
LGBTQ+ പങ്കാളികൾ ഹര്‍ജിക്കാരായി വരുന്ന ഹേബിയസ് കോർപസ് കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള നിര്‍ദ്ദേശം വെച്ചുള്ള സുപ്രീം കോടതി വിധി വന്നത് ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു. ദേവു ജി. നായര്‍ വേഴ്സസ് ദി സ്റ്റേറ്റ് ഓഫ് കേരള ആന്‍ഡ് അഥേഴ്സ് കേസിൽ കോടതികള്‍ നിര്‍ബന്ധപൂര്‍വ്വം ഹേബിയസ് കോര്‍പസ് കേസുകളില്‍ ഹാജരാക്കപ്പെടുന്ന വ്യക്തികളെ സൈക്കോളജിക്കല്‍ കൗണ്‍സലിങ്ങിന് അയക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ഡോ. ഡി. വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വിധിച്ചു.
പ്രസ്തുത വ്യക്തിയുടെ തുടര്‍ന്നുള്ള ജീവിതം എപ്രകാരം തുടരണം എന്ന തിരഞ്ഞെടുപ്പാണ് ബഹുമാനിക്കപ്പെടേണ്ടത്. ന്യായാധിപര്‍ അവരുടെ വ്യക്തിഗത ധാര്‍മ്മികമൂല്യങ്ങള്‍ ഇത്തരം കേസുകള്‍ നിര്‍ണയിക്കുമ്പോള്‍ ചുമത്തുകയല്ല വേണ്ടതെന്നും പകരം ഭരണഘടനയുടെ അന്തഃസത്തയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും പറഞ്ഞ കോടതി സൈക്കോളജിസ്റ്റിന്റെ കൗണ്‍സിലിങ് LGBT സമൂഹത്തിന് പലപ്പോഴും ഭാരമാകുകയാണെന്നും നിരീക്ഷിച്ചു. വീട്ടകങ്ങളില്‍ മനുഷ്യത്വപരമായ പരിഗണന നിഷേധിക്കപ്പെടുമ്പോള്‍ അവര്‍ക്ക് തുണയാകുന്നത് കൂട്ടുകാരോ പാര്‍ട്ട്ണറോ അടങ്ങിയ 'തിരഞ്ഞെടുത്ത കുടുംബം' (ചൂസണ്‍ ഫാമിലി) ആണെന്നും കോടതി ഓർമ്മിപ്പിച്ചു.
Also Read
ഈ വിധിന്യായത്തിന്റെ 16ാം ഖണ്ഡികയില്‍ 13 ഇന നിര്‍ദ്ദേശങ്ങളാണ് ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതി നല്‍കുന്നത്.
ആ നിർദേശങ്ങളിൽ പ്രധാനപ്പെട്ടത് ഇവയാണ്....
- ഒരാള്‍ അന്യായ തടങ്കലിലാണ് എന്ന് സുഹൃത്തോ പാർട്ണറോ എന്ന് കോടതിയോട് വിളിച്ച് പറയുമ്പോള്‍ അവരുടെ പശ്ചാത്തലം ചൂഴ്ന്ന് അന്വേഷിക്കുന്നതിന് പകരം ആ വ്യക്തി അന്യായ തടങ്കലിലാണോ അല്ലയോ എന്നതിന് ഊന്നല്‍ കൊടുക്കണം
- സ്വന്തം കുടുംബത്തിന് ഒപ്പം പോകാന്‍ താത്പര്യം ഇല്ലാത്തവരെ അന്യായ തടങ്കലാണ് എന്ന് ബോധ്യപ്പെടുന്ന പക്ഷം മോചിപ്പിക്കണം.
- എല്‍. ജി. ബി. ടി. ക്യൂ. ഐ.എ. പ്ലസ് പശ്ചാത്തലത്തില്‍ വരുന്ന പോലീസ് സംരക്ഷണ കേസുകളില്‍ ഹര്‍ജിക്കാരുടെ സ്വകാര്യതയ്ക്കും സ്വാഭിമാനത്തിനും മുന്തിയ പരിഗണന നല്‍കി ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം ഒരുക്കണം.
ക്വീര്‍ സമൂഹം പ്രൈഡ് മാസം ആഘോഷിച്ച വേളയില്‍ മികച്ച ഒരു വിധിയാണ് ഇക്കഴിഞ്ഞ വാരം കേരള ഹൈക്കോടതിയില്‍നിന്ന് ഉണ്ടായത്. ഒന്നിച്ച് കഴിയുന്ന സ്ത്രീക്കും ട്രാന്‍സ്മെനിനും എതിരേ കുടുംബം ആരോപണമുയര്‍ത്തി. ഒരേ ലിംഗത്തില്‍ പെട്ട വ്യക്തിയെ സ്‌നേഹിക്കുന്നത് ' ടോക്സിക്ക് ബന്ധം ' ആണെന്ന സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടും സ്ത്രീയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ചിരുന്നു. സ്ത്രീയുടെ മാനസികാരോഗ്യം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ബോര്‍ഡിനെ കൊണ്ട് പരിശോധിക്കണമെന്ന് ഉപഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
എന്നാൽ, അവർക്കിഷ്ടം ട്രാന്‍സ്മെനിനൊപ്പം ജീവിക്കാനാണ് എന്നും കുടുംബത്തിനകത്ത് പീഡനം നേരിടുന്നു എന്നും കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍ വി., പി.എം. മനോജ് എന്നവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് സുപ്രീം കോടതിയുടെ ദേവു ജി. നായര്‍ കേസിലെ കോടതിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീയുടെ തിരഞ്ഞെടുപ്പിനെ ഉയര്‍ത്തിപ്പിടിച്ച് വിധിയെഴുതി.
കേസിലെ സ്ത്രീയുടെ ജെന്‍ഡര്‍ ഐഡന്റിറ്റി മനസ്സിലാക്കാന്‍ സൈക്കോളജിസ്റ്റിന് കഴിഞ്ഞില്ല. സൈക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ടിനെ കോടതി പാടെ തള്ളിക്കളഞ്ഞു. 2016-ലെ ഇന്തോനേഷ്യയിലെ യോഗകാര്‍ത്ത അന്താരാഷ്ട്ര മനുഷ്യാവകാശ നിയമവുമായി ബന്ധപ്പെട്ട ഉടമ്പടി പ്രകാരം ഇഷ്ടപെട്ട ' സെക്ഷ്വല്‍ ഓറിയന്റേഷന്‍ ' ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പ് ആണെന്നും ഈ വിധിയില്‍ ചര്‍ച്ച ചെയ്യുന്നു. ( XXX വേഴ്സസ് സ്റ്റേറ്റ് പോലീസ് ചീഫ് ആന്‍ഡ് അഥേഴ്സ് , 2024 കെ. എച്ച്. സി ഓണ്‍ലൈന്‍. 524 ) സുപ്രീം കോടതിയുടെ ഇ - കമ്മറ്റി പുറത്തിറക്കിയ സെന്‍സിറ്റൈസേഷന്‍ മൊഡ്യൂള്‍ പ്രകാരം ഇത്തരം കേസുകളില്‍ എടുക്കേണ്ട അനുഭാവപൂര്‍വ്വമായ നിലപാടും കോടതി ഓര്‍മപ്പെടുത്തുന്നു.
ഭരണഘടനയുടെ അനുച്ഛേദം 21-ലെ ജീവിക്കാനുള്ള അവകാശത്തില്‍ LGBTQ+ വ്യക്തികളുടെ ഇഷ്ടപ്പെട്ട സെക്ഷ്വല്‍ ഓറിയന്റേഷനില്‍ ജീവിക്കാനുള്ള അവകാശവും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതിയുടെ നവതേജ് സിംഗ് ജോഹര്‍ വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ (2018) 10 എസ്. സി. സി. 1 ലെ വിധി കൂടി മുന്‍നിര്‍ത്തി ഹൈക്കോടതി പറയുന്നു. സ്ത്രീയേയും ട്രാന്‍സ്മെനിനേയും ഒന്നിച്ചുപോകാന്‍ അനുവദിച്ച ഹൈക്കോടതി മാതാപിതാക്കളുടെ ഹേബിയസ് കോര്‍പസ് ഹര്‍ജി തള്ളിക്കൊണ്ട് തീര്‍പ്പാക്കി. മാതാപിതാക്കളോട് മകളുടെ സര്‍ട്ടിഫിക്കറ്റുകളും ഐഡന്റിറ്റി കാര്‍ഡുകളും മകള്‍ക്ക് തിരികെ കൊടുക്കാനും ഇതിന് മേല്‍നോട്ടം വഹിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നുണ്ട് കോടതി.
2022-ലെ ദീപിക സിംഗ് വേഴ്സസ് സെന്‍ട്രല്‍ അഡിമിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (എ.ഐ.ആര്‍ 2022 എസ്.സി. 4018) കേസിലെ വിധിന്യായം, ഹര്‍ജിക്കാരിക്ക് മെറ്റേണിറ്റി ലീവ് അനുവദിച്ച് സുപ്രീം കോടതിചീഫ് ജസ്റ്റിസ് ഡോ. ഡി.വൈ. ചന്ദ്രചൂഢ് ഉപംസംഹരിക്കുന്നത് ഇപ്രകാരമാണ് -
' കുടുംബ ബന്ധം എന്നതില്‍ വിവാഹം എന്നതില്‍ ഏര്‍പ്പെടാതെയുള്ള പങ്കാളികളുടെ ജീവിതവും ക്വീര്‍ ബന്ധങ്ങളും കൂടി ഉള്‍പ്പെടുന്നു. '
വേറിട്ട് ചിന്തിക്കുന്ന കോടതികള്‍ ക്വീര്‍ പങ്കാളികള്‍ക്കും സാമൂഹ്യ സുരക്ഷാ നിയമങ്ങളുടെ പരിരക്ഷ ഉറപ്പാക്കാന്‍ പുതിയ പാര്‍ലമെന്റിനും പ്രചോദനമേകുമെന്ന് പ്രത്യാശിക്കാം. മുഖ്യമായും സിവില്‍ കരാറുകള്‍ കൂടിയായ വിവാഹത്തിനപ്പുറം പങ്കാളിയില്‍നിന്നു പിന്തുടര്‍ച്ച അവകാശം, ഇന്‍ഷുറന്‍സ് തുകയും മറ്റും കൈപ്പറ്റുന്നത് എന്നിവയ്‌ക്കെല്ലാം എല്‍.ജി.ബി.ടി.ഐക്യൂ.എ. പ്ലസ് സമൂഹത്തിന് ഭാവിയില്‍ അവകാശം ഉറപ്പാക്കാന്‍ പാര്‍ലമെന്റിന്റെ ക്രിയാത്മക ഇടപെടലു കൊണ്ടേ കഴിയൂ.
Content Highlights: RV gralan,law point, lgbtq rights,family defenitions,court,social
Published: 06 Jul 2024, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented