
ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങളിലും നിയമം നടപ്പാക്കുന്ന രീതികളിലും കേന്ദ്ര സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മൂന്ന് ബില്ലുകള്‍ ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. 1860-ലെ ഇന്ത്യന്‍ പീനല്‍ കോഡിന് (ഐ.പി.സി.) പകരമായുള്ള ഭാരതീയ ന്യായ സംഹിത ബില്‍ 2023, 1898-ലെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന് (സിആര്‍.പി.സി.) പകരമായുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബില്‍- 2023, 1872-ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് (ഇന്ത്യന്‍ എവിഡന്‍സ് ആക്ട്) പകരമായുള്ള ഭാരതീയ സാക്ഷ്യ ബില്‍-2023 എന്നീ ബില്ലുകളാണ് അവതരിപ്പിച്ചത്.
ഇന്ത്യന്‍ നിയമവ്യവസ്ഥയെ ബ്രിട്ടീഷുകാരുടെ കോളനിഭരണത്തില്‍നിന്ന് മുക്തമാക്കുന്നതിനാണ് ഈ ബില്ലുകളെന്നാണ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാര്‍ മാറ്റാനുദ്ദേശിക്കുന്ന മൂന്ന് നിയമങ്ങളും ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി നിര്‍മിച്ചതാണ്. മൂന്ന് നിയമങ്ങളുടെയും അടിസ്ഥാനം നീതി നടപ്പാക്കുകയല്ല, മറിച്ച് ശിക്ഷിക്കുകയെന്നതായിരുന്നുവെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ അഭിപ്രായപ്പെട്ടു.
ഐ.പി.സി.യില്‍ 511 സെക് ഷനുകളാണുള്ളത്. ഭാരതീയ ന്യായ സംഹിത ബില്ലനുസരിച്ചുള്ള പുതിയ നിയമത്തില്‍ 356 സെക് ഷനുകളാണുണ്ടാകുക. 175 സെക് ഷനുകള്‍ ഭേദഗതി ചെയ്യും. എട്ട് പുതിയ സെക് ഷനുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ 22 എണ്ണം റദ്ദാക്കും. സി.ആര്‍.പി.സി.യില്‍ 484 സെക് ഷനുകളാണുള്ളതെങ്കില്‍ പുതിയ നിയമം വരുമ്പോള്‍ അത് 533 ആയി വര്‍ധിക്കും. 160 സെക് ഷനുകളില്‍ മാറ്റമുണ്ടാകും. ഒമ്പത് പുതിയ സെക് ഷനുകളുണ്ടാകും. അതോടൊപ്പം ഒമ്പത് സെക് ഷനുകള്‍ ഇല്ലാതാകുകയും ചെയ്യും. 167 സെക് ഷനുകളുള്ള തെളിവ് നിയമത്തിന്റെ പുതിയ പതിപ്പില്‍ 167-ന് പകരം സെക് ഷനുകള്‍ 170 ആകും. 23 സെക് ഷനുകളില്‍ മാറ്റമുണ്ടാകും. അഞ്ചെണ്ണം റദ്ദാക്കുമ്പോള്‍ ഒന്ന് പുതുതായെത്തും.
സഭയിലെ നടപടിക്രമത്തിന്റെ ഭാഗമായി ഈ ബില്‍ ആഭ്യന്തരകാര്യ സ്ഥിരംസമിതിയുടെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്. ബി.ജെ.പി.യുടെ രാജ്യസഭാംഗം ബ്രിജ്‌ലാലാണ് സമിതിയുടെ അധ്യക്ഷന്‍. സമിതി ബില്ലുകള്‍ ചര്‍ച്ചചെയ്ത് അതിന്റെ റിപ്പോര്‍ട്ട് നവംബറിനകം സഭയ്ക്ക് നല്‍കും. ഈ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലുള്ള മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുന്ന ബില്ല് ഇരുസഭകളും പാസാക്കിയതിനുശേഷമാണ് നിയമമാകുക.
പ്രധാന മാറ്റങ്ങള്‍
ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉള്‍പ്പെടാത്ത വിവിധ കുറ്റങ്ങള്‍ക്ക് നിര്‍വചനങ്ങള്‍ കൊണ്ടുവരാന്‍ ഭാരതീയ ന്യായ സംഹിത ബില്ലില്‍ ശ്രമമുണ്ട്. ഭീകരവാദം, വിഘടനവാദം, സര്‍ക്കാരിനെതിരേയുള്ള സായുധ വിപ്ലവം എന്നിവ മുന്‍പ് നിയമത്തിന്റെ വിവിധ തലങ്ങളിലായി ചിതറിക്കിടക്കുകയായിരുന്നു. അതിനെ നിര്‍വചിക്കാനുള്ള ശ്രമം ബില്ലില്‍ കാണാം. ബ്രിട്ടീഷ് ഭരണകാലത്ത് അവതരിപ്പിച്ച രാജ്യദ്രോഹക്കുറ്റത്തെ ബില്ലില്‍ റദ്ദാക്കിയിട്ടുണ്ട്.
ആള്‍ക്കൂട്ട ആക്രമണത്തിന് പരമാവധി ശിക്ഷയായ വധശിക്ഷ വരെ ലഭിക്കാം. വിവാഹം ചെയ്യുമെന്ന് വാഗ്ദാനം നല്‍കി സ്ത്രീകളെ പീഡിപ്പിക്കുന്ന കേസില്‍ 10 വര്‍ഷത്തെ തടവുശിക്ഷ നല്‍കാനാണ് നിര്‍ദേശം. 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്യുന്ന കുറ്റത്തിനാണ് ഐ.പി.സി.യില്‍ വധശിക്ഷ വിധിച്ചിരുന്നതെങ്കില്‍ പുതിയ ബില്ലില്‍ 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്താല്‍ ഇതേ ശിക്ഷ ലഭിക്കും.
ചെറിയ കുറ്റങ്ങള്‍ക്ക് സാമൂഹികസേവനം ഒരു ശിക്ഷാരീതിയായി നിര്‍ദേശിച്ചിട്ടുണ്ട്. ജയിലുകളില്‍ തടവുപുള്ളികളുടെ എണ്ണം കുറയ്ക്കാനാണിത്. ഒരു കേസില്‍ ചാര്‍ജ് ഷീറ്റ് തയ്യാറാക്കാനുള്ള സമയപരിധി പരമാവധി 180 ദിവസമായി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ഭാരതീയ നാഗരിക സുരക്ഷാ ബില്ലിലും സി.ആര്‍.പി.സി.യില്‍നിന്ന് ഒട്ടേറെ മാറ്റങ്ങളുണ്ട്. പുതിയ ബില്ലനുസരിച്ച് കോടതിയിലെ വാദങ്ങള്‍ക്കും അപ്പീലുകള്‍ക്കും വീഡിയോ കോണ്‍ഫറന്‍സിങ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാം. ലൈംഗിക പീഡനത്തിന് ഇരയായവരുടെ മൊഴി വീഡിയോയില്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നത് നിര്‍ബന്ധമാക്കുന്നുണ്ട്. കുറ്റകൃത്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് മജിസ്ട്രേട്ടുമാര്‍ക്ക് ഇ-മെയില്‍, എസ്.എം.എസ്., വാട്സ് ആപ് മെസേജ് തുടങ്ങിയ ഇലക്ട്രോണിക് തെളിവുകളെ ആശ്രയിക്കാം.
പരാതികളുടെ തത്സ്ഥിതി 90 ദിവസത്തിനകം അറിയിച്ചിരിക്കണമെന്ന് ബില്ലില്‍ പറഞ്ഞിരിക്കുന്നു. മൂന്നുവര്‍ഷത്തെ തടവുശിക്ഷയില്‍ കുറഞ്ഞ കുറ്റം ചെയ്തുവെന്ന് കരുതുന്നവരുടെയോ 60 വയസ്സിന് മുകളിലുള്ളവരുടെയോ അറസ്റ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റാങ്കില്‍ കുറയാത്ത മേലധികാരിയുടെ അനുവാദമില്ലാതെ ചെയ്യാന്‍ പാടില്ല. കുറഞ്ഞത് ഏഴ് വര്‍ഷത്തെ തടവുശിക്ഷ വിധിക്കാവുന്ന കേസില്‍, ഇരയാക്കപ്പെടുന്നവരുടെ അനുവാദമില്ലാതെ കേസ് പിന്‍വലിക്കരുത്. ബില്ലനുസരിച്ച് ഒളിവില്‍ പോയ കുറ്റവാളികളുടെ അഭാവത്തിലും അവരുടെ വിചാരണയും ശിക്ഷ വിധിക്കലും നടപ്പാക്കാം.
ഏതൊരു ഉപകരണത്തില്‍നിന്നുണ്ടാക്കിയതും അയച്ചതുമായ വിവരങ്ങള്‍ ഇലക്ട്രോണിക് തെളിവുകളായി ഏത് വിധേനയും വീണ്ടെടുക്കാമെന്നാണ് ഭാരതീയ സാക്ഷ്യ ബില്ലില്‍ പറഞ്ഞിരിക്കുന്നത്. ഇലക്ട്രോണിക് തെളിവുകളെ അംഗീകരിക്കുന്നതില്‍ ചില വ്യവസ്ഥകള്‍ ബില്‍ മുന്നോട്ടുവയ്ക്കുന്നു. ഇലക്ട്രോണിക് വിവരങ്ങളിലെ കൃത്രിമത്വം തടയാനാണിത്. ഡി.എന്‍.എ. തെളിവുകള്‍ സ്വീകരിക്കുന്നതിലും ഇത്തരം വ്യവസ്ഥകളുണ്ട്. ആരോഗ്യവിദഗ്ധരോ കൈയക്ഷര വിദഗ്ധരോ ഒക്കെ നല്‍കുന്ന വിദഗ്ധാഭിപ്രായങ്ങളെ ഒരു തെളിവായി ബില്‍ അംഗീകരിക്കുന്നുണ്ട്. കുറ്റവാളിയാണെന്ന് വിധിക്കപ്പെടുന്നതുവരെ കുറ്റാരോപിതരെ നിരപരാധിയായി കരുതണമെന്നത് ഒരു മൗലികതത്ത്വമായി സാക്ഷ്യ ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഗുണങ്ങളും ദോഷങ്ങളും
നിലവിലെ സാമൂഹിക അവസ്ഥകളെ പരിഗണിക്കുന്നതിനുവേണ്ടി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വര്‍ഷങ്ങളുടെ പഴക്കമുള്ള നിയമങ്ങള്‍ തിരുത്തിയെഴുതുകതന്നെ വേണം. മാറിയ സാഹചര്യങ്ങളെ പരിഗണിക്കാന്‍ വേണ്ടിയുള്ള ചില ശ്രമങ്ങള്‍ പുതിയ ബില്ലുകളിലുണ്ട്. പുതിയ കാലത്തെ പ്രധാന കുറ്റകൃത്യങ്ങളായ ഭീകരവാദം, വിഘടനവാദം, ആള്‍ക്കൂട്ട അക്രമം, വനിതകള്‍ക്കെതിരേയുള്ള അതിക്രമം എന്നിവക്കെല്ലാം പുതിയ ബില്ലുകളില്‍ നിര്‍വചനങ്ങള്‍ നല്‍കി. അത് ആ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മതിയായ ശിക്ഷ നല്‍കാന്‍ സഹായകരമാകും.
വിചാരണ സമയം കുറയ്ക്കാനും വിധി വരുന്നത് വേഗത്തിലാക്കാനുമുള്ള ചില വ്യവസ്ഥകള്‍ ബില്ലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിസ്സാര (പെറ്റി) കേസുകളില്‍ ആറുമാസത്തിനുള്ളില്‍ വിചാരണ കഴിഞ്ഞിട്ടില്ലെങ്കില്‍ പ്രതിയെ പിന്നീട് വിചാരണ ചെയ്യില്ല. അതുപോലെ വിചാരണ കഴിഞ്ഞ് 30 ദിവസത്തിനകം വിധി പ്രസ്താവിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിധിപ്രസ്താവം മാറ്റിവയ്ക്കല്‍ രണ്ട് തവണ മാത്രമേ പാടുള്ളൂ.
ബില്ലുകളെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതികളിലൊന്ന് പല നിര്‍വചനങ്ങളുടെയും വ്യക്തതക്കുറവാണ്. ഉദാഹരണമായി രാജ്യദ്രോഹം എന്ന പദം മാറ്റി പുതുതായി കൊണ്ടുവന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നതിന്റെ നിര്‍വചനം കൃത്യമായി പറയുന്നില്ല. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നത് വളരെ വിശാലമായ അര്‍ഥത്തില്‍ പ്രയോഗിക്കാവുന്ന ഒന്നായതിനാല്‍ അതിന്റെ കൃത്യത പ്രധാനമാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ എന്ന പദത്തിന് പുതിയ നിര്‍വചനം ചേര്‍ത്തിട്ടുണ്ട്. നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമത്തിന് (യു.എ.പി. എ.) ഈ നിര്‍വചനവുമായി പൊരുത്തക്കേടുണ്ടാകാന്‍ സാധ്യത കൂടുതലാണ്. സര്‍ക്കാരിനെ പ്രകോപിപ്പിക്കുക, ഭയപ്പെടുത്തുക തുടങ്ങിയ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അവയുടെ നിര്‍വചനം കൃത്യമല്ലാത്തതിനാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ബലാത്സംഗത്തെക്കുറിച്ചുള്ള വ്യവസ്ഥകളില്‍ സ്ത്രീകള്‍ക്കെതിരായ പീഡനം മാത്രമാണ് പ്രസ്താവിച്ചിട്ടുള്ളത്. പുരുഷന്മാര്‍ക്കെതിരായ ലൈംഗികപീഡനം, സ്ത്രീകള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുതന്നെയും എതിരായി നടത്തുന്ന ലൈംഗിക പീഡനങ്ങള്‍ എന്നീ കുറ്റങ്ങളെ ഈ ബില്ലുകള്‍ വ്യക്തമായി അഭിമുഖീകരിച്ചിട്ടില്ല.
സി.ആര്‍.പി.സി. പ്രകാരം ജാമ്യം കിട്ടുന്ന വകുപ്പുകളില്‍ തടങ്കലില്‍ വയ്ക്കാനുള്ള പരമാവധി ദിവസം 60 ആണ്. പുതിയ ബില്ലില്‍ ഇത് 90 ആയി വര്‍ധിപ്പിക്കും. വ്യക്തിപരമായ അവകാശങ്ങള്‍ക്ക് നേരെയുള്ള വലിയ കടന്നുകയറ്റമായി ഇതിനെ വ്യാഖ്യാനിക്കാം. ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ട്. വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കുന്നതിനെതിരേ കടുത്ത ആരോപണങ്ങളുയരുമ്പോഴും അതിനെ ന്യായീകരിക്കുന്ന വിധത്തിലുള്ള വകുപ്പുകളാണ് പുതിയ ബില്ലുകളിലുള്ളത്.
പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന മറ്റ് ചില വകുപ്പുകളും പുതിയ ബില്ലിലുണ്ട്. അതീവ അപകടകാരികളായ കുറ്റവാളികളെ കൈകാര്യം ചെയ്യുമ്പോള്‍ കൈവിലങ്ങ് അണിയിക്കുന്നത് സ്വാഭാവികമാണ്. അതേസമയം, പ്രതികളെ വിലങ്ങ് വയ്ക്കുന്നതിലും പ്രത്യേക സാഹചര്യങ്ങളില്‍ രാത്രി സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതിലും സേനയെ അറസ്റ്റിനുവേണ്ടി ഉപയോഗിക്കുന്നതിലും പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന വ്യവസ്ഥകളാണ് പുതിയ ബില്ലുകളിലുള്ളത്. സേനാധിപത്യത്തിലേക്ക് നയിക്കുന്നവയാണിവ എന്നാരോപണമുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ പോലുള്ള സംഭവങ്ങള്‍ക്ക് സാധുത നല്‍കാനുള്ള ശ്രമവും ഇതിന്റെ ഭാഗമായുണ്ടാകാനിടയുണ്ട്.
പൊതുവേ നിലവിലെ നിയമങ്ങളില്‍ ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തുകയും ആവശ്യമില്ലാത്തവ റദ്ദാക്കിയുമാണ് ഭേദഗതികള്‍ വരുത്താറുള്ളത്. നിലവിലെ വ്യവസ്ഥകളിലടക്കം ഒറ്റയടിക്ക് മാറ്റം വരുത്തുന്നത് വലിയ ആശയക്കുഴപ്പത്തിന് വഴിതെളിക്കും. വിദ്യാര്‍ഥികളും അധ്യാപകരും അഭിഭാഷകരും ന്യായാധിപരുമെല്ലാം പഴയ നിയമത്തെ പൂര്‍ണമായി അവഗണിച്ച് പുതിയ നിയമം പഠിക്കേണ്ടിവരുമെന്ന കൗതുകവും ഗൗരവവും കൂടി ഇതിലുണ്ട്.
രാഷ്ട്രീയ കാരണങ്ങള്‍
അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മൂന്ന് ബില്ലുകളുമായി സഭയിലെത്തിയത്. അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ചില പ്രത്യേക താത്പര്യങ്ങള്‍ കൂടി ബില്ലുകള്‍ അവതരിപ്പിച്ചതിന് പിന്നിലുണ്ട്. ഹിന്ദിക്ക് പ്രധാന പരിഗണന നല്‍കിക്കൊണ്ടാണ് ബില്ലുകളുടെ പേരുകളെന്നത് ശ്രദ്ധേയം. ബില്ലുകളുടെ പേര് ഇംഗ്ലീഷിലവതരിപ്പിക്കുകയെന്ന കീഴ്വഴക്കം മറികടന്നുകൊണ്ടാണ് ഈ നീക്കം.
മറ്റൊന്ന്, കൊളോണിയല്‍ വിരുദ്ധരാണെന്ന് തെളിയിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഇതിലുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ നിയമങ്ങള്‍ മാറ്റാനാണ് പുതിയ ബില്ലുകളെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ഈ മൂന്ന് നിയമങ്ങളും പലതവണ ഭേദഗതി ചെയ്തവയാണെന്നതാണ് യാഥാര്‍ഥ്യം. ഉദാഹരണത്തിന് ഇപ്പോള്‍ പ്രയോഗത്തിലുള്ള സി.ആര്‍.പി.സി. നിയമം 1974-ല്‍ നടപ്പിലായതാണ്. ബില്ലിന്റെ അവതരണവേളയില്‍ ഇത് 1898-ലേതാണെന്നായിരുന്നു മന്ത്രിയുടെ വാദം.
ഒക്ടോബര്‍ ലക്കം ജികെ ആന്‍ഡ് കറന്റ് അഫയേര്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനം
Content Highlights: Penal code changes to bharathiya nyayasamhitha
Published: 03 Nov 2023, 05:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented