ന്യൂഡൽഹി: യു.പി.ഐ. ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. വ്യാപാര ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ.) ഈടാക്കാൻ അനുമതി നൽകിയതിലൂടെ ഡിജിറ്റൽ ഇടപാടുകൾക്കുമേൽ ഫീസ് ചുമത്താനുള്ള വാതിൽ തുറക്കുകയാണെന്ന് രാഹുൽ വിമർശിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേന്ദ്രനീക്കത്തിനെതിരേ വിമർശനമുയർത്തിയിട്ടുണ്ട്.

To advertise here,

2,000 രൂപവരെയുള്ള യു.പി.ഐ. ഇടപാടുകൾക്ക് ബാങ്കുകളോ സിസ്റ്റം പ്രൊവൈഡർമാരോ ഒരുവിധ ഫീസും ഈടാക്കാൻ പാടില്ലെന്ന് ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ഇത് ആകെ ഇടപാടുകളുടെ 96 ശതമാനത്തെയും ബാധിക്കില്ലെങ്കിലും 2,000 രൂപയ്ക്ക് മുകളിലുള്ള ബാക്കി അഞ്ചുശതമാനം ഇടപാടുകൾ മൊത്തം ഇടപാട് മൂല്യത്തിന്റെ 65 ശതമാനത്തോളം വരും. ഉപഭോക്താക്കളിൽനിന്ന് നേരിട്ട് തുക ഈടാക്കില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും, വ്യാപാരികളിൽനിന്ന് ഈടാക്കുന്ന ഈ തുക ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും വില വർധിപ്പിച്ച് ഉപഭോക്താക്കളുടെ തലയിൽതന്നെ കെട്ടിവയ്ക്കുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

അമേരിക്കൻ പെയ്‌മെന്റ് കമ്പനികളുടെ സമ്മർദത്തിന് വഴങ്ങിയാണ് കേന്ദ്രസർക്കാർ സീറോ എം.ഡി.ആർ. നയത്തിൽ മാറ്റംവരുത്തുന്നതെന്നും രാഹുൽ പറഞ്ഞു. മുൻപ് യു.എസ്. ട്രേഡ് ഡീലിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ പ്രധാനമന്ത്രി വീണ്ടും വിദേശ സമ്മർദത്തിന് കീഴടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റംകൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ഡിജിറ്റൽ പെയ്മെന്റ് ടാക്‌സ് വഴി ജനങ്ങളുടെ സമ്പാദ്യം കൊള്ളയടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെയും വിമർശിച്ചു.