
ജാമ്യത്തിലിറങ്ങുന്ന പ്രതി എവിടെയെല്ലാം പോകുന്നുവെന്നറിയാന്‍ ഗൂഗിള്‍ പിന്‍ ലൊക്കേഷന്‍, അന്വേഷണ ഉദ്യോഗസ്ഥനുമായി പങ്കുവെക്കണമെന്ന നിബന്ധനവെക്കാനാവില്ലെന്ന ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിധി വ്യക്തിസ്വകാര്യതയെ ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രപരമായ ഒന്നാണ്. ഒരവലോകനം
സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ 2017-ലെ വിഖ്യാതമായ പുട്ടസ്വാമിവിധി ചരിത്രമായിരുന്നു. അതൊരു പുതുചരിത്രത്തിന്റെ തുടക്കമായിരുന്നു എന്ന് സുപ്രീം കോടതിയുടെ പിന്നീടുള്ള വിധികള്‍ പരിശോധിച്ചാല്‍ നിസ്സംശയം പറയാം. പുട്ടസ്വാമി വിധിയുടെ ചുവടുപിടിച്ച് സുപ്രീംകോടതി ക്രമേണ ചിട്ടപ്പെടുത്തി ബൃഹത്താക്കിക്കൊണ്ടിരിക്കുന്ന ഒരു നിയമപ്രമാണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഫ്രാങ്ക് വെയിറ്റസ് (Frank Vitus ) കേസിലെ സുപ്രീംകോടതിയുടെ ഉത്തരവ്.
കുറ്റംചെയ്തതായി ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ജാമ്യമനുവദിക്കുമ്പോള്‍, അയാളുടെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ടോ? ജാമ്യം അനുവദിക്കപ്പെടുമ്പോള്‍ എന്ത് ഉപാധിയും നിര്‍ദേശിക്കാന്‍ കഴിയുമോ? ജാമ്യം അനുവദിക്കപ്പെടുന്ന വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങളെല്ലാം ഇത്തരം ഉപാധികള്‍വഴി നിരസിക്കാന്‍ കഴിയുമോ? കഠിനമായ ഉപാധികള്‍വഴി, ജാമ്യം അനുവദിക്കുന്നതിന്റെ ലക്ഷ്യംതന്നെ ഇല്ലാതാക്കാന്‍ കഴിയുമോ? ഇത്തരത്തില്‍ വ്യക്തിസ്വാതന്ത്ര്യവും ക്രിമിനല്‍നിയമവും സ്വകാര്യതയും സംബന്ധിച്ച ഒട്ടേറെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരംനല്‍കുന്ന മേല്‍പ്പറഞ്ഞ ഉത്തരവിന് ആധാരം മയക്കുമരുന്നുകേസില്‍ പ്രതിയായ വിദേശിയായ വ്യക്തിക്ക്, തന്റെ ഗൂഗിള്‍ പിന്‍ ലൊക്കേഷന്‍ അന്വേഷണോദ്യോഗസ്ഥന് പങ്കുവെക്കേണ്ടതുണ്ട് എന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവാണ്.
സ്വകാര്യതയും ഇരുപത്തൊന്നാം വകുപ്പും
ജീവിക്കാനുള്ള അവകാശം എന്നത് വെറും ഭരണഘടനാദത്തമായ അവകാശമല്ല എന്നും ഭരണഘടന അത് ഉറപ്പുവരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും 21-ാം അനുച്ഛേദം സൂചിപ്പിക്കുന്നു. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം എന്ന ശീര്‍ഷകത്തോടെ തുടങ്ങുന്ന 21-ാം അനുച്ഛേദം പറയുന്നത്, നിയമപ്രകാരം നീതിപൂര്‍വമായി നിര്‍മിച്ചെടുത്ത നടപടിക്രമങ്ങളിലൂടെയല്ലാതെ ഒരു വ്യക്തിയുടെയും ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കാന്‍ പാടില്ല എന്നാണ്. പുട്ടസ്വാമിക്കേസിലെ ഒന്‍പതംഗ ഭരണഘടനാബെഞ്ചിന്റെ വിധി സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ തായ്വേര് കണ്ടെത്തിയത് ഈ 21-ാം അനുച്ഛേദത്തിലാണ്.
ഒരു ക്രിമിനല്‍ക്കേസിലെ കുറ്റാരോപിതനെ അറസ്റ്റുചെയ്യുകയെന്നതും തടവിലാക്കുകയെന്നതും ജാമ്യമനുവദിക്കുകയെന്നതുമൊക്കെ 21-ാം അനുച്ഛേദം വിഭാവനംചെയ്യുന്ന നടപടിക്രമങ്ങളുടെ തണലിലാകുമ്പോള്‍, സ്വാഭാവികമായും നടപടിക്രമങ്ങള്‍ക്ക് സ്വകാര്യത എന്ന അവകാശസംരക്ഷണത്തിന്റെ മാനവും കൈവരുന്നു ഇതിന്റെ വെളിച്ചത്തില്‍വേണം സുപ്രീംകോടതിയുടെ ഒരു ചെറിയ ഉത്തരവിലൂടെയുള്ള വലിയ ഇടപെടലിനെ വിലയിരുത്തേണ്ടത്.
ഒളിഞ്ഞുനോട്ടം അനുവദനീയമല്ല
കേസിലെ പ്രതിയായ വിദേശപൗരന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കുറ്റാരോപിതന്‍ എപ്പോഴും എവിടെയാണെന്ന് കൃത്യമായി ഗൂഗിള്‍ മാപ്പുവഴി മനസ്സിലാക്കാന്‍ അന്വേഷണോദ്യോഗസ്ഥനെ പ്രാപ്തനാക്കിയിരുന്നു. നിലനിന്നിരുന്ന ക്രിമിനല്‍ നടപടിക്രമത്തിലെ 473 (3) വകുപ്പുപ്രകാരം ജാമ്യംകൊടുക്കുമ്പോള്‍, 'നീതിയുടെ താത്പര്യം സംരക്ഷിക്കാനായി-അധിക നിബന്ധനകള്‍ ചുമത്താന്‍ കോടതിക്ക് അധികാരം നല്‍കുന്നുണ്ട്. അങ്ങനെയുള്ള നീതിയുടെ താത്പര്യം എന്ന സംജ്ഞയ്ക്ക് വിശാലമായ മാനങ്ങള്‍ കൊടുക്കേണ്ടതില്ലെന്നും വിശാലമായ 'നല്ല നീതിയുടെ നീതിനിര്‍വഹണം' വിചാരണനടപടികള്‍ പൂര്‍ത്തിയാക്കുക' എന്ന അര്‍ഥങ്ങള്‍മാത്രം വായിക്കേണ്ടതാണെന്നും സുപ്രീംകോടതി പറയുകയുണ്ടായി. അങ്ങനെ ഭരണഘടനപരമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന അവകാശങ്ങളിലേക്ക്, നീതിനടപ്പാക്കുന്നതിനായി ഏറ്റവും പരിമിതമായ രീതിയിലുള്ള ഇടപെടലാണ് വേണ്ടതെങ്കില്‍ ഒരു വ്യക്തി എവിടെയാണെന്ന് നിരന്തരമായി അറിയേണ്ടത് എന്തിനാണ്?
ശിക്ഷിക്കപ്പെട്ട് തടവനുഭവിക്കുന്ന വ്യക്തിക്കുപോലും ഭരണഘടനാപരമായ പല അവകാശങ്ങളും ലഭ്യമാണ്. നിയമത്തിനുമുമ്പില്‍ കുറ്റം തെളിയിക്കുന്നതുവരെ നിരപരാധി എന്ന പരിഗണനയ്ക്ക് വിരുദ്ധമാകും സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള നിരന്തരനിരീക്ഷണത്തിന് വ്യക്തിയെ നിര്‍ബന്ധിക്കുന്ന ലൊക്കേഷന്‍ പങ്കുവെക്കല്‍ നിര്‍ദേശം എന്ന സുപ്രീം കോടതിയുടെ കണ്ടെത്തല്‍ തികച്ചും മനുഷ്യത്വപരമാണ്.
ഇതേ കേസില്‍ത്തന്നെ പ്രതി വിദേശപൗരനായതിനാല്‍ രാജ്യം വിട്ടുപോകില്ല എന്ന് മാതൃരാജ്യത്തിന്റെ ഇന്ത്യയിലെ ഹൈകമ്മിഷനില്‍നിന്ന് പ്രതി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന ജാമ്യനിബന്ധനയും സുപ്രീം കോടതി എടുത്തുകളഞ്ഞു.
ഉത്കണ്ഠയുണര്‍ത്തുന്ന പൊതുബോധം
പുരോഗമനാത്മകമായ കോടതിവിധികള്‍ നിരന്തരമായി വരുമ്പോഴും ഗൗരവമെന്ന് പൊതുവേ വിലയിരുത്തുന്ന കേസുകളിലെ കുറ്റാരോപിതന്‍ കുറ്റം തെളിയിക്കുന്നതിനുമുന്‍പേ ജയിലിലേക്ക് പോകണമെന്ന വ്യാപകമായ പൊതുബോധം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.
ജില്ലാ ജുഡീഷ്യല്‍ സംവിധാനത്തില്‍ ന്യായാധിപര്‍ക്കിടയില്‍ വ്യാപകമായും ജാമ്യമനുവദിക്കുന്നതിന് വിമുഖതയും ഭയവും ഉണ്ടാകുന്നത് ആശങ്കാജനകമാണെന്ന് പ്രയാഗ്രാജില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍നടന്ന ഒരു പൊതുപരിപാടിയിലും മാര്‍ച്ചില്‍ നടന്ന അഖിലേന്ത്യാ ഡിസ്ട്രിക്ട് ജഡ്ജസ് കോണ്‍ഫറന്‍സിലും ഇന്ത്യയുടെ മുഖ്യന്യായാധിപനായ ജസ്റ്റിസ് ചന്ദ്രചൂഡിനുതന്നെ പറയേണ്ടിവന്നത് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സുപ്രീം കോടതിയുടെ ഫ്രാങ്ക് വെയിറ്റസ് കേസിലെ വിധി ഹൈക്കോടതികള്‍ക്കും കീഴ്ക്കോടതികള്‍ക്കും സമൂഹത്തിനും ഒരു വലിയ സന്ദേശംനല്‍കുന്നുണ്ട്.
(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകന്‍)
Content Highlights: supreme court upheld importance of article 21 the right to privacy
Published: 10 Jul 2024, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented