രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം ഒരുപാട് മാറിയെന്നും എല്ലാ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി പോരാടുന്ന സ്ഥിതി വിശേഷമാണുള്ളതെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാഗ്സസെ അവാര്‍ഡ് ജോതാവുമായ പി. സായ്‌നാഥ്. രാജ്യത്തിന്റെ എല്ലായിടത്തും തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികളെല്ലാം തന്നെ ബിജെപിയെ സഹായിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഇത്ര മോശമായി പ്രവര്‍ത്തിച്ച ഇലക്ഷന്‍ കമ്മീഷന്‍ അടുത്തകാലത്തുണ്ടായിട്ടില്ലെന്നും ഏറ്റവുമധികം ദുര്‍ബലമാക്കപ്പെട്ട കേന്ദ്രഏജന്‍സികളൊന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്നും പി. സായ്‌നാഥ് പറഞ്ഞു. മാതൃഭൂമി ഡോട്ടകോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസ്സമിലെയും പശ്ചിമബംഗാളിലെയും ആദ്യ ഘട്ട പോളിങ് കഴിഞ്ഞു. ഇനി കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിങ്ങ് വരാനിരിക്കുകയാണ്. ദേശീയതലത്തില്‍ തന്നെ ഗ്രാമീണരുടെ മനസ്സറിഞ്ഞ വ്യക്തിയെന്ന നിലയിൽ ജനം ആര്‍ക്കനുകൂലമായി നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്തേതു പോലെ ബിജെപി തരംഗം തിരഞ്ഞെടുപ്പു നടക്കുന്നയിടങ്ങളില്‍ അങ്ങ് കാണുന്നുണ്ടോ.

ഞാന്‍ ഒരു ജ്യോതിഷിയല്ല. അതിനൽ തന്നെ ഒന്നും പ്രവചിക്കാനില്ല. വളരെ നാളായി പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് കവര്‍ ചെയ്യാത്തുകൊണ്ട് തന്നെ പശ്ചിമ ബംഗാളിലെ അവസ്ഥ എനിക്ക് കൃത്യമായി അറിയില്ല. പിന്നെ മാധ്യമങ്ങളില്‍ വരുന്ന പലതും ഇപ്പോള്‍ വിശ്വസിക്കാന്‍ പറ്റാത്തതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ എന്ത് പറയുന്നു എന്ന് നോക്കി നമുക്ക് ജയസാധ്യത പറയാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടുകളാണ് കോര്‍പ്പറേറ്റ് മീഡിയകളില്‍ പലരും ഇപ്പോൾ പുലര്‍ത്തുന്നത്.

പക്ഷെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും സാഹചര്യം കുറച്ച് കൂടി എളുപ്പത്തില്‍ തന്നെ പ്രവചിക്കാനാവും. ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിക്ക് ഭൂരിഭാഗം ഇടങ്ങളിലും കെട്ടിവെച്ച കാശ് തന്നെ നഷ്ടമാകും. കേരളത്തിൽ രണ്ട് സീററുകളിലധികം ബിജെപിയുടെ ജയസാധ്യത കാണുന്നില്ല. തമിഴ്‌നാട്ടില്‍ ഒരുപാടിടങ്ങളില്‍ മത്സരിക്കുന്നുണ്ടെങ്കിലും അവിടെയൊക്കെ ഭീകരമായ രീതിയില്‍ തോല്‍വി ബിജെപിക്ക് ഏറ്റുവാങ്ങേണ്ടി വരും. ഡിഎംകെ സഖ്യം വലിയ വിജയം തന്നെ ഇത്തവണ നേടുമെന്നാണ് ഞാന്‍ കരുതുന്നത്. പുതുച്ചേരിയിലെ സ്ഥിതി കുറച്ചു കൂടി സവിശേഷമായതാണ്. തമിഴ്‌നാടിലേതു പോലെയുള്ള പ്രതിഫലനമാവില്ല അവിടെ. പ്രത്യേകതരം കൂട്ടുകെട്ടുകളാണ് അവിടെ പ്രവര്‍ത്തിക്കുന്നത്.

അസ്സമില്‍ ബിജെപി തന്നെയായിരിക്കും വിജയിക്കുക. അവിടെ ബിജെപി വിരുദ്ധ സഖ്യം നല്ല മികച്ച സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ബിജെപിക്ക് അവിടെ കഴിഞ്ഞ തവണത്തേത് പോലെ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല എന്നാണ് ഞാന്‍ കരുതുന്നത്. 

പെട്രോള്‍ ഡീസല്‍ വില വര്‍ധന, ലോക്കഡൗണ്‍ കാലത്തെ കുടിയേറ്റ തൊഴിലാളി വിരുദ്ധ നിലപാട്, കര്‍ഷക പ്രക്ഷോഭം പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്ന- വിറ്റഴിക്കുന്ന നയം എന്നിവ ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് കരുതണമോ..

രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സ്വഭാവം മാറി എന്നാണ് ഞാന്‍ കരുതുന്നത്. പശ്ചിമ ബംഗാളില്‍ കടുത്ത പോരാട്ടമുണ്ടെങ്കിലും തൃണമൂലിന്റെ തുടര്‍ഭരണമുണ്ടാകുമെന്നാണ് കരുതുന്നത്. ഇലക്ഷനിലെ ജയപരാജയത്തെ നിര്‍ണ്ണയിക്കുന്ന പല ഘടകങ്ങളും ഇപ്പോള്‍ മാറി. ഒന്ന്, അനിയന്ത്രിതമായ ഇലക്ഷന്‍ ഫണ്ടിങ് എന്നത് ഇപ്പോള്‍ നിയമപരമാക്കിയിരിക്കുകയാണ്. ഇലക്ടറല്‍ ബോണ്ടുകളുടെ കാര്യത്തില്‍ വളരെ നിഗൂഢ സ്വഭാവമാണ് കൈവന്നിരിക്കുന്നത്. ഇലക്ഷനില്‍ ഇലക്ടറല്‍ ബോണ്ടിന്റെ 80 ശതമാനവും പോയിരിക്കുന്നത് ഒരു പാര്‍ട്ടിയിലേക്കാണ്.  ഇത് രാജ്യത്തിന്റെ മുഴുവന്‍ തിരഞ്ഞെടുപ്പ് സ്വഭവത്തെയും മാറ്റി മറിച്ചിരിക്കുകയാണ്. 

രണ്ട്, ബംഗാളില്‍ തന്നെ വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തില്‍ നിന്ന് ജാതി മത അടിസ്ഥാനത്തിലുള്ള ധ്രുവീകരണത്തിലേക്ക് തിരഞ്ഞെടുപ്പ് ചിത്രം മാറിയിരിക്കുകയാണ്. 1980 മുതലുള്ള എല്ലാ ലോക്‌സഭാ ഇലക്ഷനുകളും ഡസന്‍ കണക്കിന് നിയമസഭാ തിരഞ്ഞെടുപ്പുകളും ഞാന്‍ കവര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ തമാശക്ക് വകയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. 1971ല്‍ അറിയപ്പെടാത്ത ഒരു ട്രേഡ് യൂണിയന്‍ നേതാവ് തോല്‍പിച്ചത് നവാല്‍ ടാറ്റയെപ്പോലൊരാളെയാണ്. ഒരു ലക്ഷം വോട്ടുകള്‍ക്കടുത്ത്. അതും സൗത്ത് മുംബൈയില്‍.

ഇന്നിപ്പോള്‍ കോര്‍പറേറ്റ് ശക്തികളാണ് തിരഞ്ഞെടുപ്പ് രംഗത്ത്. ഇലക്ഷനിലെ ഇത്തരം രസകരമായ സംഭവങ്ങള്‍ അതോടെ അവസാനിച്ചു. പെയ്ഡ് ന്യൂസ് സ്റ്റോറി ഞാനായിരുന്നു ബ്രേക്ക് ചെയ്തത്. കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാര്‍ക്കെതിരെയായിരുന്നു അന്ന് ഞാന്‍  പെയ്ഡ് ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ അതിലും പരിതാപകരമായി ഇപ്പോഴത്തെ അവസ്ഥ. അഴിമതിയും കൂടുതല്‍ ശക്തമായി. നേരത്തെ പറഞ്ഞ പോലെ ജാതി മത സമവാക്യങ്ങളാണ് വര്‍ഗ്ഗ രാഷ്ട്രീയത്തേക്കാള്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ ഘടകമാവുന്നത്. 

കേരളത്തിലും ശബരിമലയിലൂടെ ആ തിരഞ്ഞെടുപ്പ് ഷിഫ്റ്റ് കാണാമല്ലോ.

കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. ശബരിമല വിഷയം തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയില്ലല്ലോ.

പക്ഷെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രതിഫലിച്ചിരുന്നല്ലോ, യുപിഎ തരംഗത്തിന്റയും രാഹുല്‍ ഘടകത്തിന്റെയും സ്വാധീനമുണ്ടെങ്കിൽ പോലും

അത് രാഹുല്‍ ഗാന്ധി ട്രന്‍ഡുകൊണ്ടാണ്. ഞാന്‍ പറഞ്ഞുവരുന്നത് എല്ലാ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി പോരാടുന്ന സ്ഥിതി വിശേഷമാണുള്ളത്. ഡിഎംകെയുടെ പ്രമുഖ നേതാക്കള്‍ക്ക് ആദായ നികുതി റെയ്ഡ് നേരിടേണ്ടി വന്നു. ഇഡിക്കെതിരേ സംസ്ഥാന സർക്കാരിന് കോടതിയെ സമീപിക്കേണ്ടി വന്നു. ബംഗാളില്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരേ റെയ്ഡ് ഉണ്ട്. പക്ഷെ ശാരദാ അഴിമതിക്കേസിലുള്‍പ്പെട്ട് ബിജെപിയിലേക്ക് പോയ പ്രധാനപ്പെട്ട തൃണമൂൽ നേതാക്കള്‍ക്കൊന്നും റെയ്‌ഡോ അന്വേഷണമോ നേരിടേണ്ടി വന്നിട്ടില്ല. ബിജെപിയിലെത്തിയ ഏറ്റവും അഴിമതിക്കറപുരണ്ടവര്‍ക്ക് എല്ലാ സംരക്ഷണവും ലഭിക്കുകയാണ്. രാജ്യത്തിന്റെ എല്ലായിടത്തും തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും എല്ലാ കേന്ദ്ര ഏജന്‍സികളും കേന്ദ്രസര്‍ക്കാരിന്റെ കാമ്പയിനായി ബിജെപിയെ സഹായിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ ആകര്‍ഷകത്വം വളരെയധികം കുറഞ്ഞു. ഇത്ര മോശമായി പ്രവര്‍ത്തിച്ച ഇലക്ഷന്‍ കമ്മീഷന്‍ അടുത്തകാലത്തുണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഏറ്റവുമധികം ദുര്‍ബലമാക്കപ്പെട്ട കേന്ദ്രഏജന്‍സികളൊന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനിപ്പോള്‍. ലാവലിന്‍ കേസ് കേരളത്തില്‍ പോളിങ് നടക്കുന്ന ഏപ്രില്‍ ആറിനെടുത്തത് ഇതോടൊപ്പം ചേര്‍ത്തു പറയേണ്ടതാണ്.  

ഒരു പാര്‍ട്ടിക്കായി എല്ലാ കേന്ദ്രസർക്കാർ സംവിധാനങ്ങളും ഏജന്‍സികളും പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പരിസരം മാറി എന്ന് ഞാന്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് പരിസരം മാത്രമല്ല തിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ രൂപീകരണ വേളയിലും സാമനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കല്ലെ പല സംസ്ഥാനങ്ങളും സാക്ഷ്യം വഹിക്കുന്നത്. 

അതെ, തിരഞ്ഞെടുപ്പില്‍ തോറ്റശേഷം പാര്‍ട്ടികള്‍ ഭരണത്തിലേറുന്നത് നമ്മള്‍ പല സംസ്ഥാനങ്ങളിലും കണ്ടു. ഭൂരിപക്ഷം കിട്ടാതെ കര്‍ണാടകയില്‍ അവര്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു. ബിജെപിക്ക് കോണ്‍ഗ്രസ്സിനേക്കാള്‍ കുറച്ച് സീറ്റാണ് ഗോവയില്‍ ലഭിച്ചത്. എന്നാല്‍ ഗോവയില്‍ ബിജെപി അവരുടെ സഖ്യത്തിനെ തന്നെ വിഭജിച്ച് ഭരണത്തിലേറി. സ്വന്തം സഖ്യത്തിലുള്ള എംജെപിയെ തന്നെ വിഭജിച്ച് അധികാരം ഉറപ്പിക്കുകായയിരുന്നു. മധ്യപ്രദേശില്‍ ബിജെപി സഖ്യം തോറ്റെങ്കിലും ജ്യോതിരാധിത്യ സിന്ധ്യയെ ഉപയോഗിച്ച് അവര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു. തോറ്റാലും ഭരണം നേടാമെന്നത് ഇന്നിപ്പോ ഓരോ സംസ്ഥാനത്തും കാണാന്‍ കഴിയുന്ന കാര്യമായി മാറി.

ജനം തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കുന്നതും കടത്തി കൊണ്ടു പോകുന്നതും റിസോര്‍ട്ടില്‍ താമസിക്കുന്നതുമെല്ലാം പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ കാഴ്ചയായി മാറി. എവിടുന്നാണ് രാഷ്ട്രീയപാർട്ടികൾക്കിത്ര മാത്രം പണമെന്നത് പലപ്പോഴും തിരഞ്ഞെടുപ്പുകളില്‍ വലിയ വിഷയമാകുന്നില്ല എന്ന്  കരുതുന്നുണ്ടോ.

ഉറവിടം വെളിപ്പെടുത്താതെ ഇലക്റൽ ബോണ്ടിലേക്ക് എത്ര സംഭാവന വരെ ചെയ്യാമെന്ന തരത്തിൽ നിയമം വരെ കേന്ദ്രസർക്കാർ മാറ്റിയിരിക്കുകയല്ലേ. സുപ്രീം കോടതി ഈ വിഷയത്തില്‍ ഒരു സ്റ്റേ പോലും നല്‍കിയിട്ടില്ല. അത് ദൗര്‍ഭാഗ്യകരമാണ്. എവിടുന്നാണ് ഇവര്‍ക്കിത്ര പണം കിട്ടുന്നതെന്നത് വ്യക്തമല്ലേ. ശക്തരായ ബിസ്സിനസ്സുകാരില്‍ നിന്ന് കോര്‍പറേറ്റുകളില്‍ നിന്നുമാണ് അത് ലഭിക്കുന്നത്. അതിനെ നിയമപരമാക്കാന്‍ പുതിയ നിയമ നിര്‍മ്മാണം വരെ അവര്‍ നടത്തി. അജ്ഞാതനായി നിലനിന്നു കൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാമെന്നാണിപ്പോൾ. അതുകൊണ്ട് തന്നെ അട്ടിമറി എന്നത് പലസംസ്ഥാനങ്ങളിലും അസംഭവ്യമായ കാര്യമല്ലിപ്പോൾ.

തുടരും

content highlights: P Sainath on Indian Politics, details about the current election trend