പത്തിലെത്തിയിട്ടും ഇതൊന്നും പഠിപ്പിച്ചിട്ടില്ല ടീച്ചറേ എന്നു പറയുന്ന കുട്ടികള്‍ | അന്വേഷണ പരമ്പര- 2


വീണ ചിറക്കല്‍ | veenacr@mpp.co.inഓണ്‍ലൈന്‍ ക്ലാസുകളുടെ കാലത്തെ വിദ്യാര്‍ഥികള്‍ ഇതൊന്നും വേണ്ട രീതിയില്‍ പഠിച്ചിട്ടേയില്ല. ലൈംഗിക ഹോര്‍മോണുകളെക്കുറിച്ചുള്ള ഭാഗം തുടങ്ങുമ്പോള്‍ അവര്‍ അസ്വസ്ഥരാവുന്നു. പത്തിലെത്തിയിട്ടും ഇതൊന്നും പഠിപ്പിച്ചിട്ടില്ല ടീച്ചറേ എന്നുപറയുന്ന കുട്ടികള്‍ ഒട്ടേറെയാണ്

Series

Representative Image | Photo: Canva.com

മ്പതാം ക്ലാസുകാരി സ്‌കൂള്‍ വിട്ടുവരുന്നതിനിടെ വഴിയില്‍വെച്ച് ഒരാള്‍ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. എന്താണ് സംഭവിച്ചതെന്ന് പെണ്‍കുട്ടിക്ക് പിടികിട്ടിയില്ല. വീട്ടിലെത്തി സഹോദരിയോടു കാര്യം പറഞ്ഞു. ആരോടും പറയേണ്ട, വേഗം കുളിക്ക്... എന്നായിരുന്നു മറുപടി. മാസങ്ങള്‍ കഴിഞ്ഞ് വയറില്‍ അനക്കം തോന്നുന്നെന്നും വേദനിക്കുന്നെന്നും പറഞ്ഞാണ് കാഷ്വാലിറ്റിയിലെത്തിയത്. പിന്നീട് പ്രസവിക്കുകയും ചെയ്തു. അതുവരെ തന്റെ ശരീരത്തില്‍ സംഭവിച്ച അതിക്രമത്തെ തിരിച്ചറിയാന്‍ പെണ്‍കുട്ടിക്കു കഴിഞ്ഞിരുന്നില്ല.

പോക്സോ കേസുകളില്‍ ഇരകളാകുന്ന കുട്ടികളുടെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കിയതെന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായ ഡോ. വിനീതാ വേണുഗോപാല്‍. അതിക്രമം നേരിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും മാനസികാരോഗ്യ ചികിത്സയുടെ ഭാഗമാകുന്ന കുട്ടികളും ഏറെ. അതിക്രമങ്ങളെക്കുറിച്ച് മക്കള്‍ തുറന്നുപറഞ്ഞാല്‍ വിശ്വസിക്കാത്ത വീട്ടകങ്ങളും കുറവല്ലെന്ന യാഥാര്‍ഥ്യം ഇവര്‍ പങ്കുവെക്കുന്നു. ഒരു വീട്ടില്‍ അച്ഛന്റെ സഹോദരന്‍ പെണ്‍കുട്ടിയെ വളരെ ക്രൂരമായാണ് പീഡിപ്പിച്ചിരുന്നത്. അമ്മയോട് വിവരം പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. അമ്മയോട് ഇക്കാര്യം ചോദിച്ചപ്പോള്‍ സ്വന്തം അച്ഛനെപ്പോലെത്തന്നെയാണെന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

തങ്ങളെ കേള്‍ക്കാനും വിശ്വസിക്കാനും കഴിയുന്നൊരിടത്ത് കുട്ടികള്‍ക്ക് വിവരമറിയിക്കാന്‍ സാധിക്കുന്നില്ല. അതിനുതക്ക അവബോധമോ ആത്മവിശ്വാസമോ പകരാന്‍ ഇവിടത്തെ വ്യവസ്ഥയ്ക്കും കഴിഞ്ഞില്ല. ഇതെല്ലാം തെളിയിക്കുന്നത് വിദ്യാഭ്യാസ ചട്ടക്കൂടില്‍ അടിയന്തരമായി വരുത്തേണ്ട മാറ്റമാണ്. ശരീരത്തെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് ഇനിയും ഈ കുട്ടികളെ പഠിപ്പിക്കാതിരുന്നുകൂടാ.

Also Read
Series

ഗുഡ്,ബാഡ് ടച്ച് തിരിച്ചറിവുകൾ മാത്രം മതിയോ ...

അധ്യാപനത്തിലെ പരിമിതികള്‍

ലൈംഗികവിദ്യാഭ്യാസം എന്താണെന്ന് നിര്‍വചിക്കാന്‍ പാഠപുസ്തകങ്ങള്‍ക്ക് കഴിയുന്നില്ലെന്നതാണ് പ്രധാന പോരായ്മ. എന്താണ് പഠിപ്പിക്കേണ്ടതെന്ന പരിമിതിക്കകത്താണ് അധ്യാപകരും. കുട്ടികള്‍ക്ക് കൗമാരകാലത്തുണ്ടാകുന്ന മാറ്റങ്ങളും പ്രത്യുത്പാദനവും ആര്‍ത്തവവും സംബന്ധിച്ച അടിസ്ഥാനവിവരങ്ങള്‍ നേരത്തേ ഒമ്പതാം ക്ലാസിലായിരുന്നു. ഈ പാഠഭാഗം എട്ടാം ക്ലാസിലേക്കു മാറി എന്നതാണ് ഇപ്പോഴത്തെ ഏകമാറ്റം. അതേസമയം, ഒമ്പതിലോ പത്തിലോ ഈ വിഷയത്തില്‍ ഒന്നും പഠിക്കാനുമില്ല. അപൂര്‍ണമായ അറിവോടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ട ഗതികേടിലാണ് നമ്മുടെ കുട്ടികള്‍.

അധ്യാപകര്‍ ഈ വിഷയത്തെ അഭിമുഖീകരിക്കുന്നതിലെ അപാകമാണ് പ്രധാനപ്രശ്‌നമെന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപിക സിനി പറയുന്നു. അതിവേഗത്തില്‍ പാഠഭാഗം തീര്‍ക്കുന്നവരാണ് ഏറെയും. ബോട്ടണിയിലെ പ്രത്യുത്പാദനത്തെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ മനുഷ്യരിലെ പ്രത്യുത്പാദനത്തെക്കുറിച്ച് പരാമര്‍ശിക്കാറുണ്ട്. അപ്പോള്‍പോലും മുഖം ചുളിക്കുന്ന കുട്ടികളുണ്ട്. ശാസ്ത്രീയമായി, തുറന്നസമീപനത്തോടെ പഠിപ്പിക്കേണ്ട വിഷയമാണിത്.

പഠിക്കുമ്പോള്‍ ഏറ്റവും വെറുത്ത വിഷയം പഠിപ്പിക്കേണ്ടിവന്നപ്പോഴാണ് ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടു തിരിച്ചറിഞ്ഞതെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബയോളജി അധ്യാപിക ബിന്ദു. കുട്ടികളുടെ മുന്നില്‍ ഇത്തരം പാഠഭാഗങ്ങളൊക്കെ എങ്ങനെയാ എടുക്കുക, അവര്‍ക്കെല്ലാം അറിയാം എന്ന മുന്‍ധാരണവെക്കുന്നവരുമുണ്ട്. കണ്ണ്, മൂക്ക്, വായ പോലുള്ള അവയവങ്ങളെ പഠിപ്പിക്കുന്നതുപോലെത്തന്നെയാണ് ലൈംഗിക അവയവങ്ങളെക്കുറിച്ചും പഠിപ്പിക്കേണ്ടത്. ഇതുപറയാന്‍ മടിക്കേണ്ട കാര്യമില്ല എന്ന ആത്മവിശ്വാസം വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരാണ് പകരേണ്ടത്. സ്വന്തം മക്കളെ മുന്‍ധാരണയോടെ സമീപിക്കാറില്ലല്ലോ. ആ മനോഭാവംതന്നെയേ ഇവിടെയും സ്വീകരിക്കേണ്ടതുള്ളൂ -ബിന്ദു പറയുന്നു.

പോക്സോ എന്തെന്നറിയാത്ത കുട്ടികള്‍

ശരിയല്ലാത്തൊരു സ്പര്‍ശമുണ്ടായാല്‍, അതിക്രമമുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണം? ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍വരുന്ന വകുപ്പുകളേതൊക്കെ? ശിക്ഷകള്‍ എന്തെല്ലാം? പ്രാഥമികമായിവേണ്ടത് അവബോധമാണ്. അതിനുവേണ്ടത് നിലവിലുള്ള നിയമങ്ങളെക്കുറിച്ചുള്ള ബോധ്യമാണ്. അതു വരണമെങ്കില്‍ ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമായി പോക്സോ ആക്ടും പഠിപ്പിക്കണമെന്നു പറയുകയാണ് ചാവക്കാട് ഗവ. ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ. പ്രദീപ് വര്‍ഗീസ് കോശി.

''കൂട്ടുകാരികളെയും സഹപാഠികളെയും ചൂഷണംചെയ്യാന്‍ ശ്രമിക്കുന്ന കുട്ടികളെ വൈദ്യപരിശോധനയ്ക്കു കൊണ്ടുവരാറുണ്ട്. തങ്ങള്‍ ചെയ്തതിന്റെ തീവ്രത അപ്പോള്‍ മാത്രമായിരിക്കും അവര്‍ തിരിച്ചറിയുക. അതിജീവിതകളുടെ പേരുപറയരുത് എന്ന നിബന്ധന മുതിര്‍ന്നവര്‍ക്കുപോലും അറിയില്ല. പെണ്‍കുട്ടികളോട് ആണധികാരത്തോടെ സംസാരിക്കുന്നതാണ് ഹുങ്ക് എന്നു ധരിച്ചവരുണ്ട്. പെണ്‍കുട്ടികളെ ബഹുമാനിക്കാനുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അല്ലാതെ ലൈംഗികവിദ്യാഭ്യാസം പ്രത്യുത്പാദനം മാത്രമായി ഒതുക്കരുത്.''

പോക്സോ നിയമം

കുട്ടികളെ ലൈംഗികമായും അല്ലാതെയും ചൂഷണം ചെയ്യുന്നത് തടയാന്‍ 2012-ല്‍ കൊണ്ടുവന്ന നിയമമാണ് പ്രിവെന്‍ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് എന്ന പോക്സോ ആക്ട്. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് പോക്സോയുടെ ഉദ്ദേശ്യം. പോക്സോ നിയമം പ്രാബല്യത്തിലാവും മുമ്പ് ഗോവ ചില്‍ഡ്രന്‍സ് ആക്ട് 2003 ആയിരുന്നു കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനുള്ള പ്രധാനനിയമം. കുട്ടികളെ അതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കുകയും പ്രത്യേക കോടതികള്‍ സ്ഥാപിച്ച് നീതി ഉറപ്പാക്കുകയുമാണ് പോക്സോ നിയമത്തിന്റെ ലക്ഷ്യം.

വേണ്ടത് തുറന്ന സമീപനം

കുട്ടികള്‍ക്ക് ഇതെല്ലാം അറിയാം എന്ന മുന്‍ധാരണയല്ല, ശാസ്ത്രീയമായി എങ്ങനെ പകര്‍ന്നുനല്‍കാം എന്നാണ് അധ്യാപകര്‍ ചിന്തിക്കേണ്ടത്. തുറന്ന സമീപനം ഇല്ലാതിരിക്കുമ്പോഴാണ് കുട്ടികള്‍ അശ്ലീലസൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലെ ഇരുണ്ടവഴികളിലും മറ്റും ചെന്നെത്തുന്നത്. ഇതാണ് യാഥാര്‍ഥ്യമെന്ന ധാരണയിലേക്ക് അവര്‍ വീണുപോവുന്നു. പാഠഭാഗം തുടങ്ങുമ്പോള്‍തന്നെ ടീച്ചറേ ഇതെടുക്കല്ലേ എന്നുപറഞ്ഞ് മുഖംതിരിക്കുന്ന കുട്ടികളും വിരളമല്ല. ''നിങ്ങള്‍ക്ക് കുറച്ചൊക്കെ അറിയാമായിരിക്കാം പക്ഷേ, അതെല്ലാം ശരിയാകണമെന്നില്ല. സാമൂഹിക മാധ്യമങ്ങള്‍ക്കപ്പുറം ചില ശരികളുണ്ട്. ഞാന്‍ പഠിപ്പിക്കാത്തതു കാരണം നിങ്ങളാരും എയ്ഡ്സ് രോഗികളാവരുത്'' എന്നു പറഞ്ഞാണ് 16 വര്‍ഷമായ ജീവശാസ്ത്രം പഠിപ്പിക്കുന്ന ഹൈസ്‌കൂള്‍ അധ്യാപിക പുഷ്പാഞ്ജലി ക്ലാസ് തുടങ്ങാറ്.

ഇതിനു മറുപുറവുമുണ്ട്. രണ്ടു ദിവസമായി എല്ലാ കുട്ടികളും ക്ലാസില്‍ വരുന്നുണ്ട്. കാര്യം മറ്റൊന്നുമല്ല, പ്രത്യുത്പാദനത്തെക്കുറിച്ചുള്ള പാഠഭാഗമാണ് എടുക്കുന്നത്. സഹപ്രവര്‍ത്തകയായ ഹയര്‍ സെക്കന്‍ഡറി അധ്യാപികയുടെ വാക്കുകള്‍ ഓര്‍ക്കുകയാണ് ബയോളജി അധ്യാപികയായ മേഴ്സി. സ്‌പെഷ്യലാണ് എന്ന ചിന്തയുള്ളതുകൊണ്ടാണ് കുട്ടികള്‍ക്ക് ജിജ്ഞാസയുണ്ടാകുന്നത്. ചെറിയ ക്ലാസുതൊട്ടേ ലൈംഗികതയെക്കുറിച്ച് അടിസ്ഥാനവിവരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ വെറും ജിജ്ഞാസ പഠനത്തിലേക്കുള്ള പടവുകളാവുമായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലത്തെ വിദ്യാര്‍ഥികള്‍ ഇതൊന്നും വേണ്ട രീതിയില്‍ പഠിച്ചിട്ടേയില്ല. ലൈംഗിക ഹോര്‍മോണുകളെക്കുറിച്ചുള്ള ഭാഗം തുടങ്ങുമ്പോള്‍ അവര്‍ അസ്വസ്ഥരാവുന്നു. പത്തിലെത്തിയിട്ടും ഇതൊന്നും പഠിപ്പിച്ചിട്ടില്ല ടീച്ചറേ എന്നുപറയുന്ന കുട്ടികള്‍ ഒട്ടേറെയാണ്.

കെണിക്കൂട്ടില്‍പ്പെട്ട എലിയപ്പോലെ പരിഭ്രമിച്ച് ഈ വിഷയം പഠിക്കേണ്ടവരല്ല ഈ തലമുറ. കരിക്കുലത്തിന്റെ ഭാഗമാക്കി പ്രത്യേകം വിഷയമാക്കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതമാവും അടുത്തതലമുറ നേരിടാന്‍പോവുന്നത്.

വിലക്കണോ ലൈം​ഗിക വിദ്യാഭ്യാസം? അന്വേഷണ പരമ്പര ഭാ​ഗം ഒന്ന് വായിക്കാം

തുടരും...

Content Highlights: need of sex education in Kerala, investigative series parttwo,veena chirakkal,social,indepth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented