
ഏഴു ജഡ്ജിമാർ, ആറ് വിധിന്യായങ്ങൾ. പട്ടികജാതി-പട്ടികവർഗ സംവരണത്തിനുള്ളിൽ ഉപസംവരണം സൃഷ്ടിക്കാനും ക്രീമി ലെയറിനെ സംവരണത്തിൽ നിന്നൊഴിവാക്കാനും നിർദ്ദേശിക്കുന്ന സുപ്രീം കോടതി വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ അത്ര സാധാരണമല്ലാത്തതാണ്. ഭരണഘടനയുടെ അടിത്തറയായി വർത്തിക്കുന്നതും ദളിത് ആദിവാസി വിഭാഗങ്ങൾ ഒരു സമൂഹമെന്ന നിലയിൽ ആയിരത്താണ്ടുകളായി അനുഭവിക്കുന്ന അയിത്തത്തെയും ഇതര അനാചാരങ്ങളെയും നേർപ്പിച്ചില്ലാതാക്കാൻ ഡോ. അംബേദ്ക്കറുടെ ചിന്താമണ്ഡലത്തിൽ രൂപം കൊണ്ട പട്ടികജാതി-പട്ടികവർഗ സംവരണം 74 വർഷം പിന്നിടുമ്പോൾ ഊർധശ്വാസത്തിലാണോ എന്ന സംശയമാണ് ഉയരുന്നത്.
പട്ടികജാതി-പട്ടികവർഗക്കാർക്കിടയിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ നൽകുന്ന സംവരണത്തിൽ നിന്നൊഴിവാക്കാനും പട്ടികജാതി/വർഗ്ഗത്തിൽ പെട്ടവരിൽ തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചില ജാതികൾക്ക് സംവരണത്തിനുളളിൽ മുൻഗണനയും പ്രത്യേകം ക്വാട്ടയും അനുവദിക്കാനും നിർദ്ദേശിക്കുന്ന സുപ്രീം കോടതി ഉത്തരവാണ് ഈ ആശങ്ക സൃഷ്ടിക്കുന്നത്. ഒ.ബി.സി. സംവരണത്തിൽ ക്രീമിലയർ കൊണ്ടുവന്നതും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% പ്രത്യേക സംവരണം ഏർപ്പെടുത്തിയതും ജാതീയമായ വിവേചനങ്ങളെ മറികടക്കാനും സാമൂഹിക സമത്വം സൃഷ്ടിക്കാനുമുള്ള ഭരണഘടനാ ഇടപെടലുകളെ ദുർബലപ്പെടുത്തി എന്ന വിമർശനമുയരുന്ന സാഹചര്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ സംവരണം സംബന്ധിച്ച് ആഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സംവരണത്തിന്റെ ഭാവിയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു.
ക്രീമിലെയർ പ്രശ്നവും സംവരണത്തിന്റെ അനൗചിത്യവും സംബന്ധിച്ച വാദമുഖങ്ങൾ കേസിന്റെ വാദപ്രതിവാദത്തിനിടയിൽ ഉയർന്നു വരാതിരുന്നിട്ടും ആ വിഷയങ്ങളിലേക്ക് കൂടിക്കടന്ന് വ്യത്യസ്ത ജഡ്ജിമാർ പ്രത്യേക വിധിന്യായം പുറപ്പെടുവിച്ചു എന്നതു നിയമവൃത്തങ്ങളിൽ ആശ്ചര്യമുളവാക്കിയിട്ടുണ്ട്.
എല്ലാ പട്ടികജാതിക്കാരെയും സംവരണ കാര്യത്തിൽ ഒരുപോലെ പരിഗണിക്കണോ? സംസ്ഥാനങ്ങൾക്ക് പട്ടികജാതി പട്ടികയിൽ ജാതികളെയും വർഗ്ഗങ്ങളെയും ഉപവർഗ്ഗീകരിച്ച് ഉൾപ്പെടുത്താമോ എന്നീ പ്രശ്നങ്ങളാണ് സുപ്രീം കോടതിയുടെ മുന്നിൽ ഉയർന്നുവന്നത്. പട്ടികജാതി സംവരണത്തിനുള്ളിലെ ഉപസംവരണ വിഷയമാണ് കോടതിക്കു മുന്നിൽ ഹരജിയായി വന്നതെങ്കിലും ഗോത്രവർഗങ്ങൾക്കു കൂടി ബാധകമാകുന്ന തരത്തിലാണ് സംവരണത്തിൽ ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ പാർലമെൻ്റിൻ്റെ അംഗീകാരത്തോടെ രാഷ്ട്രപതിയുടെ വിജ്ഞാപന പ്രകാരം നിലവിൽ വരുന്ന പട്ടികജാതി-പട്ടികവർഗ ലിസ്റ്റിൽ ഭേദഗതികൾ വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്നത് പ്രാദേശിക വോട്ടുബാങ്ക് രാഷ്ട്രീയത്തിൻ്റെ കളികൾ സംവരണത്തിലേക്ക് കടന്നുവരുന്നതിനും പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്കിടയിൽ തന്നെ ഭിന്നിപ്പുണ്ടാക്കുന്നതിനും ഇടയാക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ആറ് ജഡ്ജിമാർ സംവരണത്തിനുള്ളിൽ ഉപസംവരണമാകാമെന്ന് വിധിച്ചപ്പോൾ, ജസ്റ്റിസ് ബേല ത്രിവേദി ഭൂരിപക്ഷ വിധിയോട് വിയോജിച്ച് പ്രത്യേക വിധിന്യായം എഴുതി.
സംവരണത്തിന്റെ പശ്ചാത്തലം
1950-ൽ ഭരണഘടനയിൽ സംവരണം ഏർപ്പെടുത്തിയതിന് ശേഷം എസ്.സി. വിഭാഗത്തിന് 15% വും പട്ടികവർഗത്തിന് 7.5% വും സംവരണമാണ് അനുവദിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, പാർലമെൻ്ററി പങ്കാളിത്തം എന്നിവയിൽ നിശ്ചിത പ്രാതിനിധ്യം ഉറപ്പിക്കാനാണ് ഇങ്ങനെ ചെയ്തത്. പട്ടികജാതിയെയും വർഗത്തെയും ഓരോ ഏകീകൃത യൂണിറ്റായി കണ്ടുകൊണ്ടായിരുന്നു സംവരണമനുവദിച്ചത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി സംവരണത്തിനുള്ളിൽ ചില പ്രത്യേക വിഭാഗങ്ങൾക്ക് മുൻഗണന നൽകാമെന്നും അതിന് ഉപസംവരണം നൽകേണ്ട വിഭാഗങ്ങളെ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നുമാണ് ആഗസ്റ്റ് ഒന്നിന്റെ സുപ്രീം കോടതി വിധിയുടെ സാരാംശം. ഇത് 2004-ലെ ഇ.വി. ചിന്നയ്യയും ആന്ധ്ര പ്രദേശ് സംസ്ഥാനവും തമ്മിലുള്ള കേസിലെ സുപ്രീം കോടതിയുടെ തീരുമാനത്തെ അസാധുവാക്കുന്ന വിധി കൂടിയാണെന്നത് ശ്രദ്ധേയമാണ് .
ചില പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ പ്രാതിനിധ്യം കുറവാണെന്നും ആ വിഭാഗങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകാനുള്ള ശ്രമങ്ങൾ ആവശ്യമാണെന്നും ചില സംസ്ഥാനങ്ങൾ തീരുമാനിച്ചു., തമിഴ്നാട്ടിൽ 2009-ൽ അരുന്ധതിയാർ എന്ന പട്ടികജാതിക്ക് സംവരണത്തിൽ മുൻഗണന നൽകുന്ന നിയമം പാസാക്കി . 2007-ൽ ബീഹാർ മഹാ ദളിത് എന്ന ഒരു പ്രത്യേക വിഭാഗം സംവരണ സമുദായങ്ങൾക്ക് ഉള്ളിൽ ഉണ്ടാക്കി. 2020-ൽ ഹരിയാന ഡിപ്രൈവ്ഡ് ഷെഡ്യൂൾഡ് കാസ്റ്റ് എന്ന ഒരു പ്രത്യേക വിഭാഗം സൃഷ്ടിച്ച് സംവരണം നൽകുന്നതിന് തീരുമാനിച്ചു. 1975 തൊട്ട് പഞ്ചാബിൽ ചില പ്രത്യേക വിഭാഗങ്ങൾക്ക് ഉപസംവരണം നൽകാനുള്ള നിയമം നിലവിൽ ഉണ്ടായിരുന്നു. എന്നാൽ, ഈ നടപടികൾക്കെതിരെ നിയമപോരാട്ടങ്ങൾ രൂപപ്പെട്ട സാഹചര്യത്തിലാണ് പല സന്ദർഭങ്ങളിലായി ഈ വിഷയം ജുഡീഷ്യൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത്.
1975-ൽ പഞ്ചാബ് സർക്കാർ സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക സമുദായങ്ങളായ ബാൽമീകി, മസാബി സിഖ് സമുദായങ്ങൾക്ക് പട്ടികജാതി സംവരണത്തിൽ പ്രഥമ പരിഗണന നൽകി വിജ്ഞാപനം പുറപ്പെടുവിച്ചു. മുപ്പത് വർഷത്തോളം അത് തുടർന്നു. 2004-ൽ ഇ വി ചിന്നയ്യ ആന്ധ്രാപ്രദേശ് സർക്കാറിന് എതിരെ നൽകിയ കേസിൽ പഞ്ചാബിനു സമാനമായ നിയമം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് പഞ്ചാബ് സംവരണത്തിനുള്ളിൽ സംവരണം നൽകുന്നത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.
ചിന്നയ്യ കേസിൽ എസ്.സി. ലിസ്റ്റിനുള്ളിൽ ഭിന്നത സൃഷ്ടിക്കാനുള്ള ഏതൊരു ശ്രമവും അടിസ്ഥാനപരമായി Sc/ST സംവരണത്തിൻ്റെ അന്തസ്സത്ത ചോരുന്നതിന് തുല്യമാകുമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു, അതിന് ഭരണഘടന സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നില്ലെന്നും ആർട്ടിക്കിൾ 341 ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിക്കാനും ലിസ്റ്റിൽ കൂട്ടിച്ചേർക്കലുകളോ ഇല്ലാതാക്കലുകളോ വരുത്തുന്നതിനും രാഷ്ട്രപതിക്കും പാർലമെൻ്റിനും മാത്രമേ അധികാരം നൽകുന്നുള്ളൂ. എന്നും കോടതി അഭിപ്രായപ്പെട്ടു. പട്ടികജാതി വിഭാഗങ്ങളെ ഉപവിഭാഗമാക്കുന്നത് ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തിൻ്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.
ഇതിൻ്റെ അടിസ്ഥാനത്തിൽ, 2006-ൽ, ഡോ. കിഷൻ പാൽ Vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിൽ പഞ്ചാബ് & ഹരിയാന ഹൈക്കോടതി, സംവരണത്തിനുള്ളിൽ സംവരണമനുവദിക്കുന്ന1975-ലെ പഞ്ചാബ് സംസ്ഥാനത്തിൻ്റെ വിജ്ഞാപനം റദ്ദാക്കി. എന്നിരുന്നാലും, അതേവർഷം തന്നെ, പഞ്ചാബ് സർക്കാർ വീണ്ടും പഞ്ചാബ് പട്ടികജാതി, പിന്നാക്ക വിഭാഗ (സേവനങ്ങളിലെ സംവരണം) നിയമം, 2006 പാസാക്കി. ബാൽമീകി, മസാബി സിഖ് സമുദായങ്ങൾക്കുള്ള സംവരണങ്ങളിൽ ആദ്യ മുൻഗണന പുനഃസ്ഥാപിച്ചു.
ബാൽമീകി -മസാബി സിഖ് സമുദായത്തിലെ അംഗമല്ലാത്ത പട്ടികജാതി വിഭാഗത്തിൽ പെട്ട ദേവീന്ദർ സിംഗ് ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്തു. 2010-ൽ ഹൈക്കോടതി ഈ നിയമം റദ്ദാക്കി. സുപ്രീം കോടതിയിൽ വന്ന അപ്പീലിലാണ് 2014-ൽ ഇ. വി ചിന്നയ്യ കേസിലെ തീരുമാനം പുനഃപരിശോധിക്കണമോയെന്ന് തീരുമാനിക്കാൻ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്. 2020-ൽ, ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച്, ദേവീന്ദർ സിംഗ് Vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിൽ കോടതിയുടെ 2004-ലെ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിധിച്ചു. എന്നാൽ ഇ.വി. ചിന്നയ്യ കേസിലെ പോലെ ഈ ബെഞ്ചിലും അഞ്ച് ജഡ്ജിമാർ മാത്രം ഉൾപ്പെട്ടതിനാൽ, കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന് കൈമാറി. 2024 ഫെബ്രുവരിയിൽ ഏഴംഗ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
ബെഞ്ചിന് മുന്നിലുണ്ടായിരുന്ന പ്രധാന വിഷയങ്ങൾ
പട്ടികജാതി വർഗ്ഗ ലിസ്റ്റിലുള്ള ചില പ്രത്യേക വിഭാഗങ്ങളെ സംവരണത്തിനുള്ളിൽ കാറ്റഗറി സൃഷ്ടിച്ച് പ്രത്യേക സംവരണത്തിന് പരിഗണിക്കണോ. പ്രസിഡൻഷ്യൽ ലിസ്‌റ്റിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാനോ ഉപ-വർഗ്ഗീകരിക്കാനോ കഴിയുമോ? എന്നീ വിഷയങ്ങളാണ് കോടതിയുടെ പരിഗണനക്ക് വന്നത്
ഇ.വി. ചിന്നയ്യ കേസിൽ, സുപ്രീം കോടതി SC/ ST വ്യക്തിഗത ആപേക്ഷിക പിന്നോക്കാവസ്ഥ കണക്കിലെടുക്കാതെ ഭരണഘടന ഒരേ ആനുകൂല്യങ്ങൾ വിഭാവനം ചെയ്‌തിരിക്കുന്നതിനാൽ പട്ടികജാതിയെ ഏകീകൃത ഗ്രൂപ്പായി പരിഗണിക്കണമെന്ന് വിധിച്ചു. ഇന്ത്യയുടെ രാഷ്ട്രപതിക്കു മാത്രമാണ് പട്ടികജാതി/വർഗ ലിസ്റ്റിൽ ഏതെങ്കിലും ജാതിയെ ഉൾപ്പെടുത്താൻ അധികാരമുള്ളത് .ലിസ്റ്റിൽ ഉൾപ്പെടുത്തപ്പെട്ട ജാതികളെല്ലാവരും സ്വയമേവ ഒരു പട്ടികജാതി - ഒരു പട്ടികവർഗം എന്ന ഏകീകൃതവും ഏകതാനവുമായ ഒരു വർഗ്ഗമായി രൂപീകരിക്കപ്പെടില്ല എന്ന നേർവിപരീതമായ നിലപാടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആഗസ്റ്റ് ഒന്നിലെ വിധിയിൽ കൈക്കൊണ്ടത്.
എസ്.സി., എസ്.ടി. പ്രസിഡൻഷ്യൽ ലിസ്റ്റിനെ ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചത് "നിയമപരമായ കെട്ടുകഥ" എന്നാണ് യഥാർത്ഥത്തിൽ നിലവിലില്ലാത്തതും എന്നാൽ നിയമത്തിൻ്റെ ഉദ്ദേശ്യത്തിനായി നിലനിൽക്കുന്നതുമാണത്. പട്ടികജാതി എന്നത് ഭരണഘടന നിലവിൽ വരുന്നതിന് മുമ്പ് നിലനിന്നിരുന്ന ഒന്നല്ല, പട്ടികയിലുള്ള സമുദായങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് അത് അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നുവെച്ച് പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ "ആന്തരിക വ്യത്യാസങ്ങൾ" ഇല്ലെന്ന് അവകാശപ്പെടാൻ ഈ നിയമ സങ്കൽപ്പം "നീട്ടാൻ" കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.ഭരണഘടനയുടെ ആർട്ടിക്കിൾ 15(4) പട്ടികജാതി വിഭാഗങ്ങളുടെ പുരോഗതിക്കായി "ഏതെങ്കിലും പ്രത്യേക വ്യവസ്ഥകൾ" ഉണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നു. ആർട്ടിക്കിൾ 16(4) സംസ്ഥാനങ്ങൾക്ക് സംസ്ഥാനത്തിൻ്റെ സേവനങ്ങളിൽ വേണ്ടത്ര പ്രാതിനിധ്യം ഇല്ലാത്ത ഏതെങ്കിലും പിന്നാക്ക വിഭാഗക്കാർക്ക് അനുകൂലമായ നിയമനങ്ങളോ തസ്തികകളോ സംവരണം ചെയ്യാനുള്ള" പ്രത്യേക അധികാരം നൽകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
പട്ടികജാതി/വർഗത്തിന് മൊത്തത്തിൽ സംവരണം നൽകിക്കഴിഞ്ഞാൽ, “ഭരണഘടനയാൽ ഇതിനകം അംഗീകരിച്ച ഒരു വിഭാഗത്തെ ഉപ-വർഗ്ഗീകരിക്കാനും സംസ്ഥാനം സൃഷ്‌ടിച്ച ഉപവിഭാഗങ്ങൾക്കിടയിൽ ഇതിനകം സംവരണം ചെയ്ത ക്വാട്ടയുടെ ഒരു ഭാഗം അനുവദിക്കാനും സംസ്ഥാനത്തിന് അനുമതിയില്ല എന്ന 2004-ലെ ചിന്നയ്യ കേസിലെ സുപ്രീം കോടതി വിധിയെ അസ്ഥിരപ്പെടുത്തുന്ന സമീപനമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈക്കൊണ്ടത്.
ഭരണഘടന പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്ന സംസ്ഥാനത്തിന് സാമൂഹിക പിന്നാക്കാവസ്ഥയുടെ വിവിധ തലങ്ങൾ തിരിച്ചറിയാനും സംവരണം പോലുള്ള പ്രത്യേക വ്യവസ്ഥകൾ നൽകാനും സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു വിധിയിലെ ഭൂരിപക്ഷാഭിപ്രായം. ജസ്റ്റിസ് ഗവായിയുടെയും പങ്കജ് മിത്തലിന്റെയും വിധിന്യായങ്ങൾ അതിനുമപ്പുറത്തേക്ക് പോയി. പ്രാചീന ഇന്ത്യയിൽ ജാതിവ്യവസ്ഥയുണ്ടായിരുന്നില്ലെന്നും സംവരണം അരികുവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിന് സഹായിക്കുന്നതല്ലെന്നും സംവരണനയം ജാതിവ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുവാൻ സഹായിക്കുകയാണെന്നും പങ്കജ് മിത്തൽ അദ്ദേഹത്തിൻറെ പ്രത്യേക വിധിയിൽ പറഞ്ഞു. ക്രീമിലെയർ പ്രശ്നവും സംവരണത്തിന്റെ സാംഗത്യവും സംബന്ധിച്ച വാദമുഖങ്ങൾ ഒന്നും കേസിന്റെ വാദത്തിനിടയിൽ ഉയർന്നു വന്നില്ല എന്നത് ശ്രദ്ധേയമാണ്. ഫലപ്രദമായ വാദം നടക്കാത്ത, കക്ഷികൾ ആവശ്യമുന്നയിക്കാത്ത വിഷയങ്ങളിൽ വിധിപ്രസ്താവത്തിലേക്ക് കടക്കുക എന്നത് സാധാരണഗതിയിൽ സംഭവിക്കാത്തതാണ്. എന്നാൽ ഈ കേസിൽ അതാണ് സംഭവിച്ചതെന്ന്‌ചില നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
"അവസര സമത്വം (ആർട്ടിക്കിൾ 16) വ്യത്യസ്ത സമുദായങ്ങളുടെ വ്യത്യസ്ത സാമൂഹിക നിലകൾ പരിഗണിക്കുന്ന താകണമെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. വ്യത്യസ്‌ത നിലയിലുള്ള എസ്.സി. സമുദായങ്ങൾക്ക് ഒരേ അവസരങ്ങൾ നൽകുമ്പോൾ അത് “അസമത്വത്തിൻ്റെ വർദ്ധന മാത്രമേ അർത്ഥമാക്കൂ”. എന്നും അദ്ദേഹം വ്യക്തമാക്കി.
മാനദണ്ഡങ്ങളിലെ സമസ്യ
സംവരണം എന്നത് ജാതീയമായ വിവേചനങ്ങളും അനാചാരങ്ങളും സൃഷ്ടിച്ച സാമൂഹികമായ ബഹിഷ്കൃതാവസ്ഥയും സാമ്പത്തികമായ പിന്നാക്കാവസ്ഥയും പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഭരണഘടനാപരമായ സംരക്ഷണമാണ്. ഏറെ പഴക്കമുള്ള ജാതിവ്യവസ്ഥയുടെ മർദ്ദനരൂപങ്ങൾ മാറുകയും അയയുകയും ചെയ്തിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ തലമുറയിൽ വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം അനുവദിക്കപ്പെട്ടു എന്നതുകൊണ്ട് അത് മാറുന്നതല്ല. സംവരണം എന്ന ഒറ്റമൂലിയിലൂടെ അത് പൂർണമായും തുടച്ചുനീക്കാൻ ആവുമെന്നും തോന്നുന്നില്ല. ജാതിവ്യവസ്ഥയ്ക്കെതിരായ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ നിരന്തര സമരങ്ങളിലൂടെയും ശക്തമായ ഭരണകൂട നടപടികളിലൂടെയുമേ സാമൂഹിക സമത്വം സാധ്യമാകു .
സംവരണമുണ്ടായിട്ടും പൂർണ പ്രാതിനിധ്യം കിട്ടിയോ
സാമൂഹിക ശാക്തീകരണവും തീരുമാനം എടുക്കുന്നതിനുള്ള പങ്കാളിത്തവും വർദ്ധിപ്പിക്കുക എന്നതാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത് .എസ്.സി., എസ്.ടി. സംവരണം ഉണ്ടായിട്ടും ഉയർന്ന സർക്കാർ ജോലികളിൽ അവരുടെ പങ്കാളിത്തം എത്രയുണ്ടെന്ന പരിശോധന കൂടി ആ പട്ടികയിൽ ഒരു ക്രീമിലയർ വിഭജനം സൃഷ്ടിക്കുമ്പോൾ പരിഗണിക്കേണ്ടതുണ്ട്. നിലവിൽ പട്ടികജാതിക്ക് 15 ശതമാനവും പട്ടികവർഗ്ഗത്തിന് 7.5 ശതമാനവും സംവരണമാണ് സർക്കാർ ജോലികളിൽ ഉള്ളത്. 97 ശതമാനം റെഗുലർ സെൻട്രൽ ഗവർമെൻറ് ജീവനക്കാരും നോൺ ഗസറ്റഡ് തസ്തികയിൽ പെട്ടവരാണ്.
2008ലെ കണക്കുകൾ
- ഗ്രൂപ്പ് A ഉദ്യോഗ പങ്കാളിത്തം എസ്.സി. വിഭാഗത്തിന് 12.5% വും എസ്.ടി. പ്രാതിനിധ്യം 4.9% വും
- ബി ഗ്രൂപ്പിൽപ്പെട്ട തൊഴിലുകളിൽ എസ്.സി. പ്രാതിനിധ്യം 14.9% വും എസ്.ടി. പ്രാതിനിധ്യം 5. 7% വും
- സി ഗ്രൂപ്പിൽ എസ്.സി. പ്രാതിനിധ്യം 15 .7% വും എസ്.ടി. പ്രാതിനിധ്യം 7%വും
- ഡി ഗ്രൂപ്പിൽ പെട്ട ജോലികളിൽ എസ്.സി. പ്രാതിനിധ്യം 19.6 % വും എസ്.ടി. പ്രാതിനിധ്യം 6.9%വും
- മൊത്തത്തിൽ എസ്.സി. പ്രാതിനിധ്യം 17.51 % വും എസ് ടി പ്രാതിനിധ്യം 6.8% വും ആണ്.
2011 ലെ തസ്തിക കണക്കുകൾ
- എ ഗ്രൂപ്പിൽ 93853
- ബി ഗ്രൂപ്പിൽ 380044
- സി ഗ്രൂപ്പിൽ 2127752
- ഡി ഗ്രൂപ്പിൽ 4,85629
ഈ വിവരങ്ങൾ പരിശോധിച്ചാൽ ഏറ്റവും കുറഞ്ഞ വേതനവും അധികാരവും ഉള്ള ഡി ഗ്രൂപ്പിൽ മാത്രമാണ് സംവരണ ശതമാനത്തിന് അനുപാതികമായ പ്രാതിനിധ്യം എസ്.സി. വിഭാഗത്തിന് ലഭിച്ചത് . നോൺ ഗസറ്റഡ് തസ്തികകൾ ഉൾപ്പെട്ട സി ഗ്രൂപ്പിൽ പോലും 15.7 ശതമാനം മാത്രമാണ് പ്രാതിനിധ്യം. ഉയർന്ന ഉദ്യോഗങ്ങൾ ഉൾപ്പെട്ട എ ഗ്രൂപ്പിൽ 12.5 ശതമാനം മാത്രമാണ് എസ്.സി. പ്രാതിനിധ്യം. എസ്.ടി. പ്രാതിനിധ്യം 4.9% മാത്രവും. ഉയർന്ന ഉദ്യോഗങ്ങളിൽ സംവരണ ശതമാനത്തിന് തുല്യമായ തോതിൽ പോലും ജോലികൾ എസ്.സി. /എസ്.ടി. വിഭാഗങ്ങൾക്ക് ലഭ്യമായിട്ടില്ല എന്നതാണ് വസ്തുത. സംവരണത്തിനുള്ളിൽ വിഭാഗീയ സംവരണം ഏർപ്പെടുത്തുമ്പോൾ ഉദ്യോഗങ്ങളിലേക്ക് പ്രവേശിക്കാനുള്ള പട്ടികജാതി പട്ടികവർഗ്ഗക്കാരുടെ അവകാശം അപേക്ഷകൻ ഇല്ലാത്ത ഒരു അവസ്ഥയിൽ പരിമിതപ്പെട്ടു പോകും.
ജസ്റ്റിസ് ഗവായിയുടെ നിരീക്ഷണങ്ങളോട് യോജിച്ച്, എസ്.സി., എസ്.ടി. വിഭാഗങ്ങൾക്കിടയിലുള്ള സംവരണം ആദ്യ തലമുറയിൽ പരിമിതപ്പെടുത്തേണ്ടതുണ്ടെന്ന ജസ്റ്റിസ് പങ്കജ് മിത്തലിന്റെ വിധിന്യായത്തിലെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ഉയർന്ന ഉദ്യോഗങ്ങളിലെ പങ്കാളിത്തം കുറയുന്നതിന് സംവരണത്തിനുള്ളിലെ ഉപസംവരണം വഴി ഇടയാകുമെന്ന് കാണാം. ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ അരികുവത്ക്കരണം ഒരു തലമുറക്ക് വിദ്യാഭ്യാസത്തിലോ ജോലിയിലോ സംവരണം ലഭിച്ചാൽ മാറുമെന്നും അവർക്ക് പിന്നീട് സംവരണത്തിന്റെ ആവശ്യമില്ലെന്നുമുള്ള ലളിതവൽക്കരണം സംവരണം സംബന്ധിച്ച ഭരണഘടനാ തത്വങ്ങളോട് പൊരുത്തപ്പെടുന്നതാണോ എന്ന വലിയ ചോദ്യമാണ് സുപ്രീം കോടതി വിധി ഉയർത്തുന്നത്.
സുപ്രീം കോടതി നിർദ്ദേശിച്ച ഉപവർഗീകരണം നടത്തണമെങ്കിൽ തന്നെ ജാതി സെൻസസസ് അനിവാര്യമായി വരുന്ന സാഹചര്യത്തിൽ ഇതിനോട് സംസ്ഥാന - കേന്ദ്ര സർക്കാറുകൾ എങ്ങിനെ പ്രതികരിക്കുമെന്നതും കണ്ടറിയേണ്ടതാണ്.ഇന്ദ്ര സാഹ്നിയും ഇന്ത്യൻ യൂണിയനും തമ്മിലുണ്ടായ കേസിൻ്റെ വിധിയിൽ 9 അംഗ ഭരണഘടന ബെഞ്ച് (ഇപ്പോഴത്തേ വിധി 7 അംഗ ഭരണഘടന ബെഞ്ചിൻ്റേതാണ് ) ക്രീമിലെയർ OBC സംവരണ കാര്യത്തിൽ മാത്രമേ ബാധകമാകൂ എന്നും എസ്.സി./ എസ്.ടി. വിഭാഗങ്ങൾക്ക് സാമൂഹ്യ പിന്നാക്കാവസ്ഥ വ്യക്തിതലത്തിലുള്ള അഭ്യുന്നതികൊണ്ട് മറികടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എസ്.സി./ എസ്.ടി. വിഭാഗങ്ങളിൽ ക്രീമിലെയർ വിഭജനം വേണ്ടെന്ന ആ വിധി നിലനിൽക്കെ അതിലും കുറഞ്ഞ അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബെഞ്ച് ക്രിമിലെയർ വിഭജനം വേണമെന്ന് വിധിച്ചത് ഭാവിയിൽ കൂടുതൽ നിയമ പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കും.
(റിട്ട. അധ്യാപകനും സാമൂഹികപ്രവർത്തകനുമാണ് ലേഖകൻ)
Content Highlights: supreme court sc st reservation verdict analysis
Published: 17 Aug 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented