ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായെന്ന് സുപ്രീം കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഭാഗത്തുനിന്നാണ് സുപ്രധാനമായ പരാമർശമുണ്ടായിരിക്കുന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് പാർലമെന്റ് പരിഗണിക്കട്ടെയെന്നും കോടതി പരാമർശിച്ചു. 1937-ലെ ശരിഅത്ത് നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് ഈ പരാമർശം ഉണ്ടായിരിക്കുന്നത്. മുസ്ലിം സ്ത്രീകൾക്ക് വിവേചനം സൃഷ്ടിക്കുന്ന ശരീഅത്ത് നിയമത്തിന്റെ വ്യവസ്ഥകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയായിരുന്നു സുപ്രീം കോടതിയുടെ പരിഗണനക്കായി ഇന്ന് വന്നത്. ഈ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ്മാരായ ജോയ്മാല ബാക്‌സിയ, ആർ. മഹാദേവൻ എന്നിവർ അടങ്ങുന്ന ബെഞ്ച് ഏകീകൃത സിവിൽ നിയമം ആണ് ഇത്തരം വിഷയങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യം എന്ന തരത്തിലുള്ള ഒരു പരാമർശം ഉണ്ടായിരിക്കുന്നത്.
ഓരോ മതവുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളെക്കാളും മെച്ചപ്പെട്ടത് ഒരു ഏകീകൃത സിവിൽ നിയമമാണെന്ന പരാമർശമായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പക്ഷെ, ഹർജിക്കാരൻ മുന്നോട്ടുവെച്ച ശരിഅത്ത് നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് നിയമത്തിൽ ഒരു ശൂന്യത സൃഷ്ടിക്കും എന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. വ്യവസ്ഥകൾ റദ്ദാക്കിയാൽ മുസ്ലിം പിന്തുടർച്ച അവകാശത്തെ സംബന്ധിക്കുന്ന മറ്റ് വ്യവസ്ഥകൾ ഒന്നും തന്നെയില്ലാതാകും. ഈ സാഹചര്യത്തിലാണ് അതിലേക്ക് കടക്കുവാൻ കോടതി വിസമ്മതിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഒരു ഏകീകൃത സിവിൽ നിയമം നിയമനിർമ്മാണ സഭകൾ പരിഗണിക്കണമെന്ന അഭിപ്രായം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്..
ഇതൊരു ഉത്തരവല്ല, മറിച്ച് കോടതിയുടെ അഭിപ്രായം എന്ന നിലയിലാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷനായ ബെഞ്ച് ഇത്തരം ഒരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. രാജ്യത്ത് ഏകീകൃത സിവിൽ നിയമം കൊണ്ടുവരണമെന്ന് ശക്തമായി വാദിക്കുന്ന ബിജെപി നയിക്കുന്ന സർക്കാരണ് രാജ്യം ഭരിക്കുന്നത്. സുപ്രീം കോടതിയുടെ പരാമർശത്തെ കേന്ദ്രസർക്കാർ എങ്ങനെയാണ് പരിഗണിക്കുക എന്നതാണ് നിർണായകം. ഏകീകൃത സിവിൽ നിയമം വരുന്നതിനെ എതിർക്കുന്നവർ സർക്കാർ കൊണ്ടുവരുന്ന നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യത ഏറെയാണ്.
ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബെഞ്ച് ഏകീകൃത സിവിൽ നിയമത്തിനെ അനുകൂലിച്ച് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഉത്തരവല്ലാത്തതിനാൽ സുപ്രീം കോടതിയുടെ അഭിപ്രായങ്ങൾ നടപ്പാക്കാൻ സർക്കാരിന് ബാധ്യസ്ഥതയില്ല.
Content Highlights: Supreme Court emphasized that a Uniform Civil Code is desirable for the nation., Court declined to strike down specific Sharia law provisions to avoid legal vacuum., The remarks serve as an observation for Parliament to consider, not a binding order., Highlights the ongoing debate between personal religious laws and a unified legal framework.
Published: 10 Mar 2026, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented