ഗുഡ്,ബാഡ് ടച്ച് തിരിച്ചറിവുകള്‍ മാത്രം മതിയോ മുന്നോട്ടുള്ള നാളുകളില്‍? | അന്വേഷണ പരമ്പര 1


വീണ ചിറക്കല്‍ | veenacr@mpp.co.inപരിഷ്‌കൃതസമൂഹമെന്ന് മേനിനടിക്കുന്ന കേരളത്തില്‍ ശരിയായ ലൈംഗികവിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. അരുതാത്തതെന്തോ കേട്ടപോലെ ഈ വിഷയം വരുമ്പോള്‍ മലയാളികള്‍ മുഖം തിരിക്കുന്നു

Series

വര: എൻ.എൻ. സജീവൻ

സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ­ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതില്‍ ­ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിട്ട് അധികമായില്ല. സ്‌കൂളുകളില്‍ ലൈംഗിക ­വിദ്യാഭ്യാസം നടപ്പാക്കുന്നതില്‍ അധികാരികള്‍ പുനരാലോചന ­നടത്തണമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഈ ­സാഹചര്യത്തില്‍ ലൈംഗികവിദ്യാഭ്യാസത്തിന്റെ ­പ്രാധാന്യത്തെക്കുറിച്ചും തെറ്റും ശരിയും തിരിച്ചറിയാന്‍ അത് കുട്ടികളെ പാകപ്പെടു?ത്തുമോ ­എന്നതിനെക്കുറിച്ചും മാതൃഭൂമി നടത്തുന്ന അന്വേഷണം

യറുവേദനയെത്തുടര്‍ന്നാണ് പതിമ്മൂന്നുകാരിയായ പെണ്‍കുട്ടി അച്ഛനമ്മമാര്‍ക്കൊപ്പം ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും ഭ്രൂണത്തിന് ആറുമാസം വളര്‍ച്ചയുണ്ടെന്നും കണ്ടെത്തി. പതിന്നാലുകാരനായ സഹോദരനായിരുന്നു കാരണക്കാരന്‍. കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിധിയിലായി. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രത്തിനു വിധേയയായി.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

തിരുവനന്തപുരം സ്വദേശി ഒമ്പതാം ക്ലാസുകാരി ലൈംഗികാതിക്രമം നേരിട്ടത് ഇരുപത്തിമൂന്നുകാരനില്‍നിന്നാണ്. ബസ് സ്റ്റോപ്പില്‍വെച്ചു പരിചയപ്പെട്ടതായിരുന്നു യുവാവിനെ. ഫോണ്‍വഴി അടുപ്പമായി. വൈകാതെ ബന്ധം അതിരുവിട്ടു. ഒട്ടേറെത്തവണ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച യുവാവ് താമസിയാതെ അപ്രത്യക്ഷനായി. വഞ്ചിക്കപ്പെട്ടുവെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അവള്‍ മാനസികമായും ശാരീരികമായും തകര്‍ന്നു. പഠനത്തില്‍ പിന്നോട്ടുപോയ മകളെ കൗണ്‍സലിങ്ങിനെത്തിച്ചപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്. പിന്നാലെ യുവാവ് പോക്സോക്കേസില്‍ അറസ്റ്റിലായി.

കേസുകള്‍ ഒറ്റപ്പെട്ടതല്ല

ഒറ്റപ്പെട്ട കേസുകളല്ല ഇതൊന്നും. ഇവയെല്ലാം വിരല്‍ചൂണ്ടുന്നത് ഒരൊറ്റച്ചോദ്യത്തിലേക്കാണ്. എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് അതിക്രമങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തത്? തിരിച്ചറിഞ്ഞാലും പ്രതികരിക്കാന്‍ കഴിയാത്തത്? ഗുഡ് ടച്ച്, ബാഡ് ടച്ച് തിരിച്ചറിവുകള്‍ മാത്രം മതിയാകുമോ മുന്നോട്ടുള്ള നാളുകളില്‍?

ലൈംഗികവിദ്യാഭ്യാസമാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം. പാഠപുസ്തകങ്ങളുടെയോ കരിക്കുലത്തിന്റെയോ ഭാഗമാകാതെ ഇപ്പോഴും തീണ്ടാപ്പാടകലെ ഈ വിഷയത്തെ സര്‍ക്കാരും സമൂഹവും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഹൈസ്‌കൂള്‍ തലത്തിലെങ്കിലും ലൈംഗികവിദ്യാഭ്യാസത്തെ പ്രത്യേകമായി സമീപിക്കുകയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുകയും ചെയ്യുന്നില്ല എന്നതാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ലൈംഗികാതിക്രമങ്ങള്‍ കൂടുതലും സംഭവിക്കുന്നത് വീട്ടകങ്ങളില്‍ തന്നെ. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെക്കുറിച്ചാണ് പാലക്കാട് സ്വദേശിയായ അങ്കണവാടി അധ്യാപികയ്ക്ക് പറയാനുള്ളത്. ആദ്യത്തെ കുട്ടി കുട്ടിത്തം മാറാത്ത പതിന്നാലുകാരി. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായിട്ടില്ല. അമ്മ നേരത്തേ തീകൊളുത്തി മരിച്ചതായിരുന്നു. അകന്നബന്ധത്തിലുള്ള ഒരാളോട് ഇഷ്ടംതോന്നി. ഒപ്പം താമസിക്കുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ ആരോഗ്യവകുപ്പില്‍ നിന്ന് പരിശോധനയ്‌ക്കെത്തി. വിളര്‍ച്ചവന്ന് ക്ഷീണിതയായ പെണ്‍കുട്ടിയെയാണ് അവര്‍ കണ്ടത്. കേസായപ്പോള്‍ ഇരുപതുകാരന്‍ അറസ്റ്റിലായി. രണ്ടാമത്തേതില്‍ പ്രതി അച്ഛനായിരുന്നു. കന്യാസ്ത്രീ പട്ടത്തിനായി മഠത്തില്‍ പഠിക്കുകയായിരുന്നു കുട്ടി. എപ്പോഴും വിഷാദത്തോടെയിരിക്കുന്ന പെണ്‍കുട്ടി മഠത്തിലെ കൗണ്‍സിലര്‍മാര്‍ക്കു മുന്നിലെത്തിയപ്പോഴാണ് അമ്മയില്ലാത്ത അവസരങ്ങളില്‍ അച്ഛന്‍ പീഡിപ്പിക്കുന്നതു പറയുന്നത്. പെണ്‍കുട്ടി ജീവിതം തന്നെ മടുത്ത അവസ്ഥയിലായിരുന്നു. അച്ഛന്‍ അറസ്റ്റിലായെങ്കിലും അധികം വൈകാതെ പുറത്തിറങ്ങി. അച്ഛനെ കാണാന്‍ പറ്റാതെ വീട്ടിലേക്കു പോവുന്നതു പെണ്‍കുട്ടി പാടേ ഉപേക്ഷിച്ചു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഗര്‍ഭിണിയാകുന്ന സംഭവം കൂടുന്നതില്‍ ആശങ്കപ്രകടിപ്പിച്ചുള്ള ഹൈക്കോടതിയുടെ പരാമര്‍ശം പുറത്തുവന്നത് അടുത്തിടെയാണ്. ലൈംഗികവിദ്യാഭ്യാസം നടപ്പാക്കുന്നതില്‍ പുനരാലോചന നടത്തേണ്ട സമയമായെന്നാണ് ജസ്റ്റിസ് വി.ജി. അരുണ്‍ അഭിപ്രായപ്പെട്ടത്. സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നല്‍കുന്നതില്‍ വിദ്യാഭ്യാസസംവിധാനം പരാജയപ്പെട്ടകാര്യം സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയതും കോടതി പരാമര്‍ശിച്ചു.

നിര്‍ഭയ ഹോമുകള്‍പറയുന്നത്

ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടിവരുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കുക, അവര്‍ക്കുവേണ്ട മാനസികപിന്തുണ നല്‍കുന്നതിനൊപ്പം നിയമസഹായവും ഉറപ്പാക്കി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇടങ്ങള്‍. നിര്‍ഭയ ഹോമുകളിലെ കണക്കുകള്‍പ്രകാരം 2021-ല്‍ മാത്രം 38 പ്രായപൂര്‍ത്തിയാവാത്ത അമ്മമാരാണുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയും പുറത്തറിയാതെയും പോകുന്ന കണക്കുകള്‍ ഇതിലുമേറെവരും.

പാതിവെന്ത അറിവുകള്‍

ചോദ്യം: എന്താണ് സെക്‌സ് എജ്യുക്കേഷന്‍?

എട്ടാം ക്ലാസില്‍ പഠിക്കുന്ന ശ്രദ്ധയുടെ മറുപടി: സെക്‌സിനെക്കുറിച്ചല്ലേ? പ്രത്യുത്പാദനത്തെക്കുറിച്ചും ആര്‍ത്തവത്തെക്കുറിച്ചും ചെറിയ പാഠഭാഗങ്ങള്‍ ഞങ്ങള്‍ക്കുണ്ട്.

ലൈംഗികവിദ്യാഭ്യാസം എന്നത് ലൈംഗികത മാത്രം പഠിക്കുന്നതാണെന്ന ചിന്തയാണ് മിക്കവര്‍ക്കും. ആര്‍ത്തവത്തെക്കുറിച്ചും പ്രത്യുത്പാദനത്തെക്കുറിച്ചും മാത്രം പഠിച്ചാല്‍ മതിയോ ഇനിയുള്ള തലമുറ? ലൈംഗികാതിക്രമങ്ങളും നിയമപരമായ അവകാശങ്ങളും സെക്ഷ്വാലിറ്റിയും ജെന്‍ഡറും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയുണ്ടാകുന്ന രോഗങ്ങളും കണ്‍സന്റും അവര്‍ തിരിച്ചറിയേണ്ടതുണ്ട്. സോഷ്യല്‍ മീഡിയയില്‍നിന്നു ലഭിക്കുന്ന പാതിവെന്ത അറിവുകള്‍ക്കപ്പുറം സ്വന്തം ശരീരത്തിന്റെയും അപരന്റെ ശരീരത്തെ ബഹുമാനിക്കേണ്ടതിന്റെയും ആവശ്യകത അവര്‍ തിരിച്ചറിയേണ്ടതുണ്ട്.

ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവയെക്കുറിച്ച് വല്ലപ്പോഴും ചില ക്ലാസുകള്‍ ലഭിക്കാറുണ്ട് എന്നതൊഴിച്ചാല്‍ വിശദമായ അറിവില്ലെന്നാണ് ഒമ്പതാം ക്ലാസുകാരിയായ ശ്വേതയുടെ അനുഭവം. സ്ത്രീ, പുരുഷന്‍ എന്നതല്ലാതെ മറ്റ് ജെന്‍ഡറുകളെക്കുറിച്ച് കൃത്യമായ ധാരണ ശ്വേതയ്ക്കില്ല. ഒരു തമിഴ് സിനിമയില്‍നിന്നാണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന വിഭാഗമുണ്ടെന്ന് മനസ്സിലാവുന്നത്. ലെസ്ബിയന്‍, ഗേ തുടങ്ങിയ പദങ്ങള്‍ കേള്‍ക്കുന്നത് ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയാണ്. ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ പ്രണയിക്കുന്നത് ലെസ്ബിയന്‍ ആണെന്നാണ് ധാരണ. മറ്റ് ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ചൊന്നും വ്യക്തമായ അറിവുമില്ല. സാമൂഹിക മാധ്യമങ്ങളിലെ അനിയന്ത്രിതമായ പോസ്റ്റുകളുടെ കുത്തൊഴുക്കില്‍, ലൈംഗികവിദ്യാഭ്യാസം എന്താണെന്ന് കേട്ടിട്ടുപോലുമില്ലാത്ത കുട്ടികള്‍ക്ക് എത്രകാലം മുന്നോട്ടുപോവാനാവും? പരമ്പരാഗത വിദ്യാഭ്യാസസമ്പ്രദായത്തിലൂടെമാത്രം കുട്ടികളുടെ ശാരീരികവും സാമൂഹികവുമായ ജീവിതം മെച്ചപ്പെടുത്താനാവില്ലെന്ന് എന്നാണ് നമ്മള്‍ തിരിച്ചറിയുക?

നേരിട്ടത് റേപ്പ് ആണെന്ന് സിനിമയില്‍നിന്ന് തിരിച്ചറിഞ്ഞവള്‍

വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സിനിമ കണ്ടപ്പോഴാണ് അച്ഛനില്‍നിന്നുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ ആ പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. വിഷാദരോഗത്തിന് എന്നും മരുന്നു കഴിച്ചുപോന്നു അവള്‍. പഠിത്തത്തില്‍ ശ്രദ്ധയില്ലാതായി. അസ്വസ്ഥയാവുകയും കരഞ്ഞു നേരം വെളുപ്പിക്കുകയും ചെയ്യും. കുട്ടിക്കാലത്ത് അച്ഛന്‍ രാത്രിസമയത്തു മകളെ കൂടെ കിടക്കാന്‍ നിര്‍ബന്ധിക്കുന്നതും ബലാത്സം ചെയ്യുന്നതും പതിവായിരുന്നു. എല്ലാ വീടുകളിലെയും അച്ഛന്‍-മകള്‍ ബന്ധം ഇങ്ങനെയാണെന്ന് മകളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. മുതിര്‍ന്നപ്പോള്‍, സിനിമയിലെ ഒരു രംഗമാണു താന്‍ നേരിട്ടതു ലൈംഗിക ഉപദ്രവമാണെന്ന സത്യം അവള്‍ മനസ്സിലാക്കുന്നത്. അവളെക്കൂടാതെ ഇളയ മകളോടും അയാള്‍ ഈ ക്രൂരകൃത്യം ചെയ്യുന്നുണ്ടായിരുന്നു.

ഇവിടെ അച്ഛനാണു പ്രതിയെങ്കില്‍ മറ്റു വീട്ടകങ്ങളില്‍ ബന്ധുത്വത്തിന്റെ അളവുകോല്‍ മാറുമെന്നു മാത്രം. തനിക്കു നേരെ നടക്കുന്നത് അതിക്രമമാണെന്നു തിരിച്ചറിയാത്ത ഒരു പെണ്‍കുട്ടിക്ക് എങ്ങനെയാണു പ്രതികരിക്കാനാവുക? ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു തിരിച്ചറിയാന്‍ കുട്ടികള്‍ പ്രാപ്തരാകുന്നില്ലെന്നത് അതിഗൗരവതരമായ വിഷയമാണെന്ന് ഹൈക്കോടതി അഭിഭാഷക മായ കൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു.

പല കുട്ടികള്‍ക്കും തങ്ങള്‍ക്കുണ്ടായ മാനസിക-ശാരീരിക ആഘാതത്തെക്കുറിച്ചു തുറന്നു പറയാന്‍ കഴിയില്ല. കാലങ്ങളോളം അതു മനസ്സില്‍ സൂക്ഷിക്കുകയും പഠനത്തിലും ജോലിയിലും ശ്രദ്ധ പുലര്‍ത്താനാവാതെ ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്നു. അതിക്രമം നേരിട്ടെന്നു ബോധ്യപ്പെട്ടാലും മുന്‍വിധികള്‍ ഭയന്ന് ആരോടും ഒന്നും പറയാതെ ഉരുകിത്തീരുന്നവരും ഏറെയാണ്.

മായാകൃഷ്ണൻ

ശരീരത്തെ അറിഞ്ഞാലേ ഭവിഷ്യത്ത് തിരിച്ചറിയൂ -അഡ്വ. മായാ കൃഷ്ണന്‍

പോക്സോക്കേസിലെ ഒരു അതിജീവിത തനിക്കുനേരെ നടന്നത് 'ബാഡ് ടച്ച്' ആണെന്ന് വ്യക്തമാക്കിയതിലൂടെ കേസിന് കരുത്തുലഭിക്കുകയും കുറ്റവാളിക്ക് ശിക്ഷകിട്ടുകയും ചെയ്തു. പക്ഷേ, നമ്മുടെ നാട്ടില്‍ എത്ര പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും 'ബാഡ് ടച്ച്' വേര്‍തിരിച്ചറിയാന്‍ കഴിയുന്നുണ്ട്? സ്വന്തം ശരീരത്തിന് സ്വാഭാവികമായും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അവരെ ആരെങ്കിലും പഠിപ്പിക്കുന്നുണ്ടോ? അല്ലെങ്കില്‍ ഭവിഷ്യത്തുകളെ എങ്ങനെയാണ് കുട്ടികള്‍ തിരിച്ചറിയുക? ലൈംഗികവിദ്യാഭ്യാസം എന്നാല്‍, ലൈംഗികത പഠിപ്പിക്കലല്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. ലിംഗഭേദങ്ങളെ ചെറുപ്പത്തിലേ ഉള്‍ക്കൊണ്ടാലേ ഇത്തരം അനീതികളെ ചോദ്യംചെയ്യാന്‍ കഴിയൂ. ലൈംഗികവിദ്യാഭ്യാസം സംബന്ധിച്ച ചെറിയ പാഠഭാഗങ്ങള്‍പോലും അധ്യാപകര്‍ മനഃപൂര്‍വം പഠിപ്പിക്കാതെപോകാറുണ്ടെന്ന് പല കുട്ടികളും പരാതിപറയുന്നുണ്ട്. തനിക്കുനേരെ നടന്നത് റേപ്പാണെന്നു മനസ്സിലാകണമെങ്കില്‍ ശരീരത്തിന്റെ സ്വാഭാവികപ്രവര്‍ത്തനങ്ങള്‍ അവര്‍ തിരിച്ചറിയുകതന്നെ വേണം.

(തുടരും)

Content Highlights: need of sex education in Kerala, investigative series, veena chirakkal,social,indepth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented