
2024 ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ അപൂര്‍വ്വമായൊരു വിവാഹ രജിസ്‌ട്രേഷന്‍ കൊടുങ്ങല്ലൂര്‍ സബ് രജിസ്ട്രാര്‍ ആപ്പീസില്‍ നടന്നു. 37 വര്‍ഷം മുമ്പ്- കൃത്യമായി പറഞ്ഞാല്‍ 1987 ഏപ്രില്‍ 5-ന്- കുട്ടമശ്ശേരി ചാലക്കല്‍ മുസ്ലിം ജമാഅത്തില്‍ ഇസ്ലാമികാചാരപ്രകാരം നടന്ന വിവാഹമാണ് സ്‌പെഷ്യൽ മാരേജ് ആക്ട് (വകുപ്പ് 15 പ്രകാരം) മനുഷ്യാവകാശ ദിനത്തില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തത്. മുസ്ലിം വ്യക്തിനിയമം (ശരിഅത്ത്) ആപ്ലിക്കേഷന്‍ ആക്ട് പ്രകാരം പിന്തുടര്‍ച്ചാവകാശ നിയമത്താല്‍ നിസ്സഹായരാക്കപ്പെടുന്ന ഇന്ത്യയിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രതിരോധം എന്ന നിലയിലാണ് ഇസ്മയിലും നെജുവും അത് ചെയ്തത്.
ഇന്ത്യയിലെ മതങ്ങൾക്കും ഗോത്ര ജനവിഭാഗങ്ങള്‍ക്കും അവരവരുടേതായ വ്യക്തിനിയമങ്ങള്‍ ഉണ്ട്. അതനുസരിച്ചാണ് വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടര്‍ച്ചാവകാശം, ദത്ത് തുടങ്ങിയ സിവില്‍ അവകാശങ്ങള്‍ നടപ്പാവുന്നത്. ആധുനിക സമൂഹത്തിന് നിരക്കാത്തതും സ്ത്രീവിരുദ്ധവുമായ നിരവധി ഘടകങ്ങള്‍ എല്ലാ വിഭാഗങ്ങളുടെയും സിവില്‍ നിയമങ്ങളില്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ നിയമങ്ങളായിരുന്നു അവയെല്ലാം തന്നെ. സ്വതന്ത്ര ഇന്ത്യയില്‍ വിവിധങ്ങളായ നിയമനിര്‍മാണങ്ങളിലൂടെയും കോടതി വിധികളിലൂടെയും ജനാധിപത്യപരമായ പരിഷ്‌കരണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍, പൂര്‍ണമായും ആധുനികവും ലിംഗനീതിപരവും ആയിട്ടില്ല ഈ നിയമങ്ങളും പരിഷ്‌കരണങ്ങളുമെന്ന് ഓരോന്നും പരിശോധിച്ചാല്‍ കാണാവുന്നതാണ്. ഇതാണ് നെജു- ഇസ്മയിൽ ദമ്പതിമാർ മൂന്ന് പതിറ്റാണ്ടിനിപ്പുറം അവരുടെ വിവാഹം വീണ്ടും രജിസ്റ്റർ ചെയ്യാനുള്ള പ്രധാന കാരണം.
രണ്ട് പെണ്‍മക്കളാണ് നെജു-ഇസ്മയില്‍ ദമ്പതിമാര്‍ക്കുള്ളത്. മൂത്ത മകള്‍ വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്. ഇന്ത്യയിലെ മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ സ്ത്രീ വിവേചനങ്ങള്‍ക്കെതിരായുള്ള പ്രതിഷേധമെന്ന നിലയിലും സര്‍ക്കാരിന്റെയും യാഥാസ്ഥിതിക മത നേതൃത്വത്തിന്റെയും അടിയന്തരശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ് വിവാഹം കഴിഞ്ഞ് 37 വര്‍ഷത്തിനു ശേഷം അവര്‍ സ്‌പെഷ്യൽ മാരേജ് ആക്ട്- സെഷന്‍ 15 പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാം മതത്തില്‍ ഉറച്ച് വിശ്വസിച്ച് ജീവിക്കുന്ന, ഇസ്മയിലിന്റെ 86 വയസ്സായ ബാപ്പ എറമംഗലത്ത് അബ്ദുള്‍ ഹക്കും 83 വയസ്സായ ഉമ്മ കദീജ ബീവിയും നെജുവിന്റെ അനുജത്തി മുജിതയുമാണ് സബ് രജിസ്ട്രാർ ഓഫീസില്‍ വിവാഹ രജിസ്‌ട്രേഷന് സാക്ഷികളായി ഒപ്പിട്ടത് എന്നത് വിവാഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല, മകളും മകളുടെ പങ്കാളിയും കൊച്ചുമകളും അടക്കമുള്ള കുടുംബാംഗങ്ങളും സാമൂഹിക മാറ്റത്തിനുള്ള ഈ മുന്നേറ്റത്തില്‍ കൂടെയുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
എസ്.എം.എ. (സ്‌പെഷല്‍ മാരേജ് ആക്ട് ) സെക്ഷന്‍ 15 പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യദമ്പതികളല്ല നെജുവും ഇസ്മയിലും. മതാചാരപ്രകാരം നിക്കാഹ് നടത്തിയ നൂറുകണക്കിന് മതവിശ്വാസികള്‍ SMA വിവാഹം മുമ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ എണ്ണം വര്‍ദ്ധിക്കുകയാണ്. അതില്‍ അറിയപ്പെടുന്ന ബിസിനസുകാരും വിദ്യാസമ്പന്നരും ഉന്നത പദവിയിലുള്ളവരും നിയമജ്ഞരുമൊക്കെയുണ്ട്. സാമൂഹ്യ പദവിയും സമ്പത്തിലും പിന്നാക്കം നില്‍ക്കുന്ന മുസ്ലിങ്ങളും രജിസ്‌ട്രേഷന്‍ നടത്തുന്നത് കുറവായിരിക്കും.

പ്രതിരോധമെന്ന നിലയില്‍ പരസ്യമായി ആദ്യ എസ്.എം.എ. രജിസ്റ്റര്‍ ചെയ്തത് സിനിമാ നടനും വക്കീലുമായ ഷുക്കൂറും പങ്കാളി ലോ കോളേജ് പ്രിന്‍സിപ്പലായ ഷീനയുമായിരുന്നു. 2023 മാര്‍ച്ച് 8 -ന് അന്താരാഷ്ട്ര വനിതാദിനത്തില്‍ അവര്‍ നടത്തിയ വിവാഹം കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. യാഥാസ്ഥിതിക മത നേതൃത്വത്തെ വിവാഹ വാര്‍ത്ത ഞെട്ടിച്ചിരുന്നു. എന്നാല്‍ നെജുവിന്റെയും ഇസ്മയിലിന്റെയും വിവാഹം മതനേതൃത്വത്തെ ഞെട്ടിച്ചില്ല. പകരം പ്രതിരോധത്തിലാക്കി. ഇസ്ലാം പറഞ്ഞതു പോലെ സ്വന്തം സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും സ്വത്തിലൊരംശം പോലും കൊടുക്കാതെ സ്വന്തം മക്കള്‍ക്ക് മാത്രം സ്വത്ത് കൈമാറാനുള്ള സ്വാര്‍ത്ഥതയാണ് ഇവരുടെ വിവാഹത്തിന് പിന്നിലുള്ളതെന്നാണ് ചില മതസംഘടനകളെങ്കിലും പ്രചരിപ്പിക്കുന്നത്. എന്നാല്‍ വസ്തുത അതല്ല.
ഇസ്ലാമില്‍ പിന്തുടര്‍ച്ചാവകാശം ആണില്‍ പാതി പെണ്ണിന് എന്നത് പൊതുവെ കേട്ടുവരുന്നതാണ്. എന്നാല്‍, ആണില്‍ പാതി പെണ്ണിന് എന്നത്, ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ എങ്ങനെയെല്ലാം എന്നത് പലപ്പോഴും മതവിശ്വാസികള്‍ക്ക് കൃത്യമായി അറിയില്ല എന്നതാണ് വാസ്തവം. യാദൃച്ഛികമായി മാതാപിതാക്കളോ പങ്കാളിയോ മരണപ്പെടുമ്പോഴാണ് ഇന്ത്യന്‍ വ്യക്തിനിയമം (ശരിഅത്ത്) ആപ്‌ളിക്കേഷന്‍ ആക്ടിലെ നീതിരാഹിത്യം ബോധ്യപ്പെടുക. മതശാസന എന്ന നിലയില്‍ അംഗീകരിച്ചു കൊണ്ടിരുന്ന അനീതികള്‍ക്കെതിരെ അടുത്ത കാലത്തായി ഒട്ടേറെ പേർ കോടതി വ്യവഹാരങ്ങളിലേക്ക് കടക്കുകയുണ്ടായി.
മക്കളില്ലാത്ത ദമ്പതികളില്‍ ഒരാള്‍ മരണപ്പെടുകയാണെങ്കില്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിന് മാത്രമാണ് ഭാര്യയ്ക്ക് അവകാശമുള്ളത്. തിരിച്ചാണെങ്കില്‍ ഭാര്യയുടെ സ്വത്തിന്റെ പകുതി ഭാഗം ഭര്‍ത്താവിന് കിട്ടും. ബാക്കിയുള്ളത് യഥാക്രമം ഭര്‍ത്താവിന്റെ കുടുംബത്തിനും ഭാര്യയുടെ കുടുംബത്തിനും അവകാശപ്പെട്ടതാണ്. കൊല്ലം ജില്ലയില്‍ അഞ്ചര സെന്റ് സ്ഥലവും അതിലൊരു കുഞ്ഞുവീടുമുള്ള മക്കളില്ലാത്ത ഒരു സ്ത്രീ പങ്കാളിയുടെ മരണശേഷം ഭര്‍തൃസഹോദരന്മാര്‍ അവകാശം ചോദിച്ചുവരികയും ആ സ്ത്രീയെ പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരില്‍ കോടതി വ്യവഹാരം നടത്തുന്നുണ്ട്.
ഒറ്റ പെൺകുട്ടി മാത്രമുള്ള ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്തിന്റെ പകുതി മാത്രം ആ മകള്‍ക്ക്. ബാക്കി മരിച്ചയാളുടെ ബന്ധുക്കള്‍ക്ക്. ഒന്നിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ മൂന്നില്‍ രണ്ട് ഭാഗം മാത്രം പെണ്‍മക്കള്‍ക്ക്. ബാക്കി ബന്ധുക്കള്‍ക്ക്. ബന്ധുക്കള്‍ എന്ന വിഭാഗത്തില്‍ ജീവിച്ചിരിക്കുന്ന പങ്കാളിയും ഉള്‍പ്പെടും. അതിലുമുണ്ട് വിവേചനം. ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തിന്റെ നാലിലൊന്നിന് അവകാശമുണ്ടെങ്കില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ എട്ടിലൊന്നിനേ അവകാശമുള്ളൂ. സ്ത്രീകളായതുകൊണ്ട് അവരെ സംരക്ഷിക്കാന്‍ വേണ്ടി നിയമപരമായി അവര്‍ക്ക് ലഭിക്കുന്നതാണ് ഇത്തരം ഓഹരികള്‍ എന്നാണ് വെപ്പ്. മരിച്ചയാള്‍ക്ക് ഒരു ദിവസം പ്രായമായതാണെങ്കില്‍ പോലും ഒരാണ്‍കുഞ്ഞ് കൂടിയുണ്ടെങ്കില്‍ ഈ സംരക്ഷണ ബാധ്യത ബന്ധുക്കള്‍ക്ക് വരുന്നതുമില്ല. വിവാഹം കഴിഞ്ഞ പെണ്‍മക്കളാണെങ്കില്‍ പോലും പിതൃസഹോദരങ്ങള്‍ക്ക് സംരക്ഷണച്ചുമതലയില്‍ ഓഹരി കൊടുക്കേണ്ടി വരുന്ന നിയമമാണിത്.

പത്തനംതിട്ടക്കാരിയായ റൂബിയ ഒറ്റ മകളാണ്. വാപ്പ മരിക്കുമ്പോള്‍ അവള്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ മാതാവുമാണ്. സാമാന്യം ഭേദപ്പെട്ട സമ്പാദ്യവും സ്വത്തുമുള്ള ആ പിതാവിന്റെ സഹോദരങ്ങള്‍ അയാളുടെ സ്വത്തിന്റെ പകുതി അവകാശത്തിനു വേണ്ടി അവരെ സമീപിക്കുകയും ആ മകള്‍ കോടതി കയറിയിറങ്ങുകയുമാണ് ഇപ്പോള്‍.
കോടതികള്‍ക്ക് ഇന്ത്യന്‍ ശരിഅത്ത് ആക്ട് പ്രകാരമേ നടപടിയെടുക്കാന്‍ കഴിയൂ. ഒരാള്‍ക്ക് ആണ്‍മക്കളും പെണ്‍മക്കളുമുണ്ടെങ്കില്‍ (എത്ര പെണ്‍മക്കളുണ്ടായാലും ആണ്‍കുട്ടി ഒന്നേ ഉള്ളെങ്കിലും) അയാളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം ആണ്‍മക്കള്‍ക്കും മൂന്നിലൊന്നു ഭാഗം മാത്രം പെണ്‍മക്കള്‍ക്കും ലഭിക്കും. ഇങ്ങനെ ഏത് ബന്ധങ്ങളിലും ആണിന്റെ പകുതി മാത്രം സ്വത്തേ സ്ത്രിക്ക് പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ലഭിക്കാന്‍ അര്‍ഹതയുള്ളൂ. അഥവാ ഇനി ഈ ബന്ധുക്കള്‍ സ്വത്ത് വേണ്ടെന്ന് വെച്ചാല്‍പോലും തഹസില്‍ദാര്‍ക്ക് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് (ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റ് ) നല്‍കണമെങ്കില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും സമ്മതപത്രം നിര്‍ബന്ധമാണ്. അതായത് മരിച്ചുപോയ ഒരാളിന്റെ ഏതൊരു സ്ഥാവരജംഗമ സ്വത്തും കൈമാറ്റം ചെയ്യുകയോ വില്‍ക്കുകയോ, സ്വന്തം പേരില്‍ ആക്കുകയോ വേണമെങ്കില്‍ (അതൊരു സിം കാര്‍ഡ് ആണെങ്കില്‍ പോലും) പെണ്‍മക്കള്‍ മാത്രമാണെങ്കില്‍ പിതൃസഹോദരങ്ങളുടെയെല്ലാം ഔദാര്യം വേണം.
വിവാഹിതനും മക്കളുമുള്ള ഒരാള്‍ മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മരിച്ചുപോയാല്‍, അയാള്‍ക്ക് മാതാപിതാക്കളില്‍നിന്ന് ജീവിച്ചിരുന്നെങ്കിൽ കിട്ടുമായിരുന്ന സ്വത്ത് മക്കള്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നിയമപ്രകാരം ആ മക്കള്‍ക്ക് അവകാശമില്ല. ഔദാര്യമായി കിട്ടിയാല്‍ ആയി. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ സ്വത്തവകാശത്തിനു വേണ്ടി സ്ത്രീകള്‍ വലിയ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. വിവാഹത്തോടെ സിവിൽ മരണം സംഭവിക്കുന്ന സ്ത്രീകളുടെ സ്വത്തിന്റെ ഉടമസ്ഥാവകാശം ഭര്‍ത്താവിനായിരുന്നു. എന്നാല്‍, ഇസ്ലാമിന്റെ ആവിർഭാവകാലത്തുതന്നെ പുരുഷന്റെ പാതി സ്വത്തുടമസ്ഥത സ്ത്രീക്ക് അനുവദിക്കുകയാണ് ചെയ്തത്. അന്നത് ഏറ്റവും പുരോഗമനപരമായിരുന്നു. അതില്‍ നിന്ന് മുന്നോട്ടു പോവാനാവാതെ, മരുമക്കത്തായവും മറ്റും തീർത്തും അപ്രത്യക്ഷമായ വിഭാഗങ്ങളിൽ പുതിയ കാലത്തും പഴയ രീതി പിന്തുടരുന്നത് വിശ്വാസികളെപ്പോലും ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ട്.
1937-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലാണ് മുസ്ലിം വ്യക്തിനിയമം (ശരിഅത്ത്) ആപ്ലിക്കേഷന്‍ ആക്ട് നിലവില്‍ വരുന്നത്. മിക്കവാറും മതങ്ങളിൽ വ്യക്തിനിയമങ്ങളും പൗരോഹിത്യത്തിന്റെ ശക്തമായ എതിര്‍പ്പുകളെ നേരിട്ടു കൊണ്ടാണെങ്കിലും പരിഷ്‌കരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. 1937-ലെ മുസ്ലിം വ്യക്തി നിയമത്തിലെ പിന്തുടര്‍ച്ചാവകാശ നിയമമൊഴികെ ബാക്കിയൊക്കെ വിവിധ കോടതി വിധികളിലൂടെയും നിയമനിര്‍മ്മാണങ്ങളിലൂടെയും ഭേദഗതി ചെയ്തിട്ടുണ്ട്. ഇരുപതിലധികം മുസ്ലിം രാജ്യങ്ങളില്‍ ശരിഅത്ത് നിയമങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. പ്രശസ്ത നിയമപണ്ഡിതന്‍ ഡി.എഫ്.മുള്ള എഴുതിയ Principles of Mohammaden Law എന്ന ഗ്രന്ഥത്തെ അധികരിച്ച് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ മുസ്ലിം വ്യക്തിനിയമത്തിലെ പല വകുപ്പുകളും ആധുനിക സമൂഹത്തിന് പിന്തുടരാൻ പ്രയാസമുള്ളതാണ്. പുരുഷന്റെ സംരക്ഷണയില്‍ കഴിയേണ്ടവരാണ് സ്ത്രീകള്‍ എന്ന കാഴ്ചപ്പാടാണ് അവയിലുള്ളത്.
നെജു-ഇസ്മയില്‍ ദമ്പതികളും ഷീന-ഷുക്കൂര്‍ ദമ്പതികളും SMA വിവാഹം രജിസ്റ്റര്‍ചെയ്തത് അവരുടെ സ്വത്ത് മക്കള്‍ക്ക് മാത്രം ലഭിക്കുകയെന്ന സ്വാര്‍ത്ഥതയ്ക്ക് വേണ്ടിയായിരുന്നില്ല. തുല്യതയ്ക്കുള്ള ഭരണഘടനാവകാശം നിഷേധിക്കപ്പെടുന്നതിനെ മതവിശ്വാസികളായിത്തന്നെ തുടർന്ന് പ്രതിരോധിക്കുകയായിരുന്നു. മുസ്ലിം വ്യക്തിനിയമം ലിംഗനീതിപരമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തില്‍ രൂപം കൊണ്ട FORGEM ( ഫോറം ഫോര്‍ജന്‍ഡര്‍ ഇക്വാലിറ്റി എമംഗ് മുസ്ലിംസ് ) എന്ന സംഘടനയുടെ കണ്‍വീനര്‍ ആണ് നെജു. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് ഷുക്കൂര്‍.
എസ്.എം.എ. (സെക്ഷന്‍ 15) പ്രകാരം വിവാഹം ചെയ്താലും ആദ്യം ചെയ്ത നിക്കാഹ് സാധുവായിത്തന്നെ നില്‍ക്കുകയും മക്കള്‍ നിയമപരമായ അവകാശികളായിത്തന്നെ തുടരുകയും ചെയ്യും. എന്നാല്‍, മതേതരമായ ഇന്ത്യന്‍ പിന്തുടർച്ചാവകാശ നിയമം ആയിരിക്കും ബാധകം. അതായത് ലിംഗനീതിയില്‍ അധിഷ്ഠിതമായ പിന്തുടര്‍ച്ചാവകാശം സാധ്യമാവുകയും മുസ്ലിം പുരുഷന് മാത്രം നിയമപരമായി അനുവദിച്ചിട്ടുള്ള ബഹുഭാര്യത്വം സാധ്യമാവാതിരിക്കുകയും ചെയ്യും. SMA വിവാഹം രജിസ്റ്റര്‍ ചെയ്തതിലൂടെ തങ്ങളുടെ പെണ്‍മക്കള്‍ക്ക് അന്തസ്സാര്‍ന്ന പൗരപദവി ഉറപ്പാക്കുകയായിരുന്നു അവർ. പെണ്‍മക്കളായതുകൊണ്ട് അവകാശം ചോദിച്ച് തങ്ങളുടെ സഹോദരങ്ങള്‍ വരില്ലെന്ന് ഈ ദമ്പതികള്‍ക്ക് ഉറപ്പുണ്ട്. SMA വിവാഹത്തിന് അവരുടെ പിന്തുണയുമുണ്ട്. പക്ഷേ SMA ചെയ്തില്ലെങ്കില്‍ നാളെ തങ്ങളുടെ പെണ്‍മക്കള്‍ക്ക് സ്വത്ത് കൈകാര്യം ചെയ്യണമെങ്കില്‍ നിയമത്തിന്റെ നൂലാമാലകള്‍ക്ക് പിന്നാലെ പോകണമെന്ന് അവര്‍ക്കറിയാം. അതൊഴിവാക്കുകയാണവര്‍ SMA രജിസ്‌ട്രേഷനിലൂടെ ചെയ്തത്.
പെണ്‍മക്കള്‍ മാത്രമുള്ളവരല്ലെങ്കില്‍ പോലും പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങേണ്ടി വരുന്ന നിരവധി അനുഭവങ്ങള്‍ പലർക്കുമുണ്ട്. മാതാപിതാക്കളുടെ യാദൃശ്ചികമായ മരണങ്ങള്‍, സമ്പാദ്യത്തിലെ നോമിനികളുടെ മരണങ്ങള്‍ തുടങ്ങിയവ. വിവാഹം വീണ്ടും SMA പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടി വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇവയും കാരണമാവുന്നുണ്ട്. ലോകത്തെല്ലായിടവും ശരിഅത്ത് ഏകശിലാരൂപമല്ല. ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്കനുസരിച്ചും ആധുനിക കാലഘട്ടത്തിനും ഭരണഘടനയ്ക്കും യോജിച്ച തരത്തിലും ഇസ്ലാമിക രാജ്യങ്ങളിലും വ്യത്യസ്ത വിഭാഗങ്ങളിലും അതില്‍ മാറ്റങ്ങളുണ്ട്. ആധുനിക കാലഘട്ടത്തിനനുസരിച്ച് ഇന്ത്യന്‍ വ്യക്തിനിയമം (ശരിഅത്ത് ) ആപ്ലിക്കേഷന്‍ ആക്ട് പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജാതി വ്യവസ്ഥയ്‌ക്കെതിരായ പ്രതിരോധമായിരുന്നു ഹിന്ദു മതത്തില്‍നിന്ന് മറ്റ് മതങ്ങളിലേക്കുള്ള പരിവര്‍ത്തനം. ഹൈന്ദവ പൗരോഹിത്യത്തെ ചിന്തിപ്പിക്കാന്‍ അത് പ്രേരകമായതുപോലെ മുസ്ലിം പൗരോഹിത്യവും വിശ്വാസികളുടെ വിഷമങ്ങൾ തിരിച്ചറിയണം.
Content Highlights: muslim personal law special marriage act
Published: 17 Dec 2024, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented