ചരിത്രമായ എറിൻ, മാതൃകയാക്കാവുന്ന എറിൻസ് ലോ | വിലക്കണോ ലൈം​ഗിക വിദ്യാഭ്യാസം- ഭാ​ഗം 4


വീണ ചിറക്കൽ(veenacr@mpp.co.in)

എറിൻ മെറിൻ

മികച്ച മാർക്കോടെ എസ്.എസ്.എൽ.സി. ജയിച്ചവൾ. ആ സമയത്താണ് അടുത്ത ബന്ധുവിന്റെ നിർബന്ധത്തിനു വഴങ്ങി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ആർത്തവം വൈകി. എന്താണു പ്രശ്‌നമെന്നു കുട്ടിക്കു മനസ്സിലായതേയില്ല. തൈറോയ്ഡ്-അയേൺ ഗുളികകൾ നൽകിയിട്ടും ആർത്തവം സംഭവിച്ചില്ല. തുടർന്നായിരുന്നു സ്‌കാനിങ്. അപ്പോഴേക്കും 28 ആഴ്ച്ചകൾ പിന്നിട്ടിരുന്നു. മൂന്നു തവണ ഡോക്ടറെ കണ്ടിട്ടും ആ കുട്ടിക്ക് അറിയില്ലായിരുന്നു താൻ ഗർഭിണിയാണെന്ന്.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത മൂലം കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ വ്യക്തമാക്കുന്ന ഒരനുഭവം പങ്കുവെക്കുകയാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ മുൻഅംഗം ജെ.സന്ധ്യ. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം ആൺകുട്ടികളും നേരിടുന്നുണ്ടെന്നും അവർ പറയുന്നു. സ്‌കൂളുകളിൽ ഈ വിഷയം പഠിപ്പിക്കേണ്ട കാര്യത്തിൽ ചർച്ചയുടെ പോലും ആവശ്യമില്ല. ഇല്ലെങ്കിൽ കുട്ടികളോടു ചെയ്യുന്ന കൊടിയ ക്രൂരതയായിരിക്കും. ഇക്കാര്യത്തിൽ അനുകൂല നിലപാടുള്ള സർക്കാർ സമയബന്ധിതമായി നടപ്പാക്കുമെന്ന പ്രത്യാശയും അവർ പങ്കുവെക്കുന്നു.

വിദ്യാർഥികൾ ലൈംഗികാതിക്രമം നേരിടാതിരിക്കാനുള്ള ഒരു പദ്ധതി സ്‌കൂൾ സിലബസിന്റെ ഭാഗമാക്കണമെന്ന് ഹൈക്കോടതി ഉത്തരവും പുറത്തുവന്നിരുന്നു. അതിൽ കരിക്കുലത്തിൽ മാതൃകയാക്കാവുന്ന എറിൻസ് നിയമത്തെക്കുറിച്ചു പറയുന്നുണ്ട്. ലൈംഗികാതിക്രമം തടയാൻ 2011-ൽ അമേരിക്കയിലെ ഇലിനോയ് സംസ്ഥാനം പാസാക്കിയ നിയമമാണിത്. അമേരിക്കയിലെ ലൈംഗിക വിദ്യാഭ്യാസത്തിൽ എറിൻസ് ലോ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല.

എന്താണ് എറിൻസ് നിയമം?

ചിക്കാ​ഗോ സ്വദേശിയായ എറിൻ മെറിൻ എന്ന പെൺകുട്ടിയുടെ പേരിലുള്ള നിയമമാണിത്. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ലൈംഗികാതിക്രമ ഇരകൾ, അവരുടെ കുടുംബങ്ങൾ തുടങ്ങിയവർക്ക് അവബോധം നൽകുകയും സഹായിക്കുകയുമാണു നിയമത്തിന്റെ ലക്ഷ്യം. പ്രീ-കിന്റർഗാർട്ടൻ മുതൽ പന്ത്രണ്ടാം ക്ലാസുവരെ അനുയോജ്യമായ ലൈംഗിക ബോധവത്കരണ പരിപാടിയാണ് ഇതിലൂടെ നടപ്പാക്കുന്നത്. അമേരിക്കയിലെ 37 സംസ്ഥാനങ്ങൾ ഇതു പ്രാവർത്തികമാക്കി. അധ്യാപകർ, കൗൺസിലർമാർ, സോഷ്യൽ വർക്കർമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരടങ്ങിയ സമിതിയാണ് വിഷയം പഠിപ്പിക്കുക.

ചരിത്രമായ എറിൻ

എറിൻ മെറിൻ

കുട്ടിക്കാലത്തു ലൈംഗികാതിക്രമത്തെ അതിജീവിച്ച എറിൻ പിൽക്കാലത്ത് എഴുത്തുകാരിയും ആക്റ്റിവിസ്റ്റും ആയി. എറിൻസ് ലോയുടെ സ്ഥാപകയും പ്രസിഡന്റുമാണ്. ആറുമുതൽ എട്ടുവയസ്സുവരെയുള്ള കാലത്താണ് എറിൻ അയൽവാസിയാൽ പീഡിപ്പിക്കപ്പെട്ടത്. വിവരം ആരോടും പറയരുതെന്ന ഭീഷണിയും ഉണ്ടായി. കുടുംബത്തോടെ വീടു മാറിയപ്പോൾ അതിക്രമം അവസാനിച്ചെന്നു കരുതിയെങ്കിലും അർധസഹോദരനാൽ വീണ്ടും ലൈംഗികാതിക്രമത്തിന് ഇരയായി. ഏതാണ്ടു പതിനൊന്ന് മുതൽ പതിമൂന്നു വയസ്സുവരെ. അയാളും സമാനമായി ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം എറിൻ ഡയറിയിൽ പങ്കുവെച്ചിരുന്നു. പിന്നീടത് അപഹരിക്കപ്പെട്ട നിഷ്‌കളങ്കത(സ്റ്റോഷൻ ഇന്നസൻസ്) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ലൈംഗികാതിക്രമങ്ങൾ തടയാൻ കരിക്കുലത്തിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എറിൻ പ്രചാരം നൽകിക്കൊണ്ടിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും പൊതുപരിപാടികളിലും എറിൻ നിറഞ്ഞുനിന്നു. ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കുന്ന നിയമത്തിനായുള്ള പ്രവർത്തനങ്ങളും എറിൻ ആരംഭിച്ചു. പിൽക്കാലത്ത് അത് നടപ്പാവുകയും ചെയ്തു.

Also Read
Series

ഗുഡ്,ബാഡ് ടച്ച് തിരിച്ചറിവുകൾ മാത്രം മതിയോ ...

Series

പത്തിലെത്തിയിട്ടും ഇതൊന്നും പഠിപ്പിച്ചിട്ടില്ല ...

Series

പ്രായത്തിനിണങ്ങാത്ത കാര്യമല്ല ലൈംഗിക വിദ്യാഭ്യാസം ...

ബ്രിട്ടനിൽ ഇങ്ങനെ

റിലേഷൻഷിപ്പ് ആൻഡ് സെക്‌സ് എജ്യുക്കേഷൻ(ആർ.എസ്.ഇ.) എന്ന പേരിലാണ് ബ്രിട്ടനിൽ ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളിൽ നിർബന്ധിതമാക്കിയത്. സെക്ഷ്വാലിറ്റിയെക്കുറിച്ചും സെക്ഷ്വൽ ഹെൽത്തിനെക്കുറിച്ചും ബന്ധങ്ങളുടെ സാമൂഹിക, വൈകാരിക, ശാരീരിക വശങ്ങളെക്കുറിച്ചുമാണു പഠിപ്പിക്കുന്നത്. സെക്‌സ് ആൻഡ് റിലേഷൻഷിപ് എജ്യുക്കേഷൻ എന്നായിരുന്നു ആദ്യം പദ്ധതിയുടെ പേര്. 2020 മുതലാണ് യു.കെയിലെ സെക്കൻഡറി സ്‌കൂളുകളിൽ(11-16 വയസ്സ്) ആർ.എസ്.ഇ. നിർബന്ധിതമാക്കിയത്. ഇതേസമയം പ്രൈമറി സ്‌കൂളുകളിൽ(5-11 വയസ്സ്) റിലേഷൻഷിപ് എജ്യുക്കേഷൻ എന്ന പേരിൽ ബന്ധങ്ങളെക്കുറിച്ചും ശരീരത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമൊക്കെ പഠിപ്പിക്കണമെന്നും നിർദേശമുണ്ട്.

പ്രായത്തിനനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യമാണ് ഇവിടെ വ്യക്തമാകുന്നത്. ആരോഗ്യകരമായ ബന്ധങ്ങൾ, ആർത്തവം, കൺസന്റ് തുടങ്ങിയവയെല്ലാം കുട്ടികൾ പ്രൈമറി ക്ലാസ്സുകളിൽ തിരിച്ചറിയുന്നു. ഉയർന്ന ക്ലാസ്സുകളിൽ ഗൗരവകരമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും മറ്റും പഠിപ്പിക്കുന്നു. ലൈംഗിക വിദ്യാഭ്യാസത്തിലെ ഒരു ഭാഗം മാത്രമാണു പ്രത്യുത്പാദനം എന്ന തലത്തിലാണു വിഷയത്തെ സമീപിക്കുന്നത്. പ്രത്യുത്പാദനത്തിനപ്പുറം ശരീരത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും കൺസന്റിനെക്കുറിച്ചും വ്യത്യസ്ത ജെൻഡറുകളെക്കുറിച്ചും മനസ്സിലാക്കുന്ന സമയമാണിത്.

ലിംഗനീതിയിലധിഷ്ഠിത വിദ്യാഭ്യാസം

പാഠ്യപദ്ധതി പരിഷ്കരണവേളയിൽ ഗൗരവമായ ചർച്ച ചെയ്യപ്പെടേണ്ട മേഖലയാണിത്. നിലവിലെ പാഠപുസ്തകങ്ങൾ, വിദ്യാലയ അന്തരീക്ഷങ്ങൾ തുടങ്ങിയവ ജെന്റർ ഓഡിറ്റിങ്ങിന് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് എസ്.സി.ഇ. ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് പറയുന്നു. ഇവയിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ പാഠ്യപദ്ധതിപരിഷ്കരണ വേളയിൽ ഉപയോഗപ്പെടുത്തും. താഴെ തട്ടിൽ വരെയുള്ള ജനകീയ ചർച്ചകളിൽ വിദ്യാർഥികളെക്കൂടി പങ്കാളികളാക്കും. ഈ ചർച്ചകളിലൂടെ ഉയർന്നുവരുന്ന കാര്യങ്ങൾ കൂടി ചേർത്തുവെച്ചാകും നിലപാട് രേഖകൾ തയ്യാറാക്കുക. ഇതുവഴി കരിക്കുലം ചട്ടക്കൂടുകൾ വികസിപ്പിക്കാനാണ് തീരുമാനം.

''കുട്ടികൾ വളരെയധികം മുന്നേറിയ കാലമാണിത്. അടിത്തട്ടിലെ അനുഭവങ്ങൾ ആരെയും ഞെട്ടിപ്പിക്കും. അനിവാര്യമായ സമയത്തു തന്നെ ഹൈക്കോടതിയുടെ ഇടപെടലും ഉണ്ടായി.സംസ്ഥാനത്തിന് അനുയോജ്യമായ ലോകമാതൃകകളെ സ്വീകരിച്ചാവും നടപ്പിലാക്കുക. ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച് ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇതിനകം പ്രസ്താവിച്ചിട്ടുമുണ്ട്.''- എസ്.സി.ഇ. ആർ.ടി. ഡയറക്ടർ.

ഒമ്പതാം ക്ലാസ്സിലെ ഒരു പാഠമായി ഒതുങ്ങരുത്

ലൈംഗികാതിക്രമത്തെ പ്രതിരോധിക്കുക എന്നതു മാത്രമായിരിക്കരുത് ഈ നൂറ്റാണ്ടിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടെന്ന് യു.എൻ. ദുരന്ത ലഘൂകരണ പദ്ധതി മേധാവി മുരളി തുമ്മാരുകുടി പറയുന്നു. ഒമ്പതാം ക്ലാസ്സിലെ ഒരു പാഠം മാത്രമായി ഒതുങ്ങേണ്ടതല്ല ലൈംഗിക വിദ്യാഭ്യാസം. മൂന്നു മുതൽ ഇരുപത്തിയൊന്നു വയസ്സുവരെ വിട്ടുവീഴ്ചയില്ലാതെ കൊടുക്കേണ്ട പാഠങ്ങളാണ്. നൂറുകണക്കിന് പോക്സോ കേസുകളുടെ തോത് മതിയായ ലൈംഗിക വിദ്യാഭ്യാസം ലഭ്യമാകുന്നതോടെ ചെറുക്കാനാവും. ലൈംഗിക ശുചിത്വത്തെക്കുറിച്ച് മനസ്സിലാക്കാനും സെക്സ് എന്നതു വെറുക്കപ്പെടേണ്ട വിഷയമല്ലെന്നും തിരിച്ചറിയാൻ കഴിയും. സ്‌കൂളുകളിലോ കോളേജുകളിലോ മാത്രം ലൈംഗിക വിദ്യാഭ്യാസം പഠിപ്പിച്ചിട്ടു കാര്യമില്ല. സമൂഹത്തിലും ആരോഗ്യകരമായ ചർച്ചകൾ നടക്കണം. ആൺകുട്ടികളും പെൺകുട്ടികളും ആരോഗ്യകരമായി ഇടപഴകുന്നതിനെ തടയുന്ന സംസ്ഥാനത്തു കുട്ടികൾക്കു മാത്രം കൂടുതൽ അറിവുണ്ടായതുകൊണ്ടു കാര്യമില്ല.

സ്‌കൂൾ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്താൻ രണ്ടു വർഷംകൂടി വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. പുതിയ പാഠപുസ്തകത്തിലേ ഇത് ഉൾപ്പെടുത്താനാകൂ എന്നതാണു കാരണം. പാഠ്യപദ്ധതിയും പുസ്തകവും തയ്യാറാക്കാൻ രണ്ടു വർഷമെങ്കിലും വേണം. നിലവിൽ കുട്ടികളെ ഈ വിഷയം പഠിപ്പിക്കാത്തതിന്റെ പ്രശ്നങ്ങൾ കാണുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ചെറിയ പ്രായത്തിൽതന്നെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന പക്ഷക്കാരിയാണ് ട്രാൻസ് കവിയും എസ്.സി.ഇ.ആർ.ടി. സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ വിജയരാജ മല്ലിക. പ്രായം കടന്നുപോയിട്ട് പഠിപ്പിച്ചതു കൊണ്ടു കാര്യമില്ല. ലഭിക്കുന്ന തെറ്റായ വിവരങ്ങൾ അവർ ഉപയോഗിച്ചേക്കാം. അധ്യാപകർ പരിശീലനം ലഭിച്ചവരായിരിക്കണം എന്നതു പ്രധാനമാണ്. വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരാണ് ഈ വിഷയത്തിൽ പരിശീലനം നൽകേണ്ടത്. ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം നൽകാൻ അധ്യാപകർക്ക് കഴിയുന്നില്ല. സെക്സ്, സെക്ഷ്വാലിറ്റി, ജെൻഡർ എന്നീ മൂന്നു ഭാഗങ്ങളാവണം ലൈംഗിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂട്. പോക്സോ കേസുകളിൽ ഏറെയും പെൺകുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ മാത്രമാണ് പുറത്തുവരുന്നത്.

മനോഭാവത്തിലെ മാറ്റം അനിവാര്യം- പി.സതീദേവി (അധ്യാക്ഷ, വനിതാ കമ്മീഷൻ)

വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കാതലായ മാറ്റങ്ങൾ ദേശീയതലത്തിൽതന്നെ ഉണ്ടാവണം. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നതിനേക്കാൾ സേഫ് ടച്ച്, അൺസേഫ് ടച്ച് എന്ന തലത്തിൽ കുട്ടികൾ ഉൾക്കൊള്ളണം. അധ്യാപകർക്കാണ് ആദ്യം ബോധവൽക്കരണം നൽകേണ്ടത്. അത്തരം അവബോധ പരിപാടികൾ സ്‌കൂളുകളിലും കോളേജുകളിലും വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്നുണ്ട്. ലിംഗസ്വത്വവും അതിനോടനുബന്ധിച്ച മറ്റു വിഷയങ്ങളും ശരിയായ മനോഭാവത്തോടെ പുതുതലമുറ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. മാറ്റം വരാതെ മുന്നോട്ടു പോകാനാവില്ല.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതത്തിലും മാറ്റം വരും- നാദിറ(ട്രാൻസ് വുമൺ)

ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിലൂടെ ഏറ്റവുമധികം മാറ്റം ഉണ്ടാകാൻ പോകുന്നത് എൽ.ജി.ബി.ടി.ക്യു. മനുഷ്യരിലാണെന്നു പറയുകയാണ് ട്രാൻസ് വുമൺ നാദിറ. സ്‌കൂൾ കാലത്തും അതിനുശേഷവും നേരിട്ട ലൈംഗിക അതിക്രമങ്ങൾ മുറിവായി ഇന്നും മനസ്സിലുണ്ട്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണു സഹപാഠികൾ വസ്ത്രം ഉരിഞ്ഞ് അതിക്രമം നടത്തിയത്. ശബ്ദം പെൺകുട്ടികളുടേതു പോലെയുണ്ടെന്നും ലൈംഗികാവയവം ഏതാണെന്നുമായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. ഞാൻ പുരുഷനും സ്ത്രീയും അല്ല, പിന്നെ എന്താണ് എന്നതായിരുന്നു അവരുടെ ചോദ്യം. ആ കാലഘട്ടത്തിൽ എന്റെ ജെൻഡർ ഏതാണെന്നു തിരിച്ചറിയാനോ തുറന്നു പറയാനോ കഴിഞ്ഞിരുന്നില്ല.

ശാസ്ത്രീയവും ലളിതവും ആയിരിക്കണം

സെക്ഷ്വാലിറ്റി ആൻഡ് റീപ്രൊഡക്റ്റീവ് ഹെൽത്ത് എജ്യുക്കേഷൻ എന്നാണ് പലയിടത്തും ഈ വിഷയം അറിയപ്പെടുന്നത്. പോൺ സൈറ്റുകളിൽനിന്നും മറ്റും തെറ്റായ വിവരങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നതിനു മുമ്പേ ശരിയായ അറിവുകൾ അവരിലെത്തണം. തെറ്റായ വിവരങ്ങളിൽനിന്നു ജീവിതകാലം മുഴുവൻ അബദ്ധധാരണയുമായി ട്രോമയിൽ കഴിയുന്നവരുണ്ട്. പെരുകുന്ന ആസിഡ് ആക്രമണവും ലൈംഗിക അതിക്രമവും ചെറുക്കാനും, നോ പറയാനും കൃത്യമായ അവബോധം കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ടെന്ന് ജെൻഡർ സ്റ്റഡീസ് അധ്യാപിക നിയതി ആർ. കൃഷ്ണ പറയുന്നു.

കരിക്കുലവും ഫ്രെയിംവർക്കും സിലബസും ശാസ്ത്രീയവും ലളിതവും ആയിരിക്കണമെന്നതാണ് ഏറ്റവും പ്രധാനം. ബയോളജി ക്ലാസ്സിൽ ഈ പാഠഭാഗം വിട്ടുപോകുന്ന ടീച്ചർമാരല്ല നമുക്കു വേണ്ടത്. കൃത്യമായ ആശയവിനിമയം അധ്യാപകർക്കും കുട്ടികൾക്കും ഇടയിലുണ്ടാവണം. നല്ല ചിന്തയും നല്ല ആരോഗ്യവുമുള്ള വിവേകപൂർണമായ സമൂഹം വളർന്നുകഴിഞ്ഞാൽ പല സാമൂഹിക വിവേചനങ്ങളും അസ്തമിക്കും.

(അവസാനിച്ചു)

വിലക്കണോ ലൈം​ഗിക വിദ്യാഭ്യാസം- ഭാ​ഗം 1 വായിക്കാം

വിലക്കണോ ലൈം​ഗിക വിദ്യാഭ്യാസം- ഭാ​ഗം 2 വായിക്കാം

വിലക്കണോ ലൈം​ഗിക വിദ്യാഭ്യാസം- ഭാ​ഗം 3 വായിക്കാം

Content Highlights: need of sex education in Kerala, investigative series part four


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented