റാണ്. പോലീസ് ചെയ്തത് കൃത്യവിലോപം മാത്രമല്ല കുറ്റകൃത്യം കൂടിയാണ്. അതിനെതിരേ നടപടിയെടുക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ കാലത്ത് നോട്ടീസ് നല്‍കാന്‍ പല മാര്‍ഗങ്ങളുണ്ട്. വാട്‌സാപ്പ് മെസേജ് വഴി നല്‍കാം, അടുത്ത ബന്ധുവിനെ ഏല്‍പ്പിക്കാം. ആദ്യത്തെ സമന്‍സാണോ രണ്ടാമത്തേതാണോ എന്ന് നോക്കാം. ആദ്യത്തെ സമന്‍സ് ആണെങ്കില്‍ രണ്ടാമതും നല്‍കാനുള്ള അവകാശം കൂടിയുണ്ടല്ലോ. പകരം ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ, നിയമവിരുദ്ധ സമീപനമല്ല കൈക്കൊള്ളേണ്ടത്. പോലീസിനെതിരെയും അതിജീവിതയ്ക്ക് നടപടിയുമായി മുന്നോട്ട് പോകാം. കോടതിരേഖകളില്‍ പോലും അതിജീവിതരുടെ പേരിനു പകരം എക്‌സ് എന്ന് രേഖപ്പെടുത്തുകയാണ് പതിവ്. അത് ഒരുതരത്തിലും അവരുടെ ഐഡന്റിറ്റി പുറത്തുപോകാന്‍ ഇടയാവരുതെന്ന നിര്‍ബന്ധം കൊണ്ടാണത്. എന്നാൽ ഈ വിഷയത്തെ ഇത്ര ലാഘവത്തോടെ കാണുന്നത് അറിവിലായ്മ മാത്രമല്ല, അതിജീവിതരോടുള്ള അവരുടെ സമീപനത്തിന്റെ പ്രശ്‌നം കൂടിയാണ്. മൊഴിയെടുക്കാന്‍ പോലും അതിജീവിതരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തേണ്ടതില്ല. പോലീസ് മഫ്തിയില്‍ വീട്ടിലെത്തി മൊഴി നല്‍കാനുള്ള അവകാശമുണ്ട്", അഭിഭാഷക ആശ ഉണ്ണിത്താൻ വ്യക്തമാക്കുന്നു.
ലൈംഗികാതിക്രമം ഏറ്റുവാങ്ങേണ്ടി വന്നവരെ ഇര (Victim) എന്നല്ല അതിജീവിതർ (Survivor) എന്നുതന്നെ അഭിസംബോധന ചെയ്യണമെന്ന് മെഡിക്കോ-ലീഗൽ പ്രോട്ടോക്കോളിലുൾപ്പടെ വ്യവസ്ഥ ചെയ്യുന്നത്. ഇര എന്ന വിളി അവരിലുണ്ടാക്കിയേക്കാവുന്ന മാനസിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തും വേട്ടക്കാരന് മുൻതൂക്കം ലഭിക്കുമെന്നതിൽ നിന്നുമാണ് ഇര എന്ന വിളി തന്നെ ഒഴിവാക്കിയത്. ഇത്തരത്തിൽ ഒരുവശത്ത് നിയമം അതിജീവിതരെ ചേർത്തുപിടിക്കുമ്പോൾ മറുവശത്ത് അവരെ ചൂഷണം ചെയ്യുന്ന നിലപാടാണ് ആലപ്പുഴയിൽ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. അതിനാൽ തന്നെ പലതവണ വീട്ടിലെത്തിയിട്ടും ആളെ കാണാത്ത സാഹചര്യത്തിലാണ് സമീപത്തെ കടയിൽ അറിയിപ്പ് ഏൽപ്പിച്ചതെന്നും കിട്ടിയില്ലെന്ന പരാതി ലഭിച്ചയുടൻ കോടതിയിൽനിന്നു വീണ്ടും നോട്ടീസ് തയ്യാറാക്കി നിശ്ചിത സമയത്തിനുള്ളിൽത്തന്നെ വീട്ടിലെത്തിക്കുകയായിരുന്നുവെന്നുമുള്ള പോലീസിൻ്റെ വിശദീകരണം നൈതികമായും ധാർമികമായും സ്വീകാര്യമല്ല.
Content Highlights: Identity of rape victims should be protected
Published: 18 Jan 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented